സൗദിയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും പി. പി. ഇ കിറ്റ് ധരിക്കണം: മുഖ്യമന്ത്രി

Share News

കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യം ഒരുക്കും

സൗദി അറേബ്യയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്‌ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളിൽ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാർ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, കൈയുറ, മാസ്‌ക്ക് എന്നിവ വിമാനത്താവളങ്ങളിൽ വച്ച് സുരക്ഷിതമായി നീക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നടപടി സ്വീകരിക്കും.

യു. എ. ഇയിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. അവിടെ നിന്ന് വിമാനത്തിൽ പുറത്തേക്ക് പോകുന്ന മുഴുവൻ പേരേയും യു. എ. ഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ എൻ. 95 മാസ്‌ക്കും ഫേസ് ഷീൽഡ്, കൈയുറ എന്നിവയും ധരിച്ചിരിക്കണം. സാനിറ്റൈസറും കൈയിൽ കരുതണം. ഖത്തറിൽ നിന്ന് വരുന്നവർ അവിടത്തെ എഹ്ത്രാസ് എന്ന മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. ഇവിടെ എത്തിയ ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റ് നടത്താൻ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരെല്ലാം പരിശോധന നടത്താൻ പരമാവധി ശ്രമിക്കണം. പരിശോധന നടത്തിയവർ ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.

യാത്രാസമയത്തിന് 72 മണിക്കൂറിനകമായിരിക്കണം ടെസ്റ്റ് നടത്തുന്നത്. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന സ്‌ക്രീനിംഗിൽ രോഗലക്ഷണം കാണുന്നവരെ കൂടുതൽ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകും. പരിശോധനകൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ രോഗലക്ഷണം ഇല്ലാത്തവരും വിമാനത്താവളങ്ങളിൽ ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം. ഇതിൽ പോസിറ്റീവ് ആകുന്നവർ ആർ. ടി. പി. സി. ആർ, ജീൻ എക്‌സ്പ്രസ്, ട്രൂനാറ്റ് പരിശോധനകൾക്ക് വിധേയരാകണം. പരിശോധനാഫലം എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. വന്ദേഭാരത്, സ്വകാര്യ, ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കെല്ലാം പുതിയ നിബന്ധനകൾ ബാധകമാണ്.

ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സർക്കാർ ഏർപ്പെടുത്തുന്ന നിബന്ധനകൾ ലംഘിക്കുന്നവർക്ക് എതിരെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി തടയൽ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങൾ വിദേശ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കും. ചാർട്ടർ ഫ്‌ളൈറ്റുകൾക്കായി അപേക്ഷിക്കുന്നവർക്ക് സംസ്ഥാനം എൻഒസി നൽകുന്നുണ്ട്.  എന്നാൽ, അപേക്ഷയിൽ നിശ്ചിത വിവരങ്ങൾ ഇല്ലാത്തതിനാൽ എംബസികൾ നിരസിക്കുന്നുണ്ട്. അപേക്ഷ നൽകുമ്പോൾ തന്നെ മുഴുവൻ വിവരങ്ങളും കൃത്യമായി നൽകണം.

സമ്മതപത്രത്തിനുള്ള അപേക്ഷകൾ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോർക്കയിൽ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങൾ, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കിൽ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ടെക്‌നിക്കൽ വിഭാഗത്തിലേത് ഉൾപ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ഏഴ് മണിമുതൽ സേവനസജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യൽ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. ഇവർ രാവിലെ ജില്ലാ പൊലീസ് മേധാവിമാർ മുമ്പാകെ റിപ്പോർട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയൻ വിഭാഗം എഡിജിപിക്കാണ്.

വിദേശത്തുനിന്ന് ധാരാളം മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ഐപിഎസ് ഓഫീസർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.
ഡോ. ദിവ്യ വി ഗോപിനാഥ്, വൈഭവ് സക്‌സേന എന്നിവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നവനീത് ശർമയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നൽകി. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല ചൈത്ര തെരേസ ജോണിനാണ്. യതീഷ് ചന്ദ്ര, ആർ ആനന്ദ് എന്നിവർക്കാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതല. ഓരോ വിമാനത്താവളത്തിലും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻമാർക്കും ചുമതല നൽകി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു