മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന പാവം പയ്യനെ മാധ്യമങ്ങൾ ഒക്കെക്കൂടി സെലിബ്രിറ്റി ആക്കുന്ന കണ്ടപ്പോഴാണ് ഇതൊക്കെ ഓർത്തത്.|മുരളി തുമ്മാരുകുടി

Share News

വിശ്വ വിഖ്യാതമായ വളി

സെലിബ്രിറ്റി എന്ന വാക്കിന് ഒരു മലയാളം പരിഭാഷ കേട്ടിട്ടില്ല, പക്ഷെ പൊതുവെ ആളുകൾക്ക് അതറിയാം.സെലിബ്രിറ്റികൾ നമുക്ക് ചുറ്റും അനവധി ഉണ്ട്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, സ്പോർട്സ് രംഗത്തുള്ളവർ എന്നിങ്ങനെ. റിയാലിറ്റി ഷോ ഒക്കെ സെലിബ്രിറ്റികളെ സൃഷ്ടിക്കാറുമുണ്ട്.

കാരണം എന്തായാലും അവരുടെ ജീവിതത്തിനെ പറ്റി അറിയാൻ മറ്റുള്ളവർക്ക് താല്പര്യമുണ്ടെന്നതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്. അവരുടെ അനുഭവങ്ങൾ മാത്രമല്ല, അവരുടെ കുടുംബം, കാർ എന്തിന് അവരുടെ പട്ടിയെ വരെ ജനം ഉറ്റു നോക്കുന്നു എന്ന് മാധ്യമങ്ങൾക്ക് അറിയാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം സെലിബ്രിറ്റികളുടെ പുറകെ നടക്കാൻ തന്നെ ഒരു സംഘം ആളുകൾ ഉണ്ട്. അവരുടെ ഒരു ചിത്രത്തിന് ബ്രിട്ടനിലെ ടാബ്ലോയിഡ് പത്രങ്ങൾ ലക്ഷക്കണക്കിന് രൂപ കൊടുക്കും. അങ്ങനെ ഒരു ചിത്രം എടുക്കാൻ ആളുകൾ എന്തും ചെയ്യും. ഡയാന രാജകുമാരിയെ ഒക്കെ മരണത്തിലേക്ക് എത്തിച്ചത് ഇത്തരം ആളുകളുടെ പ്രവർത്തനമാണ്.

ഒരാൾ, എന്ത് കാരണം കൊണ്ടാകട്ടെ, സെലിബ്രിറ്റി ആയിക്കഴിഞ്ഞാൽ പിന്നെ അയാൾ ചെയ്യുന്നതിനൊക്കെ പിന്തുണ കൊടുക്കാൻ കുറേ ആളുകൾ ഉണ്ടാകും. ആളുകൾ പുറകെ കൂടുന്ന ഏതൊരു സെലിബ്രിറ്റിയുടേയും പുറകെ മാധ്യമങ്ങളും കൂടും.ഇങ്ങനെ വരുമ്പോൾ തങ്ങളിൽ ഉള്ള മാധ്യമ ശ്രദ്ധയും ജനപിന്തുണയും “മോണിറ്റൈസ് ചെയ്യാമെന്ന്” ചിലർക്ക് തോന്നും. സ്വാഭാവികമാണ്.ഏതെങ്കിലും പ്രൊഡക്ടിനെ എൻഡോർസ് ചെയ്യുക, ടെലിവിഷൻ ചർച്ചക്ക് കാശു മേടിക്കുക, എന്നിങ്ങനെ പലതും.

ഇത്തരത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അതിശയകരമായി തോന്നിയത് അമേരിക്കയിലെ ഒരു റിയാലിറ്റി ഷോ താരമായ സ്റ്റെഫാനി മാറ്റൊ ചെയ്ത കാര്യമാണ്.അവർ ഒരു വളി വിട്ടിട്ട് അതൊരു കുപ്പിയിലാക്കി ഓൺലൈൻ ആയി വിൽക്കാൻ തീരുമാനിച്ചു.പതിവ് പോലെ എൻ്റെ പുളു ആണെന്ന് വിശ്വസിക്കുന്നവർ “fart in a jar” എന്ന് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി. എത്ര സെലിബ്രിറ്റി ആയാലും ഒരാളുടെ വളിയൊക്കെ മറ്റൊരാൾ കാശു കൊടുത്തു മേടിക്കുമോ എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ടാകും.പക്ഷെ നിങ്ങൾക്ക് ഈ സെലിബ്രിറ്റികളുടെ പുറകെ “ഉയിർ” എന്നും പറഞ്ഞു നടക്കുന്നവരെ പറ്റി ഒന്നുമറിയില്ല.

