
ഇരിങ്ങാലക്കുട രൂപതയിലെ ഇടവകസമൂഹങ്ങള്‍ കൂട്ടായ്മയുടെയും ആധ്യാത്മികതയുടെയും ക്രിയാത്മകതയുടെയും പാഠങ്ങള്‍ രചിക്കുകയായിരുന്നു

ഇരിങ്ങാലക്കുട : കോവിഡ് രോഗഭീതിയില്‍ രാജ്യം മുഴുവന്‍ കര്‍ശന നിബന്ധനകളോടെ അടച്ചിട്ട മുറിയിലായ നാളുകളില്‍ ഇരിങ്ങാലക്കുട രൂപതയിലെ ഇടവകസമൂഹങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി സ്വീകരിച്ചു വീടിന്റെയും സ്വന്തം പുരയിടത്തിന്റെയും നാലതിരുകളില്‍ ഒതുങ്ങിക്കൂടിയെങ്കിലും, അഭൂതപൂര്‍വമായ കൂട്ടായ്മയുടെയും ആധ്യാത്മികതയുടെയും ക്രിയാത്മകതയുടെയും പാഠങ്ങള്‍ രചിക്കുകയായിരുന്നു അവര്‍. സ്വന്തം ആരോഗ്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം അവര്‍ ഒരേ മനസ്സോടെ വേദനയും ആശങ്കയും ഇല്ലായ്മയും അനുഭവിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് സാന്ത്വനപ്പുഴകള്‍ ഒഴുക്കി.
സാനിറ്റൈസറുകള്‍ നിര്‍മിച്ചു നല്‍കിയും മാസ്‌കുകള്‍ നെയ്ത് വിതരണം ചെയ്തും ഭക്ഷണ വസ്തുക്കളടങ്ങിയ കിറ്റുകള്‍ എത്തിച്ചുകൊടുത്തും ലോക്ഡൗണ്‍ സൃഷ്ടിച്ച അകലങ്ങളെ അടുപ്പങ്ങളാക്കിമാറ്റി. ഇതോടൊപ്പം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് യു ട്യൂബ് ചാനല്‍ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെ നിരവധി ഇടവകകള്‍ വിശുദ്ധ കുര്‍ബാനയും വലിയ ആഴ്ച തിരുക്കര്‍മങ്ങളും ജപമാലയും മറ്റും വിശ്വാസികളിലെത്തിച്ചു.
ലോക്ഡൗണ്‍ സമ്മാനിച്ച നീണ്ട അവധിക്കാലം നിരവധി ഇടവകകള്‍ ബൈബിള്‍ അധിഷ്ഠിതമായ നിരവധി കലാമത്സരങ്ങള്‍ക്കും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ചു.
അടച്ചിരുപ്പിന്റെ ആ കാലത്തെ സജീവമാക്കിയതിനു നേതൃത്വം നല്‍കിയത് ഭാവനാസമ്പന്നരായ വികാരിമാരും അസി. വികാരിമാരും യുവജനസംഘടനയും കേന്ദ്രസമിതികളും ഇടവകയിലെ നിരവധി പ്രസ്ഥാനങ്ങളും തന്നെ. ക്രിയാത്മകത മുഖമുദ്രയായി മാറിയ ആ കാലത്തിന്റെ ഏതാനും നേര്‍ചിത്രങ്ങളിതാ.
..കല്ലേറ്റുംകര : രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേതന്നെ 25 ലിറ്ററോളം സാനിറ്റൈസര്‍ നിര്‍മിച്ചു വിതരണം ചെയ്ത കല്ലേറ്റുംകര ഉണ്ണിമിശിഹാ ഇടവക വിവിധ തലങ്ങളിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. ഇടവകയുടെ യുട്യൂബ് ചാനലിലൂടെ വലിയ ആഴ്ച തിരുക്കര്‍മങ്ങളും പിന്നീട് ഞായറാഴ്ചകളില്‍ ദിവ്യബലിയും സംപ്രേഷണം ചെയ്ത ഇടവക സമൂഹം, ഏപ്രിലില്‍ നടക്കാതെപോയ ഗ്രേസ് ഫെസ്റ്റ് ഓണ്‍ലൈനായി നടത്തിയത് വേറിട്ട സംരംഭമായി. യുവജനസംഘടനകളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം മാസ്‌കുകള്‍ അമ്മമാരുടെ സഹായത്തോടെ നിര്‍മിച്ചു വിതരണം ചെയ്തു. ലോക്ക്ഡൗണിന്റെ ആദ്യദിവസങ്ങള്‍ മുതല്‍ ലോക്ക്ഡൗണ്‍ ആക്റ്റിവിറ്റികള്‍’ എന്ന പേരില്‍ 18 വ്യത്യസ്ത മല്‍സരങ്ങള്‍ ഇടവകാംഗങ്ങള്‍ക്കായി ഓണ്‍ലൈനില്‍ നടത്തി. തുടര്‍ച്ചയായി 50 ദിവസങ്ങളില്‍ 12 മണിക്കൂര്‍ വീതം ഇടമുറിയാതെ യൂണിറ്റ് അടിസ്ഥാനത്തിലും സംഘടനാ തലത്തിലും ജപമാല ചൊല്ലി. ഇടവകയിലെ ആവശ്യപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ‘കരുതല്‍’ എന്ന പദ്ധതി വഴി 10 കിലോ അരി, 500 രൂപ, രണ്ട് ഏത്തവാഴക്കന്ന് എന്നിവ നല്‍കി. 