കുലീനത എന്ന വാക്കിന് ഒരു മറുപേര് വേണമെങ്കിൽ നമുക്കതിനെ മഠത്തിപ്പറമ്പിൽ അച്ചനെന്ന് വിളിക്കാം.

Share News

കുലീനതയുടെ എൺപതാം പിറന്നാൾ

ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ഒരു പ്രീ-ഡിഗ്രി ക്ലാസ്. ആ മണിക്കൂറിൽ ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നത് അമേരിക്കൻ ആക്സന്റിൽ ഇംഗ്ലീഷ് സംസാരിക്കുന്ന സൗമ്യനും സുന്ദരനുമായ വൈസ് പ്രിൻസിപ്പൽ അച്ചൻ. പേര് – റവ. ഡോക്ടർ ജോർജ് മഠത്തിപ്പറമ്പിൽ.ക്ലാസിനിടയിൽ അദ്ദേഹമൊരു നിർദേശം നൽകി. “ദൈവം ഉണ്ടെന്നു വിശ്വാസികളും ഇല്ലെന്ന് അവിശ്വാസികളും പറയുന്നു. നിങ്ങളുടെ ചിന്തകൾ ഒരു കടലാസ്സിൽ എഴുതുക.”

പതിനാറും പതിനേഴും വയസുള്ള ആൺകുട്ടികൾ നിറഞ്ഞ ക്ലാസ്. കലപിലകൾക്കിടയിൽ പലരും പലതും കുറിച്ചു; അക്കൂട്ടത്തിൽ ഞാനും എന്തൊക്കെയോ എഴുതി. ക്‌ളാസ് തീരുംമുൻപ് അദ്ദേഹം ആ കടലാസുകൾ ശേഖരിച്ചു. ഇനി ഓണാവധിക്കാലം കഴിഞ്ഞുമാത്രമേയുള്ളൂ ക്‌ളാസ്സുകൾ. എന്താണ് എഴുതിയതെന്ന് ഞങ്ങൾ മറന്നു. ഓണാവധി കഴിഞ്ഞു കോളേജ് തുറന്നപ്പോൾ അതുപോലൊരു ക്ലാസ്സിൽ അദ്ദേഹം വീണ്ടുമെത്തി. അദ്ദേഹത്തിന്റെ കയ്യിൽ ഒരു മാസിക ഉണ്ടായിരുന്നു. അത് തുറന്ന് ഒരു ചെറുലേഖനം അദ്ദേഹം ക്‌ളാസ് മുറിയിൽ വായിച്ചു. അത് ഞാൻ എഴുതിയ ആ കുറിപ്പ് ആയിരുന്നു! ‘കതിരൊളി’ എന്നായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ പേര്. എന്റെ പേര് ആദ്യമായി അച്ചടിമഷി പുരണ്ടത് അങ്ങനെയാണ്!ഒരു കൗമാരക്കാരൻ എഴുതിയ കുറിപ്പ് അക്കാലത്തെ അറിയപ്പെടുന്ന ഒരു പ്രസിദ്ധീകരണത്തിൽ അച്ചടിപ്പിക്കാൻ ആ വൈസ് പ്രിൻസിപ്പൽ അച്ചൻ കാട്ടിയ ഉത്സാഹമാണ് എൻ്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുമ്പോൾ തന്നെ ‘ദീപിക’യിൽ ട്രെയിനി സബ് എഡിറ്റർ ആയി ചേരാൻ വഴിയൊരുക്കിയത് ആ വൈദീകന്റെ ആ ഇടപെടലാണ്. ഇറാക്ക് യുദ്ധം റിപ്പോർട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ച അപൂർവതയോടെയാണ് പത്രപ്രവർത്തകന്റെ വേഷം ഞാൻ പാതിവഴിയിൽ അഴിച്ചുവച്ചത്.

ഡിഗ്രി പഠനകാലത്ത് ഡിബേറ്റ്, പ്രസംഗ മത്സരങ്ങളായിരുന്നു അങ്കത്തട്ട്. അക്കാലം കേരളത്തിൽ എമ്പാടും വിവിധ കോളേജുകളിലും സ്ഥാപനങ്ങളിലും ഡിബേറ്റ്, പ്രസംഗ മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികൾക്ക് ക്യാഷ് അവാർഡ് ഉറപ്പ്. അങ്ങനെ ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തു തിരികെയെത്തുമ്പോൾ പ്രിൻസിപ്പൽ അച്ചനെ മുഖം കാണിക്കും. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഒരു കടലാസ്സിൽ ഒട്ടിച്ച് പച്ചമഷികൊണ്ട് ‘കോൺഗ്രാജുലേഷൻസ്’ എന്നെഴുതി കോളേജ് നോട്ടീസ് ബോർഡിൽ ഇടുന്ന പതിവുണ്ടായിരുന്നു എസ്‌ബിയിൽ. പ്രിൻസിപ്പലിനെ മുഖം കാണിക്കുന്നതിന്റെ ലക്‌ഷ്യം അതാണ്. നോട്ടീസ് ബോർഡിൽ ഫോട്ടോ വരുമ്പോഴുള്ള അഭിമാനം പറഞ്ഞറിയിക്കാൻ വയ്യ. കുലീനത എന്ന വാക്കിന് ഒരു മറുപേര് വേണമെങ്കിൽ നമുക്കതിനെ മഠത്തിപ്പറമ്പിൽ അച്ചനെന്ന് വിളിക്കാം. നയതന്ത്രങ്ങളുടെ കാപട്യമില്ലാത്ത സുതാര്യമായ പെരുമാറ്റമാണ് അച്ചനെ ആൾക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ആഢ്യത്തവും കുലീനതയും ചേർന്ന ആ അപൂർവ ജീവിതത്തിന്റെ എൺപതാം പിറന്നാളാണ് ഇന്ന്. സുകൃതവും സുന്ദരവുമായ എൺപത് വർഷങ്ങൾ.

സ്റ്റേറ്റ് ബാങ്ക് മാനേജർ ആയിരുന്ന ആലപ്പുഴ തത്തംപള്ളി മഠത്തിപ്പറമ്പിൽ ജോസേഫിന്റെയും എടത്വ പീടികയിൽ അന്നമ്മയുടെയും മകൻ വൈദീകൻ ആയിരുന്നില്ലെങ്കിൽ ആകാശത്തോളം ഉയരാമായിരുന്നു. അത്തരത്തിലുള്ളതായിരുന്നു ജീവിതസാഹചര്യങ്ങൾ.അമേരിക്കയിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക എന്നിവിടങ്ങളിൽ ആയിരുന്നു അച്ചന്റെ ഉപരിപഠനം. കാത്തലിക് യൂണിവേഴ്‌സിറ്റിയിലും മയാമി സെന്റ് തോമസ് യൂണിവേഴ്സിറ്റിയിലും അദ്ദേഹം ഫാക്കൽറ്റിയുമായിരുന്നു. എസ് ബി കോളേജ് പ്രിൻസിപ്പൽ, ചിക്കാഗോ രൂപതയുടെ വികാരി ജനറൽ, സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസം, പബ്ലിക് അഫയേഴ്സ് എന്നിവയുടെ സെക്രട്ടറി തുടങ്ങിയ എത്രയെത്ര പദവികളാണ് അദ്ദേഹത്തെ തേടിയെത്തിയത്! ഈ എൺപതാം വയസിലും ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയായി തുടരുകയാണ് അദ്ദേഹം.

സിന്ധുവുമായുള്ള എന്റെ വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചവരിൽ ഒരാൾ മഠത്തിപ്പറമ്പിൽ അച്ചനാണ്; മറ്റൊരാൾ ഫാദർ ജോർജ് പനക്കൽ. ഇവർ ഇരുവരുടെയും പ്രോത്സാഹനമാണ് ഞങ്ങളുടെ ചങ്ങാത്തം വിവാഹത്തിൽ എത്തിച്ചത്. ഞങ്ങളുടെ എൻഗേജ്മെന്റ് നടത്തിത്തന്നതും മഠത്തിപ്പറമ്പിൽ അച്ചൻ തന്നെ. പ്രിയപ്പെട്ട അച്ചാ, എണ്പതിന്റെ ആശംസകൾ; പ്രാർത്ഥനകൾ!

Santimon Jacob

A journalist accredited by MNF-I for covering Operation Iraqi Freedom; author and vivid traveller

Share News