ഒരു കുപ്പിക്ക് ആയിരം ഡോളർ, അല്ലെങ്കിൽ എഴുപത്തി അയ്യായിരം രൂപ. എന്നിട്ട്ഡി പോലും ആവശ്യത്തിന് സപ്പ്ളൈ ചെയ്യാൻ പറ്റിയില്ല. രണ്ടു ലക്ഷം ഡോളർ, അല്ലെങ്കിൽ ഒന്നര കോടി രൂപയാണ് അവർ വളി ബിസിനസ്സിലൂടെ ഉണ്ടാക്കിയത്. ഡിമാൻഡ് കൂടിയപ്പോൾ പ്രൊഡക്ഷൻ കൂട്ടേണ്ടി വന്നു, ദിവസം ഒന്നും രണ്ടും എന്നത് ആഴ്ചയിൽ അമ്പത് വളി വരെ വിടേണ്ടി വന്നു. അവസാനം അവർ ആശുപത്രിയിൽ ആയി. ഇതുകൊണ്ടൊക്കെ അവർ പണി നിർത്തിക്കാണും എന്നോ “ഉയിർ” ടീം അവരെ വെറുതെ വിട്ടുവെന്നോ കരുതിയാൽ തെറ്റി. കാര്യങ്ങൾ ഇപ്പോൾ ക്രിപ്റ്റോയിലേക്ക് മാറി എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്.

മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന പാവം പയ്യനെ മാധ്യമങ്ങൾ ഒക്കെക്കൂടി സെലിബ്രിറ്റി ആക്കുന്ന കണ്ടപ്പോഴാണ് ഇതൊക്കെ ഓർത്തത്.

ഒരാൾ ഒരു മണ്ടത്തരം കാണിക്കുന്നു, നമ്മുടെ സംവിധാനങ്ങൾ ജീവൻ പണയം വച്ച് അയാളെ രക്ഷ പെടുത്തുന്നു. അയാൾക്ക് നല്ല ഒരു കൗൺസലിംഗ് കൊടുത്ത് വീട്ടിൽ വിടുന്നു. ഇനി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സംസ്ഥാന വ്യാപകമായി മാർഗ രേഖകൾ ഉണ്ടാക്കുന്നു. ഇതാണ് നടക്കേണ്ടത്.

അതിന് പകരം എന്താണ് നാട്ടിലെ ജനപ്രതിനിധികളും മാധ്യമങ്ങളും ഒക്കെ ചെയ്യുന്നത് ?

ഇനി എന്താണ് വരാനിരിക്കുന്നത് ജൂവലറി ഉൽഘാടനം ?

റിയാലിറ്റി ഷോയിലേക്ക് ക്ഷണം

അസംബ്ലിയിലേക്ക് സീറ്റ് ?

കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് ഏറെ മുന്നിലാണെന്നും വികസിത രാജ്യങ്ങളുമായിട്ടാണ് നമ്മുടെ താരതമ്യമെന്നും നമ്മൾ എപ്പോഴും പറയാറും അഭിമാനിക്കാറുമുണ്ടല്ലോ.

ടാബ്ലോയിഡ് ജേര്ണലിസത്തിന്റെ കാര്യത്തിലും സെലിബ്രിറ്റികളുടെ പുറകെ പോകുന്ന കാര്യത്തിൽ തീർച്ചയായും നമ്മൾ വികസിത രാജ്യങ്ങളോട് അടുക്കുകയാണ്. ഇവിടെയൊക്കെ ഇത്തരം വാർത്തകളുമായി നടക്കുന്നവരെ ടാബ്ലോയിഡ് എന്നൊരു തിരിവെങ്കിലും ഉണ്ട്, നാട്ടിൽ പക്ഷെ എല്ലാവരും മാത്തമാറ്റിക്സ് ആണ്.

കള്ളുകുടിച്ചു ഹൈ ടെൻഷൻ കമ്പിയിൽ ഊഞ്ഞാൽ കളിക്കാൻ പോകുന്നവരെയൊക്കെ നാളെ മാധ്യമങ്ങൾ സെലിബ്രിറ്റികൾ ആക്കും.

അവർ എന്താണ് കുപ്പിയിലാക്കാൻ പോകുന്നതെന്ന് എനിക്കിപ്പോൾ പറയാൻ പറ്റില്ല. ഒന്ന് മാത്രം പറയാം, അവർ എന്ത് കുപ്പിയിൽ ആക്കിയാലും വാങ്ങാൻ ഇവിടെ ആള് കാണും.തൊള്ളായിരത്തി അമ്പതുകളിൽ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയെഴുതിയ ശ്രീ വൈക്കം മുഹമ്മദ് ബഷീർ കാലത്തിനും എത്രയോ മുൻപിലായിരുന്നു !

മുരളി തുമ്മാരുകുടി

Share News