
നാല് ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യത:റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴക്കെടുതി നേരിടുന്ന ഇടുക്കിക്ക് പുറമേ പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെയും ഇടുക്കിയിലും വയനാട്ടിലും അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഈ രണ്ട് ജില്ലകള്‍ക്ക് പുറമേ പാലക്കാട്, തൃശൂര്‍ എന്നി ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജില്ലകളില്‍ തിരുവനന്തപുരം ഒഴിച്ച് ബാക്കിയെല്ലായിടത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍, തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.