കട്ടിപ്പാറയിലെ കർഷകർക്ക് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതി
താമരശ്ശേരി: ജില്ലയിൽ കോടഞ്ചേരിക്ക് പിന്നാലെ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതിയായി. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ താമസിച്ച് കൃഷിചെയ്യുന്ന തലയാട് കാർത്തികയിൽ കെ.ജെ. ജോസ്, പയോണ പുഴങ്കര പി.സി. അബ്ദുൾ ബഷീർ, മാനിപുരം വായോളി വി.ടി. ഹരിദാസൻ എന്നിവരെയാണ് തോക്കുപയോഗത്തിനുള്ള അനുമതിപാനലിൽ ഉൾപ്പെടുത്തി കോഴിക്കോട് ഡി.എഫ്.ഒ. ഉത്തരവിറക്കിയതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുധീർ നെരോത്ത് അറിയിച്ചു.
കാട്ടുപന്നികളെ വെടിവെക്കാൻ പോവുമ്പോഴും വെടി വെച്ചതിനുശേഷവും ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കണം. മുലയൂട്ടുന്ന കാട്ടുപന്നികളെ പരമാവധി ഒഴിവാക്കണം. കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽമാത്രമാണ് വെടിവെക്കാൻ അനുമതിയുള്ളത്.
ജഡത്തോട് അനാദരം കാട്ടി സാമൂഹികമാധ്യമങ്ങളിൽ പടം പ്രചരിപ്പിക്കരുതെന്നും വ്യവസ്ഥയുണ്ട്.
അതേസമയം കാട്ടുപന്നിശല്യമുള്ള സമീപ പഞ്ചായത്തുകളായ പുതുപ്പാടിയിലും താമരശ്ശേരിയിലും ഇതുവരെ കർഷകർക്ക് തോക്കുപയോഗത്തിന് അനുമതിയായിട്ടില്ല. പുതുപ്പാടി മലപുറത്ത് റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
താമരശ്ശേരി ചുങ്കത്ത് വെച്ച് കഴിഞ്ഞ മാർച്ചിൽ ഒരു എഴുപതുകാരന് കാട്ടുപന്നിയുടെ കുത്തുകൊണ്ട് കാലിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ഇരുപഞ്ചായത്തുകളിലെയും നിരവധി മേഖലകളിൽ കാട്ടുപന്നി ശല്യത്തെത്തുടർന്ന് നാളിതുവരെ വ്യാപക കൃഷിനാശം നേരിട്ടിട്ടുണ്ട്