![](https://nammudenaadu.com/wp-content/uploads/2020/05/1ae2f472-52f1-446b-ad6a-edddf4b5b4ec.jpg)
എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
ഈ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങുന്നത്. മാതൃ ദിനത്തിൽ അമ്മയെ ഓർക്കുമ്പോൾ ഇതാണ് പറയാനുള്ളത്.
ഇന്നലെ അമ്മമാരു ദിനംആയിരുന്നല്ലോ . മദേഴ്‌സ് ഡേ എന്ന പേരിൽ ലോകമെമ്പാടും ഈ ദിനം പലപ്പോഴും ചിലരിൽ അപ്രതീക്ഷിതമായ ആഘാതങ്ങളുടെ മുറിവുകളേൽപ്പിക്കുന്നു. ഒരുവേള നീറുന്ന ഗദ്ഗദങ്ങളുടെ മാച്ചുകളയാനാകാത്ത മുറിപ്പാടുകൾ! ആ ചിലരിൽ ഒരാളാണ് ഞാനെന്നു വേണമെങ്കിൽ പറയാം. കാരണം എന്റെ അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ പലപ്പോഴും എന്നിൽ സാക്ഷാത്കരിക്കപ്പെടാതെപോയ കടപ്പാടുകളുടെ പീഡനങ്ങൾ ഏൽപ്പിക്കുന്നു. കേരളത്തിലെ പഴയകാല ക്രിസ്തീയ കുടുംബങ്ങളിലെ വീട്ടമ്മമാരുടെ കദനകഥകള് അറിയാത്തവർ ആരുണ്ട് ? നേരം പുലരുമ്പോൾ തുടങ്ങുന്ന വീട്ടുജോലികൾ, ഭർത്താവിനും മക്കൾക്കും സമയാസമയം വെച്ചുവിളമ്പിക്കൊടുക്കാൻ മാത്രം വിധിക്കപ്പെടുന്ന ഒരു ജീവിതം, അവിടെ വേദനകളും ഒറ്റപ്പെടലുകളും ഗദ്ഗദങ്ങളും നിസ്സംഗതയോടെ അവഗണിക്കപ്പെട്ടുപോകുന്നു. മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന തത്രപ്പാടിൽ സ്വന്തം വ്യാകുലതകളും പരിദേവനങ്ങളും എന്തിന്, രോഗങ്ങൾ പോലും മൗനമെന്ന മാറാലകൊണ്ടു മൂടിവയ്ക്കുന്നു. ആ നിമിഷങ്ങളിൽ ഒരു കൊടുങ്കാറ്റിന്റെ ഇരമ്പമുണർത്താതെ പാവം അമ്മ പ്രാർത്ഥനയുടെയും സംയമനത്തിന്റെയും അഭയതന്തുവിൽ മുറുകെപ്പിടിക്കുന്നു.
ഇന്ന് എന്റെ രണ്ടു മക്കളും കൃത്യമായി എല്ലാ “അമ്മദിനത്തിലും” എന്റെ ഭാര്യയെ വിളിച്ചു ആശംസിക്കുമ്പോൾ സന്തോഷിക്കുന്നതിനോടൊപ്പം എന്റെ കണ്ണുകളും ഈറനണിയുന്നു. ഇതുപോലൊരു അമ്മദിനം അന്നുമുണ്ടായിരുന്നു, ഞാനെന്നല്ല മക്കളിലൊരാൾപോലും ആ അമ്മയെ ഒരു നിമിഷമോർത്തോ, ഇല്ല, ഇല്ല. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ. നിസ്സംഗതയിലോ നിർമ്മമതയിലോ തകർന്നു തരിപ്പണമാകുന്ന മനുഷ്യജീവിതത്തിന്റെ ക്ഷണഭംഗുരത! ആർദ്രമനസ്കനായി തിരിഞ്ഞുനോക്കുമ്പോൾ, തലങ്ങും വിലങ്ങും നീക്കപ്പെടുന്ന ഒരു ചതുരംഗക്കളിയിലൊതുങ്ങിപ്പോയ നിസ്സഹായരായ ആധുനിക മനുഷ്യരുടെ അപഭ്രംശം അനാവരണം ചെയ്യപ്പെടുന്നു.
“ഹാർട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം” എന്ന എന്റെ ബെസ്റ് സെല്ലെർ പുസ്തകം സമർപ്പിച്ചിരിക്കുന്നത് എന്റെ പ്രിയപ്പെട്ട അമ്മക്കാണ്. അതിന്റെ ആദ്യതാളിൽ ഞാൻ ഇങ്ങനെ എഴുതി: ജീവിതാവേശങ്ങളുടെ എല്ലാ തിമിർപ്പുകളും ഒടുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിനെ മ്ലാനവിവശമാക്കുന്നു. പഠനത്തിനും ഉദ്യോഗത്തിനുമായി വിദേശത്തു അലഞ്ഞുനടന്ന എനിക്ക്, അമ്മക്കായി അധികമൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആ ചിന്ത എന്നെ അനന്തമായി വേട്ടയാടുന്നു. പൂമുഖത്തു സ്ഥാനം പിടിച്ച ചില്ലുഭരണിയിലെ ജലത്തടവറയിൽ പരത്തിനടക്കുന്ന വർണമത്സ്യമോ, താളുകൾ കീറിപ്പോകുന്ന ചിതലരിച്ച പുസ്തകമോ ഒക്കെയാണ് ഞാനെന്നു തോന്നിപ്പോകുന്ന നിമിഷങ്ങളിൽ “മോനെ, മോനെ” എന്ന അമ്മയുടെ വിളി ഒരു നിശബ്ദരോധനത്തിന്റെ ശൂന്യത മനസ്സിൽ സൃഷ്ടിക്കുന്നു.
ഹാർട്ട് അറ്റാക്കിനെത്തുടർന്ന് എന്നെ വിട്ടുപോയ അമ്മയുടെ മരണം ഞാൻ മുഖാമുഖം കണ്ടു. എന്റെ വൈദ്യപരിജ്ഞാനത്തിനോ അത്ഭുത ഔഷധങ്ങൾക്കോ അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എന്റെ പ്രിപ്പെട്ട അമ്മയുടെ പാവനസ്മരണയ്ക്കുമുമ്പിൽ സ്നേഹാദരങ്ങളോടെ…..
അമ്മയുടെ മകൻ ജോർജുകുട്ടി
(അപ്പനും അമ്മയും, ഒരു പഴയകാല ചിത്രം- 1981 ) ഡോ .ജോർജ് തയ്യിൽ.ഡോ .ജോർജ് തയ്യിൽ.ഫേസ് ബുക്കിൽ എഴുതിയത്
![](http://nammudenaadu.com/wp-content/uploads/2020/05/96260416_1711392149036609_3832379741759864832_n.jpg)