
ഡൽഹിയിൽ ഐ. എസ് ഭീകരൻ അറസ്റ്റിൽ
ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ ധൗല കോനിൽ പൊലീസ് നടത്തിയ തെരച്ചിലിൽ സ്ഫോടക വസ്തുമായി ഐ.എസ് ഭീകരൻ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി പൊലീസ് പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ പിടികൂടിയത്. ഇയാളിൽ നിന്നും രണ്ട് ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്(ഐ.ഇ.ഡി) പിടിച്ചെടുത്തു.
ഉത്തർപ്രദേശ് സ്വദേശിയായ അബ്ദുൾ യൂസഫ് ഖാൻ എന്നയാളാണ് അറസ്റ്റിലായത്. ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സ്പെഷ്യൽ പൊലീസ് സെൽ തെരച്ചിൽ ആരംഭിച്ചത്.
ധൗല കോനിൽ വെടിവെപ്പുണ്ടാവുകയും പിസ്റ്റളും സ്ഫോടകവസ്തുക്കളുമായി ഭീകരനെ പിടികൂടിയതായും ഡൽഹി സ്പെഷ്യൽ പൊലീസ് സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിങ് കുശ്വാഹ അറിയിച്ചു. ഇയാൾ ഒറ്റക്കാണ് നീക്കങ്ങൾ നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു.