മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 11 06 2020
കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്
വാര്‍ത്താകുറിപ്പ്
തീയതി: 11-06-2020
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
കഴിഞ്ഞ വെള്ളിയാഴ്ച 111 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്.
83 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 62 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഒരു മരണമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച അദ്ദേഹത്തിന് ഇന്നലെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 37 പേര്‍. സമ്പര്‍ക്കം 14. ആരോഗ്യപ്രവര്‍ത്തകര്‍ 5.
തൃശൂരില്‍ സമ്പര്‍ക്കംമൂലം രോഗം ബാധിച്ചവരില്‍ നാലുപേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാലുപേര്‍ വെയര്‍ഹൗസില്‍ ഹെഡ്ലോഡിങ് തൊഴിലാളികളുമാണ്.
മഹാരാഷ്ട്ര 20, ഡെല്‍ഹി 7, തമിഴ്നാട്, കര്‍ണാടകം 4 വീതം, പശ്ചിമ ബഗോള്‍, മധ്യപ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.
തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8, കാസര്‍കോട് 5 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.
തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് 5044 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2244 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1258 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 2,18,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2,17,027 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റൈനിലോ ആണ്. 1922 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,03,757 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2873 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 27,118 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 25,757 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 133 ആയി. ഇന്ന് പാലക്കാട് ജില്ലയില്‍ രണ്ട് ഹോട്ട്സ്പോട്ടുകള്‍ കൂടി വന്നിട്ടുണ്ട്. 35 ഹോട്ട്സ്പോട്ടുകള്‍ ഒഴിവായി.
ഈ വൈറസ് പെട്ടെന്നൊന്നും ഇല്ലാതാകാന്‍ പോകുന്നില്ല. രോഗവ്യാപനത്തിന്‍റെ തീവ്രത എപ്പോള്‍ കുറയുമെന്നും പറയാന്‍ കഴിയില്ല.
സംസ്ഥാനത്ത് ഈ ഘട്ടത്തില്‍ ഇതുവരെ 2,19,492 പേര്‍ എത്തിയിട്ടുണ്ട്. അതില്‍ 38,871 പേര്‍ (17.71 ശതമാനം) വിദേശ രാജ്യങ്ങളില്‍നിന്നും 1,80,621 (82.29 ശതമാനം) മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ 63.63 ശതമാനവും റെഡ് സോണുകളില്‍ നിന്നാണ്.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓരോ കാര്യവും റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ടാക്കും. ഫ്രണ്ട്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലേക്കും ആളുകളെ അയക്കേണ്ടിവരും. ഇതുസംബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് തയ്യാറാക്കും.
വിദഗ്ധസമിതി നിര്‍ദേശപ്രകാരം ക്വാറന്‍റയിന്‍ മാര്‍ഗരേഖ പുതുക്കുകയാണ്. വിദേശത്തുനിന്നും വരുന്നവരില്‍ വീട്ടില്‍ ക്വാറന്‍റയിന്‍ സൗകര്യം ഉള്ളവരില്‍ നിന്നും പ്രാഥമിക പരിശോധനകള്‍ക്കുശേഷം സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം.
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പൊലീസ്, കോവിഡ് കെയര്‍ സെന്‍റര്‍ നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളില്‍ യാത്രക്കാരന്‍ വീട്ടില്‍ എത്തിച്ചേര്‍ന്നു എന്ന് പൊലീസ് ഉറപ്പാക്കും.
വീട്ടില്‍ സൗകര്യങ്ങളുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനത്തിനാണ്. ന്യൂനതകളുള്ള പക്ഷം സര്‍ക്കാര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. സുരക്ഷിതമായ ക്വാറന്‍റയിന്‍ ഉറപ്പാക്കാന്‍ വീട്ടിലുള്ളവര്‍ക്ക് ബോധവല്‍ക്കരണം നടത്തണം. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ ഉണ്ടെങ്കില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശിക്കണം.
നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്‍റയിന്‍ ലംഘിച്ചാല്‍ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കും. വീട്ടില്‍ ക്വാറന്‍റയിന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാവുന്നതാണ്. വീടുകളില്‍ സൗകര്യമില്ലാത്ത ആളുകള്‍ക്കാണ് സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിന്‍ നല്‍കുന്നത്. പെയ്ഡ് ക്വാറന്‍റയിന്‍ എന്നത് ആവശ്യപ്പെടുന്നവര്‍ക്ക് ഒരുക്കുന്ന ഹോട്ടല്‍ സംവിധാനമാണ്.
ഈ രണ്ട് തരം കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കര്‍ശനമായ നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, റവന്യൂ അധികൃതര്‍, പൊലീസ് എന്നിവര്‍ ഉറപ്പുവരുത്തും.
വിമാനം/ട്രെയിന്‍/റോഡ് മാര്‍ഗവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റയിന്‍ ഏര്‍പ്പെടുത്തുന്നതിന് വിദഗ്ദ്ധസമിതി ശുപാര്‍ശ പ്രകാരം പുതിയ മാര്‍ഗരേഖയുണ്ട്.
സംസ്ഥാനത്ത് എത്തുന്നതിനുമുമ്പായി ‘കോവിഡ് ജാഗ്രത’ പോര്‍ട്ടലിലൂടെ ഹോം ക്വാറന്‍റയിന്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്.
സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം വിശദമായ അന്വേഷണം നടത്തി സുരക്ഷിത ക്വാറന്‍റയിന്‍ ഉറപ്പാക്കും. അല്ലാത്തപക്ഷം, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റയിന്‍/പെയ്ഡ് ക്വാറന്‍റയിനുള്ള നിര്‍ദ്ദേശം നല്‍കും.
സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന വിവരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പൊലീസ്, കോവിഡ് കെയര്‍ സെന്‍റര്‍ നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവരെ അറിയിച്ചിരിക്കണം.
കണ്‍ടൈന്‍മെന്‍റ് സോണ്‍
കണ്‍ടൈന്‍മെന്‍റ് സോണ്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
ഓരോ ദിവസവും രാത്രി 12 മണിക്ക് മുമ്പായി കണ്‍ടൈന്‍മെന്‍റ് സോണ്‍ വിജ്ഞാപനം ചെയ്യും.
പഞ്ചായത്തുകളില്‍ കണ്‍ടൈന്‍മെന്‍റ് സോണ്‍ വാര്‍ഡ് തലത്തിലും കോര്‍പ്പറേഷനില്‍ സബ് വാര്‍ഡ് തലത്തിലും പ്രഖ്യാപിക്കാം.
ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യമനുസരിച്ച് കണ്‍ടൈന്‍മെന്‍റ് സോണ്‍ തീരുമാനിക്കാം.
- ഒരു വാര്‍ഡില്‍ ഒരു വ്യക്തി ലോക്കല്‍ കോണ്‍ടാക്ട് വഴി കോവിഡ് പോസിറ്റീവായാല്‍.
- വീടുകളില്‍ ക്വാറന്‍റീനിലുള്ള രണ്ട് വ്യക്തികള്‍ പോസീറ്റീവായാല്‍.
- ഒരു വാര്‍ഡില്‍ 10ല്‍ കൂടുതല്‍ പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ നിരീക്ഷണത്തിലായാല്‍.
- ഒരു വാര്‍ഡില്‍ 25ല്‍ കൂടുതല്‍ പേര്‍ സെക്കന്‍ററി കോണ്‍ടാക്ടിലൂടെ നിരീക്ഷണത്തിലായാല്‍.
- കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഒരു സബ് വാര്‍ഡിലോ, ചന്ത, ഹാര്‍ബര്‍, ഷോപ്പിങ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം ഇവയിലോ കണ്ടെത്തിയാല്‍.
ഇത്രയും സാഹചര്യങ്ങളുണ്ടാകുമ്പോഴാണ് ഒരു പ്രത്യേക പ്രദേശം കണ്‍ടൈന്‍മെന്‍റ് സോണ്‍ ആകുന്നത്.
ഏഴ് ദിവസം കഴിഞ്ഞ് ഇത് നീട്ടണോ എന്നുള്ളത് ജില്ലാ കളക്ടറുടെ ശിപാര്‍ശ പ്രകാരം തീരുമാനിക്കാം.
വാര്‍ഡുകളിലെ 50 ശതമാനത്തില്‍ കൂടുതല്‍ കണ്‍ടൈന്‍മെന്‍റ് സോണുകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍റാകും. 50 ശതമാനത്തില്‍ താഴെയാകുന്ന മുറയ്ക്ക് ഇതൊഴിവാക്കും.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രസ്തുത വീടും ആ വീടിനു ചുറ്റുമുള്ള നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേര്‍ത്ത് കണ്ടയിന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിക്കും.
ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്നവര്‍ സ്റ്റേഷനില്‍ തന്നെ തങ്ങി വേറെ ട്രെയിനില്‍ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അങ്ങനെ എറണാകുളത്തു നിന്ന് കൊല്ലത്ത് വേറെ ട്രെയിനില്‍ വന്നിറങ്ങിയവരെ പൊലീസ് കണ്ടെത്തി. ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവര്‍ തോല്‍പ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല. സ്വന്തം സഹോദരങ്ങളെ തന്നെയാണ്. അതില്‍ ഒരാള്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ സമൂഹം അതിനു വലിയ വില കൊടുക്കേണ്ടിവരും.
പത്തനംതിട്ട ജില്ലയിലെ ഹൃദ്രോഗ ആശുപത്രിയില്‍ എത്തിയ വനിത ബാംഗളൂരില്‍ നിന്ന് വന്നതാണ് എന്ന കാര്യം മറച്ചു വെച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അവര്‍ മരണമടഞ്ഞു. അതിനു ശേഷമാണ് യാത്രയുടെയും മറ്റും വിവരം ആശുപത്രി അധികൃതര്‍ അരിഞ്ഞത്.
അതോടെ ആശുപത്രി ഒന്നടങ്കം പ്രതിസന്ധിയിലായി. രണ്ടു ദിവസത്തിനു ശേഷം കോവിഡ് നെഗറ്റീവാണ് എന്ന് സ്ഥിരീകരിച്ചപ്പോഴാണ് ആശ്വാസമായത്. ഉന്നത വിദ്യാഭ്യാസമൊക്കെയുള്ള കുടുംബമായിട്ടും ഇങ്ങനെ മറച്ചുവെക്കാനുള്ള പ്രവണത കാണിച്ചത് ശരിയല്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നമ്പര്‍ പോലും സേവ് ചെയ്യാന്‍ തയാറാകാത്ത ആളുകള്‍ ഉണ്ട് എന്നാണു പറയുന്നത്.
അതേസമയം തന്നെ ഇങ്ങനെ എത്തിച്ചേരുന്ന ആളുകളെ കണ്ടെത്തി അവര്‍ക്കുവേണ്ട നിര്‍ദേശം നല്‍കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലെത്തിക്കാനും നിരീക്ഷിക്കാനുമുള്ള ജാഗ്രത പ്രാദേശികതലത്തില്‍ കൈവിട്ടുപോകാനും പാടില്ല.
അതിഥി തൊഴിലാളികളില്‍ രണ്ടര ലക്ഷം പേര്‍ ഇതുവരെ പോയിട്ടുണ്ട്. ആസാമിലേക്കുള്ള കുറച്ച് ആളുകളാണ് ഇനി പോകാന്‍ താല്‍പര്യപ്പെടുന്നത്. ഇവിടെയുള്ളവരില്‍ കൂടുതല്‍ പേരും പെട്ടെന്ന് പോകാന്‍ താല്‍പര്യപ്പെടുന്നില്ല. കുറച്ച് ആളുകള്‍ തിരിച്ച് കേരളത്തിലേക്കു വരാന്‍ തുടങ്ങുന്നുമുണ്ട്. അങ്ങനെ വരുന്നവരെ വേണ്ട സുരക്ഷാ ക്രമീകരണങ്ങളോടെ ക്വാറന്‍റൈന്‍ ചെയ്തശേഷമോ തൊഴിലിന് പോകാന്‍ അനുവദിക്കൂ.
ഐടി മേഖല
കോവിഡ് 19 ഐടി മേഖലയെയും വല്ലാതെ ഉലച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ മൂന്നു പാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷ തൊഴിലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്ന് ആസൂത്രണ വിഭാഗം കണക്കാക്കിയിട്ടുണ്ട്. സോഫ്ട്വെയര്‍ കയറ്റുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ പലതും വലിയ പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തില്‍ ഐടി വ്യവസായത്തെ രക്ഷിക്കാന്‍ പുതിയ ലോക സാഹചര്യത്തിനൊത്ത് നീങ്ങേണ്ടതുണ്ട്.
പ്രതിസന്ധി ഘട്ടത്തില്‍ ഈ മേഖലയെ സംരക്ഷിക്കാന്‍ ആകാവുന്ന എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണമേډയുള്ള ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതി ഐടി മേഖലയില്‍ തുടങ്ങാനുള്ള കേരളത്തിന്‍റെ പ്രധാന ഇടപെടല്‍ ഇതിന്‍റെ ഭാഗമായുള്ളതാണ്. ഈ പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തിയാവുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതിയില്ല.
