
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്, ബിജെപി ശ്രമമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി:സ്വര്‍ണക്കടത്തു കേസിന്റെ പേരിൽ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യാജമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു,ഇതിനുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചിരിക്കുന്നത്. ഈ കേസ് കേരള സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ല. സ്വര്‍ണക്കടത്തിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പൈടുകയും അതിനു ശേഷം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. പാര്‍ട്ടി ആര്‍ക്കും ക്ളീന്‍ ചിറ്റ് നല്‍കുന്നില്ല. എന്‍.ഐ.എയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാം. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തുന്നവരെ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്കു വിധേയമാക്കണമെന്നും യെച്ചൂരി പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ ശ്രദ്ധയും ഊന്നേണ്ട സമയത്താണ് ഇതെന്നും അദ്ദേഹം പറഞ്ഞു.