പിടിവിട്ട് കൊവിഡ്-19; ലോകത്ത് ഒന്നരക്കോടിയോളം രോഗികള്‍; ആറ് ലക്ഷത്തിലേറെ മരണം

Share News

ലോകത്ത് കൊവിഡ്-19 മഹാമാരി പിടിവിട്ട് കുതിക്കുകയാണ്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും നിയന്ത്രണാതീതമായി കുതിക്കുകയാണ്. ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ്. പ്രതിദിനം രണ്ടര ലക്ഷത്തോളം പേരാണ് കൊറോണ വൈറസിന്‍റെ പിടിയിലാകുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി അതിരൂക്ഷമായി തുടരുന്നത്. ആഫ്രിക്കയിലും പുതിയ കേസുകള്‍ ഭയപ്പെടുത്തുംവിധം വര്‍ധിക്കുകയാണ്. യൂറോപ്പിലെ ചില രാജ്യങ്ങളിലും ചൈനയിലും ഓസ്ട്രേലിയയിലും ഉള്‍പ്പെടെ വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയാകുന്നുണ്ട്.

രോഗബാധിതര്‍ ഒന്നരക്കോടിയിലേക്ക്

ലോകത്താകെ 213 രാജ്യങ്ങളിലാണ് കൊവി‍ഡ്-19 മഹാമാരി പടരുന്നത്. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം ഒന്നരക്കോടയിലേക്ക് അടുക്കുകയാണ്. ജോണ്‍സ് ഹോപ്‍കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ 12634732 പേരാണ് കൊറോണ വൈറസ് ബാധിതരായത്. രണ്ടര ലക്ഷത്തോളം പേരാണ് പുതുതായി രോഗബാധിതരായത്. പുതിയ കേസുകള്‍ കൂടുതല്‍ അമേരിക്കയിലാണ്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലും ബ്രസീലിലുമാണ് കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത്. ലോകത്ത് ഇതുവരെ 8730163 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്. 5296010 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

ആറ് ലക്ഷം കടന്ന് മരണം

ലോകത്താകെ കൊവിഡ് ബാധിച്ച് ഇതുവരെ ജീവന്‍ നഷ്ടമായത് ആറ് ലക്ഷത്തിലേറെ മനുഷ്യര്‍ക്കാണ്. തിങ്കളാഴ്‍ച രാവിലെ വരെ 608559 പേരാണ് മരിച്ചത്. 5000-ലേറെ മരണമാണ് ഓരോ ദിവസവും വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ബ്രസീലിലും ഇന്ത്യയിലും അമേരിക്കയിലും മെക്സിക്കോയിലുമാണ്. മരണസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെയാണ്. രണ്ടാമത് ബ്രസീലാണ്. യുകെയാണ് മൂന്നാം സ്ഥാനത്ത്.

അമേരിക്കയില്‍ 38 ലക്ഷം കടന്ന് രോഗികള്‍

അമേരിക്കയില്‍ കൊവി‍ഡ്-19 ബാധിതരുടെ എണ്ണം 3898550 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65279 പേരാണ് രോഗബാധിതരായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകള്‍ അല്‍പം കുറവാണെന്ന് പറയാം. വെള്ളിയാഴ്‍ചയും ശനിയാഴ്‍ചയും ഞായറാഴ്‍ചയും 70000-ന് മുകളിലായിരുന്നു പുതിയ രോഗികള്‍. മരണസംഖ്യയിലും മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ചെറിയ കുറവുണ്ട്. തുടര്‍ച്ചയായി നാല് ദിവസം 900-ലേറെ മരണം റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 143289 ആയി ഉയര്‍ന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു