
എല്ലാവരും കൃഷിക്കാരാകണമെന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് !?
സണ്ണി സി എം മരങ്ങാട്ടുപള്ളി – എല്ലാവരും കൃഷിക്കാരാകണമെന്നു പാലാ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ” കൃഷിയെ മറന്നുള്ള ഏത് വികസനവും ആപത്താണ്. മുതിർന്നവരും കുട്ടികളും കൃഷിയുടെ നന്മകൾ സ്വന്തമാക്കണം. ഒരു തുണ്ടു ഭൂമിപോലും കൃഷിചെയ്യപ്പെടാത്തതായി വിട്ടുകളയരുത്. ഒരൊറ്റ വ്യക്തിപോലും അല്പസമയമെങ്കിലും കൃഷി ചെയ്യാത്തതായി ഒരു ദിവസം പോലുമുണ്ടാകരുത്. എല്ലാ യുവജനങ്ങളും കർഷകരാണ്. മറക്കരുത്. “-അദ്ദേഹം മെയ് 15-തിയതി ദീപിക ദിനപത്രത്തിൽ എഴുതിയ പ്രതേക ലേഖനത്തിൽ ഓർമിപ്പിച്ചു.
കേരളത്തിന് ഒരു കർഷക തനിമ നൽകിയതിൽ ക്രൈസ്തവർ ഏറെ പങ്കുവഹിച്ചു. കൃഷിചെയ്തു വിയർപ്പൊഴുക്കി മണ്ണിൽ പണിതുള്ള ജീവിതം തികച്ചും ബൈബിൾ അതിഷ്ഠിതമായ ഒന്നാണെന്നും “കൃഷിയിലൂടെയുള്ള അതിജീവനം “- എന്ന ലേഖനത്തിൽ വ്യക്തമാക്കി.
മൂല്യാധിഷ്ഠിതമായ സ്വഭാവമുള്ള ഒരു സമൂഹമായി കേരളം നിന്നതിൽ കൃഷി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ കുടുംബങ്ങളിലും പള്ളികളിലും സന്യാസ ഭവനങ്ങളിലും മഠങ്ങളിലും ഇതര സ്ഥാപനങ്ങളിലും കൃഷി ചെയ്യുക എന്നതാണ് പ്രധാന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ രൂപതയുടെ മെത്രാന്റെ ശ്രദ്ധേയമായ ഈ ലേഖനം പൊതുസമൂഹം നാടിന്റെ വികസനത്തിനുള്ള നിർദേശമായി സ്വീകരിച്ചു. ദീപികയുടെ ലക്ഷക്കണക്കിനുള്ള വായനക്കാരിൽ അധികവും കർഷകരാണ്.
