
ഇന്ധന വില പത്താം ദിനവും വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്നു. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയും കൂട്ടി. തിങ്കളാഴ്ച എണ്ണ കമ്പനികൾ പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു. ഇതോടെ 10 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന് 5.48 രൂപയും ഡീസലിന് 5.51രൂപയുമാണ് വർധിച്ചത്.
82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ് വില വർധിപ്പിക്കാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ വർധനയാണ് ഇന്ധനവില കൂട്ടാൻ കാരണമായി പറയുന്നത്. എന്നാൽ, വില കുത്തനെ കുറഞ്ഞപ്പോൾ ഇതിെൻറ ആനുകൂല്യം ഉപയോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തയാറായിരുന്നില്ല.