ഒറ്റത്തിരഞ്ഞെടുപ്പ് ജനാധിപത്യത്തിനു ഭൂഷണമോ?
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയമുദ്രാവാക്യം രാജ്യം ഭരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരിന്റെ മുഖ്യകക്ഷിയായ ബിജെപി വിളംബരം ചെയ്തിട്ടു കാല്‍നൂറ്റാണ്ടിലധികമായി. തിരഞ്ഞെടുപ്പുസമയത്തില്‍ ഏകീകരണമുണ്ടാവണമെന്ന ആശയം ഇരുപതുവര്‍ഷംമുമ്പ് ലോ കമ്മീഷനും ചര്‍ച്ച ചെയ്തതാണ്. തിരഞ്ഞെടുപ്പുകമ്മീഷന്‍തന്നെ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യനാളുകളില്‍ ഇത്തരമൊരഭിപ്രായം ഉന്നയിച്ചിരുന്നു. നാലുവര്‍ഷംമുമ്പാണ് ഒറ്റത്തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിച്ചുതുടങ്ങിയത്. അന്നു പക്ഷേ, കോണ്‍ഗ്രസും പ്രധാന പ്രാദേശികപാര്‍ട്ടികളും അതിശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് കൂടിയാലോചനകളോ ചര്‍ച്ചകളോ നടന്നില്ല. ഇക്കഴിഞ്ഞ നവംബര്‍ 26 ന് ഭരണഘടനാദിനത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞടുപ്പ് എന്ന രാഷ്ട്രീയ അജണ്ടയുമായി പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ജനാധിപത്യവിശ്വാസികളുടെയിടയില്‍ വീക്ഷണവ്യതിയാനങ്ങളില്ലാതില്ല.
2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനനിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുമോയെന്നുള്ള ഗൗരവചോദ്യത്തിന്, ഇപ്പോള്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ള സര്‍ക്കാരിന് അതു നടത്താന്‍ അധികം അധ്വാനിക്കേണ്ടതില്ലല്ലോ എന്ന ലളിതമായ ഉത്തരമേ ശേഷിക്കുന്നുള്ളൂ. അതേസമയം, രാജ്യത്തെ സ്വതന്ത്രജനാധിപത്യവും ഫെഡറല്‍ സംവിധാനവും തകരാറിലാകുമെന്ന ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ആശങ്കകളെ ഒട്ടും അവഗണിക്കാനുമാവില്ല.
തിരഞ്ഞെടുപ്പുചെലവുകളും മനുഷ്യപ്രയത്‌നവും അധികസമയവും ഗണ്യമായി കുറയ്ക്കാനാകുമെന്നതാണ് ഒറ്റത്തിരഞ്ഞെടുപ്പിന്റെ മുഖ്യസവിശേഷതയായി ചൂണ്ടിക്കാണിക്കുന്നത്. 2019 ലെ ലോ ക്‌സഭാതിരഞ്ഞെടുപ്പിലെ ഇലക്ഷന്‍ കമ്മീഷന്റെ ചെലവുകളും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണച്ചെലവുകളുംകൂടി ഏകദേശം 60,000 കോടി രൂപ വന്നതായാണു കണക്ക്. ഇലക്ഷന്‍ ചെലവുകളും അനുബന്ധമായുള്ള ധൂര്‍ത്തും കുറയുന്നതിനാല്‍ കോടിക്കണക്കിനു രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കാന്‍ കഴിയും. തിരഞ്ഞെടുപ്പുജോലി നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാസേനയ്ക്കും ഒറ്റത്തിരഞ്ഞെടുപ്പ് വലിയ ആശ്വാസമായിരിക്കുമെന്നതില്‍ സംശയമില്ല.
അതേസമയം, തിരഞ്ഞെടുപ്പ് ഏകീകരണമുണ്ടാകുമ്പോള്‍ അഞ്ചുവര്‍ഷത്തിനിടയില്‍ വോട്ടര്‍പട്ടിക ഒന്നേയുള്ളൂവെന്നതും ജനങ്ങളുടെ വോട്ടധികാരത്തിന് ഒരവസരമേ ലഭിക്കൂവെന്നതും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, പാര്‍ലമെന്റു തിരഞ്ഞെടുപ്പിലെയും സംസ്ഥാന തിരഞ്ഞെടുപ്പുകളിലെയും വിഷയവൈവിധ്യങ്ങളും അജണ്ടയും അസ്ഥാനത്താകും. പ്രാദേശികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പജന്‍ഡകളും തദ്ദേശീയാഭിമുഖ്യങ്ങളും താഴേത്തട്ടിലുള്ള ജനവികാരങ്ങളും പരിഗണിക്കപ്പെടാതെവരും. ഇതുവഴി അധികാരവികേന്ദ്രീകരണമെന്ന (അധികാരം ജനങ്ങളിലേക്ക്) പഞ്ചായത്തുരാജ് സംവിധാനം അപ്രസക്തമാകാനുള്ള അപകടവുമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവരെ തിരിച്ചുവിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യമാണ് നമ്മുടേത്. അഴിമതിവീരന്മാരായ രാഷ്ട്രീയക്കാരെയും അവരെ സംരക്ഷിക്കുന്ന പാര്‍ട്ടികളെയും നിലയ്ക്കു നിറുത്താനുള്ള ജനാധികാരമെന്ന വോട്ടവകാശം ഇടയ്ക്കിടയ്ക്കുണ്ടാകുന്നത് ഒരര്‍ത്ഥത്തില്‍ നല്ലതാണെന്നും പറയേണ്ടിവരുന്നു. നിയമസഭാതിരഞ്ഞെടുപ്പും പാര്‍ലമെന്റു തിരഞ്ഞെടുപ്പും വെവ്വേറെ നടക്കുമ്പോള്‍ ജനവികാരം സത്യസന്ധമായി പ്രതിഫലിപ്പിക്കാന്‍ അവസരമുണ്ടാകും എന്നതു നിസ്സാരകാര്യമല്ല.
ഒറ്റത്തിരഞ്ഞെടുപ്പുനയത്തിലൂടെ രാജ്യത്തെ ജനാധിപത്യസ്വഭാവവും ഫെഡറലിസവും തകരാറിലാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോക്‌സഭാ, നിയമസഭാതിരഞ്ഞെടുപ്പുകള്‍ തമ്മില്‍ ഏതാനും മാസങ്ങളുടെ വ്യത്യാസമേയുള്ളൂവെങ്കില്‍ ഏകീകരണം നല്ലതാണ്, അല്ലെങ്കില്‍ അതു ജനഹിതത്തിനെതിരാകും. അധികാരകേന്ദ്രീകരണം അരാജകത്വത്തിലേക്കു നയിക്കുമെന്നുറപ്പാണ്. തിരഞ്ഞെടുപ്പ് ഒന്നിച്ചോ പലതായോ നടത്തിയാലും, രാജ്യത്തിന്റെ വിശാലതാത്പര്യങ്ങള്‍ സംരക്ഷിക്കാനും ഫെഡറല്‍സംവിധാനം നിലനിറുത്താനും രാജ്യത്തെ പൗരസമൂഹമൊന്നാകെ പ്രതിജ്ഞാബദ്ധമാണ്.
ഭരണസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കുമുതല്‍ സാധാരണ വോട്ടര്‍ക്കുവരെ ആ തിരിച്ചറിവും വിവേകവും അതിജാഗ്രതയും ഉണ്ടാവേണ്ടത് അനിവാര്യമാണ്.
ഫാ. കുര്യന്‍ തടത്തില്‍