സംരംഭങ്ങളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതോടൊപ്പം ജീവനക്കാരുടെ തൊഴില്‍ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കിയേ പറ്റൂ. എന്നാല്‍, കമ്പനികള്‍ക്ക് അധിക ഭാരമുണ്ടാകാനും പാടില്ല. ഇതനുസരിച്ച് ചില നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്.
ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നു മാസത്തേക്ക് വാടക ഇളവ് നല്‍കും. 2020-21 വര്‍ഷത്തില്‍ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തെരഞ്ഞെടുക്കാം.
വാടകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുന്നത് പരിഗണിക്കും. ഇതില്‍ തീരുമാനമെടുത്താല്‍ 2021-22 വര്‍ഷത്തെ വാടക നിരക്കില്‍ വര്‍ധന ഉണ്ടാകില്ല. സര്‍ക്കാരിനു വേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളില്‍ പണം കിട്ടാനുണ്ടെങ്കില്‍ അവ പരിശോധിച്ച് ഉടനെ അനുവദിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന ധാരാളം കമ്പനികളുണ്ട്. അവര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച ചെയ്യും. സംസ്ഥാന ഐടി പാര്‍ക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്എംഇ രജിസ്ട്രേഷന്‍ ഉള്ളവയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ അവര്‍ക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവിലുള്ളതു തന്നെയായിരിക്കും. ഇതിന്‍റെ അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളില്‍ കേരളത്തിലെ ഐടി കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള നിര്‍ദേശത്തിേډല്‍ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഈ വിധത്തില്‍ പിന്തുണ ലഭ്യമാക്കുമ്പോള്‍ ഐടി കമ്പനികള്‍ സഹകരിക്കേണ്ട ചില പ്രശ്നങ്ങളുണ്ട്. അത് പ്രധാനമായും തൊഴിലാളികളുടെ ജോലി സുരക്ഷ സംബന്ധിച്ചാണ്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുസരിച്ച് ജീവനക്കാര്‍ മടങ്ങിയെത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കോവിഡ് നിബന്ധനകളും പാലിക്കണം. പരമാവധി പേരെ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാന്‍ അനുവദിക്കണം.
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ജീവനക്കാരുണ്ട്. നെറ്റ് കണക്ഷന്‍ തകരാറിലായാലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാതായാലും വൈദ്യുതി നിലച്ചാലും സ്വയം പരിഹരിക്കേണ്ട സ്ഥിതിയുണ്ട്. ഇതുണ്ടാക്കുന്ന അനിശ്ചിതത്വം ജീവനക്കാരുടെയും കമ്പനിയുടെയും ഉല്‍പാദനക്ഷമതയെ ബാധിക്കും. ഈ പ്രശ്നത്തിന് പരിഹാരമായി ഐടി കമ്പനികളുമായി ചേര്‍ന്ന് ‘വര്‍ക്ക് നിയര്‍ ഹോം’ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്.
നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കില്‍, അത്തരം ജീവനക്കാരെ ഒരു വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റുകയും അവരുടെ വിവരങ്ങള്‍ സംസ്ഥാന ഐടി വകുപ്പ് നിര്‍ദേശിക്കുന്ന നോഡല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുകയും വേണം. ഇങ്ങനെ വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറുന്നവര്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന നൈപുണ്യവികസന പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം. ഉചിതമായ ശേഷി ആര്‍ജിക്കുന്ന മുറയ്ക്ക് അവരെ പുതിയ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തണം.
വര്‍ക്ക് ഷെയറിങ് ബഞ്ചിലുള്ളവരുടെ സേവനം മറ്റ് കമ്പനികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. അത്തരം പ്രവൃര്‍ത്തികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഈ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് വിനിയോഗിക്കുന്നതിന് പരിഗണിക്കണം. വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റപ്പെടുന്ന ജീവനക്കാരെ മുഴുവന്‍ പുതിയ പ്രൊജക്ടുകളില്‍ നിയമിച്ച ശേഷമേ പുറമെ നിന്ന് ആളുകളെ എടുക്കാവൂ എന്ന നിര്‍ദേശം കൂടി സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയാണ്.
