
ഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം..
ഫാ.റോബിൻ പേണ്ടാനത്ത്
ഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം

ഇന്ത്യയിലെ സ്കോഡ്ലാൻ്റ് എന്ന് അറിയപ്പെടുന്ന സ്ഥലമാണ് മേഘാലയ സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരമായ ഷിലോഗ്. പ്രകൃതി രമണീയത, അനുഗുണമായ കാലാവസ്ഥ, വിഭവങ്ങൾ എന്നിവ കൊണ്ട് അനുഗ്രഹീതമാണ് മലമുകളിൽ പണിയപ്പെട്ടിരിക്കുന്ന ഈ നഗരം. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും കത്തോലിക്കാ സാന്ദ്രത അവകാശപ്പെടാവുന്ന സ്ഥലമായി ഇവിടം മാറിയതിനു പിന്നിൽ കുറെ സമർപ്പിതരുടെ കഠിനാദ്ധ്യാനവും വിയർപ്പും രക്തവുമുണ്ട്.


വിവിധ ഗോത്രവിഭാഗങ്ങളായിരുന്ന ഉൾനാടൻ ഗ്രാമങ്ങളിലേക്ക് എഴുപതു വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിൻ്റെ വെളിച്ചവുമായി കടന്നു വന്ന ഗർവ്വാസീസ് അച്ചൻ്റെ ധീരമായ മിഷനറി ജീവിതം ആരെയും അത്ഭുതപ്പെടുത്തും.

നീണ്ടു നരച്ച മനോഹരമായ ദീശയും, വാത്സര്യം തുളുമ്പുന്ന പുഞ്ചിരിയും, ആത്മീയത നിറഞ്ഞ കണ്ണുകളും ഉള്ള എൺപത്തി ഒൻപതുകാരൻ ഗർവാസീസ് അച്ചനെ കണ്ടാൽ ആരും കൈകൂപ്പി സ്തുതി കൊടുക്കും.

ആർജ്ജവത്വവും കരുത്തും ധീഷണതയും നിറഞ്ഞ മിഷനറി വൈദികൻ, അൻപത്തിയേഴു വർഷത്തെ പൗരോഹിത്യ സേവന രംഗങ്ങൾ വിവരിക്കുമ്പോൾ എല്ലാം അത്ഭുതമായേ തോന്നൂ. ഷിലോഗ് എന്ന ഒരു രൂപതയിൽ നിന്ന് ആരംഭിച്ച് ഇന്ന് മൂന്ന് അതിരൂപതകളും പതിനൊന്ന് രൂപതകളുമായി സഭ ലക്ഷക്കണക്കിന് വിശ്വാസികളിലേക്ക് പടർന്നു പന്തലിച്ച മഹാത്ഭുതത്തിന് സാക്ഷ്യം വഹിക്കാനും ഒപ്പം സഞ്ചരിക്കാനും കഴിഞ്ഞതിൻ്റെ ആത്മനിർവർതിയിലാണ് ഗർവാസീസ് അച്ചൻ.
കേരളത്തിൽ നിന്ന് എഴുപതു വർഷം മുൻപ് ആദ്യമായി ആസ്സാം മിഷനറിയായി സലേഷ്യൻ സന്യാസം സ്വീകരിച്ച് കടന്നു വന്ന വൈദികന് ഇന്ന് വിശ്വാസ സമൂഹത്തോട് പങ്കുവയ്ക്കുവാൻ ഒരുപിടി മധുരിക്കുന്ന മിഷനറി ഓർമ്മകൾ ഉണ്ട്.

