ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഹാഗിയ സോഫിയയുടെ ചരിത്രവും വളച്ചൊടിച്ചു.
കോട്ടയം: കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ ഒഴിവാക്കിയതുപോലെ, ആയിരത്തിലധികം വർഷം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്ന തുർക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിൾ (ഇപ്പോൾ ഇസ്താംബൂൾ) ചർച്ച് ഓഫ് ദ ഹോളി വിസ്ഡം എന്നറിയപ്പെടുന്ന ഹാഗിയ സോഫിയ എന്ന ദേവാലയത്തിന്റെ ചരിത്രത്തെയും വളച്ചൊടിച്ചു.സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) തയാറാക്കിയ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ “യൂറോപ്പ് പരിവർത്തന പാതയിൽ’എന്ന ആദ്യ അധ്യായത്തിലാണ് ഹാഗിയ സോഫിയയുടെ ചരിത്രം തമസ്കരിച്ചിരിക്കുന്നത്.
മനോഹരമായ വാസ്തുവിദ്യയുടെ ഉദാത്തമാതൃകയാണ് ഹാഗിയ സോഫിയ എന്നു പറയുന്നുണ്ടെങ്കിലും ഇതൊരു ക്രൈസ്തവ ദേവാലയമായിരുന്നുവെന്നു സൂചിപ്പിക്കാൻപോലും പാഠപുസ്തക രചനാസമിതി തയാറായിട്ടില്ല. പകരം ഇതൊരു ചരിത്രസ്മാരകം മാത്രമായിരുന്നുവെന്ന് ഒഴുക്കൻമട്ടിൽ പ്രതിപാദിച്ചു ചരിത്രത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമിച്ചിരിക്കുന്നത്.ഈ സ്മാരകം ആറാം നൂറ്റാണ്ടിലാണു പണികഴിപ്പിച്ചതെന്നും തുർക്കിയിൽ ഒരു ചരിത്രമ്യൂസിയമായി നിലനിർത്തിയിരിക്കുന്നുവെന്നും പറയുന്നു. ചരിത്രത്തെ വളച്ചൊടിച്ചു സുപ്രധാന സംഭവങ്ങളെയും പ്രാധാന്യത്തെയും സത്യത്തെയും തമസ്കരിച്ചുകൊണ്ടാണു പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നത്.ബൈസന്റൈൻ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയർത്തിയ ഹാഗിയ സോഫിയ ക്രൈസ്തവലോകത്തിന്റെ വിശുദ്ധമായ പാരന്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളിൽ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രവുമായിരുന്നു.
എസ്സിഇആർടി ഡയറക്ടർ ഡോ. പി.എ. ഫാത്തിമയുടെ നേതൃത്വത്തിൽ അക്കാദമിക് കോ-ഓർഡിനേറ്ററായിരുന്ന ചിത്ര മാധവന്റെ കീഴിൽ ഡോ. അബ്ദുൾ റസാക്, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പി.എസ്. മനോജ്കുമാർ, എസ്. മഹാലിംഗം, ഡോ. എം. പ്രിയേഷ്, ഡോ. വേണുമോഹൻ തുടങ്ങിയ വിദഗ്ധരുടെ നിരയാണ് പാഠഭാഗം തയാറാക്കുന്നതിലുണ്ടായിരുന്നത്.
ഹാഗിയ സോഫിയയുടെ ചരിത്രംതുർക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിളിൽ പാത്രിയർക്കീസിന്റെ ഭദ്രാസനപ്പള്ളി (കത്തീഡ്രൽ) എന്ന നിലയിൽ നൂറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ഹാഗിയ സോഫിയ നിർമിച്ചത് ആറാം നൂറ്റാണ്ടിലാണ് (എഡി 537). ബൈസന്റൈൻ സാമ്രാജ്യത്തിന്റെ നിർമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്.എഡി 532നും 537 നുമിടയ്ക്കാണ് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി ദേവാലയം നിർമിച്ചത്. ഇതേ സ്ഥാനത്തു നിർമിക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. ഇവിടത്തെ ആദ്യ ദേവാലയം കോൺസ്റ്റന്റൈൻ രണ്ടാമൻ ചക്രവർത്തി എഡി 360 ലാണ് പണികഴിപ്പിച്ചത്.
1453ൽ മുഹമ്മദ് ദ് കോണ്‍ക്വറർ എന്നറിയപ്പെടുന്ന ഓട്ടോമൻ സുൽത്താൻ, കോണ്‍സ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ, ഹാഗിയ സോഫിയ അദ്ദേഹത്തിന്റെ അധീനതയിലായി.മുസ്ലിം മോസ്കായി മാറ്റിയ ഹാഗിയ സോഫിയ ഓട്ടോമൻ ഭരണകാലത്തിനുശേഷം അധികാരത്തിലെത്തിയ തുർക്കി ഭരണാധികാരികളാണ് മതേതരത്വം മുൻനിർത്തി മ്യൂസിയമാക്കിയത്. അക്കാലത്തെ ക്രൈസ്തവ വിശ്വാസികളുടെ വികാരംകൂടി കണക്കിലെടുത്തായിരുന്നു ആ തീരുമാനം.1935ൽ മ്യൂസിയമാക്കിയതോടെ അന്നു മുതൽ 2020 ജൂലൈ 10 വരെ എല്ലാ മതവിശ്വാസികൾക്കായും തുറന്നിട്ടിരിക്കുകയായിരുന്നു, ഹാഗിയ സോഫിയയുടെ കവാടം.1935ൽ മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ വീണ്ടും മോസ്ക് ആക്കണമെന്ന മുറവിളി തീവ്ര ഇസ്ലാമിക വാദികൾ നിരന്തരം ഉയർത്തിവന്നു. അതിന്റെ ഭാഗമായി ഒരു വിഭാഗം മുസ്ലിം സംഘടനകൾ കൗണ്‍സിൽ ഓഫ് സ്റ്റേറ്റ്സിൽ അപേക്ഷയും നൽകിയിരുന്നു.
ജോണ്സണ് വേങ്ങത്തടം.ദീപിക