കൊറോണയുടെ സംഹാരതാണ്ഡവം: യൂറോപ്പിൻ്റെ വാതിലുകൾ വീണ്ടും കൊട്ടി അടയ്ക്കപ്പെടുന്നു…

Share News

ഫ്രാൻസിൽ വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ.

പുതിയ കേസുകൾ ഒരുദിവസം എഴുപതിനായിരം കവിഞ്ഞു. ഇറ്റലിയിൽ ഇരുപത്തയ്യായിരത്തോളം പുതിയ കേസുകൾ, ഇരുന്നൂറിൽപ്പരം മരണങ്ങൾ. സ്പെയിൻ, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കൊറണ ഭയാനകമായി വർദ്ധിക്കുന്നു

.ഏതാനും മാസങ്ങൾക്കുമുമ്പ് ലോകത്തിൻ്റെ ഓരോ കോണിലും ഉള്ളവർ വിറയലോടെ കണ്ട ചിത്രമാണ് ഇറ്റലിയിലെ ബെർഗമോ എന്ന നഗരത്തിൽനിന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതശരീരവുമായി കടന്നുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ടനിര..

. കഴിഞ്ഞ ഏപ്രിൽ മാസം ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് ഏഴായിരത്തിൽ താഴെ ആയിരുന്നെങ്കിൽ ജൂൺ മാസം അവസാനം രാജ്യത്ത് വെറും നൂറിൽ എത്തിയതിന് ശേഷം ഒക്ടോബർ മാസത്തിലെ തണുപ്പിൻ്റെയും ഈർപ്പത്തിൻ്റെയും സാന്നിധ്യത്തിൽ ഭയാനകമായ രീതിയിൽ വീണ്ടും കൊറോണ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

ചൂടു കൂടുതലുള്ള മൂന്നുമാസത്തെ ശാന്തതക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുവാൻ കൊതിച്ച ഒരു ജനതയുടെ സ്വപ്നമാണ് വീണ്ടും കൊറോണാ വൈറസ് ബാധിതരുടെ വർദ്ധനവോടെ തകർന്നടിയുന്നത്.

കൊറോണ ടെസ്റ്റ് നടത്തുന്നതിനായുള്ള നീണ്ട നിരകൾ ഇറ്റലിയുടെ ഓരോ കോണിലും കാണാം.

ജോലി ഭാരം മൂലം തളർന്നു വീഴുന്ന ആരോഗ്യ പ്രവർത്തകരുടെ ദയനീയ അവസ്ഥ അവർണനീയമാണ്. ഒരു മിന്നാമിനുങ്ങിൻ്റെ പ്രതീക്ഷയോടെ അധ്യയന വർഷം ആരംഭിച്ച സ്കൂളുകളിൽ അനുദിനവും കൊറോണ രോഗബാധ വർദ്ധിക്കുന്നതിനാൽ സ്കൂൾ ഗേറ്റുകൾ വീണ്ടും വലിച്ച് അടയ്ക്കപ്പെട്ടുകയും കമ്പ്യൂട്ടറുകളുടെ മുമ്പിലേക്ക് വിദ്യാർത്ഥികളുടെ ലോകം ചുരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു…

സംസ്കരിക്കാൻ സ്ഥലം തികയാതെ വന്നപ്പോൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി സംസ്കരിക്കാനായി അടുക്കിവെച്ചിരുന്ന മൃതശരീരം അടങ്ങിയ പെട്ടികളുടെ നീണ്ടനിര പത്രങ്ങളിലും റ്റി. വി കളിലും കണ്ടിട്ടും സോഷ്യൽ മീഡിയ വഴി പാറിപ്പറന്ന ചില ഫേയ്ക്ക് ന്യൂസുകൾ വിശ്വസിച്ച് സ്വാതന്ത്ര്യത്തിനായി ഇന്നും ചിലർ തെരുവുകളിൽ മുറവിളി കൂട്ടുന്നു…

ഇങ്ങനെ വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി തെരുവിലിറങ്ങിയ പല രാജ്യങ്ങളുടെയും അവസ്ഥ വീണ്ടും രാജ്യത്തിൻ്റെ വാതിലുകൾ മാത്രമല്ല ജനലുകളും വലിച്ചടയ്ക്കുക എന്ന അവസ്ഥയിലേക്ക് എത്തിച്ചു.

