ദുരന്തങ്ങളിൽ പകയ്ക്കണ്ടാ, നമുക്കുണ്ട് മികച്ച പ്രതിരോധം

Share News

വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഒരിക്കലും കാണാത്ത മുന്നേറ്റങ്ങൾക്കിടയിലും നമ്മെ ആശങ്കയിലാഴ്ത്തി പ്രകൃതി, പകർച്ചവ്യാധി ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നുവന്ന നാലര വര്‍ഷങ്ങളാണു കടന്നു പോയത്. എന്നാല്‍ അതിനെയെല്ലാം ഒരുമയോടെനിന്നു നേരിടാന്‍ നമുക്കു സാധിച്ചു. ഓഖി, 2018-ലെയും 2019-ലെയും പ്രളയം, നിപ്പ എന്നിവയെ അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ കോവിഡിനെയും പ്രതിരോധിച്ചു മുന്നോട്ടുപോവുകയാണ്.

എല്ലാത്തരം ദുരന്തങ്ങളെയും യുദ്ധസന്നദ്ധതയോടെ നേരിടാനും അവയുടെ ആഘാതം പരമാവധി കുറയ്ക്കാനും അതിനായി മികച്ച ആസൂത്രണം നടത്താനും സാധിച്ചു എന്നത് കേരളത്തിന്റെ നേട്ടമാണ്. ഏതു ദുരന്തത്തെയും നേരിടാൻ പ്രാപ്തിയുള്ള, ജാഗ്രതയും ചലനാത്മകതയുമുള്ള, ഈ സംവിധാനം വികസിപ്പിക്കാനായത് കഴിഞ്ഞ നാലുവര്‍ഷംകൊണ്ടു നേടിയ നേട്ടങ്ങളില്‍ പ്രധാനമാണ്. കേരളത്തിന്റെ അമ്പതു പദ്ധതികളെക്കുറിച്ചു പറയുന്ന ഈ പരമ്പരയില്‍ ദുരന്തനിവാരണത്തെക്കുറിച്ചുതന്നെയാകട്ടെ ആദ്യം.

ഏറ്റവും മികച്ച എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ദുരന്തനിവാരണ കേന്ദ്രം) സംസ്ഥാനത്ത് ആദ്യം സ്ഥാപിക്കാന്‍ കഴിഞ്ഞതും എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചതും നേട്ടങ്ങളില്‍ പ്രധാനമാണ്. ദുരന്തനിവാരണ ഏകോപനത്തിനൊപ്പം ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി ദുരന്തനിവാരണപ്ലാന്‍ തയാറാക്കാന്‍ സാധിച്ചു. കോസ്റ്റല്‍ ഇറോഷന്‍ (കടലാക്രമണം), വിൻഡ് (കാറ്റ്), സോയില്‍ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്), സൺസ്റ്റ്രോക്ക് (സൂര്യാഘാതം), ലൈറ്റനിങ് (ഇടിമിന്നല്‍) എന്നിവ കേരളത്തിന്റെ പൊതുവായ ദുരന്തങ്ങളായി മാറിക്കഴിഞ്ഞ ഇക്കാലത്ത് ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടത്തി നാം മാപ് ചെയ്തു! കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അതിന്റെകൂടി അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാ അടിസ്ഥാനത്തിലും തദ്ദേശസ്ഥാപനതലത്തിലും ദുരന്തനിവാരണപ്ലാന്‍ തയാറാക്കാനും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളെ സജ്ജമാക്കാനും സാധിച്ചത്.

അടിസ്ഥാനസൗകര്യങ്ങളും ആസൂത്രണങ്ങളും കൂടാതെ ദുരന്തനിവാരണരംഗത്ത് നൂതനനയങ്ങള്‍ ആവിഷ്കരിക്കാനും ഈ നാലു വര്‍ഷംകൊണ്ട് നമ്മൾക്കു സാധിച്ചു. ഫ്ലഡ് റിസ്ക് റിഡക്‌ഷന്‍ കെട്ടിടനിര്‍മ്മാണച്ചട്ടമായി കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിനൊപ്പം ഒരുലക്ഷം പേരുടെ സന്നദ്ധസേന ആരംഭിച്ചു. ഏതു സമയത്തും ഇവര്‍ കര്‍മ്മനിരതരാണ്.

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ഡിസെബിലിറ്റി ഇന്‍ക്ലുസീവ് ഡിസാസ്റ്റര്‍ റിസ്ക് റിഡക്‌ഷന്‍ പ്രോഗ്രാം ആരംഭിച്ചു. ഈ രീതിയിലുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ഇന്ത്യയിലെ മികച്ച അഞ്ച് ദുരന്തനിവാരണ അതോറിറ്റികളില്‍ ഒന്നായി കേരളത്തിലെ അതോറിറ്റിയും മാറി. ദുരന്തങ്ങളെ നേരിടാനുള്ള ആസൂത്രണവും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള കര്‍മ്മപദ്ധതിയും കോര്‍ത്തിണക്കി ജനങ്ങളുടെ സുരക്ഷയ്ക്കായി ഏറ്റവും മികച്ച തയാറെടുപ്പു നടത്താനും ഇതിനുള്ള സംവിധാനം സ്ഥിരമായി സ്ഥാപിക്കാനും കഴിഞ്ഞത് കേരളത്തിന്റെ മറ്റൊരു നേട്ടമാണ്.

2. സാമൂഹികനീതിയുടെ വാതായനം തുറക്കുന്ന പഠനമുറികൾ

പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലെ കുട്ടികൾക്കു പഠനസൗകര്യങ്ങളുടെ അപര്യാപ്തത ഒരു യാഥാർത്ഥ്യമാണ്. ചെറിയ വീടുകളിൽ പരിമിതമായ സൗകര്യങ്ങളിലാണ് ഇവർ താമസിക്കുന്നത് എന്നത് വളർന്നുവരുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് അതിനായുള്ള സൗകര്യങ്ങൾ ഒരുക്കാനും സാധിക്കില്ല. അത് മാറ്റുന്നതിനും ഈ സമൂഹങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുമാണ് പട്ടികജാതി വികസന വകുപ്പ് പഠനമുറി എന്ന നൂതനപദ്ധതി ആവിഷ്‌കരിച്ചത്.

പട്ടികജാതി വിഭാഗങ്ങളുടെ വീടുകളോടുചേർത്ത് പഠനമുറികൾ നിർമ്മിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വാർഷികവരുമാനം ഒരുലക്ഷം രൂപ വരെയുള്ള കുടുംബങ്ങൾക്കാണ് 120 ചതുരശ്രയടിയിൽ കവിയാതെ വീടിനോട് ചേർന്ന് ഒരു മുറികൂടി അധികമായി പണിയുന്നത്. ഇവിടെ കസേര, കമ്പ്യൂട്ടർ, മേശ, അലമാര എന്നിവ വാങ്ങുന്നതിനുൾപ്പെടെ രണ്ടുലക്ഷം രൂപയാണ് നൽകുന്നത്. 2017-18 വർഷത്തിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിത്തുടങ്ങിയത്. ഇതുവരെ 12,500 പഠനമുറികൾ പൂർത്തിയായി.

പട്ടികവർഗവിഭാഗക്കാർ അധികവും കോളനികളിൽ താമസിക്കുന്നതിനാൽ സാമൂഹിക പഠനമുറികളാണ് ഇവർക്കു നിർമ്മിച്ചു നൽകുന്നത്. മേശ, കസേര, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ലൈബ്രറി എന്നീ സൗകര്യങ്ങളെല്ലാം ഇവർക്കായി ഒരുക്കുന്ന പഠനമുറികളിലുണ്ട്. ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടർമാരായി നിയമിച്ചു പ്രത്യേക അലവൻസോടെയാണ് പഠനമുറി പ്രവർത്തിപ്പിക്കുന്നത്. 250 ഊരുകളിൽ ഇപ്പോൾ പഠനമുറികളുടെ പ്രവർത്തനം നടക്കുന്നുണ്ട്.

പട്ടികവർഗസമൂഹത്തിലെ വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസത്തിന് അവസരം സൃഷ്ടിക്കുന്നതിലൂടെ നിശ്ചയദാർഢ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. ദൂരവ്യാപകമായ ഫലങ്ങളാണ് ഇതു പ്രദാനം ചെയ്യുക. സാമൂഹികപിന്നാക്കാവസ്ഥ ഗണ്യമായി പരിഹരിക്കാൻ ഇത് വഴിയൊരുക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വികസനത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും പുതിയ വഴികൾ തുറക്കുകയാണ് കേരളസർക്കാർ.

3. പൊതുവിതരണ രംഗത്ത് കരുത്തുറ്റ മുന്നറ്റം 

ജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്തു ബന്ധപ്പെടുന്ന വകുപ്പാണ് ഭക്ഷ്യപൊതുവിതരണം. വകുപ്പിൻ്റെ സേവനങ്ങളിൽ ഏറ്റവും പ്രധാനം റേഷൻ കടകൾ തന്നെയാണ്. അതുകൊണ്ട് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും ആധുനീകരിക്കാനും സ്വീകരിച്ച സുപ്രധാന നടപടികളെക്കുറിച്ചാണ് ഇന്നത്തെ കുറിപ്പ്.

പുതിയ റേഷൻ കാർഡുകൾ നൽകാനും റേഷൻകാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള നിയമങ്ങളും നടപടി ക്രമങ്ങളും ലളിതമാക്കാനുമായി എന്നതാണ് ഈ മേഖലയിൽ സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നയം. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പുതിയ റേഷൻ കാർഡ് നൽകാനും റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ അധിഷ്ഠിതമായി സൗജന്യ റേഷൻ നൽകാനും അർഹരെ ഉൾപ്പെടുത്തി മുൻഗണനാ പട്ടിക കാലികമായി പരിഷ്‌കരിക്കാനും പൊതുവിതരണ വകുപ്പിന് കഴിഞ്ഞു.

80 ലക്ഷത്തിലധികം റേഷൻ കാർഡുകളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ പുതുക്കി നൽകിയത്. സ്വന്തമായി വീട് ഇല്ലാത്തവർക്ക് ഉൾപ്പെടെ പത്ത് ലക്ഷത്തോളം റേഷൻകാർഡുകൾ പുതുതായി നൽകി. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ വഴി സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ഉൾപ്പെടെ പൊതുവിതരണ സമ്പ്രദായം മികച്ച നിലയിലേക്ക് ഉയർന്നു.

പൊതുവിതരണ സമ്പ്രദായം പൂർണമായി ഡിജിറ്റലെസ് ചെയ്യുന്നതിനും പുതിയ റേഷൻ കാർഡിനുള്ള അപേക്ഷയും അനുബന്ധ സേവനങ്ങളും ഓൺലൈനാക്കി കാലത്തിനനുസരിച്ച് മാറുന്നതിനും ഈ മേഖലയിൽ പുരോഗതി നേടാനും ഈ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ എല്ലാ റേഷൻകടകളിലും (14,181) ഇ പോസ് മെഷീനുകൾ സ്ഥാപിച്ചതും റേഷൻ കടകൾ നവീകരിച്ചതും നാം നേരിട്ട് കണ്ട കാര്യങ്ങളാണ്. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നടപ്പിലാക്കി സർക്കാർ നേരിട്ട് 106 ഗോഡൗണുകൾ ആരംഭിച്ചതിലൂടെ സേവനങ്ങൾ സുതാര്യമാക്കാനും കഴിഞ്ഞു.

സംസ്ഥാന ഫുഡ് കമ്മീഷൻ രൂപീകരിക്കുവാനും പരാതി പരിഹാരത്തിന് ഇ ഗവേണൻസ്, എം ഗവേണൻസ് സംവിധാനത്തിലൂടെ പൊതുവിതരണ രംഗത്ത് സമാനതകളില്ലാത്ത പുരോഗതി കൈവരിക്കാനും സാധിച്ചു. സേവനലഭ്യത സുതാര്യവും ലളിതവുമാക്കാൻ സാധിച്ചത് വലിയ നേട്ടമായി കരുതാം.

4. പൊതുവിദ്യാഭ്യാസം പ്രധാന അജൻഡയായ കാലം

നമ്മുടെ വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താനായി ശ്രദ്ധേയമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് നാലര വർഷത്തിനുള്ളിൽ സർക്കാർ നടപ്പാക്കിയത്. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ നേരിട്ടിരുന്ന അവസ്ഥയിൽനിന്നു നമ്മുടെ വിദ്യാഭ്യാസരംഗത്തെ കരകയറ്റി മികവിലേക്ക് ഉയർത്താൻ സാധിച്ചു. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ളതല്ല സംരക്ഷിക്കാനുള്ളതാണ് എന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും സുപ്രധാന ആശയം. അതിനുള്ള പ്രവർത്തനങ്ങളാണു മുൻപോട്ടു കൊണ്ടുപോകുന്നത്. പൊതുവിദ്യാലയങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ താഴേത്തട്ടുമുതലുള്ള ഏകോപനം സാദ്ധ്യമാക്കി. കഴിഞ്ഞ മൂന്ന് അക്കാദമികവർഷങ്ങളിലായി 5.05 ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാലയങ്ങളിലെത്തി എന്നത് ഈ രംഗത്തെ മാറ്റങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്.

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാഭ്യാസരംഗത്ത് ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കഴിഞ്ഞു. ക്ലാസുകൾ ഹൈടെക് ആക്കിയതിനു പുറമെ, 34 സ്‌കൂളുകളിൽ അഞ്ചുകോടി രൂപവീതം വിനിയോഗിച്ചു നിർമ്മിച്ച കെട്ടിടങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുന്ന 50 സ്‌കൂളുകൾക്കു നിർമ്മിച്ച പുതിയ കെട്ടിടങ്ങളും ഇതിനകം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. മറ്റു കെട്ടിടങ്ങൾ പൂർത്തിയായിവരുന്നു. ഇതിലൂടെയെല്ലാം മുമ്പൊരിക്കലുമില്ലാത്ത വിധം മുന്നേറാൻ പൊതുവിദ്യാഭ്യാസരംഗത്തിനു സാധിച്ചു.

കോവിഡ്-19 കാലത്തും കുട്ടികളെ കർമ്മനിരതരാക്കാൻ മുഴുവൻ കുട്ടികളെയും ഉൾക്കൊണ്ട് ഡിജിറ്റൽ ക്ലാസുകൾ ജൂൺ ഒന്നിനുതന്നെ ആരംഭിച്ചു. പാഠ പുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പുതന്നെ കുട്ടികൾക്കു ലഭ്യമാക്കി. ഇന്ത്യയിൽ ആദ്യമായി കോവിഡ് കാലഘട്ടത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുകയും പരാതികൾക്ക് ഇടവരുത്താതെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. മഹാമാരിക്കാലത്ത് കുട്ടികൾക്കു ഭക്ഷ്യക്കിറ്റ് വീടുകളിലെത്തിച്ചു. എല്ലാ സ്‌ക്കൂളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയാണ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ മുമ്പോട്ടു പോകുന്നത്.

5. നീതി ആയോഗ് ഇൻഡക്സിൽ ഒന്നാമത്

വിദ്യാഭ്യാസ നയം-2

ഈ പരമ്പരയിലെ മുന്‍ ലക്കത്തില്‍ (നാലാമത്തെ ലേഖനം) പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനും വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും അക്കാദമിക നിലവാരം ഉയര്‍ത്താനും വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.

പൊതുവിദ്യാഭ്യാസരംഗത്ത് പ്രത്യക്ഷത്തിൽ കാണാവുന്ന പുത്തൻ കെട്ടിടങ്ങൾക്കും ഹൈടെക് ക്ലാസുകൾക്കും അപ്പുറം വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതം പരിഷ്കരിക്കാനും വിദൂരഭാവി മുന്നില്‍ക്കണ്ട് ആ വകുപ്പിനെ ശക്തിപ്പെടുത്താനും സര്‍ക്കാരിനു സാധിച്ചു എന്നത് കാര്യമായി ചർച്ചചെയ്യപ്പെടുന്നില്ലെങ്കിലും വളരെ പ്രധാനമാണ്. ഫലപ്രദമായ ഭരണനിര്‍വ്വഹണത്തിന് ഡി.പി.ഐ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്റ്ററേറ്റുകളെ ഒരുമിപ്പിച്ച് ‘ഡയറക്ടർ ഓഫ‌് ജനറൽ എഡ്യൂക്കേഷൻ’ (ഡിജിഇ) എന്ന ഒറ്റ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് അതിൽ പ്രധാനം. ഇത് വിദ്യാഭ്യാസരംഗത്തെ ഏകോപനത്തിനു ഗുണകരമായി.

വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിന്റെ നെടുംതൂണുകള്‍ അദ്ധ്യാപകരാണ്. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ സേവനം മികച്ചതാക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റിലൂടെ കഴിഞ്ഞു. സംരക്ഷിത അദ്ധ്യാപക പുനര്‍വിന്യാസം കുറ്റമറ്റരീതിയിലും സമയബന്ധിതമായും നടപ്പിലാക്കാൻ സംവിധാനം ഒരുക്കി. അദ്ധ്യാപക, അനദ്ധ്യാപക സ്ഥലം മാറ്റം ഡിജിറ്റലൈസ് ചെയ്യുകയും കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കുകയും ചെയ്തു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ എന്‍. എസ്. ക്യു. എഫിലേക്കു പരിവര്‍ത്തിപ്പിച്ചു. അരികുവത്ക്കരിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ഊരുവിദ്യാകേന്ദ്രങ്ങള്‍, പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍ എന്നിവ ആരംഭിച്ചു. 168 ബി. ആര്‍. സി. കളിലും ഓട്ടിസം സെന്റര്‍ തുറന്നു.

ഇത്തരത്തിലുള്ള പുരോഗമനാത്മകമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് സ്കൂള്‍‌വിദ്യാഭ്യാസരംഗത്ത് ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം എന്ന പദവി കേരളത്തിനു ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയത്. നീതി ആയോഗിന്റെ സ്കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സിലും കേരളം ഒന്നാമതായി. സമൂഹത്തിന്റെ പുരോഗതി വിദ്യാഭ്യാസമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമെ സാധിക്കൂ എന്നു തിരിച്ചറിഞ്ഞതിൻ്റെ ഫലമായാണ് സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നത്.

6. ഇരുൾ അകന്ന വർഷങ്ങൾ

വൈദ്യുതി അഞ്ചു മിനിറ്റ് നഷ്ടപ്പെട്ടാല്‍ ഓരോ കുടുംബവും അനുഭവിക്കുന്ന ബുദ്ധിമുട്ട് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് വൈദ്യുതി വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നത്. പവര്‍കട്ടും ലോഡ്ഷെഡിംഗുമില്ലാത്ത നാലര വര്‍ഷമാണ് കടന്നു പോയത്. 24 × 7 തടസ്സരഹിത വൈദ്യുതി എന്നത് യാഥാര്‍ത്ഥ്യമാക്കി ജനങ്ങള്‍ക്ക് ഒരു തടസവുമില്ലാതെ വൈദ്യുതി സേവനം നല്‍കാന്‍ സാധിച്ചു എന്നത് നേട്ടങ്ങളില്‍ പ്രധാനമാണ്.