കോവിഡ് 19 പ്രതിരോധത്തിലൂടെ കേരളത്തിന് ലഭിച്ച ലോകശ്രദ്ധ ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഏതു മേഖലയിലായാലും കോവിഡിനു ശേഷം കേരളത്തിന് പുതിയ അവസരങ്ങള്‍ കൈവരും. സാങ്കേതികവിദ്യ അടിസ്ഥാനമായുള്ള വ്യവസായങ്ങള്‍ക്കാണ് ഇനി വലിയ സാധ്യതയുള്ളത്. എല്ലാ പുതിയ വ്യവസായങ്ങള്‍ക്കും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുറന്തോട് ആവശ്യമായി വരുമെന്നത് ഈ മേഖലയില്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിക്കും.
ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഐടി, മാനുഫാക്ച്ചറിങ് തുടങ്ങിയ മേഖലകളിലാണ് കേരളത്തിന് വലിയ സാധ്യതകളുള്ളതായി വ്യവസായികളും ഈ രംഗത്തെ വിദഗ്ധരും കാണുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം ഇപ്പോള്‍ തന്നെ തുടങ്ങികഴിഞ്ഞു. സിഐഐ, ഫിക്കി മുതലായ വ്യാസായ സംഘടനകളുമായി നേരത്തെ തന്നെ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വിദേശ കമ്പനികളുടെയും വ്യവസായ സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.
വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് ഇവിടെ തന്നെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരമുണ്ടാകണം. അതേപോലെ തന്നെ വിദേശത്തുള്ളവരെ ഇങ്ങോട്ട് ആകര്‍ഷിക്കാനും കഴിയണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ രംഗം പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്‍റെ വ്യവസായ അംബാസഡര്‍മാരായി മാറണമെന്ന് ഐടി മേഖലയിലെ പ്രമുഖരോട് കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി
കേന്ദ്ര വനാവകാശ നിയമ പ്രകാരം പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കാനായി വിവിധ സ്ഥലങ്ങളില്‍ നടപടിക്രമം പൂര്‍ത്തീകരിച്ച 510 പേര്‍ക്കുള്ള ഭൂമി എത്രയും വേഗം നല്‍കും.
4361 പട്ടികവര്‍ഗക്കാര്‍ക്ക് 3588.52 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നല്‍കിയത്. സുപ്രീം കോടതിവിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമിയില്‍ 1804.75 ഏക്കര്‍ ഭൂമി 2568 പേര്‍ക്ക് വിതരണം ചെയ്തു. 478 പേര്‍ക്ക് 174.77 ഏക്കര്‍ ഭൂമി ലാന്‍റ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങി നല്‍കി. കേന്ദ്ര വനാവകാശ നിയമ പ്രകാരം 1315 പേര്‍ക്ക് 1609 ഏക്കര്‍ ഭൂമിക്കുള്ള ആര്‍ഒആര്‍ നല്‍കി.
അവശേഷിക്കുന്ന 10,944 പേരില്‍ റെക്കോര്‍ഡ് ഓഫ് റൈറ്റ്സ് പ്രകാരം 5,111 പേര്‍ക്ക് ഭൂമി നല്‍കും. നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ രണ്ടുമാസത്തിനകം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 310 പേര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടി ലാന്‍റ് ബാങ്ക് പദ്ധതി പ്രകാരം പൂര്‍ത്തികരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഇത് വിതരണം ചെയ്യും.
സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമിയില്‍ വാസയോഗ്യമായ ഭൂമി അടിയന്തരമായി വിതരണം ചെയ്യും. വാസയോഗ്യമല്ലാത്ത 8,145 ഏക്കര്‍ ഭൂമിക്ക് പകരം ഭൂമി കണ്ടെത്തി നല്‍കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വീട്ടില്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിയോജകമണ്ഡല ആസ്തി വികസന ഫണ്ടും എംഎല്‍എമാരുടെ പ്രത്യേക വികസന നിധിയും വിനിയോഗിക്കുന്നതിന് അനുമതി നല്‍കി.
പൊതുവായനശാലകള്‍, തദ്ദേശ സ്വയംഭണ സ്ഥാപനങ്ങള്‍, സഹകരണ/സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, അങ്കണവാടികള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍/ടിവി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഇത്തരം ഫണ്ട് വിനിയോഗിക്കാനാണ് അനുമതി നല്‍കിയത്.
