
സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ 108 ആംബുലൻസ് ജീവനക്കാരനും ഈ കോവിഡ് കാലത്ത് ഡ്യൂട്ടി ചെയ്യുന്നത്.
കണ്ണുകൾ നിറയാതെ ഇതൊന്ന് വായിച്ചുപൂർത്തിയാക്കാൻ കഴിയുമോ ആർക്കെങ്കിലും?? എന്തൊരു സങ്കടകരമായ കാര്യമാണിത് ! നാടിനുവേണ്ടി എത്ര വലിയ ത്യാഗമാണ് ഓരോ ആരോഗ്യപ്രവർത്തകനും ചെയ്യുന്നത് എന്നറിയാൻ ഇതൊന്ന് വായിച്ചു നോക്കൂ.. മറ്റുള്ളവരും വായിച്ചറിയാൻ വായിക്കുന്നവരെല്ലാം ഇതൊന്ന് ഷെയർ ചെയ്യാനും അപേക്ഷിക്കുന്നു.
.. സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ 108 ആംബുലൻസ് ജീവനക്കാരനും ഈ കോവിഡ് കാലത്ത് ഡ്യൂട്ടി ചെയ്യുന്നത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരും ആംബുലൻസ് പൈലറ്റുമാരും ഉൾപ്പെടെ ഏതാണ്ട് ആയിരത്തോളം ജീവനക്കാരാണ് 108 സർവീസിൽ ജോലി ചെയ്യുന്നത്. ഇത്രയൊക്കെ ത്യാഗങ്ങൾ സഹിച്ച് ജോലി ചെയ്തിട്ടും ഒരു മാസംപോലും ഇവർക്ക് സമയത്തിന് ശമ്പളം ലഭിക്കാറില്ല എന്നതാണ് ഏറ്റവും ദുഖകരമായ വസ്തുത ! മിക്കവാറും ഒരു മാസത്തെ ശമ്പളം കുടിശ്ശികയാണ്. പലപ്പോഴും സമരം പ്രഖ്യാപിച്ചു കഴിയുമ്പോഴാണ് ആംബുലൻസ് നടത്തിപ്പിന്റെ ചുമതലയുള്ള GVK എന്ന സ്വകാര്യകമ്പനി ശമ്പളം നൽകാറ് എന്നതാണ് ദുഖകരമായ വസ്തുത !
ഈ വാർത്ത നിലവിൽ കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രമാക്കി സർവീസ് നടത്തുന്ന 108 ആംബുലൻസ് പൈലറ്റ് ഫൈസലിനെ കുറിച്ചാണ്. കോവിഡ് ഡ്യൂട്ടി കാരണം തന്റെ കരളിന്റെ തന്നെ ഒരു കഷണമായ ഒരേയൊരു കുഞ്ഞിനെ കഴിഞ്ഞ നാലുമാസമായി ഒരുനോക്ക് കാണാൻ പോലും ഫൈസലിന് കഴിഞ്ഞിട്ടില്ല ! അവസാനം കുഞ്ഞിനെ കാണാനുള്ള മോഹം അതിയായപ്പോൾ ഫൈസൽ കണ്ടുപിടിച്ച മാർഗ്ഗം നോക്കൂ.. പെരുമ്പാവൂരിൽ നിന്ന് രക്തസാമ്പിളുകൾ നൽകാനായി തിരുവനന്തപുരത്തേക്ക് ഓട്ടം പോയി തിരികെ വരുന്നവഴിക്ക് കായംകുളത്ത് വണ്ടിനിർത്തി. മുൻകൂട്ടി അറിയിച്ചതനുസരിച്ച് ഭാര്യ കുഞ്ഞുമായി റോഡിന്റെ മറുവശത്ത് കാത്തുനിന്നിരുന്നു. റോഡിന്റെ മറുവശത്ത് നിന്ന് തന്റെ കൺമണിയെ ഒരുനോക്ക് മാത്രം കണ്ട് വീണ്ടും ഡ്യൂട്ടിക്കായി കോതമംഗലത്തേക്ക് !
ഒന്നാലോചിച്ചു നോക്കൂ..