900-ത്തോളം കുടുംബങ്ങളുള്ള ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊറോണ വൈറസിനു മുന്നില്‍ തോറ്റുകൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയോടെ വികാരി ഫാ. ജോസ് പന്തല്ലൂക്കാരന്‍ അസി. വികാരി ഫാ. ഡിബിന്‍ അയിനിക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. അവിട്ടത്തൂര്‍ : തിരുക്കുടുംബ ഇടവകയിലെ കുടുംബ കൂട്ടായ്മകളില്‍ വികാരി ഫാ. ആന്റണി തെക്കിനിയത്തിന്റെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മിച്ചു നല്‍കി
.ചാലക്കുടി : സെന്റ് മേരീസ് ഫൊറോന പള്ളിയിലെ മാതൃവേദി മാസ്‌ക് നിര്‍മിച്ചു.കൊടകര : സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് രസതന്ത്ര വിഭാഗം മാസ്‌കുകളും സാനിറ്റൈസറുകളും നിര്‍മിച്ചു കൊടകര പഞ്ചായത്തിനു കൈമാറി.തെക്കന്‍ താണിശേരി : സെന്റ് സേവ്യേഴ്‌സ് ഇടവകയില്‍ കെസിവൈഎമ്മും മാതൃസംഘവും സംയുക്തമായി ഇടവകയിലും പഞ്ചായത്തിന്റെ വിവിധമേഖലകളിലും 5000 മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കി. ഫാ. പോള്‍ അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു.
മാള : സ്റ്റനിസ്ലാവോസ് ഫൊറോന ഇടവക ഈസ്റ്റര്‍ ദിനത്തില്‍ സമൂഹ അടുക്കളയിലൂടെ ബിരിയാണി നല്‍കി. പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ 400 കോഴി ബിരിയാണിയാണ് തയാറാക്കി നല്‍കിയത്. വി. ആര്‍. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ കെസിവൈഎം അംഗങ്ങള്‍ മാസ്‌കുകള്‍ തയാറാക്കി നല്‍കി.
അമ്പനോളി : സെന്റ് ജോര്‍ജ് ഇടവകയിലെ 140 കുടുംബങ്ങള്‍ക്ക് വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പള്ളികമ്മറ്റിയോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 1500 രൂപ വീതം നല്‍കി. ഇടവകാതിര്‍ത്തിക്കുള്ളിലെ ഇതര മതസ്ഥരായ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് 1000 രൂപ വീതവും നല്‍കി.
കൊടുങ്ങല്ലൂര്‍ : സെന്റ് മേരീസ് ഇടവക നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് അരിയും പച്ചക്കറികളും നല്‍കി. നഗരസഭ ചെയര്‍മാന്‍ കെ. ആര്‍ ജൈത്രനു വികാരി ഫാ. അനൂപ് കോലംകണ്ണി അരിയും പച്ചക്കറികളും കൈമാറി. ഇടവകയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറികളും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു.
നെല്ലായി : സെന്റ് മേരീസ് പള്ളി പറപ്പൂക്കര പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും നല്‍കി. വികാരി ഫാ. ഷാജു കാച്ചപ്പിള്ളിയില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ ഏറ്റുവാങ്ങി
.ഇരിങ്ങാലക്കുട : രൂപത കത്തോലിക്കാ കോണ്‍ഗ്രസ് വിവിധ പൊതുസ്ഥാപനങ്ങളായ സര്‍ക്കാര്‍ ആശുപത്രികള്‍, പൊലിസ് സ്റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലായി 10,000 മാസ്‌കുകള്‍ വിതരണം ചെയ്തു.
