വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം

Share News

ഹൃദയത്തിൽ തട്ടിയ എഴുത്ത്എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഏലിയാസ് സാറിനെപ്പറ്റി അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഡോക്ടർ ലിസ Liza Thomas എഴുതിയ കുറിപ്പ്. സാറിനെ അറിയുന്നവർക്ക് കണ്ണുനീരോടെയല്ലാതെ വായിച്ചു തീർക്കാൻ പറ്റില്ല.നല്ല അധ്യാപകനുമപ്പുറം അമ്മായിയച്ഛനിൽ നിന്നും സ്വന്തം”ഡാഡി” യായി വളരാൻ അധികം ആളുകൾക്ക് സാധിക്കാറില്ല. പൊതുരംഗത്ത് ഏറെ നല്ലവരായ പരും വ്യക്തി ജീവിതത്തിൽ മുരാച്ചികളായും കണ്ടിട്ടുണ്ട്. മഹത്തായ ഇന്ത്യൻ അടുക്കളയുടെ കാലത്ത് മരുമകളുടെ ഈ കുറിപ്പ് കൂടുതൽ പ്രസക്തമാണ്.ലിസ നന്നായി എഴുതി. ഇനി സാർ ജീവിക്കുന്നത് നമ്മുടെ ഓർമ്മകളിലൂടെയും അത് പകരുന്ന വാക്കുകളിലൂടെയും ആണ്.

മുരളി തുമ്മാരുകുടി

*അമ്മായിയച്ഛൻ*-

ഡോ. ലിസ തോമസ്കോതമംഗലം ചേലാട് മറ്റമന ഗീവർഗീസ് കത്തനാരുടെ മൂത്ത മകൻ ഏലിയാസ് കണക്കിൽ മിടുമിടുക്കൻ ആയിരുന്നു. Trivandrum Engineering College-ൽനിന്നും BSc Engineering(Civil)-ഉം Bangalore IISC-യിൽനിന്നും Structural Engineering-ൽ M.E.-യും കരസ്ഥമാക്കിയതിനുശേഷം M.A. College of Engineering-ലെ അദ്ധ്യാപകനും Dept. of Civil Engineering-ന്റെ തലവനും ആയി സേവനം അനുഷ്ഠിച്ച്, ഇടക്കാലത്ത് MACE-ന്റെ Principal സ്ഥാനവും വഹിച്ച്, Member of Institution of Engineers (M.I.E.) എന്ന പദവിയും അലങ്കരിച്ച് 1994-ൽ വിരമിച്ച Prof. Aleyas Varghese Mattamana എന്ന വ്യക്തിയെക്കുറിച്ച് ഞാൻ ചെറുപ്പം മുതലേ കേട്ടിട്ടുണ്ട്, കാരണം അദ്ദേഹം കുടുംബപരമായും വ്യക്തിപരമായും എന്റെ മാതാപിതാക്കന്മാരുമായും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധമുള്ള ആളായിരുന്നു. കോതമംഗലത്ത് മാത്രമല്ല, കേരളത്തിലുടനീളവും കേരളത്തിനുപുറത്തും ഭവനങ്ങൾ, കെട്ടിടസമുച്ചയങ്ങൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാലങ്ങൾ, അണക്കെട്ടുകൾ തുടങ്ങി നിരവധി നിർമ്മാണപ്രവർത്തനങ്ങളിൽ തന്റെ പ്രാവീണ്യം ഉപയോഗപ്പെടുത്തുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തി! സ്വദേശത്തും വിദേശത്തും എവിടെ ചെന്നാലും അദ്ദേഹത്തെ തിരിച്ചറിഞ്ഞു ബഹുമാനിക്കുന്ന വിദ്യാർത്ഥികൾ! Civil Engineering-ൽ അവസാനവാക്ക് (courtesy to Muralee Thummarukudy) എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം! കൂടാതെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വിലയേറിയ സംഭാവനകൾ നൽകിയ മഹാനുഭാവൻ! അതുകൊണ്ടുതന്നെ ഒട്ടൊരു ഭയം കലർന്ന ബഹുമാനത്തോടെയാണ് 1995 ഏപ്രിൽ 30-ന് അദ്ദേഹത്തിന്റെ ഇളയ മകന്റെ ഭാര്യയായി, അദ്ദേഹത്തിന്റെ ഇളയ മരുമകളായി ഞാൻ ആ ഭവനത്തിൽ പ്രവേശിച്ചത്.

