കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

Share News

ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു.

ജോസ് ജംങ്ഷൻ.

അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു.

ഓർമുണ്ട്, 3223215 ഇതായിരുന്നു ഫോൺനമ്പർ.മഹാരാജാസ് കോളജിലെ കോയിൻ ബൂത്തിൽ നിന്നും ഒറ്റരൂപയിട്ട് ഈ നമ്പറിൽ വിളിക്കും. സ്ഥിരം അ‍ഞ്ചാം നമ്പർ മേശയാണ്. കാണാൻ കൊതിക്കുന്നയാൾ അവിടെ വന്നിരിക്കുന്നുണ്ടോയെന്ന് ഈ നമ്പറിൽ വിളിച്ചുചോദിച്ചാൽ മതിയാകും.

പരിചയക്കാരനായ മാനേജർ മറുപടി മാത്രമല്ല വന്നിരിക്കുന്നയാളുടെ മുഖത്തെ ഭാവവും വിവരിച്ചുതരും. നീ ഇനിയും വരാൻ വൈകിയാൽ കക്ഷി ഇറങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു തരും.രണ്ടു കപ്പു കാപ്പിയുടെ ബലത്തിൽ നഗരവിളക്കുകൾ തെളിയുംവരെ ഇവിടെയിരുന്നു പ്രണയിച്ചവർ എത്രയോ പേർ.

.ചായക്കപ്പുകൾ നിറഞ്ഞും ഒഴിഞ്ഞും വീണ്ടും നിറഞ്ഞും കടപൂട്ടുവോളം രാഷ്ട്രീയം പറഞ്ഞവരെത്ര പേർ..! സൗത്ത് റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി ഓടിക്കിതച്ചുവന്നു വയറ്റിലെ തീ കെടുത്താൻ ‘പെട്ടെന്നൊരു മസാലദോശേം കാപ്പീം’ ഓർഡർ ചെ്യതവരെത്ര പേരുണ്ടാകും. ദേ.. അതുപറയുമ്പോ അന്നത്തെ ദോശേടേം കാപ്പീടേം മണം ഗുമുഗുമാന്നടിക്കുന്നു. രാവിലെ പത്രവും നിവർത്തിവച്ച് ടേബിളിൽ കോൾഡ് കോഫിയും നുണഞ്ഞിരിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്.

ബോംബെ ടോസ്റ്റ്, സ്ക്രബിൾഡ് എഗ്, മട്ടൻ എഗ്, കോച്ച് ഡെക്ക്, കോൾഡ് കോഫി ഇതൊക്കെയായിരുന്നു എന്റെ പെണ്ണിനിഷ്ടം. പിന്നെ കോഫി സെറ്റ് ഉണ്ടായിരുന്നു. ഇത്തിരി പരിഷ്കാരമാണ്. ഒരു തളികയിൽ കൊണ്ടുവരും. പാലും വെള്ളവും പഞ്ചസാരയുമൊക്കെ സ്വയം ചേർത്ത് വിദേശികളെപ്പോലെ കഴിക്കണം. .കോഫി ഹൗസിലിരുന്നു പ്രണയിച്ച മഹാരാജാസിലെയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിലെയും മറ്റും കമിതാക്കൾ വിവാഹിതരായി പിന്നീടു കുട്ടികളെയും കൂട്ടി വന്നിട്ടുണ്ടെന്നു രാജാവിന്റെ തൊപ്പിയും കിന്നരിയും അരപ്പട്ടയും വെള്ളയുടുപ്പുമിട്ട വെയ്റ്റർമാർ ചേട്ടന്മാർ പറയുമായിരുന്നു. പ്രണയികളുടെ കടന്നുവരവ് അവർ അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഒഴിഞ്ഞ മൂലകളിലെ ഇരിപ്പിടങ്ങൾ അവർക്കായി ഒരുക്കിക്കൊടുക്കുമായിരുന്നു.

ഒറ്റ കണ്ടിഷനേയുള്ളൂ, പരസ്പരം തേച്ചിട്ടു പോകരുത്.അക്കാലത്ത് മലയാള മനോരയിൽ ചെറിയ ക്ലാസി ഫൈഡ് പരസ്യങ്ങൾ കണ്ടിട്ടുണ്ട്. ‘ജോബ് വേക്കൻസി –കോൺടാക്റ്റ് : 3223215, സമയം– രാവിലെ 10–മുതൽ വൈകിട്ട് 4 വരെ’ . നഗരത്തിലെ ചെറുകിട സ്ഥാപനങ്ങളിലേക്കു ജോലിക്ക് ആളെ എടുക്കുന്നതിനുള്ള ഇന്റർവ്യൂവാണ്. വേദി കോഫി ഹൗസിലെ ഏതെങ്കിലും ടേബിളും. കാപ്പി മാത്രം ഓർഡർ ചെയ്ത് എത്ര നേരം വേണമെങ്കിലും ജോലിക്കാളെയെടുപ്പു നടത്താം. ആരുടെയും മുഖം മുഷിയില്ല. ആരും ഇറക്കിവിടാനും പോകുന്നില്ല. .വാരാദ്യങ്ങളിൽ ഹോസ്റ്റൽ വിട്ട് വീട്ടിലേക്കു പോകുമ്പോൾ കാപ്പിപ്പൊടി വാങ്ങിക്കൊണ്ടുപോകും. കാപ്പിപ്പൊടിക്ക് നല്ല ഡിമാന്റാണ്. പെട്ടന്നു തീരും. പിന്നെ കാനൻ ഷെഡ് റോഡിലെയോ ഹൈക്കോടതി വളപ്പിലെയോ ബോട്ടുജെട്ടിയിലെയോ കോഫി ഹൗസിലെത്തണം.

ജോസ് ജംങ്ഷനിൽ 1970 ലാണ് കോഫി ഹൗസിന്റെ തുടക്കം. 94–ൽ കെട്ടിടം പുതുക്കിപ്പണിതപ്പോൾ എതിർവശത്തുള്ള കെട്ടിടത്തിലേക്കു മാറി. 1997–ൽ പണി പൂർത്തിയായപ്പോൾ മടങ്ങിയെത്തി. വി.എം. സുധീരൻ, പി.പി. തങ്കച്ചൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.സി.ജോസ്, പി.കെ .ഗുരുദാസൻ, എം..എം. ലോറൻസ്, കെ.ജി. മാർക്കോസ് അങ്ങനെ പണ്ട് പതിവുകാർ പലരുണ്ടായിരുന്നുവെന്ന് മാനേജരായിരുന്ന എം. രാജീവ് ചേട്ടൻ പറഞ്ഞതോർമ്മയുണ്ട്.

രാജീവേട്ടന്റെ മുഖം മാത്രമല്ല, അന്നത്തെ ജീവനക്കാരായിരുന്ന പലരേയും ഓർക്കുന്നു.

അവരെക്കെ ഇപ്പോൾ എവിടെയായിരിക്കും?

കണ്ടുകിട്ടിയാൽ പരസ്പരമിരുന്ന് ഒരു കാപ്പിയൂതിക്കുടിച്ച് എവിടെയായിരുന്നു ഇതുവരെ എന്നു ചോദിക്കാമായിരുന്നു.

ടി.ബി. ലാൽ

Share News