
ജീസസ് യൂത്ത് എന്ന “ദൈവവിളികളുടെ പൂന്തോട്ടം” –
വളരെ സന്തോഷത്തോടെയാണ് സെലസ്റ്റിൻ ചെല്ലൻ എന്ന തിരുവനന്തപുരം സ്വദേശി ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പുരോഹിതനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കേട്ടത്. കഴിഞ്ഞവർഷം ജയന്ത് ജസ്റ്റിൻ എന്ന മറ്റൊരു യുവാവും ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്ലരീഷൻ സഭയിൽ വൈദികനാകാൻ ചേർന്നിരുന്നു. ഇരുവരും ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ സജവമായിരുന്നു.

ഇതുപോലെ ജീസസ് യൂത്തിലൂടെ ആത്മീയമായ വളർന്ന് പൗരോഹിത്യ ജീവിതം പുൽകാൻ തീരുമാനമെടുത്ത മറ്റ് പലരേയും വ്യക്തിപരമായി അറിയാം. വരുന്ന വർഷങ്ങളിൽ വൈദികരാകാൻ തയ്യാറെടുക്കുന്നവരെയും അറിയാം. ടെക്കികളായി ജോലി ചെയ്തിരുന്നവരും, ഡോക്ടർ ഉദ്യോഗം ഉപേക്ഷിച്ചവരും ഇതിലുൾപ്പെടുന്നു. സുവിശേഷത്തിൽ ക്രിസ്തു പറയുന്നതുപോലെ ഫലത്തിൽ നിന്നും അതിന്റെ വൃക്ഷത്തെ അറിയാൻ സാധിക്കും.
ഏതാനും വർഷങ്ങളായി ആഗോള കത്തോലിക്കാസഭയ്ക്ക് ഏറ്റവും മികച്ച ഫലങ്ങളാണ് ജീസസ് യൂത്ത് പ്രസ്ഥാനം സമ്മാനിക്കുന്നത്. പ്രസ്ഥാനത്തിന്റെ ആഴത്തിലുള്ള ആത്മീയ അടിസ്ഥാനത്തിന്റെ അടയാളമാണ് ഈ ദൈവവിളികൾ. സുവിശേഷത്തിന് വേണ്ടി കത്തിജ്വലിക്കുന്ന ഏറ്റവും തീക്ഷണംമതികളായ വൈദികരായി ഇവരെല്ലാം മാറുമെന്ന് ഉറപ്പാണ്.