*വാത്സല്യം മുഖമുദ്ര*

വാത്സല്യമാണ് ഡാഡിയുടെ മുഖമുദ്ര. എല്ലാവരോടും അടുപ്പം സൂക്ഷിച്ചിരുന്നു. ഡാഡിയുടെ മക്കൾ Prof. Dr. Binoy Aleyas( Binoy A. Mattamana ) & Cdr Bijoy Aleyas( Bijoy Aleyas ) , മരുമക്കൾ Dr. Elizabeth Varghese ( Elizabeth Varghese ) & Dr. Liza Thomas എന്ന ഞാൻ, കൊച്ചു മക്കൾ Arun Binoy & Diya Bijoy -എല്ലാവരും ആ അളവറ്റ വാത്സല്യം വേണ്ടുവോളം അനുഭവിച്ചവരാണ്. കൊച്ചു മക്കളിൽ അഗ്രജൻ എന്ന നിലയിൽ അരുണും ഇളയവൾ ആയ ദിയയും ഡാഡിയുടെ കണ്ണിലെ കൃഷ്ണമണികളായിരുന്നു. മനസ്സിൽ തോന്നിയ എന്തും തുറന്നു പറയാനുള്ള, എന്തിന്, അത്യാവശ്യം ഡാഡിയെ വഴക്കു പറയാനുള്ള സ്വാതന്ത്ര്യം ഡാഡി തന്നിരുന്നു. കളിയാക്കിയാലും തമാശപറഞ്ഞാലുമൊക്കെ ഡാഡി ആസ്വദിച്ചിരുന്നു. വിശേഷദിവസങ്ങളിൽ കൊച്ചു മോൾ ഉണ്ടാക്കിക്കൊടുക്കുന്ന വിഭവങ്ങൾ കഴിക്കുമ്പോൾ ഉള്ള സന്തോഷം കണ്ടാൽ ഇതുവരെ ഡാഡി അത്ര രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്ന് തോന്നും. അവൾ വാങ്ങിക്കൊണ്ടുവരുന്ന പുത്തൻ ഷർട്ടുകൾ ധരിക്കാനുള്ള ആവേശം കണ്ടാൽ ഇത്രയും നല്ല വസ്ത്രങ്ങൾ ഡാഡിക്ക് കിട്ടിയിട്ടില്ല എന്ന് തോന്നും….. നിരുപാധികവും അപരിമിതവുമായ പ്രശംസയും പ്രോത്സാഹനവും ഡാഡിയുടെ അടുത്തു നിന്നും കൊച്ചു മക്കൾക്ക് ഉറപ്പായിരുന്നു….