ഗർവാസീസ് അച്ചൻ്റെ ജീവിതം ആരംഭിക്കുന്നത് പാലാ രൂപതയിലെ ഇലഞ്ഞി ഇടവകയിൽ നിന്നുമാണ്. കൊഴുപ്പത്തടം വീട്ടിൽ മത്തായി ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1932 ജൂലൈ പതിനൊന്നാം തീയതി ഗവാസീസ് ഭൂജാതനായി, ഒപ്പം ഏലി എന്ന ഇരട്ട സഹോദരിയും. ഇലഞ്ഞി പള്ളിയിലെ ശുശ്രൂഷിയായ പിതാവിനൊപ്പം ചെറുപ്പം മുതലേ ദൈവാലയ കാര്യങ്ങളിൽ വ്യാപൃതനാകാനുള്ള വലിയ ഭാഗ്യം ലഭിച്ചു. പതിനൊന്നു കിലോമീറ്റർ അകലെയുള്ള പിറവം സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയപ്പോഴും ഇതിന് മുടക്കം വന്നില്ല. റ്റൈഫോയിഡ് ബാധിച്ച തൻ്റെ സഹോദരനെയും മറ്റൊരു സഹോദര പുത്രനെയും ശുശ്രൂഷിച്ചിരുന്നത് അച്ചൻ്റെ പിതാവ് ആയിരുന്നു. മൂവരും കാര്യമായ ചികിത്സ ലഭിക്കാതെ രോഗം ബാധിച്ച് മരിച്ചത് ഗർവാസീസ് അച്ചൻ്റെ കടുംബത്തിൻ്റെ താളം തെറ്റിച്ചു. രണ്ട് മാസത്തിനുള്ളിൽ പിതാവടക്കം മൂന്ന് പേർ തൻ്റെ കൺമുൻപിലൂടെ കടന്നുപോകുന്നത് അനുഭവിച്ച ആ ബാല്യ മനസ്സ് ചില ഉറച്ച തീരുമാനങ്ങൾ എടുത്തു. അമ്മയുടെ വീട്ടുകാരുടെ സഹായത്താൽ 1948-ൽ മെർട്ടിക്കലേഷൻ (പത്താം ക്ലാസ്സ് ) പൂർത്തീകരിച്ചു.
വൈദികനാകാനുള്ള അധിയായ ആഗ്രഹത്തോടെ ഇവക വികാരിയുടെ എഴുത്തുമായി ചങ്ങനാശ്ശേരിയിലെ പാറേൽ സെമിനാരിയിൽ എത്തി. പുരാതന കത്തോലിക്കാ കുടുംബാംഗമായിരുന്നിട്ടും ശാരീരികമായ ശേഷി കുറവാണ് എന്ന് കണ്ടതിനാൽ രണ്ട് വർഷത്തെ പഠനം കഴിഞ്ഞ് വരാൻ പറഞ്ഞ് അവർ മടക്കി അയച്ചു. യൗവനത്തിൽ വിധവയായ മാതാവിന് മക്കളെ തുടർന്ന് പഠിപ്പിക്കാനുള്ള സാമ്പത്തികം ഇല്ലായിരുന്നു. ഗർവ്വാസീസിൻ്റെ മനസ്സിലെ ദൈവവിളിയോടുള്ള ജ്വലനം തിരിച്ചറിഞ്ഞ അന്നത്തെ ഇലഞ്ഞി ഇടവക വികാരി ഫാ.ജോസഫ് കൊല്ലംപറമ്പിൻ്റെ കരുണകൊണ്ട് പള്ളിയിലെ ചെറിയ ശുശ്രൂഷകളും സ്കൂളിലെ ജോലികളുമായി രണ്ട് വർഷം ദൈവാലയത്തിൽ കഴിഞ്ഞു. പിതാവ് മരണപ്പെട്ട ആ കുടുംബത്തിന് അച്ചൻ്റെ ജോലി വലിയ സഹായമായിരുന്നു. ഒപ്പം ഇടവകയുടെ പ്രവർത്തനങ്ങൾ, ആത്മീയത നിറഞ്ഞ ഭക്താദ്യാസങ്ങൾ എന്നിവ അടുത്തറിയാൻ കഴിഞ്ഞു. ഇലഞ്ഞി ദൈവാലയം പത്രോസ് പൗലോസ് സ്ളീഹന്മാരുടെ നാമത്തിലുള്ളതായിരുന്നതിനാൽ സ്ലീഹന്മാരിലൂടെ സഭയുടെ വർച്ച ഗർവ്വാസീസിനെ കൂടുതൽ സ്വാധീനിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ദൈവവിളിയുള്ള പാലാ രൂപതയുടെ പശ്ചാത്തലം ആ ചെറുമനസ്സിൽ നല്ല പ്രചോദനമായി
അങ്ങനെയിരിക്കെ ഓ.എം. ഫ്രാൻസീസ് എന്ന സുഹൃത്തുവഴി പാലാ സെൻറ്.തോമസ് കോളേജിൽ ഫാ.ആർച്ചിമെഡ് പിയനാസെ എന്ന ഇറ്റലിക്കാരനായ സലേഷ്യൻ വൈദികൻ ദൈവവിളി പ്രോത്സാഹനത്തിനായി എത്തുന്ന വിവരം അറിയുന്നത്. പിതാവിൻ്റെ അനിയനൊപ്പം ഇരുവരും പാലയിലെത്തി ആഗ്രഹം അറിയിക്കുകയും നോർത്ത് ഈസ്റ്റിലെ ഷിലോഗിലേയ്ക്ക് മിഷനറിയായി ശുശ്രൂഷയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു.

അങ്ങനെ വീട്ടുകാരോടും നാട്ടുകാരോടുമെല്ലാം യാത്ര പറഞ്ഞ് ആലുവയിൽ നിന്നും 1950 മെയ് 15 തീയതി യാത്ര ആരംഭിച്ചു. മുദ്രാസിൽ നിന്നും കൽക്കട്ടയിൽ എത്തി, അവിടെ നിന്നും ആസ്സാമിലെ പാണ്ടു എന്ന അവസാന സ്റ്റേഷനിൽ എത്തുന്നതിനിടയിൽ മനിഹരിഹാർട്ട് ഉൾപ്പെടെ രണ്ട് ഫെറി കാടക്കണമായിരുന്നു. ഒപ്പം മീറ്റർ റോജിൽ നിന്നും ബ്രോഡ് ഗേളിലേക്ക് പല തവണ മാറി കയറേണ്ടിയുമിരുന്നു. ദുർഘടം പിടിച്ച യാത്രക്കൊടുവിൽ മെയ് 29ന് ഷിലോഗിലെത്തി.




