കലൂർ ബസ് സ്റ്റാൻഡിൽ സ്ത്രീസൗഹൃദ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി.
ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന അവസാന കാലയളവിലാണ് ഇതിനായി എം. എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
176 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മനോഹരമായ ഫീഡിംഗ് റൂമാണ് ബസ് ഷെൽട്ടറിനുള്ളിൽ സജ്ജമാക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ ഇതിനകത്ത് സജ്‌ജമാക്കിയിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് രതീഷ് രവി വരച്ച ചിത്രം ചുമരിലുണ്ട്.
പുറത്ത് ഇരിപ്പിടങ്ങളും സി സി ടി വി സർവൈലൻസും ടെലിവിഷനും ഉണ്ട്. ഭിന്ന ശേഷിക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറാനായി ഒരു റാമ്പും തയാറാക്കിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന കിണർ ഷെൽട്ടറിനകത്ത് തന്നെ നിലനിർത്തിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെയാണ് ബസ് സ്റ്റാൻഡിലെ ശുചിമുറി സൗകര്യവും.ബസ് ഷെൽട്ടറിന്റെ മുൻ ഭാഗം ടൈൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട് .
കാത്തിരിപ്പ് കേന്ദ്രത്തിനും ഫീഡിംഗ് റൂമിനും പ്രദേശത്ത് ടൈൽ വിരിക്കുന്നതിനും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുമെല്ലാം ഉൾപ്പടെ 25 ലക്ഷം രൂപയാണ് ചിലവായത്. പ്രമുഖ പൊതു മേഖല സ്ഥാപനമായ കെൽ ന് വേണ്ടി എ കെ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനമാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.