*പുത്തനച്ചിക്ക് വിദ്യാധനം*

എന്റെ വിവാഹസമയത്ത് സ്ത്രീധനം അഥവാ സ്ത്രീയുടെ ധനം വിദ്യാധനം മാത്രമാണെന്ന ഡാഡിയുടെ കാഴ്ചപ്പാടിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം പതിൻമടങ്ങ് വർദ്ധിച്ചു. വിവാഹം കഴിക്കുമ്പോൾ MBBS അവസാന വർഷ വിദ്യാർത്ഥിനിയായ എന്നെ പഠനം പൂർത്തിയാക്കി ബിരുദാനന്തര ബിരുദം എടുപ്പിച്ചു ജോലിയിൽ പ്രവേശിപ്പിക്കാനുള്ള എല്ലാ പ്രോത്സാഹനവും നൽകാനായിരുന്നു തുടക്കം മുതൽ ഡാഡി ശ്രമിച്ചത്. പി. ജി. എന്ട്രൻസ് ഫലം നിരാശാജനകമാകുമ്പോളെല്ലാം “അടിച്ചു പൊളിച്ചു” സങ്കടം മാറ്റാൻ ഡാഡി എനിക്ക് കാശ് തരും….ആ പൈസ കിട്ടാനായിട്ട് ഞാൻ എന്ട്രൻസ് പരീക്ഷ ശരിയായി എഴുതാത്തതാണ് എന്നും തമാശ പറയും. Paediatrics-ൽ പി.ജി. എടുത്തതിനു ശേഷവും Adolescent Paediatrics, Clinical Psychology പോലുള്ള കൂടുതൽ അനുബന്ധ കോഴ്സുകൾ പഠിക്കാൻ ഡാഡി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. എന്റെമാത്രമല്ല, ചേച്ചി(Dr. Elizabeth Varghese)യുടെയും Ophthalmology ബിരുദാനന്തരബിരുദ പഠനവും ഫെലോഷിപ്പുമെല്ലാം ഡാഡിയുടെ ആഗ്രഹപ്രകാരം നടന്നു. മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും വിദ്യാഭ്യാസമായിരുന്നു ഡാഡി എന്ന അദ്ധ്യാപകന്റെ മനസ്സ് നിറയെ… എല്ലാ പഠനവും merit basis-ൽ വേണമെന്ന നിർബന്ധവും…

*തർക്കുത്തരവും അനുസരണക്കേടും*

ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറഞ്ഞ് അനുസരണയുള്ള, അടക്കമുള്ള, ശാന്തസ്വരൂപയായ മരുമകളാവാനായിരുന്നു തുടക്കത്തിൽ എന്റെ പ്രയത്നം. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്ടാൽ ഡാഡി ശാന്തമായി എന്നാൽ കർക്കശസ്വരത്തിൽ സംസാരിക്കും. അതുകേട്ട് മിണ്ടാതെ നിൽക്കുന്നതല്ല, തിരിച്ചു മറുപടി പറയുന്നതാണ് ഡാഡിക്ക് സന്തോഷം എന്ന് ഞാൻ പതുക്കെ മനസ്സിലാക്കി. “നീ എന്നെ രണ്ട് വഴക്കു പറഞ്ഞോ. എന്നാലും കുഴപ്പമില്ല” എന്ന് പറഞ്ഞാണ് ദേഷ്യപ്പെടാൻ തുടങ്ങുന്നത്. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും തുറന്നു പറയാനും മനസ്സിലുള്ളത് എന്തായാലും ധൈര്യമായി പുറത്തുപറയാനും എപ്പോഴും ഡാഡി പ്രോത്സാഹിപ്പിച്ചു, തുറന്നു പറയാതെ മനസ്സിൽ ഒതുക്കിയാൽ “വേണ്ടത്” കിട്ടുകയും ചെയ്യും. അങ്ങനെ ഹാസ്യരൂപേണ “തർക്കുത്തരം” പറയാൻ എന്നെ ശീലിപ്പിച്ചു ഡാഡി.

*പെൺകുഞ്ഞ് പൊൻകുഞ്ഞ്*

1998-ൽ ദിയ ഉണ്ടായപ്പോൾ വാത്സല്യാതിരേകത്തോടെയാണ് ഡാഡി അവളെ സ്വീകരിച്ചത്. രണ്ടു വയസ്സുകാരിയായ അവളെ വീട്ടിലാക്കി പി.ജി. പഠനത്തിനായി ഞാൻ ഹോസ്റ്റലിലേക്ക് ചേക്കേറിയപ്പോൾ അവളുടെ കുട്ടിക്കുറുമ്പുകൾക്ക് ഡാഡിയും മമ്മിയും കൂട്ടുനിന്നു. എനിക്ക് വീട്ടിൽ വരാൻ സാധിക്കാത്ത ആഴ്ചകളിൽ അവളെക്കൂട്ടി ഡാഡിയും മമ്മിയും എന്റെ അടുത്ത് എത്തിയിരിക്കും. പെൺകുഞ്ഞുങ്ങൾക്ക് ഉടുപ്പ് വാങ്ങി ശീലമില്ലാത്ത ഡാഡി, അവൾക്ക് ഇഷ്ടപ്പെടുമോ എന്ന ശങ്കയോടെ വാങ്ങിക്കൊണ്ടുവന്ന കുട്ടിയുടുപ്പ് “ഹിറ്റാ”യിമാറി. അവളത് ഇഷ്ടത്തോടെ എവിടെപ്പോയാലും ധരിക്കാൻ തുടങ്ങി. പിന്നെ തുടരെത്തുടരെ ഫ്രോക്കുകൾ മേടിച്ചുകൊണ്ടുവരലായി. അവൾ കൂടെയുള്ളപ്പോൾ ഡാഡിക്ക് ശബ്ദമുയർത്തി സംസാരിക്കാൻ സാധിക്കാതെയായി, കാരണം ദേഷ്യപ്പെട്ടു സംസാരിച്ചാൽ ഉടനെ അവൾ ഡാഡിയെ “മണ്ടച്ചാരേ” എന്നു വിളിക്കും!!!

