
‘ബുറേവി’ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും: അതീവ ജാഗ്രത
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് വെള്ളിയാഴ്ച രാവിലെയാണ് കേരളത്തില്‍ എത്തുക. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ തിരുവനന്തപുരത്തിന്റെ തെക്കന്‍ ഭാഗങ്ങളും ഉള്‍പ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.
ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്.

നിലവില്‍ മണിക്കൂറില്‍ 11 കി.മീ. വേഗതയില്‍ വീശുന്ന കാറ്റ് വരുന്ന 12 മണിക്കൂറില്‍ കരുത്ത് കൂടുമെന്നും കേരളത്തില്‍ 70 കി. മീ. വേഗതയില്‍ അടിച്ചേക്കുമെന്നാണ് വിവരം. മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതകള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന തമിഴ്‌നാടിനൊപ്പം തെക്കന്‍ കേരളത്തിലും മുന്നറിയിപ്പ് നല്‍കി. കാറ്റ് കടന്നുപോകുന്ന പാതയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള അതിതീവ്ര ന്യൂനമര്‍ദം ഇന്നു ബുര്‍വി ചുഴലിക്കാറ്റായി ശ്രീലങ്കന്‍ തീരത്ത് ആഞ്ഞടിക്കും. വെള്ളിയാഴ്ച തീരുവനന്തപുരത്ത് എത്തുന്ന കാറ്റ് നെയ്യാന്‍കര മേഖലയിലൂടെ കടന്നുപോകുമെന്നാണ് വിവരം. വരുന്ന മണിക്കൂറുകളില്‍ എടുക്കേണ്ട കരുതലുകള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നാണ് സൂചനകള്‍. . ഇന്നലെ അര്‍ധരാത്രിയോടെ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കന്യാകുമാരിക്ക് 740 മൈല്‍ അകലെയാണ് ഇപ്പോള്‍ കാറ്റിന്റെ ദിശ.
തെക്കന്‍ കേരളത്തില്‍ കനത്ത മഴയും പ്രതീക്ഷിക്കാം. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് അറബിക്കടലിലേക്കുള്ള ചുഴലിക്കാറ്റിന്റെ പാത കേരളത്തിനു നിര്‍ണായകമാകും. തീരപ്രദേശം വഴിയാണെങ്കില്‍ ഓഖിക്കു സമാനമായ ഭീഷണിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബുര്‍വി തമിഴ്‌നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം.

ഏതു ദിശാമാറ്റവും തെക്കന്‍ കേരളത്തെ ബാധിക്കും. ഇന്നു തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അെലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അെലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ റെഡ് അലെര്‍ട്ടാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അെലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലെര്‍ട്ടും പ്രഖ്യാപിച്ചു.
അഞ്ചിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലെര്‍ട്ട്. കേരള തീരത്തുനിന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതു പൂര്‍ണമായും നിരോധിച്ചു. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നതുവരെ വിലക്കു തുടരും. ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.