
ബിഹാറിൽ വോട്ടെണ്ണൽ മന്ദഗതിയിൽ: അന്തിമഫലം വൈകും
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മന്ദഗതിയില്‍ നടക്കുന്നതിനാല്‍ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരുകോടി വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണാനായതെന്നും ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരുകോടി വോട്ടുകള്‍ എണ്ണാന്‍ അഞ്ചുമണിക്കൂറാണ് എടുത്തത്. ബാക്കി വോട്ടുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്താന്‍ പുലര്‍ച്ചെവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിഗമനം.
4.10കോടി പേരാണ് വോട്ട് രേഖപ്പെടുത്തുയത്. സാധാരണഗതിയില്‍ 25-26 റൗണ്ടുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കേണ്ട വോട്ട്, ഇത്തവണ 35 റൗണ്ട് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച് ആര്‍ ശ്രീനിവാസ് വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് വോട്ടെണ്ണുന്നതിനാലാണ് ഇത്രയും സമയം എടുക്കുന്നത്. 72,723 പോളിങ് സ്‌റ്റേഷനുകളാണ് നേരത്തെയുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് 1,06,515ആയി.
നിലവില്‍ 125 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. മഹാസഖ്യം 106 സീറ്റിലും ലീഡ് ചെയ്യുന്നു.
അതേസമയം, 70 സീറ്റുകളില്‍ ലീഡ് നില ആയിരത്തില്‍ താഴെയാണ്. 500ല്‍ താഴെ ലീഡ് ഉള്ള 23 സീറ്റുകളുമുണ്ട്. ഗ്രാമീണമേഖല എണ്ണുമ്ബോള്‍ ലീഡ് നില മാറിമറിയാന്‍ സാധ്യതയുണ്ടെന്നാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. ഗ്രാമീണ മേഖലയില്‍ ആര്‍ജെഡിക്ക് ശക്തമായ സ്വാധീനമാണ് ഉള്ളത്.