*പഠിച്ചു പഠിച്ചു…*

ദിയ സ്കൂളിൽ ചേർന്നപ്പോൾ, അവൾ ചോദിക്കുന്ന സംശയം പറഞ്ഞു കൊടുക്കുകയല്ലാതെ മാർക്ക് കൂടുതൽ കിട്ടാനായി ഇരുത്തി പഠിപ്പിക്കരുത് എന്ന നിർദ്ദേശമാണ് ഡാഡി നൽകിയത്. മാർക്ക് എത്ര കുറഞ്ഞുപോയാലും കുഞ്ഞിനെ വഴക്കു പറയുകയോ വേദനിപ്പിക്കുകയോ ചെയ്യരുത്. എഞ്ചിനീയറിംഗ് അദ്ദേഹത്തിന്റെ passion ആയിരുന്നു. അതുകൊണ്ടുതന്നെ തന്നെ കൊച്ചുമോൾ എഞ്ചിനീയറിംഗ് പഠിക്കാൻ തീരുമാനിച്ചത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. നന്നായി പഠിച്ചാൽ നന്ദുച്ചേട്ടൻ(Arun Binoy) Australia UNSW-ൽ P.G.പഠനത്തിന് ചേർന്നതു പോലെ highly ranked University-ൽ ഉപരിപഠനത്തിന് ചേരാൻ സാധിക്കും എന്ന് ഡാഡി അവളെ ഉപദേശിച്ചു. അവൾ BTech(Honours) എടുത്തപ്പോഴും പരീക്ഷയിൽ Merit Award In Mathematics കരസ്ഥമാക്കിയപ്പോഴും പിന്നീട് ഉപരിപഠനത്തിന് University of Manchester-ൽ അഡ്മിഷൻ കിട്ടിയപ്പോഴും ഡാഡി വളരെയധികം സന്തോഷിച്ചു. University of Manchester-ന്റെ ലോകറാങ്കിങ്ങിനെക്കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിയുകയും ലോകറാങ്കിംഗ്(QS ranking) 27th ആണെന്നും, ഡാഡിയും അവളുടെ വല്യപ്പയും(Prof. Dr. Binoy Aleyas) പഠിച്ച Bangalore IISC-യെക്കാളും, അവളുടെ അപ്പയും (Cdr Bijoy Aleyas) കൊച്ചുപ്പാപ്പനും(Prof. Dr. Grasius MG ) പഠിച്ച IIT-യെക്കാളും, വളരെ മുകളിലാണ് ആ സർവകലാശാലയ്ക്ക് റാങ്ക് ഉള്ളതെന്നും മനസ്സിലാക്കി സംതൃപ്തനാവുകയും ചെയ്തു. ഡാഡിക്ക് ഇഷ്ടമുള്ള “differential equations”-ൽ അവൾ A+ കരസ്ഥമാക്കിയപ്പോൾ “ഡാഡിയുടെ ബുദ്ധിയാ മോൾക്ക്” എന്ന് പറഞ്ഞു സന്തോഷിക്കുകയും ചെയ്തു. “വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്ന് പഠിപ്പിച്ച, ജീവിതത്തിൽ പ്രാവർത്തികമാക്കിയ അദ്ധ്യാപകനാണ് ഡാഡി.

