
സാമ്പത്തികസംവരണമോ ജാതിസംവരണമോ? ഏതാണു കേരളത്തിനു ആവശ്യം?
ഒരു ജനതയെ ഉടച്ചു വാർക്കാൻ വേണ്ടത് ഒരു തലമുറ മാറാൻ ഉള്ള സമയം ആണെന്നാണ് പറയപ്പെടുന്നത്. 15-20 വയസിൽ ഒരു തലമുറ ചിന്തിച്ചു തുടങ്ങുന്നു എന്ന കരുതിയാൽ അവരുടെ മാറ്റം 55-60 വയസോടെ പൂർത്തിയാകും. അതായാത് ഏകദേശം 40 വർഷമാണ് ഒരു ജനതയുടെ പരിപൂർണ്ണ മാറ്റത്തിന് ആവശ്യമായ സമയം. ഇസ്രായേൽക്കാർ 40 വര്ഷം മരുഭൂമിയിലൂടെ അലയേണ്ടി വന്നത്, ഇത് പോലെ ഒരു തലമുറ മാറ്റത്തിന് വേണ്ടി ആയിരുന്നു.

ഇന്ത്യ സ്വതന്ത്ര ആയപ്പോൾ, അവളുടെ മക്കൾക്കും ഒരു മാറ്റം ആവശ്യമായിരുന്നു. അക്കാലത്തു മുന്നോക്കക്കാരും പിന്നോക്കക്കാരും സവർണരും അവര്ണരും തമ്മിലുള്ള വ്യത്യാസം വലുതായിരുന്നു. അതുകൊണ്ട് തന്നെ പിന്നോക്കക്കാരെയും മുന്നോക്കക്കാരെയും ഒരു പോലെ ആക്കാൻ പിന്നോക്കക്കാർക്ക് സംവരണം കൊടുത്തത് ഉചിതവുമായിരുന്നു. എന്നാൽ ഇന്ന് സ്വാതന്ത്രത്ത്തിനു ശേഷം 73 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതായത് ഏകദേശം രണ്ടു തലമുറ മാറ്റം കഴിയാറായി. 15 വർഷത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയ സംവരണം ഇന്നും തുടരുകയാണ്. അതുകൊണ്ട് തന്നെ സംവരണം ഇന്ന് ചോദ്യം ചെയ്യപ്പെടേണ്ട ഒരു സംഗതി ആയി തീർന്നിക്കുന്നു. സ്വാതന്ത്രത്ത്തിനു ശേഷം 73 വർഷങ്ങൾ കഴിഞ്ഞിട്ടും ഇനിയും ഇവിടെ സമത്വം കൊണ്ട് വരാൻ സാധിച്ചിട്ടില്ല എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, ഈ കാലമത്രയും നമ്മൾ പിന്തുടർന്ന് പോന്നിരുന്ന മാര്ഗങ്ങള് ഫലവത്തല്ല എന്നാണു അർത്ഥം. അതുകൊണ്ട് സമത്വം കൊണ്ട് വരാൻ ഇനിയും ഈ മാര്ഗങ്ങള് തന്നെ തുടരുന്നതിൽ അർത്ഥമില്ല.
ഇതുപറയുമ്പോഴും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിനു ഉണ്ടായിരുന്ന സ്ഥാപിത താത്പര്യങ്ങളും സാമുദായിക-മത രംഗത്ത് ഉണ്ടായിട്ടുളള കാരണങ്ങളും കാരണം സ്വതന്ത്ര ഇന്ത്യയുടെ സമത്വ വിഷൻ അട്ടിമറിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് നേരാണ്. അതുകൊണ്ട് തന്നെ സംവരണം ഇന്നും പലർക്കും രക്ഷപ്പെടാനുള്ള ഏകമാർഗമായി അവശേഷിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുമുള്ള അത്തരക്കാരെ അനുസ്മരിച്ചുകൊണ്ട് തന്നെ കേരളത്തിൽ സംവരണം ഇനിയും ആവശ്യമുണ്ടോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുകയാണ്.

കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് എന്റെ ചുറ്റും ഉണ്ടായിരുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമായ ഒരു ബെറ്റർ സാഹചര്യവും ലഭിച്ചിട്ടില്ല. ഒരു ലക്ഷം വീടു കോളനിയുടെ അതിർത്തിയിലായിരുന്നു എന്റെ വീട്. കോളനിക്കാരനല്ലാത്ത എനിക്ക് കോളനിക്കാരായ മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും മെച്ചപ്പെട്ട സാഹചര്യം ലഭിച്ചിട്ടുണ്ടോ? ഇല്ലായെന്ന് മാത്രമല്ല, പലപ്പോഴും അവർക്ക് ലഭിച്ചിരുന്ന അത്രയും സഹായങ്ങൾ ലഭിച്ചിട്ടുമില്ല. ഒരേ സ്കൂളിൽ പഠിച്ച്, ഒരേ സാഹചര്യങ്ങളിൽ വളർന്നാലും അവരേക്കാൾ ഒരു പത്ത് മടങ്ങ് മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ജീവിതത്തിൽ രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ എന്ന് എനിക്ക് നേരത്തേ തന്നെ മനസിലായതുമാണ്. ഇത് എന്റെ മാത്രം അവസ്ഥയല്ല. എന്നെ പോലെ ജന്മം കൊണ്ട് ഒരു മുന്നോക്ക സമുദായത്തിൽ ജനിച്ചുപോയ പലരുടെയും അവസ്ഥ ആണ്.
സംസ്ഥാനം രൂപീകരിക്കപ്പെട്ട ആദ്യ പതിറ്റാണ്ടിൽ തന്നെ ഭൂപരിഷ്കരണവും പിന്നെട് സമ്പൂർണ്ണ സാക്ഷരതയോടെ സാർവത്രിക വിദ്യാഭ്യാസവും നടപ്പിൽ വരുത്തിയ കേരളത്തിൽ ഒരാൾക്കും രക്ഷപ്പെടാൻ ഇനിയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണം ആവശ്യമില്ല. കാരണം ഇവിടെ സൌകര്യങ്ങൾ എല്ലാം എല്ലാവർക്കും ഒരേപോലെ ലഭ്യമാണ്. ഒരേ സാഹചര്യങ്ങളിൽ വളരുന്നവരെ രണ്ടു രീതിയിൽ വിധിക്കുന്നത് നീതികേടാണ്. ഇവിടെ ഏതെങ്കിലും രീതിയിലുള്ള അസമത്വം ഉണ്ടെങ്കിൽ അത് സാമ്പത്തിക അസമത്വം ആണ്. ആ അസമത്വം മാത്രമാണു ലഭ്യമാകുന്ന സൌകര്യങ്ങളിലും വ്യത്യാസം കൊണ്ടുവരുന്നത്. അതുകൊണ്ട്, ഇനിയും സംവരണം കൊടുക്കുന്നുണ്ടെങ്കിൽ അതു സാമ്പത്തിക സംവരണം മാത്രമായിരിക്കണം.
അപ്പൂപ്പന്റെ കാലത്ത് മുന്തിയ ജാതി ആയിപ്പോയി എന്ന കാരണം കൊണ്ട്, ഇന്നും വിവേചനം അനുഭവിക്കേണ്ടി വരുന്ന മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണത്തെ വിമർശിച്ചുകൊണ്ട് ശ്രീ VT Balram MLA എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണു ഈ പോസ്റ്റിന്റെ കാരണം. പത്ത് ശതമാനം അവസരങ്ങൾ മുന്നോക്കക്കാർക്ക് മാത്രമായി നിജപ്പെടുത്തിയത് അനീതിയാണെന്നാണു അദ്ദേഹത്തിന്റെ വാദം. അതായത്, ഇത്രയും നാൾ 100 ശതമാനം അവസരങ്ങളിൽ അപേക്ഷിക്കാൻ സാധിക്കുമായിരുന്ന ചിലർക്ക് ഇനി 90 ശതമാനത്തിൽ മാത്രമേ പറ്റൂ എന്ന്. എന്നാൽ ശ്രീ ബലറാം അറിയേണ്ട മറ്റൊന്നുണ്ട്. ഇത്രയും നാൾ അമ്പത് ശതമാനത്തിൽ എല്ലാവരോടും മത്സരിക്കേണ്ടി വന്ന ചില പാവപ്പെട്ടവരുടെ ആകെയുള്ള പ്രതീക്ഷയാണു ഈ പത്തു ശതമാനം. അതുകൊണ്ട് സാറേ…. അനീതി ഉളളത് സാമ്പത്തിക സംവരണത്തിലല്ല, ഇനിയും തുടരുന്ന ജാതി-മത-സംവരണ പ്രീണന രാഷ്ട്രീയത്തിലാണ്. എൻ.ബി: ഇവിടെ ജാതി പറയുന്നത് ശരിയല്ല. ജാതിയൊ മതമൊ ചോദിക്കരുത്, പറയരുത്.
.. സംവരണത്തിലും ആനുകൂല്യങ്ങളുടെ കാര്യത്തിലും ഒഴിച്ച്.
സംവരണം മുഴുവൻ തന്നെ സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിൽ ആക്കിയാൽ അർഹതയുള്ള ഏതെങ്കിലും പിന്നോക്കവിഭാഗക്കാരനു റിസർവേഷൻ നഷ്ടപ്പെടുമോ? — ഇല്ല. കാരണം അർഹതയുള്ള പിന്നോക്കക്കാരും സാമ്പത്തികമായി പുറകിൽ തന്നെ ആണ്.
പിന്നെ ആർക്കാണു നഷ്ടം? — പിന്നോക്കവിഭാഗങ്ങളിൽ നിന്ന് ഇപ്പൊ തന്നെ മുന്നോക്കക്കാർ ആയവർക്ക്.
ആർക്കാണു മെച്ചം? – ഹൈ സ്റ്റാൻഡേർഡ് എജ്യുക്കേഷൻ സാധ്യമല്ലെങ്കിലും തങ്ങളുടെ പൂർവ്വീകർ ഉന്നതകുലത്തിൽ പെട്ടവരായിരുന്നു എന്ന കാരണത്താൽപോസിറ്റീവ് ഡിസ്ക്രിമിനേഷന്റെ ഫലം കിട്ടാത്തവർക്ക്.
വേറെ എന്തെങ്കിലും? – ജാതി തിരിച്ചുള്ള സംവരണം അനന്തമായി നീളുമ്പോൾ, സാമ്പത്തികമനുസരിച്ചുളള സംവരണം കാലാകാലങ്ങളിൽ മാറും. അതായത് – ഒരേ കുടുംബത്തിലെ തന്നെ അപ്പനും മകനും ചെറുമകനുമൊക്കെ സംവരണത്തിന്റെ ഗുണഭോക്താക്കളാകുന്ന പരിപാടി മാറും. ഇത് പിന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്കും ഫലത്തിൽ ഗുണകരമാകും.

.ബിബിൻ മഠത്തിൽ