
ദശലക്ഷം പേരെത്തുന്ന രഥയാത്രയ്ക്ക് അനുമതി; നിബന്ധന: ഒരാളും പങ്കെടുക്കരുത്!
ലോകപ്രശസ്തമായ ഒഡിഷയിലെ പുരി ജഗന്നാഥ രഥയാത്ര ഈ വര്‍ഷവും നടത്താന്‍ സുപ്രീംകോടതി അനുമതി. കര്‍ശനമായ നിബന്ധനകള്‍ അനുസരിച്ചാണ് രഥയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. ഇത്തവണ വിശ്വാസികള്‍ ഉണ്ടാകില്ല. കൊവിഡ്-19 പ്രമാണിച്ച് രഥയാത്ര റദ്ദാക്കണമെന്ന് സുപ്രീംകോടതി ജൂണ്‍ 18ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹര്‍ജികള്‍ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. രഥയാത്ര നടത്തണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തീരുമാനം സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചതാണ്. തിങ്കളാഴ്ച്ച രാത്രി 9 മുതല്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിവരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്ത് ലക്ഷം വിശ്വാസികളുടെ പുരി ജഗന്നാഥന്
ലോകത്തിലെ ഏറ്റവും വലിയ രഥഘോഷയാത്രയെന്നാണ് പുരി ജഗന്നാഥ് യാത്രയെ ബിബിസി വിശേഷിപ്പിക്കുന്നത്. ഏതാണ്ട് 10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയ്ക്ക് ആളുകള്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കുന്നു. ഈ വര്‍ഷം വിശ്വാസികളെ പങ്കെടുപ്പിക്കരുത് എന്നാണ് സര്‍ക്കാരുകളുടെ നിലപാട്. ഇത് സുപ്രീംകോടതിയും അംഗീകരിച്ചതാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രഥയാത്ര തന്നെ ഒഴിവാക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത ഹര്‍ജികളും കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥനയും മാനിച്ചാണ് പുതിയ ഉത്തരവ് വന്നത്. ഇതനുസരിച്ച് ഇത്തവണ ടെലിവിഷനിലൂടെ ജഗന്നാഥന്റെ ദര്‍ശനം വിശ്വാസികള്‍ക്ക് ഒതുക്കേണ്ടിവരും.

ഇന്ത്യയിലെ മറ്റു രഥയാത്രകള്‍ക്ക് അനുമതി നല്‍കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പുരിയില്‍ ഇത്തവണ രഥയാത്ര നടത്തിയാല്‍ ജഗന്നാഥ് ക്ഷമിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ആദ്യത്തെ ഉത്തരവ്. നൂറ്റാണ്ടുകളായി നടക്കുന്ന ചടങ്ങാണെന്നും വിശ്വാസികള്‍ക്ക് വിഷമമുണ്ടാക്കുന്നതാണ് തീരുമാനമെന്നും ഒഡീഷ സര്‍ക്കാരും ഭക്തരുടെ സംഘടനകളും വാദിച്ചു. ജഗന്നാഥ് രഥയാത്രയ്ക്കായി വിഗ്രഹം പുറത്തിറങ്ങിയില്ലെങ്കില്‍ അടുത്ത 12 വര്‍ഷത്തേക്ക് രഥയാത്ര നടത്താന്‍ കഴിയില്ലെന്ന് സൊളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 1737 മുതല്‍ രഥയാത്ര നടക്കുന്നുണ്ടെന്നാണ് സംഘാടകരുടെ വാദം. 284 വര്‍ഷത്തിനിടെ ആദ്യമായാണ് രഥയാത്ര മുടങ്ങാന്‍ സാധ്യത കാണുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുപ്രീംകോടതി ഉത്തരവോടെ ഈ പ്രതിസന്ധിയും നീങ്ങി.
രഥയാത്ര റദ്ദാക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ജൂണ്‍ 23 മുതലാണ് പുരിയില്‍ രഥയാത്ര ഉത്സവം ആരംഭിക്കുന്നത്. പുതിയ കോടതി ഉത്തരവ് ഉത്സവത്തിന് ഒരുദിവസം മുന്‍പ് മാത്രം പാസ്സായതോടെ ചടങ്ങുകൾക്ക് പ്രാധാന്യം നല്കി രഥയാത്ര മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. രഥയാത്ര എങ്ങനെ നടത്തണം എന്നതില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ് എന്നതാണ് സുപ്രീംകോടതി എടുത്ത തീരുമാനം. രണ്ട് സര്‍ക്കാരുകള്‍ക്കും എതിരഭിപ്രായങ്ങളില്ലാത്തത് കൊണ്ട് ആചാരം പാലിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകും. രഥയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയതില്‍ രാജ്യം മുഴുവന്‍ നന്ദി പറയുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികളുടെ വികാരംഉള്ക്കൊണ്ടെന്നും വിധിക്ക് ശേഷം ഷാ പ്രതികരിച്ചു.