*ദുഃഖ ഞായർ അഥവാ Good Sunday*

പ്രമേഹവും അതിന്റെ ചികിത്സയുമെല്ലാം ഡാഡിയുടെ മധുരപ്രിയത്തിൽ മുങ്ങിപ്പോയ നാളുകൾ…പ്രമേഹം പിന്നെ പതിയെ വൃക്കകളിൽ കരാളഹസ്തങ്ങളർപ്പിച്ചു… Chronic Renal Failure-നോടൊപ്പം മറ്റു ചില co-morbidities-ഉം, പിന്നെ ഒരു വീഴ്ചയും… ഇവയെല്ലാം ഡാഡിക്ക് ചലനസ്വാതന്ത്ര്യം നിഷേധിച്ചു. മറ്റുള്ളവരുടെ എന്ത് ആവശ്യത്തിനും ഓടിയെത്തിയിരുന്ന, യാത്രാപ്രിയനായിരുന്ന അദ്ദേഹം പതിയെ തന്റെ മതിൽക്കെട്ടിനകത്തയ്ക്ക്, പിന്നെ വീട്ടിനകത്തേക്ക്, പിന്നെ തന്റെ മുറിയിൽ, അവസാനം തന്റെ കിടക്കയിലേക്ക് ഒതുങ്ങിക്കൂടി. എങ്കിലും ഓണവും ക്രിസ്മസും പിറന്നാളുകളും മറ്റും ഞങ്ങൾ ഡാഡിക്ക് ഇഷ്ടമുള്ള രീതിയിൽ ആഘോഷിച്ചു. ഓരോ ഒത്തുചേരലിലും കൊച്ചു മോളെ (ദിയയെ) വീഡിയോ കോൾ വഴി ഒപ്പം കൂട്ടി.

ജനുവരി 13-ന് എനിക്ക് ഡാഡിയെ കാണാൻ വലിയ കൊതിതോന്നി. പോയിക്കണ്ടു. അപ്പോൾ ചെറിയ ശ്വാസം മുട്ടൽ ഉണ്ട്. വൃക്കകൾ മോശമാവുകയാണല്ലോ എന്ന് മനസ്സിലായി. തിരിച്ചുവരവില്ല എന്നറിയാം…എന്നാലും നെഞ്ചിലെ വിമ്മിഷ്ടം ഇത്തിരി കുറയ്ക്കാൻ സാധിച്ചാൽ… അങ്ങനെ ഡാഡി കോതമംഗലം MBMM ആശുപത്രിയിൽ എത്തി. ജനുവരി 16-ന് ശനിയാഴ്ച ജോലി കഴിഞ്ഞ് ഞാൻ ഡാഡിക്ക് കൂട്ടിരിക്കാൻ ചെന്നു. അവ്യക്തമായിട്ടെങ്കിലും കുറേ വർത്തമാനം പറഞ്ഞു. കൊച്ചു മോളോട് വീഡിയോ കോൾ വഴി വർത്തമാനം പറഞ്ഞു. “നിന്റെ അമ്മ എന്നെ തല്ലുവാടീ” എന്ന് അവളോട് കളി പറഞ്ഞു. “ഡാഡി അമ്മയ്ക്കിട്ടും നല്ലത് കൊടുക്ക്” എന്നു തമാശപറഞ്ഞ് അവളും ഡാഡിയെ സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ “വിശക്കുന്നു” എന്ന് പറഞ്ഞു. “വിശക്കുന്നു” എന്ന് കുറേനാൾ കൂടി ഡാഡി പറഞ്ഞപ്പോൾ സന്തോഷം തോന്നി. കഞ്ഞി കുടിച്ചു, മീൻകറി വെച്ച കഷണങ്ങൾ ഞെരടി കൊടുത്തത് രുചിയായി കഴിച്ചു. “നാളെ അവധിയല്ലേ. നീ നാളെയും വാ, കൂടെ മമ്മിയെ കൊണ്ടുവാ” എന്നു പറഞ്ഞു. ഡാഡി അപ്രകാരം പറഞ്ഞതു കൊണ്ട് ഞായറാഴ്ചയും ഞാൻ കൂട്ടിരിക്കാം എന്ന് തീരുമാനിച്ചു. “എനിക്ക് എന്റെ സിംഹാസനത്തിൽ (വരാന്തയിലെ ചാരുകസേരയിൽ) ഇരിക്കാൻ കൊതിയാവുന്നു” എന്ന് പറഞ്ഞു. ഡാഡി പഴയ പോലെ ആ കസേരയിൽ ഇരുന്നു കാണാൻ ഞങ്ങൾക്ക് അതിലേറെ കൊതിയുണ്ടായിരുന്നു…🙏

