PERFECTION IN LIFE CARE.|Love in Service |ഓരോ ടാഗ് ലൈനിന്റെ പിന്നിലും ഗാഢമായ ചിന്തയുണ്ട്, മനനമുണ്ട്. |തലക്കെട്ടുകള്‍ കാലത്തെ അതിജീവിക്കുമ്പോഴും വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന കോപ്പി റൈറ്റര്‍മാര്‍

Share News

PERFECTION IN LIFE CARE.

ലൂര്‍ദ് ഹോസ്പിറ്റലിന് വേണ്ടി ഞാന്‍ എഴുതിയ Tagline ആണിത്.

ഏതാണ്ട് ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ്. മമ്മിയുടെ മരണം ഉള്‍പ്പെടെ ജീവിതത്തിന്റെ പല നിര്‍ണായക ഘട്ടങ്ങള്‍ക്കും സാക്ഷിയായ ഈ ആശുപത്രിയുടെ മുന്നിലൂടെ പോകുമ്പോള്‍ പലപ്പോഴും ഈ ടാഗ് ലൈന്‍ കാണാറുണ്ട്. ഗില്‍ബര്‍ട്ട് സേവ്യറിന്റെ എലിഫങ്ക് എന്ന ബ്രാന്‍ഡിംഗ് ഏജന്‍സിയുമായി അസ്സോസിയേറ്റ് ചെയ്തിരുന്ന കാലത്താണ് ഇതെഴുതിയത്. ഫാ. സാബു നെടുനിലത്തായിരുന്നു അന്ന് ആശുപത്രിയുടെ ഡയറക്ടര്‍.

Love in Service

എന്നായിരുന്നു പഴയ ടാഗ് ലൈന്‍. ക്രിസ്തീയ മിഷണറി ദൗത്യവുമായി പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച ആശുപത്രി എന്ന നിലയില്‍ സ്‌നേഹം അതിന്റെ കേന്ദ്ര ആശയമായിരുന്നു.

റീ ബ്രാന്‍ഡിംഗ് ചെയ്യുമ്പോള്‍ അതിന്റെ സാരാംശം ചോര്‍ന്നു പോകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ബൈബിളിന്റെ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍, സെന്റ് പോള്‍ സ്‌നേഹത്തെ കാണുന്നത് ഏറ്റവും വലിയ പെര്‍ഫെക്ഷനായാണ്. സെന്റ് പോളിന്റെ കത്തുകളില്‍ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവ നിലനില്‍ക്കുന്നു, അതില്‍ പരമശ്രേഷ്ഠം സ്‌നേഹമാണ് എന്നൊരു വരിയുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് Perfection in Life Care എന്ന ടാഗ് ലൈന്‍ രൂപപ്പെടുത്തിയത്.

ഓരോ ടാഗ് ലൈനിന്റെ പിന്നിലും ഗാഢമായ ചിന്തയുണ്ട്, മനനമുണ്ട്. എഴുത്തുകാരെ പോലെയല്ല, കുറേക്കൂടി ഹതഭാഗ്യരാണ് അഡ്വര്‍ടൈസിംഗ് കോപ്പി റൈറ്റര്‍മാര്‍. എഴുത്തുകാരുടെ പേരുകള്‍ അവരുടെ സൃഷ്ടികള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ കോപ്പിറൈറ്റര്‍മാരുടെ രചനകള്‍ അനാഥമാകുന്നു. പേരറിയാത്ത ഏതോ ചേകവന്റെ മകനെ പോലെ പ്രസിദ്ധമായ തലവാചകങ്ങള്‍ അലയുന്നുണ്ട്.

ഈ ടാഗ് ലൈനുകള്‍ ആരെഴുതി എന്ന് ആര്‍ക്കറിയാം? ഇവ എഴുതിയത് പ്രതാപ് സുതന്‍ ആണെന്ന് അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. മറ്റൊരു ഹതഭാഗ്യന്‍ God’s Own Country എന്ന ടാഗ് ലൈന്‍ കേരള ടൂറിസത്തിന്ു വേണ്ടി എഴുതിയ കുര്യാക്കോസ് എന്നൊരു കോപ്പി റൈറ്ററാണ്. ഇപ്പോഴും മറ്റൊരാളുടെ പേരില്‍ ആ ടാഗ് ലൈന്‍ ഗൂഗിളില്‍ കിടക്കുന്നു! കെ. ജയകുമാര്‍ സഫാരി ചാനലില്‍ വന്ന് പറഞ്ഞതു കൊണ്ട് ചിലരെങ്കിലും സത്യം തിരിച്ചറിയുന്നു.

