
പിടിയിലായ ലോറൻസിനെ ജനത്തിനു കാണാനായി എറണാകുളം പട്ടണത്തിലൂടെ അന്ന് നടത്തിക്കൊണ്ടുപോയി എന്നാണ് അമ്മയുടെ ഓർമ .
ഇടപ്പിള്ളിക്കേസിൽ സഖാവ് എം . എം ലോറൻസിനെ അറസ്റ്റ് ചെയ്‌ത ശേഷമുള്ള ഒരു രംഗം 1960 കളിൽ എന്റെ ‘അമ്മ ഞങ്ങൾ മക്കൾക്ക് വിവരിച്ചുതന്നത് ഇപ്പൊഴും ഓർക്കുന്നു
– പെരുമാന്നൂരാണ് അമ്മയുടെ വീട് .
അന്നത്തെ ആ രംഗത്തിന് അമ്മയും ദൃക്‌സാക്ഷിയായിരുന്നു . പിടിയിലായ ലോറൻസിനെ ജനത്തിനു കാണാനായി എറണാകുളം പട്ടണത്തിലൂടെ അന്ന് നടത്തിക്കൊണ്ടുപോയി എന്നാണ് അമ്മയുടെ ഓർമ . പിടിയിലായതിനെ തുടർന്നുള്ള ക്രൂരമർദ്ദനങ്ങൾക്കു ശേഷമായിരുന്നു ജനത്തിനു മുന്നിലെ ആ പ്രദർശനമത്രെ . ക്രൂരമായ ചമ്മട്ടിയടികൾക്കും ഇതര ക്രൂരതകൾക്കും ആട്ടിനും തുപ്പിനും അപമാനിക്കലുകൾക്കും മുൾമുടിധാരണത്തിനും ശേഷം ക്രിസ്‌തുവിനെ കുരിശിലേറ്റാൻ ഗാഗുൽത്തയിലേക്ക് കൊണ്ടുപോയതുപോലെയാണ് ലോറൻസിനെ അന്ന് കൊണ്ടുപോയതെന്നായിരുന്നു ‘അമ്മ ഞങ്ങൾ മക്കളോട് വിവരിച്ചത് .
വഴിനീളെ സ്‌ത്രീകൾ ആ കാഴ്ചകണ്ട് കണ്ണീരോടെ സ്തംഭിച്ചുനിന്നു എന്നും അമ്മയുടെ വിവരണത്തിലുണ്ടായിരുന്നു .
കൊച്ചി നഗരത്തിലെ [ അന്ന് കൊച്ചി നഗരമില്ല ; എറണാകുളം പട്ടണമാണ് . അതും ഒരു തനി കുഗ്രാമ പ്രദേശം . പിന്നീട് ആ ദൃശ്യം തന്നെയാണ് ഞാനും കൗമാരത്തിന്റെ അവസാനം വരെ കണ്ടിട്ടുള്ളത് ]
ഇന്നത്തെ എം ജി റോഡിനുവേണ്ടി അക്വയർ ചെയ്‌ത സ്ഥലം അന്ന് ചെളി നിറഞ്ഞ് ചതുപ്പായി കിടക്കുകയാണ് . വെറും ചതുപ്പുനിലം . ലോക്കപ്പിൽ കിടന്നിരുന്ന ട്രേഡ് യൂണിയൻ നേതാവ് സഖാവ് എൻ . കെ മാധവനെ ബലമായി മോചിപ്പിക്കാനുള്ള സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അതിനു നേതൃത്വം നൽകിയിരുന്ന സഖാവ് കെ . സി മാത്യുവും ലോറൻസുൾപ്പെടെ അതിൽ പങ്കെഉത്ത മറ്റു സഖാക്കളും ഒളിവിലായിരുന്നു .

