വയനാട്: നാല് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

Share News

വയനാട്:  ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും  ബുധനാഴ്ച രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി.

മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്ര മാണ് ഈ മേഖലയില്‍ അനുവദിക്കുക. ഈ പ്രദേശങ്ങളില്‍ ശവസംസ്‌ക്കാരത്തിന് 5 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. മറ്റ് യാതൊരു ആഘോഷങ്ങളും പരിപാടികളും അനുവദിക്കില്ല. മതപരമായ  ആരാധനകള്‍ക്കായുള്ള കൂടിച്ചേരലുകളും ഈ കാലയളവില്‍ അനുവദിക്കില്ല.

കുറ്റ്യാടി, പേരിയ, ബോയ്‌സ് ടൗണ്‍ ചുരങ്ങള്‍ വഴിയുളള യാത്രകള്‍ അത്യാവശ്യ കാര്യങ്ങങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അനുവദിക്കുക. ഇതിന്റെ ഭാഗമായി കുറ്റ്യാടി, പേരിയ, ബോയ്‌സ് ടൗണ്‍ ചുരങ്ങളില്‍ പ്രത്യേക പോലീസ് സംഘത്തെ വിന്യസിക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, പെട്രോള്‍ പമ്പുകള്‍, വില്‍പന കേന്ദ്രങ്ങള്‍ എന്നിവ കുറഞ്ഞ തൊഴിലാളികളെ വെച്ച് മാത്രം പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കളും മരുന്നുകളും എത്തിച്ച് നല്‍കുന്നതിനായി ഗ്രാമപഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

അവശ്യ വസ്തുക്കള്‍ വീടുകളില്‍ രാവിലെ 9 മണി, 12 മണി, 4 മണി എന്നീ സമയങ്ങളില്‍ എത്തിച്ച് നല്‍കുന്നതിനുളള നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഇതിനായി കച്ചവട സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കി ഇവയുടെ വില കഴിവതും ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ നല്‍കുന്നതിന് സൗകര്യമൊരുക്കണം.  പണം നേരിട്ട് വാങ്ങുന്ന പക്ഷം സാനിറ്റൈസര്‍ ഉപയോഗിക്കണം. ഭക്ഷണസാമഗ്രികള്‍, മരുന്നുകള്‍ എന്നിവ എത്തിച്ച് നല്‍കുന്നതിനായി ഇരുചക്ര വാഹനങ്ങള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയും തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പാടാക്കണം.

Share News