തെരഞ്ഞെടുപ്പിലെ പ്രാരംഭഘട്ടത്തിൽ എനിക്കാണ് വിജയം. തെരഞ്ഞെടുപ്പിന്റെ നൈതികതയും ധാർമ്മികതയും ഉയർത്തിപ്പിടിച്ചതിലുള്ള വിജയം.-ഷാജി ജോർജ്

Share News

പൊതുജീവിതത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും ധാർമ്മികതയും ആദർശവുമാണ് എന്റെ കരുത്ത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോല്പിക്കാൻ അപരന്റെ സാന്നിധ്യം ഉറപ്പിച്ച ദിവസമായിരുന്നു ഇന്നലെ. എന്റെ പേരിനു പോലും മാറ്റം വരുത്തേണ്ട അവസ്ഥ ഉണ്ടാക്കിയ ദിനം.ഷാജി ജോർജ് എന്ന എന്റെ നാമധേയത്തോട് പ്രണത കൂടി ചേർത്ത് ഷാജി ജോർജ് പ്രണത എന്നാണത്രേ ഇലക്ഷൻ ബാലറ്റ് പേപ്പറിൽ ഉൾപ്പെടെ എന്നെ അടയാളപ്പെടുത്തുക.അതു നേടിയെടുക്കാൻ ഏറെ ബദ്ധപ്പെടേണ്ടിവന്നു.അത് സാധ്യമാകാൻ വാദിച്ച ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജേക്കബ്, അഡ്വ.എസ്.കൃഷ്ണമൂർത്തി, പി.ആർ റെനീഷ്. അഡ്വ.ഇ.എം. സുനിൽകുമാർ, അഡ്വ. ടെൽസൻ തോമസ് എന്നീ നേതാക്കളെ നന്ദിയോടെ സ്മരിക്കുന്നു.

ഇന്നലത്തെ (മാർച്ച് 22) മലയാള മനോരമ എഡിറ്റോറിയൽ പറയുന്നു: “നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ദശാബ്ദങ്ങളായി നിർലജ്ജം ഇടപ്പെട്ടുപോരുന്ന അപര വിളയാട്ടം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായി ഉണ്ടാവുമെന്നതു രാഷ്ട്രീയ കേരളത്തെ നാണം കെടുത്തുന്നു. പൊതുതിരഞ്ഞെടുപ്പിൽ ആർക്കും സ്ഥാനാർത്ഥിയാകാമെന്നതിൽ തർക്കമില്ല. എങ്കിലും ഒരു പ്രമുഖ സ്ഥാനാർത്ഥിയുടെ അതേ പേരിലോ സാമ്യമുള്ള പേരിലോ മത്സരിച്ച് വോട്ടു ഭിന്നിപ്പിക്കുന്നവർ ജനാധിപത്യത്തെ ചോദ്യം ചെയ്യുക തന്നെയാണ്. യഥാർത്ഥ ജനവിധിയെ ചതിയിലൂടെ പരാജയപ്പെടുത്താനുള്ള നീക്കവുമാണത്.”

ഒന്നരവർഷം മുൻപ് എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലും അപരൻ നേടിയ വോട്ടിന്റെ തിളക്കമുണ്ടായിരുന്നു. കോൺഗ്രസിന്റെ ആദർശ പുരുഷൻ മഹാത്മാഗാന്ധിയുടെ ആദർശ ജീവിതവും ആഹ്വാനമൊന്നും പുതിയ നേതാക്കൾക്ക് സ്വീകാര്യമാകണമെന്നില്ല.മനോരമയുടെ എഡിറ്റോറിയൽ ഈ കുറിപ്പിന് അനുബന്ധമായി ചേർത്തിട്ടുണ്ട്.

തലയുയർത്തി നെഞ്ചുവിരിച്ച് പറയട്ടെ. തെരഞ്ഞെടുപ്പിലെ പ്രാരംഭഘട്ടത്തിൽ എനിക്കാണ് വിജയം. തെരഞ്ഞെടുപ്പിന്റെ നൈതികതയും ധാർമ്മികതയും ഉയർത്തിപ്പിടിച്ചതിലുള്ള വിജയം

ഷാജി ജോർജ്

Share News