കുട്ടികള്‍ക്കായി ലാപ് ടോപുകള്‍ വങ്ങുന്നതിന് കുടുംബശ്രീ, കെ എസ്എഫ്ഇ എന്നിവ ഒരുമിച്ച് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ വഴി ലാപ് ടോപ്പുകള്‍ നല്‍കുന്നതിനായുള്ള സ്കീമുകള്‍ക്കും സബ്സിഡ് ആവശ്യമെങ്കില്‍ പ്രത്യേക വികസന നിധി വിനിയോഗിക്കാം.
ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി, ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ മുതലായവ ലഭ്യമാക്കാനായി ഇ-വിദ്യാരംഭം എന്ന പദ്ധതിക്ക് പൊലീസ് രൂപം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് പൊലീസ് പ്രഥമ പരിഗണന നല്‍കുന്നത്. പദ്ധതിയുടെ ആദ്യപടിയായി പൊടിയകാല, കല്ലന്‍പാറ ട്രൈബല്‍ സെറ്റില്‍മെന്‍റ് കോളനികളിലെ കുട്ടികള്‍ക്ക് ടിവിയും ഡിജിറ്റല്‍ പഠനോപകരണങ്ങളും നല്‍കി.
കോവിഡ് പാക്കേജില്‍ പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള വായ്പാ പദ്ധതിയായ സിഎം സഹായഹസ്തത്തില്‍ 24.8 ലക്ഷം സ്ത്രീകളുടെ 1869.60 കോടി രൂപയുടെ വായ്പാ അപേക്ഷ ബാങ്കുകളിലെത്തിച്ചു. അതില്‍ 1060 കോടി രൂപ ബാങ്കുകള്‍ അനുവദിച്ചു.
മാസ്ക് ധരിക്കാത്ത 2648 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 9 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
സഹായം
എറണാകുളം-അങ്കമാലി അതിരൂപത 7 കോടി 2 ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ അറിയിച്ചു.
കേരളത്തിലെ മനഃശാസ്ത്ര വിദ്യാര്‍ഥികള്‍, പ്രമുഖ മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, എന്നിവരുടെ സംഘടനയായ സൈക്കോളജി സര്‍ക്കിള്‍ 140 പിപിഇ കിറ്റുകള്‍ കൈമാറി.
ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത പഞ്ചായത്തിലെ 23 വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും ഡിടിഎച്ച് കണക്ഷനും നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് 50 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു.
ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ 140 ഫോണുകള്‍ കൈമാറുമെന്ന് അറിയിച്ചു.
ദുരിതാശ്വാസം
ക്രഷര്‍ ഓര്‍ണേഴ്സ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി 86 ലക്ഷം രൂപ
ക്വാറി ആന്‍റ് ക്രഷര്‍ ഓര്‍ണേഴ്സ് അസോസിയേഷന്‍ കൊല്ലം ജില്ലാ കമ്മിറ്റി 47,25,000 രൂപ
കേരളാ ഗവണ്‍മന്‍റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ 25,50,000 രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ 15 ലക്ഷം രൂപ
കണ്ണൂര്‍, ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ വിജെസിയന്‍സ് 11,55,555 രൂപ
കാട്ടില്‍ മേക്കത്തില്‍ ക്ഷേത്രം, ചവറ 10 ലക്ഷം രൂപ
വെള്ളറട ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ
ആലപ്പുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് 6,33,866 രൂപ
കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ
മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം 5 ലക്ഷം രൂപ
മുക്കം, സെല്‍വ ബ്രിക്സ് ആന്‍റ് മെറ്റല്‍സ് ഉടമ അബ്ദുള്‍ റസാക് പികെ 5 ലക്ഷം രൂപ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. വഴുതക്കാട് നരേന്ദ്രന്‍റെ മകന്‍ അഡ്വ. നിഖില്‍ നരേന്ദ്രന്‍ 4 ലക്ഷം രൂപ
സംസ്ഥാന ശിശുക്ഷേമ സമിതി 3 ലക്ഷം രൂപ
കിഴുവിലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ 2,58,810 രൂപ
കെല്‍ട്രോണ്‍ എംപ്ലോയീസ് സഹകരണ സംഘം 2,25,507 രൂപ
വെങ്ങാനൂര്‍ കോഓപ്പറേറ്റീവ് റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി 2 ലക്ഷം രൂപ
കെഎസ്കെടിയു ആലപ്പുഴ ജില്ലാ കമ്മിറ്റി 2 ലക്ഷം രൂപ
കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചേഴ്സ് അസ്സോസിയേഷന്‍ 1 ലക്ഷം രൂപ
*