ചെറുപ്പക്കാരുടെ ശ്രദ്ധയില്ലായ്മ വാർദ്ധക്യത്തിൽ എത്തിയവരുടെ മരണത്തിന് വഴിതെളിച്ചു കൊണ്ടിരിക്കുന്നു….

കഴിഞ്ഞ ജൂൺ മാസത്തിൽ ഞങ്ങളുടെ ഇടവകയിൽ വച്ച് എനിക്കുണ്ടായ ഒരു ചെറിയ അനുഭവം നിങ്ങളോട് പങ്കു വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു…

കൊറോണയുടെ സംഹാരതാണ്ഡവം ഒന്ന് അടങ്ങിയപ്പോൾ കഴിഞ്ഞ മെയ് മാസം പകുതിയോടെ ഇറ്റലിയുടെ വാതിലുകൾ പതിയെ തുറന്നു. ജൂൺ അവസാനത്തോടെ വെറും 100 കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ.

കൊറോണോ യോടൊപ്പം ജീവിക്കാൻ പഠിക്കണമെന്ന ഗവൺമെൻ്റിൻ്റെ ആഹ്വാനമനുസരിച്ച് ഭൂരിഭാഗം ആൾക്കാരും തങ്ങളുടെ ജോലികൾ പുനരാരംഭിച്ചു.ഞങ്ങളുടെ ഇടവക സാസറി എന്ന ഒരു നഗരത്തിൽ പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഒരു ഏരിയയിലാണ്.സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽജോലിക്ക് പോകുന്ന മാതാപിതാക്കളെ സഹായിക്കുവാനായി എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ച് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഒരു മാസത്തെ ക്യാമ്പ് സംഘടിപ്പിച്ചു…

ക്യാമ്പിനിടയിൽ ഒരു ദിവസം രാവിലെ ഞാൻ കുട്ടികളുമായി വർത്തമാനം പറഞ്ഞു ഇരിക്കുകയായിരുന്നു, നാലഞ്ചു കുട്ടികൾ കൂടി കരഞ്ഞു കൊണ്ടിരിക്കുന്ന 7 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയെ എൻ്റെ അടുത്തേക്ക് കൊണ്ടുവന്നു.“മോളെ എന്തിനാ കരയുന്നത്” എന്ന് ഞാൻ ചോദിച്ച് തീരുന്നതിനുമുമ്പ് ആ കൊച്ചുകുട്ടി എൻ്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് വാവിട്ടു കരയാൻ തുടങ്ങി… (എനിക്ക് നല്ല പൊക്കം ഉള്ളതു കാരണം സാധാരണ ഞാൻ കുട്ടികളുടെ അടുത്ത് ഇരുന്നാണ് സംസാരിക്കുക) എന്തുചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം ഞാൻ പകച്ചു പോയി. രണ്ട് മീറ്റർ സുരക്ഷിത അകലം പാലിക്കണമെങ്കിലും എന്നിൽ നിന്ന് അവളെ അടർത്തിമാറ്റാൻ എനിക്ക് തോന്നിയില്ല. ആ കൊച്ചു പെൺകുട്ടിയെ കുറച്ചു നേരം ചേർത്ത് പിടിച്ച് തലോടി. കരച്ചിലിന് ചെറിയ ശമനം വന്നപ്പോൾ പതിയെ അവളുടെ മുഖം ടൗവ്വൽ ഉപയോഗിച്ച് തുടച്ചു കൊടുത്തിട്ട് ഞാൻ ചോദിച്ചു, “മോൾ എന്തിനാ കരയുന്നത്?”അവൾ ഏങ്ങി എങ്ങി പറഞ്ഞു, “എനിക്ക് എൻ്റെ വല്യപ്പച്ചനെ കാണണം”. ഞാനൊന്നു ഞെട്ടി. കാരണം രണ്ടുമാസം മുമ്പ് അവളുടെ വല്യപ്പച്ചൻ മരണമടഞ്ഞിരുന്നു. ആ പിഞ്ചു ഹൃദയത്തെ ആ വേർപാട് വല്ലാണ്ട് വേദനിപ്പിച്ചിട്ടുണ്ട്. ഏങ്ങലടിക്കുന്നതിനിടയിൽ അവളുടെ ചിതറിയ വാക്കുകൾ വീണ്ടും എൻ്റെ കാതുകളിൽ അലയടിച്ചു…