പിറ്റേന്ന് മമ്മിയെ കൂട്ടി ഞാൻ വന്നു. മമ്മിയെ കണ്ടു സംസാരിച്ചു, എന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പറഞ്ഞു വിട്ടു. “ഡാഡിയുടെ സിംഹാസനത്തിൽ ഇരിക്കാനല്ലേ ഡാഡിക്ക് കൊതി, തത്കാലം അംശവടി(walking stick) കണ്ടു തൃപ്തിപ്പെടൂ” എന്നുപറഞ്ഞ് ഡാഡിയെ സമാധാനിക്കാൻ ഞാൻ കൊണ്ടുവന്ന walking stick കാണിച്ചു, അപ്പോൾ പതിവുപോലെ ചിരിച്ചു. ടി.വി.യിൽ ചെറിയ പള്ളി കുർബാന മുഴുവൻ കണ്ടു, പിന്നെ റീത്ത് കുർബാനയും. രണ്ടു സഭകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഞാൻ സംശയം ചോദിച്ചപ്പോൾ ഡാഡി അത് സാവധാനം വിശദീകരിച്ചു തന്നു. പിന്നെ ഞാൻ പാല് കോരിക്കൊടുത്തത് കുടിച്ചു…. ഇടയ്ക്ക് മുറിയിൽ ആരൊക്കെയോ ഉണ്ടെന്ന് ഡാഡിക്ക് തോന്നി, “ആരുമില്ല,ഡാഡിക്ക് തോന്നിയതാണ്” എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. അന്ത്യമടുക്കുമ്പോൾ മരിച്ചുപോയ പ്രിയപ്പെട്ടവർ അടുത്തു വന്നു നിൽക്കുമോ? ഇടയ്ക്കിടെ കൈകൾ വിടർത്തി പരതുന്നതുപോലെ…. ആരെയൊക്കെയോ സ്പർശിക്കാൻ ശ്രമിക്കുന്നപോലെ…. പറക്കാൻ ശ്രമിക്കുന്നതുപോലെ കാണിക്കുന്നുണ്ടായിരുന്നു. നെഞ്ചിൽ നല്ല കഫക്കെട്ട്. “അമ്മേ, അമ്മേ” എന്ന് ഇടയ്ക്കിടെ വിളിക്കുന്നുണ്ടായിരുന്നു.നെഞ്ചുവേദന ഉണ്ടോ എന്നു ചോദിച്ചപ്പോൾ “ഇല്ല” എന്ന് പറഞ്ഞു. നെഞ്ച് പയ്യെ തടവിക്കൊടുത്തപ്പോൾ പിന്നെയും തിരുമ്മാൻ പറഞ്ഞു…”എന്നെയൊന്നു എഴുന്നേല്പിക്കാമോ” എന്നു ചോദിച്ചു… ഇരിക്കാനും നടക്കാനും കൊതിയായിരുന്നു. ഇടയ്ക്കിടെ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു….. പിന്നെ ഉറക്കം വരുന്നപോലെ തോന്നി. “എനിക്ക് എന്താ ഇങ്ങനെ ഉറക്കം വരുന്നത്” എന്നു അവ്യക്തമായി പറഞ്ഞു ഡാഡി മയങ്ങി, ഉറക്കം ഉണർന്നു കഴിഞ്ഞു കഞ്ഞി കൊടുക്കാനായി ഞാൻ കാത്തിരുന്നു…. പക്ഷേ പിന്നെ പതിയെ താടി വലിച്ചു നീട്ടി ശ്വാസം വലിക്കാൻ തുടങ്ങി…ഒരു രണ്ട് മിനിറ്റ്….. നിശ്ചലമായി….