സെമിനാരി സൗകര്യങ്ങൾ അന്ന് വളരെ കുറവായിരുന്നു. 28 പേര് അടങ്ങുന്ന ഗ്രൂപ്പിൽ തന്നോടൊപ്പം എത്തിയ സുഹൃത്ത് ഓ.എം.ഫ്രാൻസീസ് രോഗം ബാധിച്ച് മരിച്ചു. നാട്ടിൽ തിരിച്ച് കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവിടെത്തന്നെ അടക്കി. ഇത്തരം പ്രതിസന്ധികളിലും മരണഭീതിയിലും ജീവിക്കുമ്പോഴും ദൈവവിളിയോടുള്ള തീഷ്ണത കൊണ്ട് എല്ലാത്തിനെയും തരണം ചെയ്യാൻ കഴിഞ്ഞു. ഷിലോഗിലെ തണുപ്പിനോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് തോന്നിയില്ല, കാരണം ഉള്ളിൽ അത്ര മാത്രം തീയാണ് സുവിശേഷവൽക്കരണത്തിനായി കത്തിക്കൊണ്ടിരുന്നത്.


1953 ഏപ്രിൽ 16ന് പ്രൊഫഷൻ സ്വീകരിച്ചു. തുടർന്ന് ഡാർജിലിംഗിൽ മൂന്നു വർഷത്തെ തത്വശാസ്ത്ര പഠനം കൽക്കട്ട സർവ്വകലാശാലയുടെ കീഴിൽ പൂർത്തീകരിച്ചു. ഷിലോഗിൽ നിന്നും ആദ്യ അവധിക്ക് നാട്ടിലേക്ക് പോകുന്നത് 5 വർഷത്തിന് ശേഷമാണ്. വൈദിക വേഷത്തിൽ തൻ്റെ മകനെ കണ്ടപ്പോൾ മാതൃഹൃദയം ഒത്തിരി സന്തോഷിച്ചു. തുടർന്ന് മൂന്നര വർഷത്തെ പ്രാക്ടിക്കൽ പരിശീലനം ഷിലോഗിലെ ഡോൺ ബോസ്കോയിൽ പൂർത്തീകരിച്ചു. അതിനിടയിൽ 3 മെയ് 1958 മാതാവ് ലോകത്തോട് വിട പറഞ്ഞു. അമ്മയുടെ മരണം സംഭവിച്ച വിവരം ദിവസങ്ങൾക്ക് ശേഷമാണ് അറിയാൻ കഴിഞ്ഞത്. ഒത്തിരി സ്നേഹവും മാതൃകയും ആത്മീയതയും പകർന്നു നൽകിയ മാതാവിൻ്റെ വേർപാട് ആ സെമിനാരിക്കനെ തളർത്തിയില്ല, കാരണം സലേഷ്യൻസ് വൈദികരുടെ കൈമുതലായ പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യം കൂടുതൽ കരുത്ത് പകർന്നു.


ദൈവശാസ്ത്ര പഠനം ഷിലോഗിലെ സേക്രട്ട് ഹാർട്ട് സെമിനാരിയിൽ നടത്തുന്നതിനിടയിൽ 1962ലെ ഇന്ത്യ – ചൈന യുദ്ധം ഉണ്ടായതിനെ തുടർന്ന് അവസാന ഘട്ടം തമിഴുനാട്ടിലെ കോട്ട ഗിരിയിലേക്ക് മാറ്റി. 1963 മെയ് 1-ാം തീയതി പതിനൊന്നു പേർക്ക് ഒപ്പം മദ്രാസ് ആർച്ച് ബിഷപ്പ് ആയിരുന്ന മോൺസിഞ്ഞോർ ലൂയിസ് മത്തിയാസിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം ആദ്യത്തെ കുർബ്ബാന ചൊല്ലിയത് മൈലാപ്പൂരിലെ തോമാച്ചീസായുടെ കബറിടത്തിലായിരുന്നു. തുടർന്ന് വീട്ടിലെത്തി സ്വന്തം ഇടവക പള്ളിയിൽ അർപ്പിച്ച കുർബ്ബാനയിൽ പങ്കെടുക്കുവാൻ കടുത്തുരുത്തിയിൽ നിന്നും കോതനല്ലൂരിൽ നിന്നും എല്ലാം ആളുകൾ വന്നിരുന്നു.

വൈദികനായതിനു ശേഷം അധികകാലവും സെമിനാരി പരിശീലന രംഗത്തായിരുന്നു ചിലവഴിച്ചത്. ഇടവകകളെ വിശ്വാസത്തിൽ രൂപപ്പെടുത്തുന്ന വൈദികരുടെ പരിശീലനത്തിൽ നേതൃത്വം നൽകാൻ മാതൃകാ വൈദികനെത്തന്നെയാണ് അധികാരികൾ ചുമതലപ്പെടുത്തിയത്. ഇതിനോടകം നൂറുകണക്കിന് സെമിനാരിക്കാരെ നേരിട്ട് ആത്മീയാഭ്യാസനത്തിൽ സഹായിക്കാൻ കഴിഞ്ഞ പുണ്യ പിതാവ്, വലിയ സന്തോഷത്തോടെയാണ് അനുഭവം പങ്കുവയ്ക്കുന്നത്.

