വായനാദിനത്തിൽ പോലീസുകാരുടെ ചരിത്രകാരന് നല്ല നമസ്ക്കാരം

Share News

പോലീസുകാരുടെ ചരിത്രകാരൻ

വർധയെന്നു കേട്ടാൽ ആരുടെയും ഓർമ്മയിൽ ആദ്യം എത്തുന്നത് ഗാന്ധിജിയുടെ സേവാ ഗ്രാമത്തെക്കുറിച്ചായിരിക്കുമല്ലോ.

കൊച്ചിയിൽ നിന്നും വാർധയിലേക്ക് പുറപ്പെടുമ്പോൾ വായിക്കാൻ എൻ്റെ ബുക്ക് ഷെൽഫ് തുറന്ന് ആദ്യം തൊട്ടത് ‘ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണ’മായത് യാദൃച്ഛികമാണ്.

വർധയിലെ താമസത്തിനിടയിൽ രണ്ടുവട്ടം സേവാഗ്രാമം സന്ദർശിച്ചു. ആശ്രമത്തിലിരുന്ന് സത്യാന്വേഷണ പരീക്ഷണ കഥയുടെ ഏതാനും പേജുകൾ വായിച്ചുകൊണ്ട് ആ കാലഘട്ടത്തിലൂടെ എൻ്റെ മനസ്സിനെ ഞാൻ സഞ്ചരിപ്പിച്ചു. ആ പുസ്തകം വായിക്കുമ്പോൾ ഞാൻ എഴുതുന്ന പുസ്തകവും ഒരർത്ഥത്തിൽ സത്യാന്വേഷണമാണല്ലോ എന്ന് ഓർത്തു. അതുകൊണ്ട് വായനക്കാരോട് മാപ്പു ചോദിച്ചുകൊണ്ട് ഈ പുസ്തകത്തിനും *കേരളത്തിലെ പോലീസ് സംഘടന – ഒരു സത്യാന്വേഷണം* എന്ന പേരിടുന്നു.കെ.ജെ.ജോർജ് ഫ്രാൻസിസ് തൻ്റെ ഏഴാമത്തെ പുസ്തകത്തിൻ്റെ ആമുഖത്തിൽ പുസ്തകത്തിൻ്റെ പേരിനെക്കുറിച്ച് വിവരിക്കുന്ന ഭാഗമാണ് മുകളിൽ ചേർത്തത്.

വായനാദിനത്തിൽ ജോർജ് ഫ്രാൻസിസിനെക്കുറിച്ച് എഴുതാൻ ഒരു ആവേശമുണ്ട്. നടന്ന വഴികളാലും രൂപപ്പെടുത്തിയ പ്രസ്ഥാനങ്ങളാലും ചിലർ നമ്മളെ ആശ്ചര്യപ്പെടുത്തും. വീട്ടിലേക്കുള്ള യാത്രാമധ്യേ വല്ലപ്പോഴും അദ്ദേഹവുമായി ഞാൻ കാണാറുണ്ട്

. സഖാവ് ഇ.എം.എസിൻ്റെ ചിത്രത്തിന് താഴെയുള്ള ചാരുകസേരയിലിരുന്ന് പഴയ കാര്യങ്ങൾ പറയും. പറയുന്നതിന് ആവേശം പകരാൻ ചെഗുവേരയുടെ ചിത്രവുമുണ്ട് അടുത്ത്.കേരളത്തിലെ പോലീസുകാർക്ക് സംഘടനാ സ്വാതന്ത്ര്യം നേടിയെടുത്ത് അവരെ കേരള പോലീസ് അസോസിയേഷൻ്റെ കൊടിക്കീഴിൽ ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അവിതർക്കമാണ്.

1979ൽ സംഘടന ആരംഭിക്കുന്ന കാലം മുതൽ 1991 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതു വരെ കേരള പോലീസ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സംഭവബഹുലമായ പോലീസ് സംഘടനയുടെ രൂപികരണവും അതിൻ്റെ മുന്നേറ്റങ്ങളുടെ ചരിത്രവും അദ്ദേഹം തൻ്റെ ഏഴ് പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ചു.

വായനയും എഴുത്തും സംഘടനാ പ്രവർത്തനവുമാണ് അദ്ദേഹത്തിൻ്റെ ജീവിതത്തെ കർമ്മനിരതമാക്കിയത്.ഇടപ്പള്ളിയിൽ എ.കെ.ജി സ്മാരക ഗ്രന്ഥശാല ആരംഭിക്കാനും നേതൃത്വം വഹിച്ചു.

