എനിക്ക് ഏറ്റവും യോജിച്ച ഒരു ജീവിത പങ്കാളിയെ എനിക്കായി ഒരുക്കിയ നല്ല ദൈവമേ! അങ്ങയുടെ അനന്ത കാരുണ്യത്തിന് നന്ദി!”
വിവാഹം ഉറപ്പിക്കൽ
ഓഗസ്റ്റ് 15: ഭാരത സ്വാതന്ത്ര്യദിനം. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ.
1995ലെ ഈ സുന്ദര ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു
. അന്നാണ് ഞങ്ങളുടെ വിവാഹം ഔപചാരികമായി ഉറപ്പിച്ചത്.
“ചായ കുടി” കഴിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു ഈ വിവാഹം മതി എന്ന്.
കാരണം നമ്മുടെ ചങ്ക് ഈശോ അടയാളം തന്നതാണല്ലോ. എന്നാൽ എന്റെ അച്ഛനും സുനിയുടെ മാതാപിതാക്കളും ഇതൊന്നും അറിയുന്നില്ലല്ലോ! അതിനാൽ അവർ ആലോചനകൾ തുടർന്നു. അച്ഛൻ എല്ലാ ദിവസവും അഡ്വർടൈസിംഗ് സ്ഥാപനം ( ഇന്നത്തെ ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളുടെ പൂർവ്വ രൂപം) അയച്ചു തന്ന ആലോചനകളിൽ നല്ലതുനോക്കി കത്ത് എഴുതി തുടങ്ങി.
നമ്മുടെ ചങ്ക് പറഞ്ഞ ഉറപ്പിൽ ഈ കാര്യം തീരുമാനം ആയിട്ട് പോരേ എന്ന് ചോദിച്ചപ്പോൾ അച്ഛൻ തിരിച്ച് ഒരു ചോദ്യം: “അതിന് നിനക്ക് MBBS മാത്രമല്ലേ ഉള്ളൂ? വല്ല പി.ജി.ക്കാരും വന്ന് അവളെ കണ്ടാൽ പിന്നെ നിനക്ക് അവർ പെണ്ണ് തരുമോ?”സുനിയാകട്ടെ അതിന് ശേഷം മൂന്നു പേരെ കൂടി എങ്കിലും ചായ കുടിപ്പിച്ചു എന്ന് പിന്നീട് ( വിവാഹശേഷം) അറിഞ്ഞു. അതിൽ ചിലരൊക്കെ പി.ജി.യൊക്കെയുളള ചുളളൻ ഡോക്ടർമാർ. എന്തായാലും ആ ടെൻഷൻ അധികം നീണ്ടു പോകാൻ നമ്മുടെ ചങ്ക് അനുവദിച്ചില്ല.
എന്റെ വീട് വന്നു കണ്ട് ഇഷ്ടമായാൽ ആലോചനയുമായി മുന്നോട്ട് പോകാം എന്ന് സുനിയുടെ മാതാപിതാക്കൾ അറിയിച്ചു.അച്ചന്റെ അടുത്ത ടെൻഷൻ അതായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന അവർക്ക് മലപ്പുറം ജില്ലയിലെ ഓണംകേറാമൂലയായ മാലാപറമ്പിലെ വീടും പരിസരവും ഇഷ്ടപ്പെടുമോ?
സത്യത്തിൽ, ഇന്ന് ആരും കൊതിക്കുന്ന ഒരു ഫാം ഹൗസ് പോലെ മനോഹരമാണ് ഞങ്ങളുടെ വീടും പറമ്പും. നരിക്കുഴി എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുന്നിൻ ചെരുവിൽ തെങ്ങും റബ്ബറും കശുവണ്ടിയും കപ്പയും കാപ്പിയും കുരുമുളകും ആട് കൃഷിയും ഒക്കെയുളള ഒരു സുന്ദരൻ ഫാം ഹൗസ്! പ്രകൃതി സൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ഇടത്രച്ചോലയും മാമാങ്ക ചരിത്രത്തിൽ ചാവേറുകൾ മാലയിടുന്ന (മാലയിട്ട പറമ്പ് ലോപിച്ച് മാലാപറമ്പ് ആയി എന്ന് ചരിത്രം) ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലുളള കാളീക്ഷേത്രവും ടിപ്പുവിന്റെ പടയോട്ടം ഓർമ്മിപ്പിക്കുന്ന പാലൂർകോട്ടയും അവിടെ നിന്നും നോക്കിയാൽ കാണുന്ന നെൽപ്പാടങ്ങൾ നിറഞ്ഞ പുഴക്കാട്ടിരിയും അതിരാവിലെ കിഴക്കൻ ചക്രവാളം സിന്ദൂരമണിയുമ്പോൾ കാണുന്ന സഹ്യന്റെ രേഖാചിത്രവും വള്ളുവനാടൻ ചരിത്രം ഉറങ്ങുന്ന അങ്ങാടിപ്പുറവും ഭക്തകവിയുടെ പൂന്താനം ഇല്ലവും എല്ലാം തൊട്ടടുത്തുളള എന്റെ ജന്മഗൃഹം.എങ്കിലും മകൾ പാർക്കേണ്ട വീടിനെക്കുറിച്ച് തലസ്ഥാനവാസികളായ സുനിയുടെ മാതാപിതാക്കൾക്ക് ഒരു കൺസെപ്റ്റ് ഉണ്ടാകുമല്ലോ! അത് യോജിക്കാതെ വന്നാലോ എന്ന ചിന്ത ആണ് അച്ഛൻ പങ്കു വെച്ചത്. അത് എന്തായാലും വലിയ പ്രശ്നമായില്ല.
അവർ വന്നു കണ്ട ശേഷം പറഞ്ഞത് ചാലക്കുടി പരിയാരത്തുളള തങ്ങളുടെ തറവാട്ടിലോ, മൂത്ത മകളുടെ ഭർതൃഗൃഹമായ കുറവിലങ്ങാടോ എത്തിയ പ്രതീതിയാണ് എന്നാണ്.അങ്ങനെ അവർ ഓഗസ്റ്റ് 15-ആം തീയതി ബന്ധുക്കളുമായി വീണ്ടും വന്ന് വിവാഹം ഉറപ്പിച്ചു.
തീയതി ഒക്കെ നിശ്ചയിച്ചു. ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ ആരോ മെല്ലെ സൂചിപ്പിച്ചു, മദ്യം വിളമ്പാത്തത് എന്തേ എന്ന്. ഞാൻ പറഞ്ഞു, ഞാൻ മദ്യപിക്കില്ല എന്ന്. അവർക്ക് അത് അത്ഭുതമായി.പിരിയാൻ സമയമായപ്പോൾ ഞാൻ ഒരു കാര്യം ഓർമ്മിപ്പിച്ചു. സുനിയുടെ ഫോട്ടോ വേണം. ( ഇപ്പോഴത്തെ പോലെ ചെക്കന്റെ വീട് കാണൽ, കല്യാണം ഉറപ്പിക്കൽ മുതലായ ചടങ്ങുകൾക്ക് പെണ്ണ് പോകുന്ന പതിവ് അന്ന് ഉണ്ടായിരുന്നില്ല).
അപ്പോൾ സുനിയുടെ മമ്മി ആ ഫോട്ടോ എടുത്ത് തന്നു.അവർ ഇറങ്ങിയ ഉടനെ ഞാൻ തിരുവനന്തപുരത്തേക്ക് എസ്.ടി.ഡി. വിളിച്ചു. പതിവ് പോലെ ചേച്ചി ഫോൺ എടുത്തു. ടോണിയാണ് എന്ന് പറഞ്ഞതും ചേച്ചി ഫോൺ സുനിക്ക് നൽകി. “കല്യാണം ഉറപ്പിച്ചു, ഫോട്ടോ കിട്ടി, അവർ ഇറങ്ങി” എന്ന് പറഞ്ഞു. അധികം സംസാരിക്കാതെ “ഇവർ കളിയാക്കുന്നു”എന്ന് പറഞ്ഞ് സുനി ഫോൺ വെച്ചു.
വാൽക്കഷണം: സുനിയുടെ ഫോട്ടോ കണ്ട പെങ്ങൻമാർ എന്നെ വളഞ്ഞു ചോദിച്ചു: ” ഈ കുട്ടിക്ക് മുടി നല്ലതുപോലെ ഉണ്ടോ എന്ന് ചോദിച്ചിട്ട് നീ കണ്ടില്ല അല്ലേ? പിന്നെ നീ എന്താടാ കണ്ടത്?”*വിവാഹ ശേഷം ചേച്ചിമാർ സുനിയോട് ഈ കഥ പറഞ്ഞപ്പോൾ സുനി പറഞ്ഞു: “എന്റെ പ്ളസ് പോയന്റ് തഴച്ചു വളരുന്ന എന്റെ മുടി ആയതിനാൽ ഞാൻ മന:പൂർവ്വം അത് മുന്നിലേക്ക് ഇട്ടാണ് അന്ന് നിന്നത്! എന്നിട്ടും ടോണി അത് കണ്ടില്ല അല്ലേ!” “എന്‍െറ പ്രിയേ, നീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്‍െറ കണ്ണുകള്‍ ഇണ പ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്ക് ഇറങ്ങി വരുന്ന കോലാട്ടിൻ പറ്റത്തെപ്പോലെയാണ് നിന്‍െറ കേശഭാരം.” ഉത്തമഗീതം 4 : 1
എനിക്ക് ഏറ്റവും യോജിച്ച ഒരു ജീവിത പങ്കാളിയെ എനിക്കായി ഒരുക്കിയ നല്ല ദൈവമേ! അങ്ങയുടെ അനന്ത കാരുണ്യത്തിന് നന്ദി!”*
Suny Tony
റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി & പ്രൊഫസർ,
ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഇടുക്കി.
ഭർത്താവ് : ഡോ. ടോണി ജോസഫ്,
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ,
ജനറൽ ആശുപത്രി തൃശ്ശൂർ.
മകൾ : റോസ് മരിയ,
+1 വിദ്യാർത്ഥിനി,
നിർമ്മല മാതാ സെന്ട്രൽ സ്കൂൾ, തൃശ്ശൂർ.
45Santimon Jacob, Jaimon Kumarakom and 43 others11 comments1 share