നോർത്ത് ഈസ്റ്റിൽ ആ കാലഘട്ടത്തിൽ ഷിലോഗിലെ ജൂണിയറേറ്റിലാണ് സെമിനാരിക്കാരുടെ ആദ്യ പരിശീലനം നടത്തിയിരുന്നത്. തൻ്റെ ആദ്യ ശുശ്രൂഷ ആരംഭിക്കുന്നത് 1963ൽ സാവിയോ ജൂണിയ റേസ്റ്റേിലായിരുന്നു. ഫാ.റെവേലികോയെ ഓഫീസ് ജോലികളിൽ സഹായിക്കുകയായിരുന്നു പ്രധാനപ്പെട്ട ലക്ഷ്യം. സെമിനാരിക്കാരുടെ ആത്മീയ ഉണർവിനായി കുമ്പസാരം, ആത്മീയ ഉപദേശം, സായാഹ്‌ന സന്ദേശങ്ങൾ, വിവിധ തരം പരിശീലനങ്ങൾ, വ്യക്തിപരമായ സംഭാഷണങ്ങൾ, കുർബാനയ്ക്കിടയിലെ പ്രസംഗങ്ങൾ, സ്നേഹ സല്ലാപങ്ങൾ എന്നിവയെല്ലാം നിർവ്വഹിച്ചു. പന്ത്രണ്ടു വർഷം നീണ്ട ശത്രുഷയ്ക്കിടയിൽ കേരളത്തിൽ നിന്നും പല വില്ലേജുകളിൽ നിന്നു നൂറുകണക്കിന് ദൈവവിളികൾ കണ്ടെത്തുന്നതിനും കഴിഞ്ഞു. വർഷത്തിൽ ലഭിക്കുന്ന പതിനഞ്ചു ദിവസത്തെ അവധിയിൽ മുഴുവൻ സമയവും ദൈവവിളിക്കായി ആഗ്രഹിക്കുന്നവരുടെ വീടുകർ സന്ദർശിച്ച് നല്ല സ്വഭാവഗുണങ്ങളും പ്രാർത്ഥനാ ജീവിതവും ഉള്ളവരെ കണ്ടെത്തുന്നതിനാണ് പരിശ്രമിച്ചത്. അവരിൽ പലരും ഇന്നും തീഷ്ണതയോടെ നോർത്ത് ഈസ്റ്റിലെ ഇടവകകളിലും ഗ്രാമങ്ങളിലും വില്ലേജുകളിലും ജനത്തിനൊപ്പം ക്രിസ്തുവിനെ പങ്കുവച്ച് ജീവിക്കുന്നു. ചിലർ വിവിധ രൂപതകളിലെ അദ്ധ്യക്ഷരായി ശുശ്രൂഷ ചെയ്യുന്നു. ഗവാസീസ് അച്ചനിലൂടെ പകർന്നു ലഭിച്ച ആത്മീയ ജീവിതമാണ് ഇന്നും ഞങ്ങളുടെ ജീവിതത്തിൻ്റെ അടിത്തറയെന്ന് സമ്മതിക്കാൻ അവരിൽ ആർക്കും മടിയില്ല.

തുടർന്ന് 1974-ൽ ഗോഹർട്ടി പ്രൊവിൻസിൻ്റെ ധന കാര്യനിർവ്വഹന്നത്തിനായി ചുമതലയേറ്റു. നോർത്ത് ഈസ്റ്റിൽ ഏറ്റവുമധികം ദാരിദ്രം അലയടിച്ച ഒരു കാലഘട്ടം, പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശ് വിഭജിക്കപ്പെട്ടതിനെത്തുടർന്ന് നടന്ന രാഷ്ട്രീയ അസന്നിദ്ധാവസ്ഥ, ഗ്രാമങ്ങളിൽ കടുത്ത ദാരിദ്രം നേരിട്ട സമയം. മറ്റ് പല സംസ്ഥാനങ്ങളും നോർത്ത് ഈസ്റ്റിനെ അവഗണിച്ചപ്പോൾ, കേന്ദ്ര ‘ സർക്കാരിൽ നിന്നു പോലും ഈ ജനത മാറ്റി നിർത്തപ്പെട്ടപ്പോൾ സലേഷ്യൻസ് ഈ ജനതയെ നെഞ്ചോടു ചേർത്തു പിടിച്ചു. അതിൻ്റെ ഫലമാണ് ഇന്നും ഡോൺ ബോസ്കോയുടെ ചിത്രം കാണുമ്പോൾ വലിയ ആരാധനയോടെ ഗോത്രത്തിൻ്റെയോ ഭാഷയുടെ യോ സംസ്ഥാനത്തിൻ്റെയോ വേലിക്കെട്ടുകൾ ഭേദിച്ച് ഇവർ ഒറ്റക്കെട്ടായി ബഹുമാനം കാണിക്കുന്നത്.

