
ഫാദർ ജോസ് മണിപ്പാറയുടെ വേർപാടിന് 8 വർഷംപൂർത്തിയായി .
അഡ്വ .മനോജ് എം കണ്ടതിൽ .

മലയോരത്തിന്റെ മനുഷ്യ സ്നേഹിയായ സമര നായകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും ആയിരുന്ന ഫാ: ഡോ: ജോസ് മണിപ്പാറയുടെ വേർപാടിന്റെ കണ്ണീരോർമ്മയ്ക്കിന്ന് എട്ടാണ്ട്പൂർത്തിയായി.
മലയോര ജനതയുടെ ഏത് ആവശ്യത്തിനും രാപ്പകൽ വ്യത്യാസമില്ലാതെ അവരുടെ മുന്നണി പോരാളിയായി ഫാ: മണിപ്പാറ എന്നും എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു
മണിപ്പാറയച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഇരിട്ടി കടത്തം കടവ് ചക്കരക്കുട്ടൻ ബാലസദനം (ഇന്നത് മൈത്രി ഭവൻ വ്യദ്ധസദനമായി മാറിയിരിക്കുന്നു)
എടൂർ, പെരുമ്പുന്ന എന്നിവിടങ്ങളിലെ മൈത്രീ ഭവൻ വൃദ്ധസദനം എന്നിവ ഇന്നും മണിപ്പാറയച്ചന്റെ മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും മധുരിക്കുന്ന ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന കെടാവിളക്കായി തലയെടുപ്പോടെ നാടിന്റെമാതൃകാ സ്ഥാപനമായി നിലനിൽക്കുന്നു
ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പം സാഹിത്യത്തിലും തന്റെതായ കയ്യൊപ്പ് ചാർത്താൻ അദ്ധേഹത്തിന് സാധിച്ചിരുന്നു. ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കിയ അദ്ധേഹം “കരിമ്പാലരുടെ നാടോടി സംസ്ക്കാരം ” എന്ന വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി
നോവൽ, ചെറുകഥ, കവിത, ജീവ ചരിത്രം, വിജ്ഞാന സാഹിത്യം, ലേഖനങ്ങൾ, കുറിപ്പുകൾ എന്നീ സാഹിത്യ ശാഖ കളിലായി പതിനാറോളം കൃതികൾ മണിപ്പാറയച്ചൻ രചിച്ചിട്ടുണ്ട്
2009ൽ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മാനവശ്രേഷ്ഠ അവാർഡും 2010, 2011 വർഷങ്ങളിലായി ഉത്തരകേരള സാഹിത്യ വേദിയുടെ തുഞ്ചൻ അവാർഡും, ബാലാമണിയമ്മ സ്മാരക അവാർഡും മണിപ്പാറയച്ചനെ തേടിയെത്തിയിട്ടുണ്ട്
ആരുമില്ലാത്ത അനാഥബാല്യങ്ങൾക്ക് തണലായി
ജീവിത ദുരിതക്കടലിൽ കരൾ പിടയുന്നവന്റെ കരം പിടിച്ച് കണ്ണീരൊപ്പാനും തന്റെ വൈദിക സേവനം ആശയറ്റവന്റെ പ്രതീക്ഷയുടെ പ്രതീകമായി ജീവിതാവസാനം വരെ ഉയർത്തിപ്പിടിച്ച മലയോരത്തിന്റെ മനുഷ്യസ്നേഹിയായ ആ വലിയ മനുഷ്യന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം…… 🌹