തൂമ്പാക്കോട് : ചാലക്കുടി സെഹിയോന്‍ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് തൂമ്പാക്കോട് ഇടവകാംഗങ്ങള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ലൈജു പെരേപ്പാടന്‍ ഇടവക വികാരി ഫാ. സണ്ണി മണ്ടകത്തിന് മാസ്‌കുകള്‍ കൈമാറി. ചെമ്മണ്ട : നിര്‍ധന കുടുംബങ്ങള്‍ക്ക് സിഎല്‍സി നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. സേവിയൂര്‍ : സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക 400 പലവ്യഞ്ജന കിറ്റുകളും 2000 മാസ്‌കുകളും വിതരണം ചെയ്തു. സാധുസഹായനിധി, സോഷ്യല്‍ ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 1,25,000 രൂപ ഇതിനായി ചെലവഴിച്ചു. വികാരി ഫാ. ടിനോ മേച്ചേരി നേതൃത്വം നല്‍കി. ആനന്ദപുരം : ചെറുപുഷ്പ ദൈവാലയത്തില്‍ നിര്‍ധനരായ നാനാജാതി മതസ്ഥര്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. കൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ദൈവാലയത്തില്‍ ഊട്ടുതിരുനാള്‍ ആചരണത്തിന്റെ ഭാഗമായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. എസ്‌ഐ കെ.എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നടത്തി വികാരി ഫാ. ജോസ് വെതമറ്റില്‍, കൈക്കാരന്മാര്‍, കേന്ദ്രസമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.മാള പള്ളിപ്പുറം : സെന്റ് ആന്റണീസ് ലാറ്റിന്‍ ഇടവകയുടെ നേതൃത്വത്തില്‍ ജാതിമതഭേദനമെന്യെ ആയിരം കുടുംബങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വികാരി ഫാ. ആന്റണി ചില്ലിട്ടശേരി നിര്‍വഹിച്ചു.വെള്ളാഞ്ചിറ : ഫാത്തിമമാത ഇടവകയിലെ മുഴുവന്‍ ഭവനങ്ങള്‍ക്കും പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. വികാരി ഫാ. ബെന്നി കരിമാലിക്കല്‍ കേന്ദ്രസമിതി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
മണ്ണൂക്കാട് : ഫാത്തിമനാഥാ ഇടവകയില്‍ ‘ഉയിര്‍’ എന്ന പേരില്‍ അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. വികാരി ഫാ. ജയിംസ് പള്ളിപ്പാട്ടിന്റെ സാന്നിധ്യത്തില്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, കേന്ദ്രസമിതി പ്രസിഡന്റ് എം.ആര്‍. രഞ്ജി, സി.എ. വിന്‍സന്റ് എന്നിവര്‍ക്ക് കിറ്റുകള്‍ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാദുവാനഗര്‍ : സെന്റ് ആന്റണീസ് ഇടവകയില്‍ കെസിവൈഎം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തു. വികാരി ഫാ. ഫെബി പുളിക്കന്‍ ഉദ്ഘാടനം ചെയ്തു.
വെളയനാട് : സെന്റ് മേരീസ് ഇടവക ഇടവകാംഗങ്ങള്‍ക്കും ഇടവകാതിര്‍ത്തിയില്‍പെട്ട അര്‍ഹരായിട്ടുള്ള അക്രൈസ്തവര്‍ക്കും അവശ്യ വസ്തുക്കള്‍ അടങ്ങിയ 750 ലേറെ സൗജന്യ കിറ്റുകള്‍ വിതരണം ചെയ്തു. വികാരി ഫാ. സജി പൊന്മിനിശേരിയുടെ നേതൃത്വത്തില്‍ കുടുംബക്ഷേമനിധി, കെസിവൈഎം, മാതൃസംഘം, ഗായകസംഘം, കെഎല്‍എം, കുടുംബ സമ്മേളന കേന്ദ്രസമിതി, കുടുംബസമ്മേളന യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ 3,75,000 രൂപയോളം കണ്ടെത്തിയത്.