“എൻ്റെ വല്യപ്പച്ചൻ ഇപ്പോൾ ഈശോയുടെ അടുത്താണെന്ന് എൻ്റെ വല്യമ്മ പറഞ്ഞു. എൻ്റെ വല്യമ്മച്ചിയും എപ്പോഴും കരച്ചിലാണ്, വല്യപ്പച്ചനെ പള്ളിയിൽ കൊണ്ടുപോയി വെച്ച് പ്രാർത്ഥിക്കാൻ പറ്റാത്തതാണ് വല്യമ്മയുടെ ഏറ്റവും വലിയ വിഷമം. സിസ്റ്റർ, എന്തിനാ എൻ്റെ വല്ല്യപ്പച്ചനെ ഈശോ കൊണ്ടുപോയത്?” എൻ്റെ തോളിൽ പിടിച്ചുകുലുക്കി കൊണ്ട് അവൾ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാനാവാതെ എൻ്റെ കണ്ണുകളും ഈറനണിഞ്ഞു..

. അനേകം ദിവസങ്ങൾ ആ കുഞ്ഞിൻ്റെ ചിതറിയ വാക്കുകൾ എൻ്റെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു… ഏതോ ഒരു ബന്ധുവിൻ്റെ അശ്രദ്ധമൂലം വയോധികനായ ഒരു വ്യക്തി മരണത്തിലേക്ക് കടന്നു പോയപ്പോൾ ആ വല്യപ്പച്ചൻ്റെ ഭാര്യയും മക്കളും കൊച്ചുമക്കളും ഒരു കണ്ണീർ കയത്തിലേയ്ക്ക് ആഴ്ന്നു പോയിരിക്കുന്നു..

.ഇത്തരം സംഭവങ്ങൾ ഇന്നും ആവർത്തിക്കപ്പെടുന്നു. ആരുടെയൊക്കെയോ വീഴ്ചകൾ മൂലം സംഭവിച്ച പ്രിയപ്പെട്ടവരുടെ വേർപാടുകൾ ഓർത്ത് വേദനിക്കുന്ന ആയിരക്കണക്കിന് വ്യക്തികൾ ലോകത്തിൻ്റെ ഓരോ കോണിലും ഉണ്ട്.

അനുഭവത്തിൻ്റെ പൊൻവെളിച്ചത്തിൽ ഇരുന്ന് ഇത് എഴുതി കുറിക്കുമ്പോൾ എനിക്ക് നിങ്ങൾ ഓരോരുത്തരോടും പറയുവാനുള്ളത് ഇത്രമാത്രം: ‘കൊറോണാ വന്നാലും ഒന്നും പറ്റില്ല’ എന്നു പറഞ്ഞ് ആഘോഷിക്കാൻ വരട്ടെ… അല്ലെങ്കിൽ ഒരിക്കൽ വന്നു, ഇനി വരില്ല എന്ന് കരുതിയും ആശ്വസിക്കണ്ട. കൊറോണ വന്നവർക്ക് വീണ്ടും വരുന്നത് ഭയാനകമായിട്ടാണ്. കൊറോണ കുറഞ്ഞു എന്നു കരുതിയും ആശ്വസിക്കണ്ട…

ഒളിഞ്ഞിരിക്കുന്ന ഈ ശത്രു പതിയെ ഒന്ന് പിൻവലിയും പിന്നെ വരുന്നത് ആദ്യത്തെക്കാളും ഭയാനകമായിട്ടായിരിക്കും…

നാം പരസ്പരം അപരൻ്റെ ജീവൻ്റെ കാവൽക്കാരായി മാറാൻ പരിശ്രമിക്കാം…

ശ്രദ്ധ മരിക്കുന്നിടത്ത് മരണം ജനിക്കുന്നു..

. എൻ്റെ അശ്രദ്ധ മൂലം ആരുടെയും ജീവൻ നഷ്ടപ്പെടാൻ ഇടവരാതിരിക്കട്ടെ...🙏🏽🙏🏽🙏🏽✍🏽

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Share News