പട്ടിണി മാറ്റുകയോ, മാമ്മോദീസാ നൽകുകയോ മാത്രമായിരുന്നില്ല ലക്ഷ്യം മറിച്ച് അന്തസ്സായി ജീവിക്കാനുള്ള മാർഗ്ഗം കൂടെ സലേഷ്യൻസ് പഠിപ്പിച്ചു കൊടുത്തു. എവിടെയൊക്കെ സഭ ആളുകളുടെ നീറുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടോ, അവിടെയൊക്കെ സുവിശേഷ വൽക്കരണം സജീവമായി നടന്നിട്ടുണ്ട്. (ജൂബിലി വർഷം കഴിഞ്ഞിട്ടും വിരലിൽ എണ്ണാവുന്ന ദൈവവിളി പോലും ഇല്ലാത്ത സ്ഥലങ്ങളിലെ മിഷൻ പ്രവർത്തനത്തെക്കറിച്ച് കൂലംകക്ഷമായി വീണ്ടുവിചാരം നടത്തേണ്ടതുണ്ട്).

സാമൂഹികമായി ഉത്ഥരിക്കുവാൻ വിദ്ധ്യാഭ്യാസം അനിവാര്യമായി വന്നു. അതിനായി പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ വില്ലേജുകളിലും ആരംഭിച്ചു. ഇതിനെല്ലാം ആ കാലഘട്ടത്തിൽ നേതൃത്വം നൽകാൻ ഗർവാസീസ് അച്ചന് കഴിഞ്ഞു. ഇറ്റലി, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും ക്രിയാത്മകമായ പദ്ധതികൾ പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി. അനന്തരഫലം കണ്ടു കൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപിലാക്കാൻ അച്ചൻ കാട്ടിയ മാതൃക, 50 വർഷത്തിന് ശേഷം സാമൂഹിക പ്രവർത്തനമെന്നാൽ ദാന ധർമ്മമാണ് എന്ന് ചിന്തിക്കുന്ന നമ്മുടെ കേരളത്തിലെ പല സാമൂഹിക പ്രവർത്തന സംഘടനകൾക്കും മാതൃകയാണ്.



ഷിലോഗിലെ സേക്രട്ട് ഹാർട്ട് സെമിനാരിയിലായിരുന്നു ആ കാലഘട്ടത്തിൽ രൂപതാ വൈദികരും പഠിച്ചിരുന്നത്. പുതിയ പുതിയ ഇടവകകളും, രൂപതകളും, സ്ഥാപനങ്ങളും ആരംഭിച്ചപ്പോൾ ദൈവവിളികൾ കൂടിത്തുടങ്ങി. സെമിനാരി പരിശീലനത്തിന് നിലവിലുള്ള സംവിധാനങ്ങൾ മതിയാകാതെ വരുകയും, രൂപതാ വൈദികരെ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം മേജർ സെമിനാരി ആവശ്യമായി തീർന്നു. അങ്ങനെ ഷിലോഗ് ആർച്ച് ബിഷപ്പ് ഹ്യൂബർട്ട് റൊസേരിയോയുടെ ക്ഷണപ്രകാരം 1979-ൽ ഓറിയൻസ് സെമിനാരിയുടെ പ്രഥമ റെക്ടറായി ചുമതലയേറ്റു. അന്ന് സെമിനാരി പരിശീലനത്തിൽ പ്രവർത്തിപരിചയവും, മാതൃകാ ജീവിതവും കൈമുതലായുള്ള ഗാർവാസീസ് അച്ചനല്ലാതെ മറ്റാരുടെയും പേരു നിർദ്ദേശിക്കാനില്ലായിരുന്നു. അസൗകര്യങ്ങളുടെയും പരിമിധികളുടെയും നടുവിൽ മൂന്ന് പേരുമായി ആരംഭിച്ച സെമിനാരിയിൽ മൂന്ന് വർഷം കൊണ്ട് എല്ലാത്തിനും തുടക്കം കുറിക്കുവാൻ അച്ചന് കഴിഞ്ഞു. നാൽപത് വർഷം മുൻപ് അച്ചൻ ആരംഭിച്ച അടിത്തറയിലാണ് നോർത്ത് ഈസ്റ്റിലെ 15 രൂപതകളിലെ വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത് എന്നത് കാണുമ്പോൾ അന്നത്തെ ദാരിദ്രത്തെയും കഷ്ടപ്പാടിനെയും വിശ്വാസത്തിൻ്റെ കണ്ണിലൂടെ കണ്ടത് ദൈവഹിതമായിന്നല്ലോ എന്ന് ഓർമ്മിക്കുന്നു.

അസ്സമിലെ ടെസ്പൂർ രൂപതയിൽ വികാരി ജനറാളായി സേവനം അനുഷ്ടിക്കുന്നതിനായി 1982ൽ നിയോഗിക്കപ്പെട്ടു.

