
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിന്റെ വിതരണം ഭാരതത്തിലും ആരംഭിച്ചു
മുംബൈ: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേലി തൂത്തി’ അഥവാ ‘എല്ലാവരും സഹോദരങ്ങള്‍’ ഭാരതത്തിലും വിതരണം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പ്രസിദ്ധീകരണശാലയായ ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ഇംഗ്ലീഷ് പരിഭാഷയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്.

മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വിതരണത്തിന് തുടക്കം കുറിച്ചത്. പൊതുഭവനമായ നമ്മുടെ ഭൂമിയില്‍ എല്ലാ മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തില്‍ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഒരു സംസ്കാരം വളര്‍ത്തേണ്ടത് ഭൂമിയുടെ നിലനില്പിനുതന്നെ അനിവാര്യമാണെന്ന് പ്രസിദ്ധീകരണത്തിന്‍റെ ആദ്യപ്രതി പ്രദര്‍ശിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആഹ്വാനം ചെയ്തു.

എന്നെയും എന്‍റേതും എന്ന വ്യക്തിമാഹാത്മ്യവാദം ജീവിതത്തില്‍നിന്നും മാറ്റി, അപരനോടു പരിഗണനയുള്ള ജീവിതശൈലി ഉള്‍ക്കൊള്ളണമെന്ന് പാപ്പ തന്‍റെ ചാക്രികലേഖനത്തില്‍ ഉദ്ബോധിപ്പിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ഗ്രേഷസ് പറഞ്ഞു. മഹാമാരിയുടെ കെടുതിയിലും മറ്റു കാരണങ്ങളാലും പതറിനില്ക്കുന്ന മാനവികതയെ സാഹോദര്യത്തിലേയ്ക്കും സാമൂഹിക സൗഹാര്‍ദ്ദത്തിലേയ്ക്കും ക്ഷണിക്കുന്ന പാപ്പയുടെ പ്രബോധനത്തെ പിന്‍തുണച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇന്ത്യന്‍ പതിപ്പിന്‍റെ പ്രസിദ്ധീകരണം പുറത്തുവിടുന്നതെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവനയില്‍ കുറിച്ചു.