സഖാക്കൾക്കിടയിലെ ബിരുദധാരിയും ബുദ്ധിജീവിയും സൈദ്ധാന്തികനുമായിരുന്നു കെ . സി മാത്യു . പിന്നീട് ലോറൻസ് പിടിയിലായതിന് തൊട്ട് പിന്നാലെ തന്നെയാണ് സഖാവ് കെ സിയും പോലീസിന്റെ പിടിയിലായത് [ ഇടപ്പിള്ളി കേസ് നടത്തിപ്പിന് ഫണ്ട് ശേഖരണത്തിന് പാർട്ടി പിന്നീട് അണികൾക്കിടയിൽ കെ .സി മാത്യുവിന്റെ ചിത്രങ്ങൾ അച്ചടിച്ചുവിറ്റിരുന്നു . ഒരണയായിരുന്നു ആ ചിത്രത്തിന്റെ വില എന്നാണോർമ . [ഒരണയെന്നാൽ ഇന്നത്തെ ആറു പൈസയാണ് ഒരണ ] .അതിന്റെ അച്ചടിച്ച ഒരുപാട് കോപ്പികൾ വിൽപന കഴിഞ്ഞ് ശേഷിച്ചത് ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ സഖാവ് പീറ്റർ പാർട്ടി നയിച്ചതിന്റെയും പാർട്ടിപ്രവർത്തനത്തിന്റെയും ബാക്കിത്രങ്ങളിലൊന്നായി വീട്ടിൽ അട്ടിയട്ടിയായി കിടന്നിരുന്നു . ഒരുപാട് കാലം അതങ്ങനെ സൂക്ഷിപ്പിലുണ്ടായിരുന്നു- എന്റെ യൗവനത്തിലും . മറ്റു പാർട്ടി ചരിത്രരേഖകൾക്കൊപ്പം പിന്നീട് അതും ചിതലെടുത്ത് പോയി . ചിത്രത്തിൽ നിന്ന് മനസിലേക്ക് പകരപ്പെട്ട സഖാവ് കെ . സി മാത്യുവിന്റെ സുന്ദരമുഖം ഇന്നും മനസ്സിൽ ബാക്കിയുണ്ട് . ] സ്റ്റേഷൻ ആക്രമണത്തിലുൾപ്പെട്ട ലോറൻസും മാത്യുവും വി . വിശ്വനാഥമേനോനും [ ഇദ്ദേഹം പിന്നീട് കേരളത്തിൽ ധനമന്ത്രിയായി . അവസാനം ബി ജെ പി സ്ഥാനാർത്ഥിയാവുന്നതും കണ്ടു ! ]
പിടിയിലാകുന്നതിനുമുൻപ് അവർ ഒളിവിലുണ്ടെന്ന് കരുതിയിരുന്ന കലൂരിലെ ഫിലോമിന എന്ന വിധവയുടെ ചെറ്റപ്പുരയിൽ പൊലീസ് എത്തിയിരുന്നു – കലൂരിൽ വൈലോപ്പിള്ളി റോഡിന്റെ പടിഞ്ഞാറ് ഒരു കണ്ടത്തിനരികിൽ . അവിടെയും ഇന്ന് എം ജി റോഡിനു കിഴക്കു ഭാഗത്തുള്ള പ്രദേശങ്ങളും ഉൾപ്പെടെ ഇന്നത്തെ കൊച്ചിനഗരത്തിന്റെ വലിയൊരു ഭാഗം അന്ന് നെൽപ്പാടങ്ങളും ചതുപ്പുകളുമായിരുന്നു .
കൊച്ചിയിൽ ഷിപ്പ്‌യാർഡ് വരുമ്പോഴും കിഴക്കോട്ട് സുന്ദരമായ നെൽപ്പാടങ്ങൾ തന്നെയായിരുന്നു . ഫിലോമിനയുടെ കഥയിലേക്ക് വരാം .
കണ്ടത്തിനരികിലെ ചെറ്റപ്പുരയിൽ വിധവയായ ഫിലോമിനയും 18 കാരനായ മൂത്ത മകനും താഴെയുള്ള മൂന്നു കുഞ്ഞുങ്ങളുമാണ് കഴിഞ്ഞിരുന്നത് . പലപ്പോഴും പാർട്ടിപ്രവർത്തകർ ഒളിവിൽ കഴിയാനുള്ള ഷെൽട്ടറായി ആ ചെറ്റപ്പുര ഉപയോഗിച്ചിരുന്നു .ഇടപ്പിള്ളി സംഭവത്തിനു ശേഷം നാടെങ്ങും കമ്യൂണിസ്റ്റ് പ്രവർത്തകരെ അരിച്ചുപെറുക്കുന്നതിനിടയിൽ ഫിലോമിനയുടെ ചെറ്റപ്പുരയും പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു . അങ്ങനെയാണ് സഖാവ് ലോറൻസിനെയും കൂട്ടരെയും തേടി പൊലീസ് അവിടെ എത്തിയത് .
ലോറൻസും കൂട്ടരും അവിടെ എത്താറുണ്ടെന്ന് ഒറ്റുകാർ മുഖാന്തിരം പൊലീസിന് അറിവു കിട്ടിയിരുന്നു കമ്യൂണിസ്റ്റുകളെ മാത്രമല്ല , അവരോട് അനുഭാവമുള്ളവരെയും അന്ന് ഭരണകൂടവും പൊലീസും എങ്ങനെയാണ് കൈകാര്യം ചെയ്‌തിരുന്നതെന്നതിന് ഉദാഹരണമായിരുന്നു തുടർന്ന് അവിടെ അരങ്ങേറിയ രംഗങ്ങൾ .
പൊലീസ് സംഘം ഫിലോമിനയുടെ മകൻ ജോസഫിനെ അറസ്റ്റു ചെയ്ത് ഫിലോമിനയ്ക്കും ജോസഫിനു താഴെയുള്ള കുട്ടികൾക്കും മുന്നിലിട്ട് ക്രൂരമായി മർദിച്ചു .പിന്നീട് വഴിയിലിട്ടും സ്റ്റേഷനിൽ കൊണ്ടുപോയും മർദ്ദനം തുടർന്നു . എത്ര തല്ലിയിട്ടും ലോറൻസ് ഉൾപ്പെടെയുള്ള സഖാക്കളെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ക്ഷോഭം കൊണ്ട പൊലീസ് തുടർന്ന് ഫിലോമിനയെയും അവരുടെ പറക്കമുറ്റാത്ത ഇളയമക്കളെയും സ്റ്റേഷനിൽ കൊണ്ടുപോയി പൊതിരെ തല്ലി .
ആരുടെയും മനസു മരവിപ്പിക്കുന്നതാണ് തുടർന്നുണ്ടായ രംഗങ്ങൾ ….

[ സഖാവ് കെ . സി മാത്യു ഏതാനും വർഷം മുൻപ് അന്തരിച്ചു . ഫോട്ടോ കടപ്പാട് – Venkitesh Ramakrishnan , The Hindu daily kochi edition 2016 മെയ് 25 ]

journalist and writer