നിങ്ങൾ നിങ്ങളുടെ സ്വന്തം കുഞ്ഞിനെ നാലുമാസം കൂടി ഇങ്ങനെയൊന്നു കാണുന്ന കാര്യം ആലോചിച്ചു നോക്കൂ.. കുഞ്ഞിനെ ഒന്ന് വാരിയെടുക്കാൻ… സ്വന്തം നെഞ്ചിലേക്കമർത്താൻ… ആ കവിളിലും നെറ്റിയിലും നിറയെ മുത്തങ്ങൾ കൊടുക്കാൻ… എത്രമാത്രം ആ പിതാവിന്റെ മനസ്സ് തുടിച്ചിട്ടുണ്ടാകും ! എത്ര സങ്കടകരമാണിത്… !!ഇനി വാർത്ത നോക്കാം…
കോതമംഗലം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കുഞ്ഞിനെ കാണാതെ 4 മാസം; ഒടുവിൽ റോഡിന്റെ മറുവശം നിന്ന് ഫൈസൽ കണ്ടു; വീഡിയോ വൈറൽ
ഒരു വയസ്സു മാത്രം പ്രായമുള്ള മകളെ അകലെ നിന്നു ഒരു നോക്ക് കാണാൻ ആംബുലൻസ് ഒതുക്കിയതാണു ഫൈസൽ. ഭാര്യ തൻസില റോഡിന്റെ മറുവശം നിന്നു കുഞ്ഞു നൂറയെ ഭർത്താവിനു കാണിച്ചു. മാസങ്ങൾക്കു ശേഷം കുഞ്ഞിനെ ഒരുനോക്കു കണ്ട സന്തോഷത്തിൽ ഫൈസൽ കബീർ ആംബുലൻസുമായി മുന്നോട്ടു പാഞ്ഞു. ഈ ദൃശ്യങ്ങൾ ഒരു ബന്ധു പകർത്തി പ്രചരിപ്പിച്ചതോടെ ആംബുലൻസ് ഡ്രൈവർമാരുടെ സേവനത്തിനു നിറഞ്ഞ കയ്യടികൾ.വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു. നൂറു കണക്കിന് ആളുകൾ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 108 ആംബുലൻസിന്റെ ഡ്രൈവർ കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടിൽ ഫൈസൽ മൻസിലിൽ ഫൈസൽ കബീർ (29) ആണ് കോവിഡ് ഡ്യൂട്ടിക്കിടയിൽ സ്വന്തം കുഞ്ഞിനെ ദേശീയപാതയുടെ അപ്പുറമിപ്പുറം നിന്ന് കണ്ടു മടങ്ങിയത്. 9 മാസമായി എറണാകുളം, കോതമംഗലം ഭാഗങ്ങളിൽ 108 ആംബുലൻസിൽ ജോലി ചെയ്യുന്ന ഫൈസൽ 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞിനെയും കാണാൻ പോയിരുന്നില്ല. ഭാര്യയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലായിരുന്നു.
3ന് രാത്രിയാണ് ഫൈസൽ പെരുമ്പാവൂരിൽ നിന്ന് രക്തസാംപിളുകൾ പരിശോധനയ്ക്കു നൽകാൻ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ പോയത്. അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തിൽ രാത്രി കായംകുളത്ത് റോഡരികിൽ വാഹനം നിർത്തിയിട്ട് ഉറങ്ങി. പുലർച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാൽ തൻസില കുഞ്ഞിനെയും കൊണ്ട് റോഡരികിൽ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസൽ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു.
പ്രിയപ്പെട്ടവരേ,
നിസ്സാരകാര്യങ്ങൾക്ക് പോലും നിങ്ങൾ ആരോഗ്യപ്രവർത്തകരുടെ മെക്കിട്ട് കേറാറുണ്ട്. അവരെ ശകാരിക്കുകയും ചീത്തവിളിക്കുകയും പോലും ചെയ്യാറുണ്ട്.
എന്നാൽ ഈ സമൂഹത്തിനായി ഓരോ ആരോഗ്യപ്രവർത്തകനും ചെയ്യുന്ന ത്യാഗം വിവരണങ്ങൾക്കതീതമാണ്. സ്വന്തം കുടുംബത്തെ വിട്ട്, ജീവന്റെ ജീവനായ കുഞ്ഞുങ്ങളെ വിട്ട്, നേരത്തിനു ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ, എന്തിന്.. സമയത്തിന് ഒന്ന് മൂത്രമൊഴിക്കാൻ പോലും കഴിയാതെയാണ് പലരും ഈ സമൂഹത്തിനായി കഷ്ടപ്പെടുന്നത്..
. അത് മനസിലാക്കുക. ദയവായി അവരോട് കുറച്ച് കരുണ കാണിക്കുക..

Ebin Mathew
ഇടുക്കികാരൻ