Tezpur is the biggest town in the diocese.
Population
In Tezpur diocese, the population is 8,705,620 at end of 2017. The major ethnic communities are Assamese, Mundas, Kharias, Oraons, Santals, Orias, Lohars, Boros, Garos, Rabhas, Deoris, Rajbongshis, Misings, Tiwas, Karbis, Nishis, and Apatanis.
Language
English, Assamese, Hindi, Sadri, Mundari, Oraon, Kharia, Santali, Boro, Garo, Rabha and other local dialects are the languages used in the diocesan area.
History
On May 10, 1964, Pope Paul VI raised Tezpur to an Episcopal See, and nominated Orestes Marengo, SDB, as the administrator of the newly erected diocese of Tezpur. He took charge of the diocese on Aug. 23, 1964. By his pastoral care, Bishop Marengo was able to consolidate the new Christian communities and bring about development in the diocese. He resigned in 1969. Father Joseph Mittathany was nominated the second bishop of the diocese on June 26, 1969, and he was ordained bishop and installed on Sept. 27, 1969.
Bhutan, the independent kingdom in the Himalayas, formed part of the diocese till 1976. It was separated and attached to the diocese of Darjeeling on Jan 20, 1975.
John Paul II erected the diocese of Imphal, Manipur, on April, 2, 1980 and transferred Bishop Joseph Mittathany from Tezpur to Imphal as its first ordinary. Father Mathew Kottaram was elected the vicar capitular. Bishop Robert Kerketta, SDB, who had been bishop of Dibrugarh from 1970, was transferred to Tezpur, and took charge of the diocese on Jan. 31, 1981.
On Dec. 7, 2005, the Holy See announced another bifurcation of Tezpur and creation of the diocese of Itanagar, Arunachal Pradesh, with Bishop John Thomas Kattrukudiyil (of Diphu diocese) as it first ordinary. The erection of the diocese and installation of Bishop John Thomas took place on March 12, 2006. The diocese of Bishop Robert Kerketta after shepherding the diocese of Tezpur for a long period of 27 years retired on Dec. 3, 2007, and was succeeded by Bishop Michael Akasius Toppo.
Political
The big towns are managed by corporations. The villages and small towns are administered by elected local bodies called panchayats and municipalities, respectively.
Transportation
The diocesan area is well connected in terms of transport infrastructure by roads. The nearest airport is in Guwahati city which is 185 kilometers from Tezpur.
Economy
The per capita income in the diocesan territory is Rs 14,950 ($328) as of January 2010. Agriculture and horticulture are the main sources of income. The territory also has tea estates, textile industry, and jute mills.
Telecommunication
Government and private operators provide extensive telecommunication facilities in the diocesan area. The diocese is well connected by local cable TV networks.
Education
Approximately 70 per cent is the literacy rate in the diocesan territory.

ബിഷപ് റോബർട്ട് കെർകെത്ത യുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ശുശ്രൂഷ ഏറ്റെടുത്തത്. വളരെ പ്രതിസന്ധികൾ നിറഞ്ഞ ഒരു സേവനരംഗമായിരുന്നു അത്. രൂപതാ വൈദികരും സ്പേഷ്യൽസും തമ്മിൽ കടുത്ത സംഘർഷം അവിടെ നിലനിന്നിരുന്ന കാലം.ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് തൻ്റെ സേവനം പൂർത്തീകരിക്കാൻ അച്ചന് കഴിഞ്ഞത് ചിട്ടയായ പ്രാർത്ഥനാ ജീവിതവും, ദൈവാശ്രയവും കൈമുതലായി ഉണ്ടായിരുന്നതിനാലാണ്. “താൻ ആരെയും കബളിപ്പിക്കുകയല്ല എന്ന് ” ജീവിതം കൊണ്ടും കഠിനാദ്ധ്യാനം കൊണ്ടും കാണിച്ചു കൊടുക്കാൻ കഴിഞ്ഞു. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ അവരെക്കൂടെ യോജിപ്പിച്ച് മുന്നോട്ടു പോകാം എന്നായിരുന്നു അച്ചൻ ചിന്തിച്ചിരുന്നത്. അച്ചൻ്റെ എളിമയ്ക്കു മുമ്പിൽ പലരും പരാജയം സമ്മതിച്ച് പിന്മാറുകയായിരുന്നു.


(വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് ഒപ്പം)



ഷിലോഗ് അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയായ മൗളായിയിലേയ്ക്ക് അധികാരികളുടെ നിർദ്ദേശപ്രകാരം വികാരിയായി 1991-ൽ നിയോഗിക്കപ്പെട്ടു. വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ഷിലോഗ് സന്ദർശനത്തിനു ശേഷം ഏറ്റവുമധികം ആളുകൾ കത്തോലിക്കാ വിശ്വാസം തേടിവന്ന സമയമായിരുന്നു അത്. അച്ചൻ്റെ കഠിനാദ്ധ്യാനം കൊണ്ട് ഇതാപത്തിയഞ്ചിലധികം പുതിയ ക്രൈസ്തവ സമൂനങ്ങൾ ആരംഭിക്കുന്നതിന് കഴിഞ്ഞു. അവയിൽ പലതും ഇന്ന് ആയിരത്തിലധികം വിശ്വാസികളുള്ള സമൂഹങ്ങളാണ്.

നീണ്ട പതിമൂന്ന് വർഷത്തെ ഇടവക ശുശ്രൂഷയിലൂടെ ഇരുപതിനായിരത്തിലധികം മാമ്മോദീസാകൾ, അയ്യായിരത്തിലധികം വിവാഹങ്ങൾ എന്നിവ ആശീർവദിക്കാൻ കഴിഞ്ഞു. തൻ്റെ ആരോഗ്യം പോലും മറന്നു കൊണ്ട് സുവിശേഷവൽക്കരണത്തിനായി ജ്വലിച്ചു പ്രവർത്തിച്ച നാളുകളായിരുന്നു അത്.

ഗ്രാമീണമായ വില്ലേജുകളിലും മറ്റുമായി വ്യാപിച്ചുകിടന്നിരുന്ന സ്ഥലങ്ങളിലേയ്ക്ക് യാത്ര നടത്തിയിരുന്നത് ബൈക്കിലായിരുന്നു. വല്ലപ്പോഴുമൊക്കെ പട്ടി വട്ടംചാടി ചെറിയ അപകടങ്ങൾ ഒഴിച്ചാൽ കാര്യമായി ഒന്നും സംഭവിക്കാതെയിരുന്നത് ദൈവപരിപാലനയായി തിരിച്ചറിയുന്നു.

അതിനുശേഷം നൊവിഷേറ്റ് വിദ്ധ്യാർത്ഥികളുടെ പരിശീലന കേന്ദ്രമായ സണ്ണിസൈഡിലേയ്ക്ക് കുമ്പസാരക്കാരനായി നിയോഗിക്കപ്പെട്ടു. 2003-2008 ഉള്ള കാലഘട്ടത്തിനിടയിൽ നൊവിഷേറ്റ് വിദ്ധ്യാർത്ഥികൾക്ക് ആത്മീയതയുടെ പടവുകൾ കാണിച്ചു കൊടുക്കാനും സലേസ്യൻ ജീവിതക്രമം അഭ്യസിപ്പിക്കാനും അച്ചൻ കാണിച്ച തീഷ്ണത സെമിനാരി പരിശീലന രംഗത്തുള്ളവർക്ക് മാതൃകയാണ്. ഒപ്പം അൻപതു കിലോമീറ്റർ അകലെയുള്ള ചിറാപുഞ്ചി ഇടവക ദൈവാലയത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചു. സൗകര്യങ്ങൾ കുറവായിരുന്ന അവിടെ നിലവിലുള്ള പല കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. റെക്ടർ മേജറായിരുന്ന ഫാ. പസ്കുവൽ വി. ചാവസ് തൻ്റെ ശുശ്രൂക്ഷയ്ക്ക് ശേഷം സന്ദർശനം നടത്തിയപ്പോൾ അതിൻ്റെ വെഞ്ചരിപ്പ് നിർവ്വഹിച്ചു.



2008-2014 വരെ ചിറാപുഞ്ചി ഇടവകയുടെ വികാരിയായി ശുശ്രൂഷ നിർവ്വഹിച്ചു. ഷിലോഗ്ഗ് അതിരൂപതയിലെ ഏറ്റവും പഴക്കം ചെന്ന ഇടവകയാണ് ചിറാപുഞ്ചി. പ്രൊട്ടസ്റ്റസ്റ്റുകാരും ബാപ്റ്റിസ്റ്റുകളും ഉൾപ്പെടെ വലിയ ഒരു വിഭാഗത്തിൻ്റെ നടുവിൽ കത്തോലിക്കാ വിശ്വാസത്തിൻ്റെ മേന്മ കാണിച്ചു കൊടുക്കാനും എല്ലാവരെയും സഹകരിപ്പിക്കാനും കഴിഞ്ഞു. ബംഗ്ലാദേശിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ വിശ്വാസത്തിൻ്റെ തിരി കത്തിക്കാൻ കഴിഞ്ഞു. ചിറാപുഞ്ചിയിലെ മഴയോടും മഞ്ഞിനോടും പടവെട്ടി ടൂറിംഗിനായി (കിലോമീറ്റുകൾ ദൂരെയുള്ള വില്ലേജുകളിലേയ്ക്ക് വർഷത്തിലൊരിക്കൽ സുവിശേഷവൽക്കരണമായി നടത്തുന്ന സന്ദർശനം)ഗ്രാമങ്ങൾ തോറും സന്ദർശനം നടത്തി.
എല്ലാ സ്ഥലങ്ങളിലും പരിശുദ്ധ കുർബാനയോടും, പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിപ്രരിപ്പിക്കുന്നതിനായി ആഘോഷമായ പ്രദക്ഷിണങ്ങൾ നടത്തി. “ജിഗ്നാസ്സെ” പോലുള്ള ഭക്താഭ്യാസങ്ങൾ , ( നമ്മുടെ നാട്ടിലെ കുടുംബകൂട്ടായ്മ ) ഭവന സന്ദർശനം, വ്യക്തിപരമായ ബന്ധം, സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടൽ എന്നിവയിലൂടെ അനേകമാളുകളെ ആത്മീയമായും ഭൗതീകമായും ഉണർത്താൻ കഴിഞ്ഞു.

(മാതാവിൻ്റെ തിരുസ്വരൂപവുമായി ആഘോഷമായ പ്രദക്ഷിണം നടത്തുന്നു)

2015 മുതൽ സേക്രട്ട് ഹാർട്ട് തിയോളജി കോളേജിൽ സെമിനാരിക്കാതടെ ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. പ്രാർത്ഥനയിൽ ഊന്നിയ ആത്മീയ പരിശീലനമാണ് ശാശ്വതമായുള്ളത് എന്ന് പുതിയ തലമുറയിലെ വൈദിക വിദ്യാർത്ഥികളെ സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കാൻ യേശുവിനെ സ്വന്തമാക്കുകയും, യേശു സ്വന്തമാക്കകയും ചെയ്ത വൈദികന് ഇന്ന് വലിയ പ്രയാസമില്ല.

ഈ വാർദ്ധക്യത്തിലും ഉംഡൻ എന്ന സ്ഥലത്ത് ഡിവൈൻ മേഴ്സിയുടെ നാമത്തിലുള്ള ദൈവാലയത്തിൻ്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. അതിനോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ആളുകൾക്ക് ഈ ദൈവാലയം ആശ്വാസമാകും.
മിഷൻ പ്രവർത്തനത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഫാ.ഗർവ്വാസീസ്. കേരളത്തിൽ നിന്നുള്ള ആദ്യകാല വൈദികരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളാണ് അച്ചൻ. പ്രാർത്ഥന ജീവിതത്തിൽ അടിയുറച്ച്, ദാരിദ്രത്തിലൂന്നി ദൈവാശ്രയത്തോടെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ട് നടത്തിയ പരിശ്രമവും പരീക്ഷണവുമാണ് ഈ മിഷനറി ജീവിതത്തെ വിജയത്തിലെത്തിച്ചത്.

നോർത്ത് ഈസ്റ്റിലേക്ക് ഇറ്റലിയിൽ നിന്നും വന്ന ആദ്യകാല മിഷനറിമാർക്കൊപ്പം നടന്ന് അവരുടെ ശൈലികളായ എളിമ, സ്നേഹം, കരുണ, വിശുദ്ധി എന്നിവ പരിശീലിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി. വില്ലേജുകൾ സന്ദർശിക്കുന്ന അവസരങ്ങളിൽ പലപ്പോഴും ഒന്നിച്ച് മുറിയിൽ പരിമിതമായ സാഹചര്യത്തിൽ ജീവിച്ച അനുഭമുണ്ട്. ദൈവ ദാസനായ ഫാ.വെന്ത്രാനോ, ബിഷപ്പ് മറേൻ ഗോ, ബിഷപ്പ് റോസേരിയോ, ബിഷപ്പ് ലൂയിസ് മത്തിയാസ് എന്നിവരിൽ കണ്ട സുവിശേഷവൽക്കരണത്തിൻ്റെ കനലാണ് ഇന്നും ഗർവ്വാസീസ് അച്ചനിൽ ജ്വലിക്കുന്നത്.

കഴിഞ്ഞ എഴുപതു വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മിഷനറി ദൈവവിളിയുടെ അർത്ഥവും മാനവും ദൈവസന്നിദ്ധിയിൽ എത്രമാത്രം വിലപ്പെട്ടതാണെന്ന് അച്ചൻ അനുഭവിച്ചറിയുന്നു.
“പൗരോഹിത്യമെന്നാൽ ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള സമ്പൂർണ്ണ സമർപ്പണമാണെന്ന് “
ലോകത്തിനു കാണിച്ചുകൊടുത്ത ഗർവ്വാസീസ് അച്ചൻ്റെ ജീവിക്കുന്ന ഓർമ്മകളിലൂടെ കടന്നു പോകുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് ഇത് വലിയ പ്രചോദനമാണ്.
“ഭാരതമേ നിൻ്റെ രക്ഷ നിൻ്റെ മക്കളിൽ”
എന്ന വി.ജോൺ പോൾ പാപ്പയുടെ സ്വപ്നം പൂവണിയാൻ ഇനിയും അനേക മിഷനറി ദൈവവിളികൾ കേരള മണ്ണിൽനിന്ന് പിറക്കേണ്ടതുണ്ട്. അവർക്കായി ഈ മണ്ണും,ജനതയും, വിളവും മഴയ്ക്കായി കേഴുന്ന വേഴാമ്പൽ പോലെ കാത്തിരിക്കുന്നു.

കാഞ്ഞിരപ്പള്ളി രൂപതാംഗമാണ്ഫാ .റോബിൻ പേണ്ടാനത്ത്. ഷിലോഗിലെ സേക്രട്ട് ഹാർട്ട് സെമിനാരിയിൽ നിന്ന് മത പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും, ആസ്സാമിലെ ഡോൺ ബോസ്കോ യൂണിവേഴ്സിറ്റിയിൽ സാമൂഹിക പ്രവർത്തനത്തിൽ ഗവേഷണവും നടത്തുന്നു.