സാമ്പത്തിക സംവരണം: രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നിലപാട് വ്യക്തമാക്കണം: ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി:കേന്ദ്രസര്‍ക്കാര്‍ 103-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയ സംവരണേതര വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വിവിധ തലങ്ങളിലുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വരാന്‍പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് നിലപാട് പ്രഖ്യാപിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്. ഇടതുപക്ഷ സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഭേദഗതിചെയ്താണെങ്കില്‍ പോലും ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റി സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള സംവരണേതരര്‍ക്ക് വിവിധ തലങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ ഉത്തരവിറക്കിക്കൊണ്ടിരിക്കുന്നു.

സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടി സംസ്ഥാന മന്ത്രിസഭ പരിഗണിക്കുകയും പിഎസ്‌സി നിര്‍ദ്ദേശിച്ച ചട്ടഭേദഗതി അംഗീകരിക്കുകയും സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തത് സ്വാഗതാര്‍ഹമാണ്.

ഐക്യജനാധിപത്യമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, സാമ്പത്തിക സംവരണത്തിന്മേലുള്ള തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കാതെ ഒളിച്ചോട്ടം നടത്തുന്നു. നൂറുശതമാനം സംവരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ഗുണഫലങ്ങളും നേടിയെടുത്തശേഷം സാമ്പത്തിക സംവരണത്തെ നിരന്തരം എതിര്‍ക്കുന്ന ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ സാമ്പത്തിക സംവരണ വിരുദ്ധതയാണോ യുഡിഎഫ് നിലപാടെന്ന് കോണ്‍ഗ്രസ് നേതൃത്വവും ഘടകകക്ഷികളും ഇതര രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമാക്കണം.

സംസ്ഥാനത്ത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥിരനിക്ഷേപം പോലെ വോട്ടുകള്‍ ഒരുമുന്നണിയും കാണേണ്ടതില്ലെന്നും നയങ്ങളും നിലപാടുകളും പൊതുസമൂഹം മാനദണ്ഡമാക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Share News