
ആറു ലക്ഷം കടന്ന് കൊവിഡ് മരണം
വാഷിങ്ടൺ: ലോകത്ത് കൊവിഡ് രോഗബാധ ജീവനെടുത്തവരുടെ എണ്ണം ആറു ലക്ഷം കടന്നു. മൊത്തം രോഗബാധിതർ 1.44 കോടിയായിട്ടുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ശനിയാഴ്ച 2,59,848 പേർക്കാണ് ആഗോളതലത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള കൊവിഡ് മരണം 6,04,900ൽ ഏറെയായിട്ടുണ്ടെന്ന് വേൾഡോമീറ്ററിന്‍റെ കണക്ക്. വൈറസ് മൂലമുള്ള മരണം ആറു ലക്ഷം പിന്നിട്ടതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ശനിയാഴ്ച 2,59,848 പേർക്കാണ് ആഗോളതലത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള കൊവിഡ് മരണം 6,04,900ൽ ഏറെയായിട്ടുണ്ടെന്ന് വേൾഡോമീറ്ററിന്‍റെ കണക്ക്.
ഏറ്റവും കൂടുതൽ പേർ മരിച്ചത് യുഎസിലാണ്- 1,40,103. ബ്രസീലിൽ 78,772 പേരും യുകെയിൽ 45,358 പേരും മരിച്ചതായും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി. അമെരിക്കയിലെ രോഗബാധിതർ 38 ലക്ഷത്തിലെത്തിയിട്ടുണ്ട്. ബ്രസീലിൽ 20 ലക്ഷം പിന്നിട്ടു; ഇന്ത്യയിൽ പത്തു ലക്ഷവും. നാലാം സ്ഥാനത്തുള്ള റഷ്യയിൽ 7.65 ലക്ഷം പേർക്കാണു രോഗബാധയുണ്ടായത്.
ദക്ഷിണാഫ്രിക്ക ലോക രാജ്യങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തേക്കു കയറി. 13,285 പുതിയ കേസുകളാണ് പുതുതായി ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കേസുകൾ 3,50,879 ആയിട്ടുണ്ട്. ആഫ്രിക്കയിലെ കൊവിഡ് കേസുകളിൽ പകുതിയോളവും ദക്ഷിണാഫ്രിക്കയിലാണ്. 4948 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. കൃത്യമായ പരിശോധനകളില്ലാത്തത് വ്യക്തമായ ചിത്രം നൽകുന്നില്ല. മേയ് ആറിനും ജൂലൈ ഏഴിനുമിടയിൽ 10,944 അധിക മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അടുത്തിടെ ദക്ഷിണാഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി കൊവിഡ് മരണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്നാണു അനൗദ്യോഗിക റിപ്പോർട്ടുകൾ.
ആഗോള രാജ്യങ്ങളുടെ കൊവിഡ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള പെറുവിൽ 3,49,500 രോഗബാധിതരാണുള്ളത്. ചിലിയും സ്പെയിനുമാണ് മൂന്നു ലക്ഷത്തിലേറെ രോഗബാധിതരുള്ള മറ്റു രാജ്യങ്ങൾ; യുകെ 2.94 ലക്ഷത്തിലെത്തിയിട്ടുണ്ട്.