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി മാസ്‌ക് നിര്‍മിച്ചു വിതരണം ചെയ്തു. വികാരി ഫാ. ആന്റു ആലപ്പാടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പൊലിസ് സ്റ്റേഷനുകള്‍, വിവിധ പൊതുസ്ഥലങ്ങള്‍, ഓട്ടോസ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.മുപ്ലിയം : ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം നല്‍കി. ലോക്ഡൗണ്‍മൂലം പ്രവര്‍ത്തിക്കാതിരുന്ന പള്ളി കെട്ടിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടകയിളവ് നല്‍കി.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലേക്ക് 25,000 രൂപ വികാരി ഫാ. ജോയ് മേനോത്ത് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദന് കൈമാറി. ഇടവകയിലെ കുടുംബങ്ങള്‍ക്ക് 2500 മാസ്‌കുകള്‍ വിതരണം ചെയ്തു. ഇടവകയിലെ എല്ലാ കുടുംബങ്ങളെയും യൂണിറ്റടിസ്ഥാനത്തില്‍ പങ്കെടുപ്പിച്ചു കുടുംബ പ്രാര്‍ഥന മുതല്‍ കൊറോണ പ്രതിരോധ കാര്യങ്ങള്‍ വരെ ഉള്‍പ്പെടുത്തി മല്‍സരാടിസ്ഥാനത്തില്‍ 10 ദിവസം 10 ടാസ്‌കുകള്‍ ഓണ്‍ലൈന്‍ വഴി നടത്തി. മികച്ച പ്രതികരണമായിരുന്നു ഇടവക ജനങ്ങളില്‍ നിന്ന് ലഭിച്ചത്. വികാരി ഫാ. ജോയ് മേനോത്തിനൊപ്പം യുവജനങ്ങളും കമ്മറ്റിയംഗങ്ങളും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.വെള്ളാരംപാടം : രൂപതയിലെ ഏറ്റവും ചെറിയ ഇടവകകളിലൊന്നായ വെള്ളാരംപാടം ലോക്ക്ഡൗണ്‍ കാലത്ത് ഇടവകയിലെ 56 കുടുംബങ്ങള്‍ക്കും 1000 രൂപ വീതം വീടുകളിലെത്തിച്ചു. വികാരി ഫാ. ജോയ് മേനോത്ത്, ട്രസ്റ്റിമാരായ ഷാജന്‍ നാട്ടേക്കാടന്‍, ജോബി വട്ടപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുമ്പിടി : ഇടവകയില്‍ ലോക്ഡൗണ്‍ വന്ന ആദ്യദിവസങ്ങളില്‍ തന്നെ ഇടവക കുടുംബ യൂണിറ്റുകളില്‍ നിലവിലുണ്ടായിരുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളെ സജീവമാക്കുകയും ഇടവകയുടെ പേരില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. ഇതുവഴി വലിയ ആഴ്ചയിലെ എല്ലാ തിരുക്കര്‍മങ്ങളും തുടര്‍ന്നു പ്രതിദിന ദിവ്യബലികളും മിക്കവാറും എല്ലാ കുടുംബങ്ങളിലും ലഭ്യമാക്കി. ഇതോടൊപ്പം ഇടവക യുവജന സംഘടനകളുടെ സഹകരണത്തോടെ ബൈബിള്‍ അധിഷ്ഠിതമായ മല്‍സരങ്ങളും മറ്റും വന്‍വിജയമായിരുന്നു. വികാരി ഫാ. ഷിബു നെല്ലിശേരിയും കരുത്തുറ്റ ഇടവക ജനങ്ങളും യുവജനങ്ങളും ലോക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍ഥമായ നേതൃത്വം നല്‍കി.
കുറ്റിക്കാട് : പച്ചക്കറിത്തോട്ട നിര്‍മാണവും ഉദ്യാനം വൃത്തിയാക്കലും അലങ്കാര മല്‍സ്യക്കുളം പുനരുദ്ധരിച്ചു അവിടെ മാതാവിന് പുതിയ ഗ്രോട്ടോ നിര്‍മിക്കലുമായി കുറ്റിക്കാട് ഫൊറോന വികാരി ഫാ. വില്‍സന്‍ ഈരത്തറ, അസി. വികാരി ഫാ. മാര്‍ട്ടിന്‍ മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലം പ്രയോജനപ്പെടുത്തി. മല്‍സ്യക്കുളക്കരയില്‍ നിര്‍മിച്ച ഗ്രോട്ടോയില്‍ ‘കൊറോണ മാതാവി’നെ പ്രതിഷ്ഠിച്ചു.
ഗ്രോട്ടോയില്‍ ഇരുന്നു പ്രാര്‍ഥിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. ഇടവക ശതാബ്ദിയുടെ ഭാഗമായി നടപ്പാക്കിയ പച്ചക്കറിത്തോട്ട പദ്ധതിയില്‍ ബാക്കിവന്ന ഗ്രോബാഗുകളില്‍ വിവിധ ഇനം പച്ചക്കറിത്തൈകള്‍ നട്ടുവളര്‍ത്തി. പള്ളിയുടെ വടക്കുഭാഗത്ത് വൃത്തിഹീനമായി കിടന്നിരുന്ന സ്ഥലത്ത് ഒരു സെന്റ് വിസ്തൃതിയില്‍ മീന്‍കുളം നിര്‍മിച്ചു.2000 -ത്തോളം മല്‍സ്യക്കുഞ്ഞുങ്ങളെ ഇതില്‍ നിക്ഷേപിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു ഭക്തസംഘടനകളുടെ സഹകരണത്തോടെ പള്ളിയുടെ തെക്ക് തയാറാക്കിയ ഫ്രൂട്ട് ഗാര്‍ഡന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായി കിടന്നിരുന്ന പള്ളിപ്പറമ്പിന്റെ ഭാഗങ്ങളില്‍ വിവിധയിനം പച്ചക്കറി കൃഷിക്കും ഇടവകാംഗങ്ങള്‍ തുടക്കമിട്ടു.
