
മുല്ലപ്പള്ളിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡന്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും പ്രത്യേക മനോനിലയില്‍ നിന്നും ഉണ്ടായതാണെന്നും, രാഷ്ട്രീയ നേട്ടത്തിനായി മഹാദുരന്തത്തെ ഉപയോഗിച്ചത് തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യതയാണ് മുല്ലപ്പള്ളിക്കെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എങ്ങനെയാകരുത് ഒരു പൊതുപ്രവര്‍ത്തകനെന്ന് ഇതിലൂടെ മുല്ലപ്പള്ളി തെളിയിക്കുകയായിരുന്നു. അധപതിപ്പിച്ച മനസാണ് അദ്ദേഹത്തിന്റേത്. കേരളത്തെക്കുറിച്ച് നല്ലതു കേള്‍ക്കുന്നതാണ് പ്രതിപക്ഷത്തെ അസ്വസ്ഥതപ്പെടുത്തുന്നത്. ജനങ്ങളുടെ ജീവന്‍വച്ച് രാഷ്ട്രീയം കളിക്കരുത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.
ഇങ്ങനെയാണോ സ്ത്രീകളെ നിങ്ങള്‍ കാണുന്നത്? ഇങ്ങനെ പറഞ്ഞാലേ അണികളുടെ കയ്യടി കിട്ടൂ എന്ന് കരുതിയാണോ. തരംതാണ പരാമര്ശമായിപ്പോയി ഇത്. ഇത് വെറും മന്ത്രിക്കെതിരായ പരാമര്‍ശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയായിട്ടാണ്.
ആ ക്ഷോഭം കൊണ്ട് പേശികള്‍ക്ക് അധ്വാനം കൂടുമെന്നല്ലാതെ വേറൊന്നുമില്ല. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാതെ പോയ മനസ്സിന്റെ ജല്പനം മാത്രമാണിത്.
കോവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആര്‍ക്ക് എന്നാണ് പ്രതിപക്ഷത്തിന്റെ വേവലാതി. ഇതിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. വല്ലാതെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ യോഗ അഭ്യസിക്കുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ആരോഗ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിച്ച് സംവിധാനത്തെ ആകെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആകെ തുരങ്കംവയ്ക്കാനുള്ള നിരന്തര ശ്രമം. ഇതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ആരുടെ താല്പര്യമാണ് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതത്രയും അബദ്ധങ്ങളും എടുത്ത നിലപാടുകള്‍ നാടിനേയും നാട്ടുകാരേയും ബലികൊടുക്കുന്നതുമായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.