മലയോര കാര്‍ഷികമേഖലയില്‍ അപ്രഖ്യാപിത കര്‍ഷക കുടിയിറക്ക് വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വന്യജീവി അക്രമത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ മലയോര കാര്‍ഷികമേഖലയില്‍ നിന്ന് സ്വന്തം കിടപ്പാടവും കൃഷിഭൂമിയും ഉപേക്ഷിച്ച് തെരുവിലേയ്ക്ക് കര്‍ഷകര്‍ കുടിയിറങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഭരണസംവിധാനങ്ങള്‍ മുഖംതിരിഞ്ഞു നിന്നാല്‍ നിയമം കൈയിലെടുത്ത് കര്‍ഷകര്‍ അതിജീവനത്തിനായി പോരാടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

വന്യജീവി അക്രമങ്ങളുടെ മറവില്‍ വനവല്‍ക്കരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് തുരത്തിയോടിക്കാനുള്ള നീക്കം അതിനിഷ്ഠൂരവും ക്രൂരവുമാണ്. വന വന്യജീവി നിയമങ്ങളുടെ മറപിടിച്ച് രാഷ്ട്രീയ ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരും പരിസ്ഥിതി മൗലികവാദികളും ഭൂമാഫിയകളും ചേര്‍ന്നുള്ള സംഘടിത കൂട്ടുകെട്ട് കര്‍ഷകരുള്‍പ്പെടെ വലിയൊരു ജനവിഭാഗത്തിന്റെ ജീവന്‍ പിച്ചിച്ചീന്തിയുള്ള വിലപേശലിന് അടിയന്തര അവസാനമുണ്ടാകണം.

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ നടത്തിപ്പാണ് പശ്ചിമഘട്ട മലയോര പ്രദേശങ്ങളില്‍ ഇപ്പോള്‍ നടപ്പിലാകുന്നതെന്ന് വൈകിയ വേളയിലെങ്കിലും പൊതുസമൂഹം തിരിച്ചറിയണം. രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുടെ സാമ്പത്തിക സഹായം സ്വീകരിച്ചും ബിനാമി ഇടപാടിലൂടെയും വനംവകുപ്പിലെ ഉന്നതരും രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന് കുടപിടിക്കുന്നു.

വനവിസ്തൃതി വര്‍ദ്ധിച്ചുവെന്ന് വനം മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടുകളില്‍ അവകാശപ്പെടുമ്പോള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും റവന്യൂ രേഖകളുള്ളതുമായ കര്‍ഷകരുടെ കൃഷിഭൂമി എത്രമാത്രം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നുവെന്നതും അന്വേഷണവിധേയമാക്കണം. കര്‍ഷകനെ സ്വന്തം കൃഷിഭൂമിയില്‍ നിന്ന് തുരത്തിയോടിച്ച് കൃഷിയിടങ്ങളായ റവന്യൂ ഭൂമി കുറഞ്ഞവിലയ്ക്ക് ഭൂമാഫിയകളിലേയ്ക്ക് എത്തിക്കുന്ന അജണ്ടയാണ് ഇടനിലക്കാരായ വനംവകുപ്പ് ഉന്നതരിലൂടെ ഇപ്പോള്‍ നടപ്പായിക്കൊണ്ടിരിക്കുന്നത്. വന്യജീവി അക്രമത്താല്‍ ദിവസംതോറും മനുഷ്യജീവന്‍ വെടിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും നിസംഗതയും മനുഷ്യത്വരഹിതമാണ്.

വന്യമൃഗ അക്രമണങ്ങള്‍ മലയോരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലെ ടൗണുകളിലേയ്ക്ക് വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നത് വരുംനാളുകളില്‍ വന്‍ മനുഷ്യക്കുരുതിക്ക് ഇടനല്‍കുമെന്നും വന-വന്യജീവി നിയമങ്ങളുടെ പേരുപറഞ്ഞ് കര്‍ഷകനെ വിഢികളാക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ സ്ഥിരം അടവുകള്‍ തിരുത്തി ജനങ്ങളുടെ ജീവനും ജീവനോപാദികള്‍ക്കും സംരക്ഷണമേകുവാന്‍ നിയമഭേദഗതികള്‍ക്കും നടപടികള്‍ക്കും സര്‍ക്കാരും ജനപ്രതിനിധികളും തയ്യാറാകണമെന്നും അല്ലാത്തപക്ഷം സംഘടിക കര്‍ഷകപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു