ധൃതരാഷ്ട്രപ്പച്ച – ഭീകരസസ്യം.

Share News

പേര് അന്വര്‍ത്ഥമായപോലെ നമ്മുടെ നാടന്‍ ചെടികളെ വരിഞ്ഞു പൊതിഞ്ഞു സൂര്യപ്രകാശം കൊടുക്കാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിദേശ ഭീകരസസ്യമാണ് ധൃതരാഷ്ട്രപ്പച്ച.. ഇതിനെ നശിപ്പിച്ചില്ലെങ്കില്‍ കേരളം അധികം താമസിയാതെ ഈ ചെടിമാത്രമുള്ള ഒരു മരുഭൂമിയായിത്തീരും…

Mikania micrantha എന്നറിയപ്പെടുന്ന ഈ കളസസ്യം അതിവേഗം വളര്‍ന്നു പന്തലിക്കുന്ന ഒരു വള്ളി സസ്യമാണ്. ഏകദേശം 10 വര്‍ഷമായിക്കാണും തെക്കേ അമേരിക്കക്കാരനായ ഈ ചെടി നമ്മുടെ നാട്ടിലെത്തിയിട്ട്. ഈ കുറഞ്ഞ കാലയളവില്‍ കേരളം മുഴുവനും ഈ ചെടി വ്യാപിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ മിച്ചഭൂമികളെല്ലാം ഈ ചെടിയെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.. ഒരുചെടിയില്‍നിന്നും 20000 മുതല്‍ 50000 വരെ കാറ്റിനാല്‍ വിത്തുവിതരണം നടത്തുന്ന വിത്തുകളാണ് ഉണ്ടാകുന്നത്, മാത്രമല്ല തണ്ടിന്റെ ഒരു ചെറിയ കഷണത്തില്‍നിന്നു പോലും പെട്ടന്ന് വേരിറങ്ങി പുതിയ ചെടിയുണ്ടാകുന്നു. കാടുവെട്ടല്‍ യന്ത്രം കൊണ്ട് വെട്ടി ഉണ്ടാകുന്ന ചെറിയ ചെറിയ തണ്ടുകള്‍ രക്തബീജാസുരന്റ ചോരത്തുള്ളിയില്‍നിന്നും അനേകം അസുരന്‍മാരുണ്ടാകുന്നതുപോല നൂറു നൂറു പുതിയ ചെടികളായി വളരുന്നു.

എങ്ങിനെയോ കേരളത്തിലെത്തിപ്പെട്ട ഈ ചെടിക്കു നമ്മുടെ കാലാവസ്ഥ “ക്ഷ” പിടിച്ചുകഴിഞ്ഞിരിക്കുന്നു. കൃഷിയിടങ്ങളിലേക്കും ഇവന്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് കാടുകളാണ്. ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അതും സംഭവിച്ചിരിക്കും എന്നു തീര്‍ച്ച. (ഉദാഹരണം- നേപ്പാളിലെ ചിത്വാന്‍ നാഷണല്‍ പാര്‍ക്കിലെ 20 ശതമാനത്തോളം സ്വഭാവിക പച്ചപ്പ് ഈ ചെടി നശിപ്പിച്ചു തന്റേതാക്കി). ഇതിനെ നശിപ്പിക്കുക ഏതാണ്ട് അസാധ്യമായിട്ടുണ്ട്. മാത്രമല്ല ഈ ചെടികളുത്പാദിപ്പിക്കുന്ന ഫീനോളിക്- ഫ്‌ലാവനോയ്ഡ് സംയുക്തകങ്ങള്‍ കാര്‍ഷിക വിളകളുടെയും ഔഷധ സസ്യങ്ങളുടെയും അങ്കുരണ ശേഷിയെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും

ചെറിയ ചെടികളുടെയും കുറ്റിച്ചെടികളുടെയും വൃക്ഷങ്ങളുടെയും മീതെ വളര്‍ന്നു വന്നു, അതിനെ മൂടിയാണ് ചെടിയുടെ വളര്‍ച്ച. അതുകൊണ്ടുതന്നെ സൂര്യപ്രകാശം ആതിഥേയ സസ്യത്തിനു പൂര്‍ണ്ണമായും നിഷേധിച്ച് അവയെ ഇഞ്ചിഞ്ചായി നശിപ്പിച്ച് കൈയടക്കുന്നതാണ് ഈ ചെടിയുടെ രീതി. ലോകത്തിലേറ്റവും വളര്‍ച്ചാനിരക്കുള്ള വള്ളിക്കളസസ്യമാണ് ഇത്. (1 ദിവസത്തില്‍ 10 സെന്റീമീറ്ററോളം !!!) അതിനാല്‍ തന്നെ നമ്മുടെ സ്വാഭാവിക ചെടികള്‍ക്കു ഇതിനോടെതിര്‍ത്തു നില്‍ക്കുക അസാധ്യം തന്നെ… മരുന്നുണ്ടാക്കാനായി ഏതാണ്ട് പൂര്‍ണ്ണമായും സ്വാഭാവിക വനസസ്യങ്ങളെ ആശ്രയിക്കുന്ന ആയുര്‍വേദ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഈ സസ്യം..സസ്യങ്ങളിലെ ഭീകരരായ ആയ ഈ ചെടിക്കെതിരെ നിരന്തരം പോരാട്ടം നടത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എവിടെ കണ്ടാലും ഇതിനെ വേരോടെ പറിച്ച് തീയിട്ടോ നല്ല വെയിലത്തിട്ടോ നശിപ്പിക്കുക.. മാനവരാശിയുടെ നിലനില്‍പ്പിനായി ഈ പോസ്റ്റ് മാക്സിമം ഷെയര്‍ ചെയ്യുക..

Dr. Ebey Abraham

Medical Officer, Dept od ISM Kerala

Redgen Rebello

Share News