An idea can change your life, Incredible India…

ഏതാണ്ട് പതിനഞ്ചു, പതിനാറ് വര്‍ഷങ്ങള്‍ക്കു മുമ്പ്, ജലീറ്റയില്‍ ജോലി ചെയ്യുമ്പോള്‍ മാരുതിക്കു വേണ്ടി പതിവായി തലക്കെട്ടുകള്‍ എഴുതിയിരുന്നു. അതില്‍ വാഗണ്‍ ആര്‍, ഹ്യുണ്ടേയിയുടെ ഐ 10 കാറുമായി താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ എഴുതിയത് ‘ഉന്നതന്‍, എല്ലാ അര്‍ത്ഥത്തിലും’ (Lofty, in every sense) എന്നായിരുന്നു. വാഗണ്‍ ആറിന്റെ ഉയരം കേന്ദ്രീകരിച്ച് അതിന്റെ മികവിനെ ആവിഷ്‌കരിക്കുകയായിരുന്നു. (ഐ10 പ്രേമികള്‍ വഴക്കിന് വരരുത്. അതൊക്കെ ക്ലയന്റിന് വേണ്ടി എഴുതുന്നതല്ലേ)

ഏതാണ്ട് അതേ കാലഘട്ടത്തില്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ജോബ് ആന്റണി മാരുതിക്കു വേണ്ടി ഒരു തലക്കെട്ട് എഴുതി. ‘കാറും കോളും സ്വന്തമാക്കൂ!’ മഴക്കാലമായിരുന്നു അത്. കോള് എന്നാല്‍ നേട്ടം എന്നൊരു അര്‍ത്ഥം കൂടിയുണ്ടല്ലോ. രസകരമായ ആ തലക്കെട്ട് ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.

2011-12 കാലഘട്ടത്തില്‍ മെത്തേഡില്‍ (Method India) ജോലി ചെയ്യുമ്പോള്‍ ക്രെഡായിക്കു (Credai) വേണ്ടി കേരളത്തില്‍ സമീപ ഭാവിയില്‍ വരാന്‍ പോകുന്ന പുതിയ പദ്ധതികളെ കുറിച്ചും ഇവിടെ നിക്ഷേപം നടത്തേണ്ട ആവശ്യകതയെ കുറിച്ചും ദ്യോതിപ്പിച്ച് ഒരു തലക്കെട്ട് ഞാന്‍ എഴുതി.

It’s Take Off time in Kerala!’ (വിമാനച്ചിറകുകളുടെ പശ്ചാത്തലത്തിൽ പ്രതീക്ഷകൾ പോലെ പറന്നുയരുന്ന ഹൈഡ്രജൻ ബലൂണുകൾ ആയിരുന്നു ജെസൻ ചെയ്ത വിഷ്വൽ. വിഴിഞ്ഞം പദ്ധതിയൊക്കെ അന്നേ അതിൽ സൂചിപ്പിച്ചിരുന്നു). ഇത് ഗള്‍ഫിലേക്കുള്ള ക്യാമ്പെയിന്‍ ആയതിനാലാണ് വിമാനവുമായി ബന്ധപ്പെട്ട ഒരു പ്രയോഗം ഉപയോഗിച്ചത്. ഗള്‍ഫിലെ പത്രങ്ങളില്‍ മാത്രം വന്നതിനാല്‍ ഇവിടെ ആരും അത് കണ്ടിട്ടുണ്ടാകാന്‍ ഇടയില്ല.

ഇതേ കാലഘട്ടത്തില്‍ വെസ്റ്റാര്‍ വാച്ചിന് (Westar watches) വേണ്ടി എഴുതിയ ലൈന്‍ ‘It’s your time! എന്നായിരുന്നു. ക്ലയന്റ്ിന് ആ ക്യാമ്പെയിന്‍ ഏറെ ഇഷ്ടപ്പെട്ടെങ്കിലും മറ്റേതോ കാരണങ്ങളാല്‍ അത് വെട്ടം കാണാതെ പോയി.

കൊട്ടാരം ക്രോക്കറിക്കു വേണ്ടി എഴുതിയ ‘സൽക്കാരത്തിന്റെ സുന്ദരഭാവങ്ങൾ’, ഏതോ ആശുപത്രിയുടെ കാർഡിയോളജി വിഭാഗത്തിന് വേണ്ടി എഴുതിയ ‘Your heart will go on…’ സുപ്രീം പൈപ്പ്‌സിന് വേണ്ടി കുറിച്ച ‘കുടിവെള്ളം, തീർത്ഥം പോലെ പവിത്രം’ എന്നിവ പെട്ടെന്ന് ഓർമ വരുന്ന തലക്കെട്ടുകളാണ്.

അതു പോലെ, എനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിങ്കിളാണ് ജയലക്ഷ്മിയുടെ മനോമോഹിനിയായ ജയലക്ഷ്മി… അത് ആരെഴുതി എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എത്ര പേരറിയുന്നു മനോഹരമായ തലക്കെട്ടുകളുടെയും ജിങ്കിളുകളുടെയും പിന്നിലെ ചിന്തയുടെ ഉറവിടം?

തലക്കെട്ടുകള്‍ കാലത്തെ അതിജീവിക്കുമ്പോഴും വിസ്മൃതിയിലേക്ക് ആണ്ടു പോകുന്ന കോപ്പി റൈറ്റര്‍മാര്‍ക്ക്…

Abhilash Fraizer

Share News