ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും

Share News

ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും

ഇക്കഴിഞ്ഞ മാസം,ആഗസ്റ്റ് 25നു വൈകീട്ട് 04.15 നു എനിക്ക് വന്ന ഒരു ഫോൺകാൾ..

.അങ്ങേഭാഗത്തു നമ്മുടെ പ്രിയപ്പെട്ട പോൾ ചിറ്റിലപ്പിള്ളി പിതാവായിരുന്നു.വർഷങ്ങളായീ കാത്തുസൂക്ഷിക്കുന്ന സ്നേഹ ബന്ധം….വർഷങ്ങളായീ എന്റെ Good morning മെസ്സേജിന് ചിലപ്പോളൊക്കെ പ്രതികരിക്കാറുള്ള ചിറ്റിലപ്പിള്ളി പിതാവ്. എനിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരുപാട് സംസാരിച്ചു,, മുംബൈയിലെ പഴയ കുറെ ആളുകളുടെ പേരെടുത്തു വിശേഷങ്ങൾ ചോദിച്ചു. ബിഷപ്പ് ആകുന്നതിനു മുൻപ് അദ്ദേഹം കെ.സി.എ, മുംബൈ (രെജി.) ഡയറക്ടർ ആയിരുന്നു. (പിന്നീട് ആ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി,വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്). എന്റെ വത്സലപിതാവിനോട് സ്നേഹവും,സുഹൃത്തുബന്ധവുമുള്ള ഒരു വൈദികമേലധ്യക്ഷൻ;ശെരിക്കും പറഞ്ഞാൽ ഞങ്ങൾ ബന്ധുക്കളാണ്. മറ്റം ചിറ്റിലപ്പിള്ളി കുടുംബം എന്റെ അപ്പാപ്പന്റെ അമ്മായിയുടെ വീടാണ്.

എന്റെ ചെറുപ്പത്തിൽ ചിറ്റിലപ്പിള്ളി പിതാവ് തൃശ്ശൂർ രൂപത വികാരി ജനറാൾ ആയിരുന്നു, അന്നും എനിക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നു; കുണ്ടുകുളം പിതാവിന്റെ വലംകൈ. പിന്നെ മുംബൈ ജീവിതത്തിൽ ഏവർക്കും ബഹുമാന്യനായ പോൾ ചിറ്റിലപ്പിള്ളി മെത്രാനച്ഛനായിരുന്നു.ഇന്ന് കാണുന്ന കല്യാണ് രൂപത അതു ചിറ്റിലപ്പിള്ളി പിതാവിന്റെ സ്വപ്നമായിരുന്നു.അതിന്റെ സാഷാത്കാരവികാരം, രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ അദ്ദേഹം പങ്കുവെച്ചു.അവസാനത്തെ ഫോൺ സംഭാഷണത്തിൽ ഞാൻ ചോദിച്ചു “ഇനി എന്നാണ് തൃശൂരും, മറ്റത്തിലും പോകുന്നത്”…പിതാവിന്റെ മറുപടി ഇന്നും ഒരു ഗദ്ഗതത്തോടെ ഞാൻ ഓർക്കുന്നു, “ഇനി തൃശൂരും,മറ്റത്തിലും പോക്കു നടക്കുമെന്ന് തോന്നില്ല സാവിയോ, എനിക്ക് തീരെ വയ്യ’ ..ഇരുന്നു കൊണ്ടു വിശുദ്ധ ബലി അർപ്പിക്കാറുണ്ട്… നടക്കാനും, നിൽക്കാനും വയ്യ, എങ്കിലും ഇക്കഴിഞ്ഞ മെത്രാൻ സിനഡിൽ പങ്കെടുത്തു, പിന്നെ വീഡിയോ കോൾ ചെയ്തു ബന്ധുക്കളോട് കണ്ടു സംസാരിക്കാറുണ്ട്.”

സിറോ മലബാർ സഭയോടും, സംവിധാനങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത,ആത്മാർത്ഥത എന്നെ എന്നും ആകർഷിച്ചിട്ടുണ്ട്. എന്റെ അപ്പന്റെ ശവസംസ്ക്കാര ചടങ്ങിൽ ചരമപ്രസംഗം നടത്തിയതിന് ശേഷം എനിക്ക് വിളിച്ചു പറഞ്ഞു “സാവിയോ, ഞാൻ വിചാരിച്ചതൊന്നും, വേണ്ടപോലെ ലോന മാഷേപ്പറ്റി പറയാൻ കഴിഞ്ഞില്ല, കുഴപ്പമില്ലല്ലോ,”…ഞാൻ പറഞ്ഞു സാരമില്ല പിതാവേ..അങ്ങു പറഞ്ഞതു നന്നായിരുന്നു. ഒൻപതു വർഷം കല്യാണ്/ മുംബൈ രൂപതയിലും, പതിമൂന്നു വർഷം താമരശ്ശേരി രൂപതയിലും അദ്ദേഹം വർഷിച്ച അനുഗ്രഹങ്ങളും,ആശീർവാദവും ഒരിക്കലും വിസ്മരിക്കാനാവില്ല.

സഭക്കും,സമൂഹത്തിനും നന്മകൾ മാത്രം പ്രദാനം ചെയ്ത പ്രിയപ്പെട്ട ചിറ്റിലപ്പിള്ളി പിതാവിനു ആദരാഞ്ജലികൾ…സ്വർഗത്തിൽ പരിശുദ്ധ മാലാഖമാരുടെ കൂടെ ദൈവത്തിനു സ്തുതികളർപ്പിക്കുവാൻ അദ്ദേഹം യോഗ്യനാവട്ടെ…..

Savio Puthur

Share News