ചൊവ്വരയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്:40 കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍
കൊച്ചി:എറണാകുളം ചൊവ്വരയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 40 കുഞ്ഞുങ്ങളെ നിരീക്ഷണത്തിലാക്കി. കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ വന്ന കുഞ്ഞുങ്ങളോടും കുടുംബാംഗങ്ങളോടുമാണ് നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നിലവില്‍ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരും ഏഴ് സ്റ്റാഫും നിരീക്ഷണത്തിലാണ്.
ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്. നഴ്‌സിന്റെ ഭര്‍ത്താവിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം പ്രതിരോധ കുത്തിവെയ്പ് എടുത്ത കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്.
കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍ അധികവും. ഭര്‍ത്താവിന്റെ സമ്ബര്‍ക്ക പട്ടികയും തയ്യാറാക്കി വരികയാണ്.
അതേസമയം കഴിഞ്ഞ ബുധനാഴ്ച 70 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് ശ്രീമൂലം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളെ നിരീക്ഷണത്തില്വയ്ക്കാതെ ഇവരുടെ ശ്രവം പരിശോധിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ശ്രീമൂലം പശ്ചായത്തിലെ ആറ് വാര്‍ഡുകളും കണ്ടയ്ന്മെന്റ് സോണുകളാക്കിയിട്ടുണ്ട്.