സർക്കാർ സർവ്വീസിലായിരുന്നതുകൊണ്ട് ആദ്യ മൂന്നു വർഷം ജോയിൻറ് സെക്രട്ടറിയായി. തുടർന്ന് ലൈബ്രറിയുടെ ജനറൽ സെക്രട്ടറി. ഇപ്പോഴും ആ പദവിയിൽ തുടരുന്നു

. 29 വർഷങ്ങൾ. പ്രശസ്ത മലയാള സാഹിത്യ നിരൂപകൻ പ്രൊഫ.എം.തോമസ് മാത്യുവാണ് ലൈബ്രറി പ്രസിഡൻ്റ്. ഇവരുടെ നേത്യത്വത്തിൽ ഗ്രന്ഥശാല അനുദിനം വളരുന്നു.

1936ൽ കോട്ടയം നാഗമ്പാടത്തെ കാച്ചപ്പിള്ളി തറവാട്ടിൽ 14 മക്കളിൽ പത്താമനായി ജോർജ് ഫ്രാൻസിസ് ജനിച്ചു.1943ൽ പിതാവ് ജോസഫും മാതാവ് റോസമ്മയും മക്കളോടൊപ്പം ഇടപ്പള്ളിയിലേക്ക് കുടിയേറി.1957ൽ പോലീസിൽ ചേർന്നു.

പോലീസിൽ രഹസ്യ സംഘടനാ പ്രവർത്തനം നടത്തിയാണ് കേരള പോലീസ് അസോസിയേഷൻ രൂപീകരിക്കാൻ കളമൊരുക്കിയത്

.വ്യത്യസ്ത അഭിപ്രായങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിൽ ജോർജ് ഫ്രാൻസിസ് എന്നും തല്പരനാണ്. സജീവ ഈശ്വരവിശ്വാസിയൊന്നുമല്ല അദ്ദേഹം. പക്ഷേ ജീവിതത്തിൽ ഏറെ സ്വാധീനച്ചത് ജേഷ്ഠ സഹോദരനും കർമ്മലീത്ത സഭാ വൈദികനുമായ ഫിർമൂസച്ചനാണ്.

വിമോചന സമരകാലത്ത് പോലീസുകാരനായ ജോർജ് ഫ്രാൻസിസ് കോട്ടയത്ത് വിമോചന സമര നേതാവായ ഫിർമൂസച്ചനോടൊപ്പമാണ് താമസിച്ചത്. ഇരുവരും രണ്ട് ധ്രൂവങ്ങളിൽ നിന്ന് പ്രവർത്തിച്ചു. ഫാ. ഫിർമൂസ്, ഫാ.കാസിയൻ, ഫാ.ജോസഫ് എന്നീ മൂന്നു വൈദികർ അദ്ദേഹത്തിൻ്റെ സഹോദരങ്ങളാണ്.

ഫിർമൂസച്ചൻ മത്സ്യത്തൊഴിലാളികളേയും യുവജനങ്ങളേയും സംഘടിപ്പിക്കുന്നതിൽ മുൻനിരക്കാരനായി നിലകൊണ്ടു. നാടകത്തേയും സിനിമയേയും അദ്ദേഹം ഇഷ്ട വിനോദങ്ങളാക്കി.

മറ്റു രണ്ടു പേരും മോശക്കാരല്ല.പക്ഷേ അവർ കണ്ട വഴികളല്ല ജോർജ് ഫ്രാൻസിസ് കണ്ടത്. അടിച്ചമർത്തലുകൾക്കും നീതി നിഷേധത്തിനുമെതിരെ പൊരുതുന്ന സഖാവായി അദ്ദേഹം മുന്നേറി. ആ മുന്നേറ്റം കേരള ചരിത്രത്തിൽ ഇടംനേടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

യാദോസ്യയാണ് ഭാര്യ. ജോസഫ് ഷാ, മൈക്കിൾ ചെഗുവേര, ഐഡിദ് എന്നിവർ മക്കളും..

വായനാദിനത്തിൽ പോലീസുകാരുടെ ചരിത്രകാരന് നല്ല നമസ്ക്കാരം

Shaji George

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു