
കനത്തമഴയും കാറ്റും തുടരും, ജാഗ്രത വേണം
Metbeat Weather Desk
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ (ഞായര്‍) ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ കനത്തമഴയും ശക്തമായ കാറ്റും തുടരും. കഴിഞ്ഞ ദിവസത്തെ പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നതുപോലെ ഈമാസം 22 ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും അതിശക്തമോ ചിലയിടങ്ങളില്‍ തീവ്രമോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് മഴക്കൊപ്പം മണിക്കൂറില്‍ 40 കി.മി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
മലയോര മേഖലകളില്‍ ജാഗ്രത വേണം
വടക്കന്‍ കേരളത്തിലാണ് അടുത്ത 2 ദിവസം മഴ കൂടുതല്‍ ശക്തമാകുക. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെയും ഇടുക്കിയിലും മലയോര മേഖലകളില്‍ ജാഗ്രത ചൊവ്വാഴ്ച വരെ തുടരണം. പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി, സൈലന്റ വാലി, മണ്ണാര്‍ക്കാട് മേഖലകളിലും അതിശക്തമായ മഴ അടുത്ത 48 മണിക്കൂറില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ തീരദേശം ഉള്‍പ്പെടെ കനത്തമഴ സാധ്യത അടുത്ത 48 മണിക്കൂര്‍ തുടരും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശങ്ങളില്‍ മഴ മറ്റു മേഖലകളെ അപേക്ഷിച്ച് കുറവായിരിക്കും. തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ജില്ലയുടെ തീരദേശത്ത് ഒറ്റപ്പെട്ട കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് ജില്ലയില്‍ മിക്കയിടത്തും കനത്തമഴയുണ്ടാകും. വയനാട്ടിലും കനത്തമഴ പ്രതീക്ഷിക്കാം. എറണാകുളം ജില്ലയുടെ കിഴക്ക് കനത്തമഴ തുടരും. ഇടുക്കിയില്‍ എല്ലായിടത്തും ശക്തമോ അതിശക്തമോ ആയ മഴക്കാണ് സാധ്യത. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മലയോര മേഖലകളില്‍ കനത്ത മഴ തുടരാനാണ് സാധ്യത.
കടലിലും കാറ്റിന് സാധ്യത
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45-55 കി.മി വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ നാളെ (ഞായര്‍) വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടല്‍ ഈ മേഖലകളില്‍ പ്രക്ഷുബ്ധമാകും. പടിഞ്ഞാറന്‍ കാറ്റിന് 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയുണ്ടാകും. കനത്തമഴയും കാഴ്ചാപരിധി കുറവുമായിരിക്കും.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍,ജില്ലാ ഭരണകൂടങ്ങള്‍ , പൊലിസ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണ ഏജന്‍സി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

കാലാവസ്ഥാ പ്രവചനങ്ങള്‍ ഗൗരവത്തിലെടുക്കുകയും മുന്നറിയിപ്പുകള്‍ പാലിക്കുകയും ചെയ്യുക.
പലയിടത്തും പ്രാദേശിക വെള്ളക്കെട്ടുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവരും മറ്റും ജാഗ്രത പാലിക്കുക.

പുഴകളില്‍ മലവെള്ളപ്പാച്ചിലിനും കുത്തൊഴുക്കിനും സാധ്യതയുള്ളതിനാല്‍ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ഡാമുകള്‍ തുറക്കാന്‍ സാധ്യതയുള്ള മേഖലകളിലുള്ളവരും നിര്‍ദേശങ്ങള്‍ പാലിക്കണം. കുട്ടികളെ വെള്ളക്കെട്ടിലേക്ക് പോകാതെ ശ്രദ്ധിക്കുക. പുഴയോരത്തും മറ്റും സെല്‍ഫി എടുക്കാനോ കാഴ്ചകാണാനോ പോകാതിരിക്കുക.

മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചാല്‍ അമാന്തിക്കാതെ അനുസരിക്കുക.

ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. കാലാവസ്ഥാ വകുപ്പ്, മറ്റ് ഏജന്‍സികള്‍ നല്കുന്ന കാലാവസ്ഥാ വിവരങ്ങള്‍ മനസിലാക്കിവയ്ക്കണം.