അധ്യാപകരുടെ അവകാശങ്ങൾ ഹനിക്കരുത്: ശ്രീ ടി. ജെ. വിനോദ് എം.എൽ.എ
കൊച്ചി: അധ്യാപകരുടെ ജീവിക്കാനുള്ള അവകാശങ്ങൾ ഹനിക്കരുത് എന്നും അവർക്ക് അർഹമായ വേതനം ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ നിഷേധിക്കരുതെന്നും ടി. ജെ.വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അനിശ്ചിതകാല ഉപവാസ സമരം നാലാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്തതിന്റെ വേതനം അനേക വർഷങ്ങളായി നൽകിയിട്ടില്ല എന്നത് അമ്പരപ്പും അത്യന്തം വേദനയുമുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.ചെയ്ത ജോലിയുടെ വേതനത്തിനായി ഇത്ര കാലം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. വിദ്യാഭ്യാസത്തിൽ ഒന്നാമതെന്ന് അഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനത്തിന് അധ്യാപകരുടെ കണ്ണീർ ഒരു കളങ്കമായിരിക്കും. സർക്കാരിൻ്റെ വ്യക്തമായ അജണ്ട ശമ്പളം നിഷേധിക്കുന്നതിന് പിന്നിലുണ്ടെന്ന് മനസിലാക്കുന്നു. എയിഡഡ് വിദ്യാഭ്യാസ മേഖലയെ വെട്ടിയൊതുക്കലാണ് ലക്ഷ്യം. അധ്യാപകരുടെ പ്രൊട്ടക്ഷനുമായി വിഷയത്തെ സർക്കാർ കൂട്ടിക്കുഴയ്ക്കുന്നു. ഇവ തമ്മിൽ ബന്ധിപ്പിക്കേണ്ട ആവശ്യമില്ല എന്ന് വ്യക്തമാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കാതലായ സംഭാവനകൾ നൽകിയ എയിഡഡ് മേഖലയോടുള്ള നിഷേധാത്മക സമീപനവും സർക്കാർ അവസാനിപ്പിക്കേണ്ടതാണ്. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആണ് അനിശ്ചിത കാല ഉപവാസ സമരം സംഘടിപ്പിക്കുന്നത്. ന്യായമായ ഈ സമരത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഫാ. മൈക്കിൾ ഡിക്രൂസ്, ജീൻ സെബാസ്റ്റ്യൻ വി. എക്സ്.ആന്റണി എന്നിവർ സംസാരിച്ചു.