ലോഡ്ഷെഡിംഗും പവര്‍ കട്ടും ഇല്ലാത്ത നാലര വര്‍ഷം എന്നതിലുപരി നാലര വര്‍ഷത്തിനുള്ളില്‍ 16,77,302 കണക്ഷന്‍ നല്‍കി. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കി എന്നതാണ് ഈ സര്‍ക്കാരിന്‍റെ മറ്റൊരു സുപ്രധാന നേട്ടം. മുടങ്ങിക്കിടന്ന ഇടമണ്‍-കൊച്ചി-തൃശൂര്‍, പുഗലൂര്‍-മാടക്കത്തറ എച്ച് വി ഡി സി എന്നീ സുപ്രധാന വൈദ്യുതി ഇടനാഴികള്‍ പൂര്‍ത്തീകരിച്ചു. ഈ മേഖലയില്‍ ഇതോടെ പവര്‍കട്ടും ലോഡ്ഷെഡിംഗും ഇല്ലാതെയായി.

വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന1912 എന്ന കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ നമ്പര്‍ വഴി സേവനം നല്‍കാന്‍ കഴിഞ്ഞു. വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. വ്യവസായങ്ങള്‍ക്കുള്ള ഊര്‍ജ ലഭ്യത മുന്‍കൂറായി വെളിപ്പെടുത്തുകയും ത്വരിത ഗതിയില്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഗ്രീന്‍ ചാനല്‍ സംവിധാനവും ഏര്‍പ്പെടുത്തി.

ഉപഭോക്തൃസൗഹൃദസ്ഥാപനത്തിനായി കെ എസ് ഇ ബിയെക്കുറിച്ച് അറിയാനും മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടി സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനവും ഉപഭോക്താക്കളുടെ ദീര്‍ഘകാല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ജനകീയ വൈദ്യുതി അദാലത്തും നടത്തി. പ്രളയ കാലത്തും ഓഖി സമയത്തും മിഷന്‍ റീ കണക്റ്റിലൂടെ വൈദ്യുതി സത്വരം പുന:സ്ഥാപിച്ചു. ഇത്തരം നേട്ടങ്ങള്‍ വളരെ കുറഞ്ഞ സമയത്തു തന്നെ നേടിയെടുക്കാന്‍ സാധിച്ചു.

7. ഹരിത കർമ്മസേന

കഴിഞ്ഞ നാലരവർഷത്തിനിടയിൽ കേരളത്തിലെ മാലിന്യസംസ്‌കരണ രംഗത്തുണ്ടായ ഒരു പുതിയ തുടക്കമാണ് ഹരിത കർമ്മസേന. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായതിനാൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതികൾ സ്ഥാപിക്കാനുള്ള കേരളത്തിന്റെ പരിമിതികൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇവ തിരിച്ചറിഞ്ഞുകൊണ്ട് ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കുന്നത് പ്രോൽസാഹിപ്പിക്കുന്ന നയങ്ങളാണ് സർക്കാർ സ്വീകരിച്ചത്. വീടുകളിൽ ഉറവിട മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് തൊണ്ണൂറു ശതമാനം സബ്‌സിഡി സർക്കാരിന്റെ ഭാഗത്തുനിന്നു ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്.

ഈ വിധത്തിൽ ഉറവിട ജൈവമാലിന്യം സംസ്‌കരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടായിരുന്നു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേന രൂപീകരിച്ചു. വീടുകളിൽനിന്നു ഉൾപ്പെടെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ 831 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേന പ്രവർത്തനം തുടങ്ങി.

വീടുകളിൽനിന്നും ഹരിതകർമ്മ സേന പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം ശേഖരിച്ച് സാമഗ്രി ശേഖരണ കേന്ദ്രങ്ങളിൽ (മെറ്റീരിയൽ കളക്ഷൻ സെൻറർ-എം സി എഫ്) എത്തിക്കുന്നു. അവിടെ വെച്ച് മാലിന്യം തരംതിരിച്ച് തദ്ദേശ സ്ഥാപന തലത്തിലുള്ള വിഭവ വീണ്ടെടുപ്പ് കേന്ദ്രങ്ങളിൽ (റിസോഴ്‌സ് റിക്കവറി സെൻറർ-ആർ.ആർ.എഫ്) കൊണ്ടുവരുന്നു. ഇവിടെ വീണ്ടും തരംതിരിച്ച് പുനചംക്രമണത്തിനും റോഡ് ടാറിംഗിനുമൊക്കെയായി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിഭവമായി മാറ്റുകയാണ് ഹരിത കർമ്മ സേന ചെയ്യുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനത്തോടുകൂടി കുടുംബശ്രീയുടെയും ഹരിതകേരളമിഷന്റേയും ശുചിത്വമിഷന്റേയും ക്ലീൻ കേരള കമ്പനിയുടെയും ഒക്കെ ഭാഗമായാണ് ഹരിത കർമ്മ സേന പ്രവർത്തിക്കുന്നത്.

ഹരിതകർമ്മ സേന ടൺ കണക്കിന് മാലിന്യങ്ങളാണ് ഓരോ വർഷവും നീക്കുന്നത്.

മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് കൂടാതെ മണി ഫ്രം വേസ്റ്റ് പദ്ധതിയിലൂടെ വരുമാനം ലഭ്യമാക്കാനും സാധിക്കുന്നു. 26,000 കുടുംബശ്രീ പ്രവർത്തകർക്ക് ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിലൂടെ ചെറിയ വരുമാനം ലഭിക്കുന്നുണ്ട്. വരും വർഷങ്ങളിലും മാലിന്യ സംസ്‌കരണ രംഗത്ത് കാര്യക്ഷമമായ ഇടപെടൽ നടത്താനാണ് ഹരിത കർമ്മ സേന ലക്ഷ്യമിടുന്നത്.

8. വിശപ്പകറ്റി ജനകീയ ഹോട്ടൽ

സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് ഹോട്ടൽ ശൃംഖല തുടങ്ങുമെന്ന തീരുമാനം 2020-21 ലെ വാർഷിക ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിലെ പഞ്ചായത്തുകളിൽ ഒന്ന് വീതവും മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ഒരു വാർഡിന് ഒന്നു വീതവും എന്ന നിലയിൽ 20 രൂപയ്ക്ക് (പാഴ്‌സൽ-25) ഭക്ഷണം നൽകുന്ന ഹോട്ടൽ ശൃംഖല തുടങ്ങാനുള്ള വെല്ലുവിളി ഏറ്റെടുത്തത് കേരളത്തിൻറെ അഭിമാനമായ കുടുംബശ്രീ മിഷനാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയുടെയും ധനസഹായത്തിന്റേയും സംയോജനത്തോടെയാണ് ഹോട്ടൽ ആരംഭിച്ചത്. സിവിൽ സപ്ലൈസിന്റെ പൂർണ പിന്തുണയോടെ കുടുംബശ്രീ ഒരു സംരഭ മാതൃകയിലാണ് ഹോട്ടൽ തുടങ്ങിയത്. ഇത് അഭിമാനപൂർവ്വം കേരളത്തിന്റെ നേട്ടമായി നമുക്ക് പറയാൻ കഴിയും. 849 ജനകീയ ഹോട്ടലുകളാണ് ഇത്തരത്തിൽ കേരളത്തിൽ തുറന്നിട്ടുള്ളത്.

വിശപ്പകറ്റി ജനകീയ ഹോട്ടൽ

ജനങ്ങൾക്ക് ഏറ്റവും ഗുണകരമായ നയം സ്വീകരിക്കുന്നതിനൊപ്പം മികച്ച രീതിയിൽ പദ്ധതികൾ നടപ്പാക്കാനും കഴിയും എന്നതിന്റെ മികച്ച ഉദാഹരണമാണ് ജനകീയ ഹോട്ടൽ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹോട്ടൽ ആരംഭിക്കാൻ സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി. സിവിൽ സപ്ലൈസ് വഴി കുറഞ്ഞ നിരക്കിൽ അരി നൽകാൻ എസ്റ്റാബ്ലിഷ്‌മെൻറ് പെർമിറ്റ് നൽകി. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടലുകൾ സംരംഭക മാതൃകയിൽ തുടങ്ങാനുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയത്. ധനവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾക്ക് സബ്‌സിഡി ധനസഹായം വിതരണം ചെയ്യുന്നുണ്ട്.

വിവിധ വകുപ്പുകൾ ചേർന്ന് നടത്തേണ്ട കാര്യങ്ങൾ എട്ട് മാസംകൊണ്ട് നടപ്പാക്കി എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ആയിരം ഹോട്ടലുകളിലേക്ക് എത്തുമ്പോൾ അത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണ്. ഓരോ ദിവസവും ഒരുലക്ഷത്തോളം പേരാണ് ജനകീയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ സർക്കാരിന്റെ പദ്ധതിയായി ഈ ഭക്ഷ്യ ശ്യംഖല മാറുമ്പോൾ നമുക്ക് അഭിമാനിക്കാം.

9. കിഫ്ബി: അടിസ്ഥാന സൗകര്യവികസനം ലോകനിലവാരത്തിൽ

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി സംസ്ഥാനത്തിന്റെ വികസനം യാഥാർത്ഥ്യമാക്കേണ്ടത് ഏതൊരു സർക്കാരിന്റേയും കടമയാണ്. ഇപ്രകാരം വലിയ ചെലവ് വരുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് കേരളം രൂപീകരിച്ച സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി.

ക്രിട്ടിക്കൽ ആന്റ് ലാർജ് ഇൻഫ്രാട്രക്ച്ചർ പ്രോജക്ടുകൾക്ക് (അതീവ പ്രാധാന്യമുള്ളതും മികച്ച അടിസ്ഥാന സൗകര്യം ആവശ്യവുമായ പദ്ധതി) ആവശ്യമായ നിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കിഫ്ബിക്ക് തുടക്കം കുറിച്ചത്. കേരളത്തിൽ ഫിസിക്കൽ ആൻറ് സോഷ്യൽ് ഇൻഫ്രാസ്ട്രകചർ (ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യം) ഒരുക്കി സർക്കാരിന്റെ വികസനത്തിന് കൈത്താങ്ങ് നൽകുന്ന പ്രധാന ഏജൻസിയായാണ് കിഫ്ബി വിഭാവനം ചെയ്തത്. ഇതു കൂടാതെ സംസ്ഥാന സർക്കാരിനും, സർക്കാരിന്റെ മറ്റ് ഏജൻസികൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ട സഹായം നൽകാനും കിഫ്ബിയിലൂടെ സാധിക്കുന്നു.

കിഫ്ബി: അടിസ്ഥാന സൗകര്യവികസനം ലോകനിലവാരത്തിൽ

കിഫ്ബിയിലൂടെ ഇതുവരെ 43,730.88 കോടി രൂപയുടെ 555 വലിയ മുതൽമുടക്കുള്ള പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 318 പദ്ധതികൾ ടെൻഡർ പൂർത്തീകരിച്ച് വർക്ക് അവാർഡ് ചെയ്തുകഴിഞ്ഞു. രണ്ട് സുപ്രധാന അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഇന്ത്യയിലെ തന്നെ പൊതുമേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗാണ് കിഫ്ബിക്കു നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിൻ്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്.

10. കേരള ബാങ്ക്

ഈ സര്‍ക്കാരിന്റെ കാലയളവില്‍ കേരളത്തിന്റെ ചിരകാല സ്വപ്നമായ കേരളബാങ്ക് സാക്ഷാത്കരിച്ചത് നിശ്ചയദാര്‍ഢ്യത്തിന്റെയും പദ്ധതി നടപ്പാക്കുന്നതിലുള്ള കാര്യക്ഷമതയുടെയും പ്രത്യക്ഷ ഉദാഹരണമാണ്. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും കാലോചിതമായി മികവിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് സ്ഥാപിതമായത്. മലപ്പുറം ജില്ല ഒഴികെയുള്ള 13 ജില്ലാ സഹകരണബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് 2019 നവംബര്‍ 29നാണ് കേരള ബാങ്ക് രൂപീകരിച്ചത്.

കേരള ബാങ്ക്

എല്ലാ ജില്ലാ സഹകരണബാങ്കുകള്‍ക്കും വളരെ ശക്തമായ അടിത്തറയാണുള്ളത്. ഈ ബാങ്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ ബാങ്കായി മാറ്റിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ  ബാങ്കായി മാറാനും അതുവഴി മികച്ച സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാനും വലിയ അവസരങ്ങള്‍ കസ്റ്റമേഴ്‌സിന്  ലഭ്യമാക്കാനും സാധിക്കും.

നാളിതുവരെ 61,000 കോടി രൂപയുടെ  നിക്ഷേപവും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 374 കോടി രൂപയുടെ ലാഭവും കൈവരിക്കാന്‍ കേരള ബാങ്കിന് സാധിച്ചു എന്നത് തുടക്കം മുതല്‍ തന്നെ കേരളബാങ്ക് വളര്‍ച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കേരളബാങ്ക് നിലവിലുള്ള ത്രിതല സംവിധാനത്തെ മാറ്റിക്കൊണ്ട് സംസ്ഥാന തലത്തില്‍ കേരള ബാങ്കും ജില്ലാ തലത്തില്‍ കേരള ബാങ്കിന്റെ ശാഖകളും എന്ന തരത്തില്‍ ടൂ ടയര്‍ സംവിധാനമായാണ് പ്രവര്‍ത്തിക്കുന്നത്.

മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ നിക്ഷേപത്തിന് കേരള ബാങ്കിനെ തിരഞ്ഞെടുക്കുന്നതും സാധാരണക്കാര്‍ക്ക് വളരെ പെട്ടെന്ന് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നതും കേരള ബാങ്കിന്റെ ജനകീയ പങ്കാളിത്തമാണ് തെളിയിക്കുന്നത്.

11. വാട്ടർ അതോറിറ്റി

ഏതൊരു സർക്കാരിന്റേയും മുൻഗണനാ മേഖലകളിൽ ഒന്നാണ് കുടിവെള്ളം. എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻവേണ്ടി കഴിഞ്ഞ നാലര വർഷത്തിനിടയിൽ മികച്ച പദ്ധതി നിർവഹണമാണ് കേരള സർക്കാർ നടപ്പാക്കിയിട്ടുള്ളത്. വളരെക്കാലമായി മുടങ്ങിക്കിടക്കുന്നതും പണി പൂർത്തിയാകാത്തതുമായ കുടിവെള്ള പദ്ധതികൾ ജലവിഭവ വകുപ്പിൻ്റെ നേതൃത്യത്തിൽ കേരള വാട്ടർ അതോറിറ്റിയിലൂടെയും ജലനിധിയിലൂടെയും സമയബന്ധിതമായി പൂർത്തിയാക്കാനും കുടിവെള്ള കണക്ഷൻ വേഗത്തിൽ നൽകാനും സർക്കാരിന് സാധിച്ചു.

വാട്ടർ അതോറിറ്റി

793.25 കോടി രൂപ പദ്ധതി തുക വരുന്ന 1017 ചെറുകിട കുടിവെള്ള വിതരണ പദ്ധതികളാണ് കഴിഞ്ഞ നാലര വർഷത്തിനിടയിൽ ജലനിധിയിലൂടെ യാഥാർത്ഥ്യമായത്. 1.76 ലക്ഷം കുടുംബങ്ങളിലൂടെ 7.76 ലക്ഷം ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുള്ളത്.

കേരള വാട്ടർ അതോറിറ്റിയിലൂടെ നൂറിലധികം വലിയ പദ്ധതികൾ പൂർത്തിയാക്കുകയോ നിലവിലെ ഉത്പാദന ശേഷി കൂട്ടുകയോ ചെയ്തിട്ടുണ്ട്. 400 എം എൽ ഡിയിൽ അധികം വെള്ളം ജനങ്ങൾക്ക് നൽകാനുള്ള അധികശേഷിയാണ് വാട്ടർ അതോറിറ്റിയുടെ പദ്ധതികളിലൂടെ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ആർജിച്ചത്. 20 ലക്ഷത്തിലേറെ പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത്.

വാട്ടർ അതോറിറ്റിയിലൂടെ ഒൻപത് ലക്ഷത്തിലധികവും ജലനിധിയിലൂടെ 1.76 ലക്ഷവും ഉൾപ്പെടെ പുതിയ 10 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാൻ സാധിച്ചത് സർക്കാരിന്റെ നേട്ടമാണ്. 2018ലും 2019ലും കേരളത്തിൽ പ്രളയമുണ്ടായ സമയത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള ത്വരിത നടപടിയും കേടായ കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിച്ചതും ജനങ്ങൾക്കിടയിൽ ജലവിഭവ വകുപ്പിന്റേയും സർക്കാരിന്റേയും സ്വീകാര്യത വർധിപ്പിച്ചു.

2018ലെ പ്രളയം 483 കുടിവെള്ള പദ്ധതികളെയാണ് പ്രതികൂലമായി ബാധിച്ചത്. ഉത്പാദനശേഷി 50 ശതമാനത്തിലധികം നഷ്ടപ്പെടുകയുമുണ്ടായി. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ഇതിൽ 90 ശതമാനവും പുന:ക്രമീകരിക്കാനും ജനങ്ങൾക്ക് കുടിവെള്ളം കൃത്യമായി ലഭ്യമാക്കാനും സർക്കാരിന് സാധിച്ചു. കോവിഡിന്റേയും കടുത്ത വേനലിന്റേയും പ്രളയത്തിന്റേയും സമയത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കി ജനങ്ങൾക്ക് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റേയും കരുത്ത് പകരാനും കേരള സർക്കാരിനായി.

12. ദുരന്തങ്ങളെ നേരിടാൻ പലിശരഹിത വായ്പാ പദ്ധതി

ഓഖി, നിപ , 2018 – 2019 ലെ പ്രളയം, കോവിഡ് എന്നിങ്ങനെ വലിയ ദുരന്തങ്ങളാണ് കഴിഞ്ഞ നാലര വർഷത്തിനിടെ കേരളം നേരിട്ടത്. ഓരോ ദുരന്തവും സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടവും ദുരിതവും ഈ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. ദുരന്തവേളകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെയും തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളും ഇല്ലാതാവുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്. വരുമാനം ഇല്ലാതാവുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിക്കുകയും പലരേയും കടക്കെണിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളും കുട്ടികളുമാവും ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടേണ്ടി വരിക.

ദുരന്തങ്ങളെ നേരിടാൻ പലിശരഹിത വായ്പാ പദ്ധതി

ദുരന്തങ്ങളെ നേരിടുന്ന അവസരത്തിൽ പാവപ്പെട്ടവരുടെ ഏറ്റവും വലിയ ആവശ്യം ഒരു വരുമാനം ഉണ്ടാവുക എന്നതാണ്. വരുമാന മാർഗം അടയുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിൽ താൽക്കാലിക ആശ്വാസം നൽകുക എന്നത് പ്രധാനമാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഇന്ത്യയിൽ ആദ്യമായി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരായ ആളുകൾക്ക് പലിശ രഹിത വായ്പ അനുവദിക്കുക എന്ന നയം കേരളം സ്വീകരിച്ചത്. സർക്കാരിന്റെ മാതൃകാപരമായ ഈ നയത്തെക്കുറിച്ചാണ് ഇന്ന് വിശദമാക്കുന്നത്.

2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സർക്കാർ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ പലിശ രഹിത വായ്പ നൽകുന്നതാണ് ഈ പദ്ധതി. ഏറ്റവും സാധാരണക്കാരാണ് കുടുംബശ്രീ അംഗങ്ങൾ. സർക്കാരിന്റെ ഈ നടപടി അവർക്ക് ദുരന്തവേളയിൽ പകർന്ന ആശ്വാസം ചെറുതല്ല. കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്ക് കുടുംബശ്രീയിൽ ചേർന്നു കൊണ്ട് പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്.

കൃത്യമായി വായ്പാതുക തിരിച്ചടയ്ക്കാനുള്ള കുടുംബശ്രീയുടെ മികവു കൂടി കണക്കിലെടുത്താണ് ബാങ്കുകൾ വായ്പ നൽകാൻ തയ്യാറായത്. 2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും 9 ശതമാനം പലിശയ്ക്ക് കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വായ്പ നൽകാൻ തയാറായി. ഈ 9 ശതമാനം പലിശ പൂർണമായും സർക്കാർ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയത്. 2,02,789 പേർക്ക് 1794. 02 കോടി രൂപയാണ് റിസർജന്റ് കേരള ലോൺ സ്‌കീം (ആർ. കെ. എൽ.എസ്) എന്ന പദ്ധതി പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ സ്‌കീമിന്റെ കഴിഞ്ഞ രണ്ട് വർഷത്തെ പലിശ കുടുംബശ്രീയ്ക്ക് സർക്കാർ നൽകുകയും ചെയ്തു.

കോവിഡ് എന്ന മഹാമാരിയെ നേരിട്ടപ്പോൾ ഒരിക്കൽ കൂടി സർക്കാർ ഈ പദ്ധതി ആവിഷ്‌കരിച്ചു. 23,98,130 കുടുംബശ്രീ അംഗങ്ങൾക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് കോവിഡ് കാലത്ത് നൽകിയത്. കോവിഡ് രൂക്ഷമായ ലോക്ഡൗൺ സമയത്ത് വരുമാനം നിലച്ച കുടുംബങ്ങൾ ഈ വായ്പ സ്വീകരിച്ചു. ആദ്യമായി നടപ്പാക്കിയ ഈ പദ്ധതി വലിയ മാത്യകയായി മാറിയിരിക്കുകയാണ്. ദുരന്ത കാലത്തും സാധാരണ മനുഷ്യരെ കൈപിടിച്ചുയർത്തുന്ന സർക്കാരാണ് കേരളത്തിലേത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.

13. കെയർഹോം, കെയർ ലോൺ

ദുരന്തങ്ങളിൽ കേരളത്തിലെ സാധാരണ കുടുംബങ്ങൾക്ക് കൈത്താങ്ങായ പലിശരഹിത വായ്പയെക്കുറിച്ചാണ് കഴിഞ്ഞ ദിവസം (ജനുവരി മൂന്നിന്) പ്രതിപാദിച്ചത്. സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകളെ കോർത്തിണക്കി കുടുംബശ്രീ വഴിയായിരുന്നു പദ്ധതി നടപ്പാക്കിയത്. അതുപോലെ സഹകരണ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചും ജനങ്ങൾക്ക് ആശ്വാസം പകരുന്ന മികച്ച പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനായി.

കെയർഹോം, കെയർ ലോൺ

ദുരന്തങ്ങൾക്കിരയായവർക്ക് വേണ്ടി മാതൃകാപരമായ രണ്ടു പദ്ധതികളാണ് സഹകരണ മേഖലയുടെ സഹായത്തോടെ സർക്കാർ ആവിഷ്‌കരിച്ചത്.

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ ഉൾപ്പെടുന്ന വലിയ സംരംഭമാണ് സഹകരണപ്രസ്ഥാനം. കേരളത്തിലങ്ങോളമിങ്ങോളം കുറ്റമറ്റ രീതിയിൽ സർക്കാരിന്റെ സഹായ പദ്ധതികൾ എത്തിക്കുന്നതിൽ സഹകരണ മേഖല എക്കാലവും മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. കേരളം ദുരന്തങ്ങളെ നേരിട്ടപ്പോൾ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കെയർ ലോൺ എന്ന നൂതന ആശയമാണ് സർക്കാർ കൊണ്ടുവന്നത്.

പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും വീടുകൾക്കുണ്ടായ ചെറിയ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും നൽകുന്ന വായ്പയാണ് കെയർലോൺ. പദ്ധതിയുടെ ഭാഗമായി 713.92 കോടി രൂപ പ്രളയദുരിത ബാധിതരായ 85661 അംഗങ്ങൾക്ക് വായ്പയായി നൽകി. ദുരന്ത നാളുകളിൽ ജനങ്ങൾക്ക് ഏറ്റവും ആശ്വാസമേകുന്ന നയങ്ങളിൽ ഒന്നായി കെയർ ലോൺ മാറി എന്നത് അഭിമാനകരമായ നേട്ടമാണ്.

2018 ലെ മഹാ പ്രളയത്തിന് ശേഷം നമ്മുടെ നാടിന്റെ സുപ്രധാനമായ ആവശ്യം നഷ്ടപ്പെട്ട വീടുകൾക്ക് പകരം പുതിയ വീട് എന്നതായിരുന്നു. അതിനായാണ് സഹകരണ വകുപ്പിലൂടെ കെയർ ഹോം പദ്ധതി സർക്കാർ നടപ്പാക്കിയത്. ഓരോ വീടിനും അഞ്ചുലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി 2020 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പ്രളയത്തിൽ ഭവനരഹിതരായവർക്ക് കൈമാറാൻ സഹകരണ വകുപ്പിന് കഴിഞ്ഞു.

പ്രളയാനന്തരം സർക്കാർ നടപ്പാക്കുന്ന പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ സുപ്രധാനമായ പങ്കാണ് കെയർഹോം, കെയർ ലോൺ പദ്ധതികൾ വഹിച്ചത്.

14. രണ്ടരലക്ഷത്തിലേറെ വീടുകൾ അതിലേറെ പുഞ്ചിരികൾ

ഭവനരഹിതരായ ഏറ്റവും അർഹരായ ആളുകൾക്ക് വീട് എന്ന തങ്ങളുടെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാനാണ് ലൈഫ് മിഷൻ (സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി) ആരംഭിച്ചത്. സമയബന്ധിതമായി മികവോടുകൂടി വീട് നിർമ്മാണം പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് വിവിധ വകുപ്പുകളുടെ കീഴിലുള്ള ഭവനനിർമ്മാണ പദ്ധതികൾ ഏകോപിപ്പിച്ച് ലൈഫ് എന്നപേരിൽ ഒരു മിഷൻ തന്നെ സർക്കാർ ആവിഷ്‌കരിച്ചത്. നാലര വർഷം പിന്നിടുമ്പോൾ രണ്ടര ലക്ഷത്തോളം പേർക്ക് ആശ്വാസം നൽകാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ്.

രണ്ടരലക്ഷത്തിലേറെ വീടുകൾ അതിലേറെ പുഞ്ചിരികൾ

ആദ്യഘട്ടത്തിൽ നിർ മ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള ഭവന പദ്ധതികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് ലൈഫ് മിഷൻ ഏറ്റെടുത്തത്. രണ്ടാംഘട്ടത്തിൽ പുതിയ വീടുകളാണ് നിർമ്മിച്ചു നൽകിയത്. മൂന്നാംഘട്ടത്തിൽ സമുച്ചയ നിർമ്മാണമാണ് ഏറ്റെടുത്തത്.

2,50,547 വീടുകൾ ഇതുവരെ പൂർത്തീകരിച്ചു കഴിഞ്ഞു. ഇപ്പോഴും പ്രക്രിയ നടക്കുകയാണ്. ഒന്നാം ഘട്ടം പൂർത്തീകരിച്ചത് 52607 വീടുകളാണ്. രണ്ടാം ഘട്ടത്തിൽ 87697 വീടുകൾ പൂർത്തീകരിച്ചു. ഇതിനു പുറമെ പി. എം. എ. വൈ അർബൻ, റൂറൽ, ഫിഷറീസ്, എസ്. സി, എസ്. ടി വകുപ്പുകളുടെയും ഭവന പദ്ധതികളിൽ വീടുകൾ നിർമിച്ചു. മൂന്നാം ഘട്ടത്തിൽ ഭൂരഹിതഭവനരഹിതർക്ക് ഭവനസമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. ഭവനസമുച്ചയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. നഗരങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതിയുമായി ചേർന്നാണ് വീട് നിർമ്മിക്കുന്നത്.

രണ്ടരലക്ഷത്തിലേറെ വീടുകൾ അതിലേറെ പുഞ്ചിരികൾ എന്ന ടാഗ് ലൈനിലാണ് ലൈഫ് മിഷൻ പ്രവർത്തിക്കുന്നത്. നാല് ലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് എന്ന തരത്തിലാണ് ലൈഫ് മിഷൻ വീടിന് നൽകുന്നത്. പട്ടികജാതി വിഭാഗങ്ങൾക്ക് ആറു ലക്ഷമാണ് നൽകുന്നത്. കേരളത്തിലെ പാവപ്പെട്ട വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ സർക്കാരിന് സാധിച്ചു എന്നതിന് തെളിവാണ് ലൈഫ് മിഷൻ പദ്ധതി.

15. പതിനായിരം കോടിയിലധികം രൂപയുടെ കുടിവെള്ള പദ്ധതികൾ

പത്ത് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ നൽകിയും സമയബന്ധിതമായി വിവിധ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കിയും 27 ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ഉറപ്പുവരുത്തിയും സർക്കാർ കുടിവെള്ള വിതരണ മേഖലയിൽ നടത്തിയ ഇടപെടലിനെക്കുറിച്ച് മുൻപ് സൂചിപ്പിച്ചിരുന്നു. (പോസ്റ്റർ 12 ) കുടിവെള്ളത്തിന്റെ ഭാവിയിലെ ആവശ്യകത മുന്നിൽ കണ്ട് ജലവിഭവ വകുപ്പ് സ്വീകരിച്ചിട്ടുള്ള നയങ്ങളെക്കുറിച്ച് ഇനി വിശദമാക്കാം.

പതിനായിരം കോടിയിലധികം രൂപയുടെ കുടിവെള്ള പദ്ധതികൾ

പതിനായിരം കോടിയിലധികം രൂപയുടെ ജലവിതരണ, സീവറേജ് പദ്ധതികൾക്കാണ് സർക്കാർ നാലര വർഷത്തിനിടയിൽ അനുമതി നൽകിയിട്ടുള്ളത്. 6660.46 കോടി രൂപയുടെ പദ്ധതികൾ ജൽജീവൻ മിഷന്റേയും 4428.76 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയുടെയും 1332.87 കോടി രൂപയുടെ പദ്ധതികൾ അമൃതിന്റേയും ഭാഗമായാണ് നടപ്പാക്കുന്നത്.

ഇതു കൂടാതെ നബാർഡ്, റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ്, സംസ്ഥാന പ്ലാൻ വിഹിതം, ജലനിധി എന്നിവയുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളുടെ കണക്ക് എടുക്കുമ്പോൾ പതിനായിരം കോടി രൂപ കഴിയും. ദീർഘകാലത്തേക്കുള്ള കുടിവെള്ള പദ്ധതികൾക്കായി നടത്തുന്ന നിക്ഷേപത്തിലൂടെ കേരളം ജലസുരക്ഷയിൽ മുന്നിലെത്തണമെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.

793.25 കോടി രൂപയുടെ ചെറുതും വലുതുമായ 1017 കുടിവെള്ള പദ്ധതികളാണ് ജലനിധിയിലൂടെ നടപ്പാക്കിയിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി എന്നീ വലിയ നഗരങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും നിലവിൽ ഇവിടങ്ങളിലുള്ള കുടിവെള്ള പദ്ധതികളുടെ ശേഷി വർധിപ്പിക്കാനുമായി 2511 കോടി രൂപയുടെ എ.ഡി.ബി പദ്ധതി ഏറ്റെടുത്തിട്ടുണ്ട്.

കേരളത്തിന് ആവശ്യമായ വിവിധ പദ്ധതികൾ നടപ്പാക്കുന്നതു കൂടാതെ ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ വേണ്ടി കാലാനുസൃത പരിഷ്‌കാരങ്ങളും വാട്ടർ അതോറിറ്റിയിൽ സർക്കാർ നടപ്പാക്കി. വെള്ളക്കരം ഓൺലൈനിൽകൂടി അടയ്ക്കാനുള്ള ക്വിക് പേയും പുതിയ കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനായുള്ള ഓൺലൈൻ അപേക്ഷാ സംവിധാനവും പരാതികൾ കേൾക്കാനുള്ള 24×7 സംവിധാനമായി 1916 ടോൾഫ്രീ നമ്പറും ഒരുക്കി.

2600 ലധികം ജീവനക്കാരെ പുതിയതായി നിയമിച്ച് വാട്ടർ അതോറിറ്റിയെ ശക്തിപ്പെടുത്താനും സർക്കാർ നടപടി സ്വീകരിച്ചു. 1010 ഓപ്പറേറ്റർമാർ, 199 അസി. എൻജിനിയർ, 392 ഡ്രാഫ്റ്റ്‌സ്മാൻ, 209 ഓവർസിയർ എന്നിവരെയാണ് ഈ കാലയളവിൽ നിയമിച്ചത്.

16. ഊർജകേരള മിഷനും പുനരുപയോഗവൈദ്യുതി പദ്ധതികളും

ലോഡ്‌ഷെഡിംഗും പവർ കട്ടും ഇല്ലാത്ത നാലര വർഷം ജനങ്ങൾക്ക് നൽകിയതിനെക്കുറിച്ചും 17 ലക്ഷം കണക്ഷനിലൂടെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതിനെക്കുറിച്ചും മികച്ച ഉപഭോക്തൃസേവനം നൽകിയതിനെക്കുറിച്ചും ഇതിനുമുമ്പുള്ള ലേഖനത്തിൽ (പോസ്റ്റർ 6)വിശദീകരിക്കുകയുണ്ടായി. ദീർഘകാല വീക്ഷണത്തോടെ കെ എസ് ഇ ബി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

ഊർജകേരള മിഷനും പുനരുപയോഗവൈദ്യുതി പദ്ധതികളും

വൈദ്യുതി മേഖലയെ കാലത്തിനനുസരിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്താൻ നാലര വർഷംകൊണ്ട് ഊർജ വകുപ്പിന് സാധിച്ചു. വൈദ്യുതി മേഖലയിലെ സമഗ്രവികസനത്തിന് ഊർജകേരള മിഷൻ സ്ഥാപിച്ചതാണ് ഇതിൽ സുപ്രധാന നേട്ടം. അഞ്ച് പദ്ധതികൾ കോർത്തിണക്കിയാണ് ഊർജകേരള മിഷൻ നടപ്പാക്കുന്നത്. പുരപ്പുറ സോളാർ പദ്ധതി, ഫിലമെന്റ്, ഫ്‌ളൂറസെന്റ് ബൾബുകൾക്ക് പകരം എൽ. ഇ. ഡി ബൾബുകളുടെ പദ്ധതി, വൈദ്യുതി വിതരണ ശൃംഖലയെ ലോകനിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള ദ്യുതി 2021, ട്രാൻസ്ഗ്രിഡ്, വൈദ്യുതി അപകടം കുറയ്ക്കുന്നതിനുള്ള ഇ സേഫ് പദ്ധതി എന്നിവയാണ് ഊർജകേരള മിഷനിൽ ഉൾപ്പെടുത്തിയത്.

കേരളത്തിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ വൈദ്യുത ചാർജിംഗ് മെഷീനുകൾ സ്ഥാപിക്കാനും ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഊർജമിഷന്റെ ഭാഗമായി സൗര പുരപ്പുറ സോളാർ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതും ഫിലമെന്റ്, മെർക്കുറി രഹിത കേരളത്തിനായി എൽ ഇ ഡി വിതരണം ഏറ്റെടുത്ത് നടപ്പാക്കാൻ കഴിഞ്ഞതും പ്രധാന നേട്ടങ്ങളാണ്. ഊർജ ഉത്പാദനത്തിന് കൂടുതൽ പുനരുപയോഗ ഊർജപദ്ധതികൾക്ക് പ്രാധാന്യം നൽകി ഹരിതോർജത്തിലേക്കുള്ള ചുവടുവയ്പ്പ് സ്വീകരിച്ചതാണ് മറ്റൊരു സുപ്രധാന നേട്ടം.

കാലാനുസൃതമായ നൂതന പദ്ധതികളിലൂടെ മികച്ച സേവനം ഉറപ്പാക്കി ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കണ്ടെത്തുന്ന നിലപാടാണ് കെ എസ് ഇ ബിയുടേത്. സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇതിന് പ്രചോദനമാകുന്നത്.

17. വ്യവസായ മേഖലയിൽ നവോന്മേഷം

വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം നടപടിക്രമങ്ങൾ ലഘൂകരിച്ച് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കാനും പ്രത്യേക ശ്രദ്ധയാണ് കഴിഞ്ഞ നാല് വർഷമായി സർക്കാർ സ്വീകരിച്ചത്. ഇതിനാവശ്യമായ നയരൂപീകരണവും നിയമനിർമ്മാണവും ഉൾപ്പെടെ സർക്കാർ സ്വീകരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലേഖനം.

വ്യവസായ മേഖലയിൽ നവോന്മേഷം

വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കുന്നതിന് സർക്കാർ 2017 ൽ കേരള ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ ഓർഡിനൻസ് കൊണ്ടുവരികയും തുടർന്ന് ഇത് നിയമമാക്കുകയും ചെയ്തു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായങ്ങൾ തുടങ്ങുന്നതിനായി വിവിധ വകുപ്പുകൾ നൽകേണ്ട ലൈസൻസുകളും അനുമതികളും ഓൺലൈനായി കെ-സ്വിഫ്റ്റ് എന്ന ഒറ്റ പോർട്ടലിൽ നിന്ന് നൽകാനുള്ള സംവിധാനം 2019 ഫെബ്രുവരി 11ന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പോർട്ടലിലൂടെ വ്യവസായങ്ങൾക്ക് ആവശ്യമായ അനുമതി ഇപ്പോൾ സുതാര്യവും സമയബന്ധിതവുമായി വേഗത്തിൽ നേടാൻ സാധിക്കുന്നു. 2020 ഡിസംബർ വരെ 511 സംരംഭകർക്ക് പോർട്ടലിലൂടെ ലൈസൻസുകൾ നൽകാനായത് വ്യവസായ വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

വൻകിട വ്യവസായങ്ങൾക്കൊപ്പം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എം.എസ്.എം.ഇ) വിഭാഗത്തിൽപ്പെടുന്ന വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാനും മികച്ച നയരൂപീകരണമാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയത്.

2019 ൽ കേരള മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസ് ഫെസിലിറ്റേഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തി. 10 കോടി രൂപ വരെ മുതൽ മുടക്കുള്ള, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പ് വിഭാഗത്തിൽ പെടാത്ത, വ്യവസായ സംരഭങ്ങൾക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് വേണ്ട എന്നതാണ് ഈ നിയമത്തിന്റെ സുപ്രധാനമായ വ്യവസ്ഥ.

പുതിയ നിയമം

സംസ്ഥാനത്തെ വ്യവസായ രംഗത്തിന് ഊർജ്ജം പകരുന്നതായി മാറിക്കഴിഞ്ഞു. കെ-സ്വിഫ്റ്റ് പോർട്ടലിലേക്ക് ആവശ്യമായ വിവരങ്ങളും സ്വയം സാക്ഷ്യപ്പെടുത്തലും നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന രസീത് മാത്രം ഉപയോഗിച്ച് പത്തുകോടിയിൽ താഴെ മുതൽമുടക്കുള്ള വ്യവസായങ്ങൾ തുടങ്ങാം. മൂന്ന് വർഷത്തേക്ക് വ്യവസായങ്ങൾക്ക് ലൈസൻസായി ഈ രസീത് ഉപയോഗിക്കാം. മറ്റ് ലൈസൻസുകൾ ഈ കാലയളവിനുള്ളിൽ എടുത്താൽ മതി.

ചെറുകിട വ്യവസായങ്ങളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു നയം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. 2020 ജനുവരി മുതൽ ഡിസംബർ വരെ മാത്രം 6945 സംരംഭകരാണ് കെ-സ്വിഫ്റ്റിലൂടെ രസീത് സ്വന്തമാക്കിയത്. ഇത് വ്യവസായ വകുപ്പിന്റെയും സർക്കാരിന്റെയും സ്വീകാര്യത വ്യക്തമാക്കുന്നു. വരും കാലത്ത് കൂടുതൽ സംരംഭകർ ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങളുമായെത്തുമെന്ന് പ്രത്യാശിക്കാം.

18. സംരംഭകർക്ക് ഉണർവേകിയ കാലം വ്യവസായമേഖല-2

വ്യവസായ വകുപ്പിന്റെ മികച്ച നയങ്ങളെക്കുറിച്ച് ഇന്നലെ (8.01.2021) വിശദമാക്കിയിരുന്നല്ലോ. ഇപ്രകാരം വ്യവസായവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള നയരൂപീകരണം മാത്രമല്ല വ്യവസായികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും മികച്ച സബ്‌സിഡികളും ഒരുക്കിക്കൊണ്ട് വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരികയാണ്.

സംരംഭകർക്ക് ഉണർവേകിയ കാലം വ്യവസായമേഖല-2

വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്ന് എന്റർപ്രണർഷിപ്പ് സപ്പോർട്ട് സ്‌കീം എന്ന സബ്‌സിഡി പദ്ധതിയാണ്. വ്യവസായങ്ങൾ തുടങ്ങാനുള്ള സ്റ്റാർട്ടപ്പ്, നിക്ഷപ സാങ്കേതിക സഹായങ്ങൾ ഈ പദ്ധതിയിലൂടെ സംരംഭകർക്ക് നൽകാൻ സാധിക്കും. പരമാവധി 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് 15 ശതമാനം മുതൽ 30 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കുന്ന പദ്ധതി കേരളത്തിന്റെ വ്യവസായ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വ്യവസായികൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ 5026 യൂണിറ്റുകളാണ് 236.84 കോടി രൂപയുടെ ഇ.എസ്.എസ് സബ്‌സിഡി വാങ്ങിയിട്ടുള്ളത്.

വ്യവസായികൾക്ക് മികച്ച സബ്‌സിഡി നൽകുന്നത് കൂടാതെ വ്യവസായങ്ങൾ തുടങ്ങുന്നതിന് വികസന മേഖലകളും പ്‌ളോട്ടുകളും ഒരുക്കുന്നതിനും സർക്കാർ മുൻകൈ എടുത്തു. നിലവിലുള്ള വ്യവസായ മേഖലകളെ മെച്ചപ്പെടുത്താനും അത്തരം മേഖലകളിൽ വെള്ളം, വൈദ്യുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ പൊതുഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയുമാണ് വ്യവസായവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുന്നത്.

സ്ഥലപരിമിതിയുള്ള കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾക്ക് സ്ഥലം ഒരുക്കാൻ മൾട്ടി സ്‌റ്റോറീഡ്, വെർട്ടിക്കൽ കൺസ്ട്രക്ഷൻ നയവും വ്യവസായ വകുപ്പ് സ്വീകരിച്ചു. ഉഴക്കൽ പാടം, പുന്നപ്ര എന്നിവടങ്ങളിൽ 50 കോടി രൂപയിൽ പരം മുതൽ മുടക്കിൽ മൂന്ന് ലക്ഷത്തോളം സ്‌ക്വയർ ഫീറ്റ് വരുന്ന മൂന്ന് മൾട്ടി സ്റ്റോറീഡ് ഗാലകളാണ് നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലുള്ളത്. ഫെബ്രുവരി മാസത്തിൽ ഇവ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ വ്യവസായ ഭൂമികയിൽ ആധുനിക അടിസ്ഥാന സൗകര്യമുള്ള വ്യവസായ മേഖലകൂടി വരികയാണ്.

ഇങ്ങനെ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷം കൊണ്ട് വലിയ നേട്ടമാണ് കേരളത്തിൽ ഉണ്ടാക്കിയത്്. എം.എസ്.എം.ഇ യൂണിറ്റുകളുടെ മാത്രം കണക്ക് പരിശോധിക്കുമ്പോൾ ഇതുമൂലമുണ്ടായ ഫലം എത്ര മികച്ചതാണെന്ന് കാണാൻ സാധിക്കും. 2016 ജൂൺ മുതൽ 2020 നംവബർ വരെയുള്ള കാലയളവിൽ 62,593 എം.എസ്.എം.ഇ യൂണിറ്റുകളാണ് കേരളത്തിൽ തുടങ്ങിയത്. 5846.51 കോടി രൂപ മുതൽമുടക്കുള്ള സംരംഭങ്ങളിലൂടെ 22,00264 പേർക്ക് സംസ്ഥാനത്ത് തൊഴിലവസരം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

ഇന്നലത്തെ ( 8.01.2021) ലേഖനത്തിലുള്ള വ്യവസായരംഗത്തെ നയങ്ങളിലൂടെയും ഇന്നത്തെ ലേഖനത്തിൽ സൂചിപ്പിച്ച വിവിധ പദ്ധതികളുടെയും പിൻബലത്തിൽ കേരളത്തിൽ മികച്ച തൊഴിലവസരങ്ങളും നിക്ഷേപവും ഉണ്ടാകുന്നതു നേട്ടമായി കാണാം.

19. കാർഷികസമൃദ്ധിയിലൂടെ ഭക്ഷ്യസുരക്ഷ

സകാർഷിക സമൃദ്ധി ലക്ഷ്യമിട്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി മികച്ച തീരുമാനങ്ങളാണ് സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലു വർഷങ്ങളിൽ ആവിഷ്കരിച്ചത് . പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കുവാനും അതുവഴി കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുമായി എടുത്ത നടപടികളിലൂടെ ശ്രദ്ധേയമായ മാറ്റങ്ങളാണ് കാർഷിക വകുപ്പിൻ്റെ നേതൃത്വത്തിൽ കാർഷികരംഗത്ത് വരുത്തി കൊണ്ടിരിക്കുന്നത്

കാർഷികസമൃദ്ധിയിലൂടെ ഭക്ഷ്യസുരക്ഷ

2020 -21 മുതൽ അടുത്ത 10 വർഷത്തേക്ക് ഓരോവർഷവും ഒരു കോടി ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് കേരളത്തിലെ കാർഷികരംഗത്ത് സമഗ്രമായ മാറ്റങ്ങൾ ഉണ്ടാക്കണമെന്നതാണ് സർക്കാർ നയങ്ങളിൽ ഒന്നാമത്തേത്. 2020- 21 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിപ്രകാരം 1.31 കോടി ഫലവൃക്ഷതൈകൾ ഈ സാമ്പത്തിക വർഷം വിതരണം ചെയ്തു കഴിഞ്ഞു . വരും വർഷങ്ങളിൽ പദ്ധതിയുടെ മികച്ച തുടർച്ച നടപ്പിലാക്കുമ്പോൾ വലിയൊരു മാറ്റം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് നിസംശയം പറയാം.

പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കാനായി നിരന്തര പരിശ്രമം നടത്തി എന്നതാണ് മറ്റൊരു സുപ്രധാനമായ നേട്ടം. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പച്ചക്കറി കൃഷി ചെയ്തിരുന്ന സ്ഥലം 52829 .99 ഹെക്ടറിൽ നിന്നും 96313 .1 7 ഹെക്റ്ററി ലേക്ക് ഉയർന്നു എന്നത് ശ്രദ്ധേയമാണ്. കൃഷി ചെയ്യുന്ന സ്ഥലം ഇരട്ടിയോളം വർദ്ധിച്ചത്, കൂടാതെ ഉത്പാദനത്തിലും ഗണ്യമായ വർദ്ധനയുണ്ടായി. 7.25 ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 14.93 ലക്ഷം മെട്രിക് ടണ്ണിലേക്കാണ് പച്ചക്കറിയുടെ ഉത്പാദനം കഴിഞ്ഞ അഞ്ചു വർഷത്തിൽ വർദ്ധിച്ചത്. പച്ചക്കറികളുടെയും ഫലവർഗ്ഗങ്ങളുടെയും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്ന നിശ്ചയദാർഢ്യത്തോടെയുള്ള ലക്ഷ്യം ഫലം കൈവരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ഇത്തരം നയങ്ങളുടെ തുടർച്ചയായിട്ടാണ് കഴിഞ്ഞ നവംബറിൽ പച്ചക്കറികൾക്കും ഫലവർഗങ്ങളും തറവില നിശ്ചയിച്ച പ്രഖ്യാപനം ഗവൺമെൻ്റ് നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 16 ഇനം ഫലവർഗങ്ങൾക്കും പച്ചക്കറികൾക്കും തറവില പ്രഖ്യാപിച്ചുകൊണ്ട് വിലയിടിവ് ഉണ്ടാവുകയാണെങ്കിൽ കർഷകർക്ക് മികച്ച സഹായം നൽകുന്നതിനുള്ള നയമാണ് കേരള സർക്കാർ സ്വീകരിച്ചത്.

ഇപ്രകാരം പച്ചക്കറികളുടെയും ഫലവർഗങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കാനും ദീർഘവീക്ഷണത്തോടെ നാടിനെ ഭക്ഷ്യസമൃദ്ധിയിലേക്ക് നയിക്കുവാനും കർഷകക്ഷേമം ഉറപ്പാക്കാനുമുള്ള നയങ്ങളിലൂടെ കാർഷിക രംഗത്ത് സമഗ്രമായ മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

20. കരുതലിൻ്റെ മികച്ച മാതൃക: കമ്യൂണിറ്റി കിച്ചൻ

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിട്ട അവസരത്തിൽ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു ഒട്ടുമിക്ക കുടുംബങ്ങളും. ദീർഘ കാലം നീണ്ടു നിൽക്കാവുന്ന ലോക്ക് ഡൗണിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്നതിനും ഭക്ഷണം ലഭിക്കുന്നതിനും തടസമുണ്ടാകുമോയെന്ന ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചുകൊണ്ട് സമൂഹത്തിന് ആത്മവിശ്വാസം നൽകാൻ മികച്ച പദ്ധതികളാണ് കേരള സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. തീരുമാനങ്ങൾ നിശ്ചയദാർഢ്യത്തോടെ എടുത്ത് സമയബന്ധിതമായി നടപ്പിലാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ പദ്ധതികളായിരുന്നു കോവിഡ് സമയത്ത് സർക്കാർ സ്വീകരിച്ചത്.

കരുതലിൻ്റെ മികച്ച മാതൃക: കമ്യൂണിറ്റി കിച്ചൻ

ലോക്ക് ഡൗൺ സമയത്ത് ഒരാളും വിശന്ന് ഇരിക്കരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനം എടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീയുമായി സഹകരിച്ച് കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങാനാണ് തീരുമാനിച്ചത്. ഓരോ പഞ്ചായത്തിലും നഗരസഭയിലും കോർപ്പറേഷനുകളിലും തുടങ്ങുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ പാചകം ചെയ്ത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കി ഒരു കുടുംബത്തിലും പട്ടിണി ഉണ്ടാകില്ല എന്ന് ഉറപ്പാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

തീരുമാനമെടുത്ത് ഒരാഴ്ചക്കുള്ളിൽ തന്നെ കേരളത്തിൽ ആയിരത്തിലധികം കമ്മ്യൂണിറ്റി കിച്ചനുകൾ സ്ഥാപിക്കാനും ഇതുവഴി ദിവസേന ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകുന്നു എന്ന് ഉറപ്പാക്കാനും സാധിച്ചത് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ മികച്ച നേട്ടമായി കാണാൻ സാധിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ ശക്തമായ പിന്തുണയോടെ പ്രവർത്തിച്ച കമ്മ്യൂണിറ്റി കിച്ചനുകൾ ലോക്ഡൗൺ തുടർന്ന പശ്ചാത്തലത്തിൽ അനിവാര്യമായ സമയം വരെ പ്രവർത്തിക്കുകയും തുടർന്ന് ദീർഘകാല അടിസ്ഥാനത്തിൽ ജനകീയ ഹോട്ടലുകളായി മാറുകയും ചെയ്തു.

കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ആവശ്യമുള്ളവർക്ക് പാചകം ചെയ്ത ഭക്ഷണം ലഭ്യമാക്കിയതു കൂടാതെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി 17 ഇനം പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് സൗജന്യമായി നൽകാൻ തീരുമാനിച്ചതാണ് മറ്റൊരു സുപ്രധാനമായ പദ്ധതി. 2020 ഏപ്രിൽ മുതൽ നാല് മാസക്കാലത്തേക്ക് 17 സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് സൗജന്യമായി നൽകാനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്.

സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾക്ക് ആവശ്യമായ സാധനങ്ങൾ ലോക്ക് ഡൗൺ സമയത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിക്കാനും മികച്ച രീതിയിൽ കിറ്റുകൾ പായ്ക്ക് ചെയ്ത് 87 ലക്ഷം കുടുംബങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സാധിച്ചു എന്നുള്ളതും ശ്രദ്ധേയമായ നേട്ടം തന്നെയാണ്.

ആദ്യ നാല് മാസത്തിന് ശേഷം കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നും ദീർഘകാലത്തേക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കണ്ട് എട്ട് പലവ്യഞ്ജന സാധങ്ങൾ അടങ്ങിയ കിറ്റ് ഡിസംബർ വരെ കൊടുക്കാനും അതിനു ശേഷം ഏപ്രിൽ വരെ തുടരാനും സർക്കാർ തീരുമാനിക്കുകയായിരുന്നു.

ചുരുക്കത്തിൽ 2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ 87 ലക്ഷം കുടുംബങ്ങളിലേക്ക് ഭക്ഷ്യ സുരക്ഷയുടെ കിറ്റ് ലഭ്യമാക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കോണ്ടിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി സർക്കാർ സ്വീകരിച്ച ഈ രണ്ട് നടപടികളും കരുതലിന്റെ മികച്ച മാതൃകകളായി ജനങ്ങളുടെ ഹൃദയത്തിൽ അടയാളപ്പെടുത്തുന്നവയാണ്.

21. തോട്ടം മേഖലയിൽ ഫലപ്രദമായ നടപടികൾ

വ്യവസായം എന്ന നിലയിലും തൊഴിൽദായക മേഖല എന്ന നിലയിലും തോട്ടങ്ങളിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനായി സംസ്ഥാന സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി സമഗ്രമായ പ്‌ളാന്റേഷൻ നയം ഉടൻ നിലവിൽ വരും. തോട്ടം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിന്റേയും ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.

തോട്ടം മേഖലയിൽ ഫലപ്രദമായ നടപടികൾ

പ്ലാന്റേഷൻ ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുകയും തോട്ടം മേഖലയിൽ നിന്ന് കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. റബർ മരം മുറിച്ചു മാറ്റുമ്പോൾ 2500 രൂപ വീതം സീനിയറേജായി ഈടാക്കിയിരുന്നത് ഒഴിവാക്കി. തോട്ടം തൊഴിലാളി ലയങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ലൈഫ് ഭവനപദ്ധതിയുടെ മാർഗരേഖകൾക്ക് വിധേയമായി, തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴിൽ വകുപ്പ് ഇതിനായി തൊഴിലാളികൾക്കിടയിൽ സർവേ നടത്തി. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി എല്ലാ തൊഴിലാളികൾക്കും വീട് നൽകാനും തീരുമാനമായിട്ടുണ്ട്. ഇടുക്കി ജില്ലയിൽ കുറ്റിയാർവാലിയിൽ ‘ഓൺ യുവർ ഓൺ ഹൗസ് ”ഭവനപദ്ധതി ആരംഭിച്ചു. ദേവികുളം, പീരുമേട്, വയനാട്, പുനലൂർ എന്നിവിടങ്ങളിലും തൊഴിലാളികൾക്ക് വീടു വച്ചു നൽകാനുള്ള നടപടി പുരോഗമിക്കുന്നു.

തോട്ടം തൊഴിലാളികളുടെ വേതനത്തിൽ 2019 ജനുവരി മുതൽ മുൻകാലപ്രാബല്യത്തോടെ പ്രതിദിനം 52 രൂപ വീതം വർധനവ് വരുത്തി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾ അപകടത്തിനിരയായാൽ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. ഭാഗിക അംഗവൈകല്യം ഉണ്ടായാൽ കുറഞ്ഞത് അമ്പതിനായിരം രൂപയും നൽകും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധന സഹായം പതിനായിരം രൂപയിൽ നിന്ന് ഒരു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്.

റവന്യൂ, വനം, തൊഴിൽ, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി, കാർഷികം എന്നീ വകുപ്പുകളുമായുളള നിരന്തരമായ ആശയവിനിമയത്തിലൂടെ തോട്ടം മേഖലയുടെ ദൈനംദിന പ്രവർത്തനവും ഭാവിപരിപാടികളും ഏകോപിപ്പിക്കുന്നതിന് പ്ലാന്റേഷൻ ഡയറക്ടറേറ്റ് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇത്തരത്തിൽ തോട്ടം മേഖലയിൽ ചെറുതും വലുതുമായ നിരവധി പദ്ധതികൾ ഏകോപിപ്പിച്ചുകൊണ്ട് പ്രശ്‌നങ്ങൾക്ക് സർക്കാർ സമഗ്ര പരിഹാരം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

Share News