ശ്രീ മുരളി തുമ്മാരുകുടി Muralee Thummarukudy പറഞ്ഞതുപോലെ ഈ വന്മരം വീണപ്പോൾ താങ്ങാൻ ആവുന്നില്ല….എങ്കിലും ഡാഡിയുടെ ബുദ്ധിമുട്ടുകൾക്ക് അറുതി വന്നതിൽ ആശ്വാസം തോന്നുന്നു. പിന്നെ അന്ത്യനിമിഷങ്ങളിൽ കൂട്ടിരിക്കാൻ എനിക്കു ലഭിച്ച ആ വലിയ അനുഗ്രഹമോർത്ത് സന്തോഷവും…

*രാജാവായി ജീവിച്ചു, രാജാവായി പടിവിട്ടിറങ്ങി*”നല്ല പോർ പൊരുതി, ഓട്ടം തികച്ചു”…He lived life to the fullest, benefiting everyone around him…ചുറ്റുമുള്ളവർക്ക് പോസിറ്റീവ് എനർജി പ്രദാനം ചെയ്തുകൊണ്ട് ജീവിതം അതിന്റെ പൂർണ്ണതയോടെ ജീവിച്ച എന്റെ ഡാഡി, അദ്ദേഹത്തിന് പ്രിയമുള്ള തന്റെ ചാരുകസേരയെന്ന സിംഹാസനം വിട്ട്, സ്വർണത്തലപ്പാവണിഞ്ഞ്, സ്വർണ്ണ അങ്കിധരിച്ച്, രാജാവിനെപ്പോലെ പടിയിറങ്ങിപ്പോയപ്പോൾ സഹിക്കാനായില്ല…”സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതമെങ്കിലും…””അദ്ദേഹത്തെ എതിരേറ്റു കൊണ്ടുപോകാൻ ദൈവദൂതർ വരുന്നുണ്ടെങ്കിലും…””ദൈവപറുദീസയിൽ ജീവവൃക്ഷത്തിന്റെ ഫലം അദ്ദേഹത്തിനായി ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും…”

എങ്കിലും ഡാഡി🙏….

പെട്ടെന്ന് പോയപ്പോൾ ഉള്ള ശൂന്യത….താങ്ങാനാവുന്നില്ല…അതുകൊണ്ടുതന്നെ, *”അമ്മായിയച്ഛൻ”* എന്ന തലക്കെട്ട് *”എന്റെ ഡാഡി”* എന്ന് മാറ്റിയെഴുതാൻ ഞാൻ ആഗ്രഹിക്കുന്നു…വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം….. തിരിച്ച് കളിയായി തർക്കുത്തരം പറയാൻ…. ഒന്നു കൂടി ഡാഡിയെ ശുണ്ഠി പിടിപ്പിക്കാൻ…. പുതിയ ഷർട്ട് ഇടുമ്പോൾ ഡാഡിയുടെ സന്തോഷം കാണാൻ… മധുരം കഴിക്കുമ്പോൾ ഉള്ള പുഞ്ചിരി കാണാൻ….പഴം കഴിച്ച് തൊലി അവിടവിടെ അലക്ഷ്യമായി ഇട്ടിരിക്കുന്നത് കാണാൻ….അങ്ങനെയങ്ങനെ മോഹങ്ങളുടെ പെരുമഴ…

സന്തോഷങ്ങൾക്കും സന്താപങ്ങൾക്കുമെല്ലാം മൂകസാക്ഷിയായി കാലചക്രം ഇനിയും തിരിഞ്ഞുകൊണ്ടേയിരിക്കും.. നമ്മുടെ സമയമാം രഥത്തിൻ ചക്രങ്ങൾ ഇനിയും മുന്നോട്ട് ആഞ്ഞു കൊണ്ടേയിരിക്കും….🙏

സന്തോഷസന്താപങ്ങളെല്ലാം നശ്വരം…. ഈ സന്താപവും നശ്വരം! ഈ ശൂന്യതയും മാഞ്ഞുപോകും, പോകുമോ?!!!!

മുരളി തുമ്മാരുകുടി

Share News