കോവിഡാനന്തര ലോകത്തെ മൂന്നു വിജയമന്ത്രങ്ങൾ
നാടിൻെറ നന്മയ്ക്ക്
കോവിഡാനന്തര ലോകത്തെ മൂന്നു വിജയമന്ത്രങ്ങൾ
(THREE KEYS TO SUCCESS IN THE NEW POST COVID WORLD)
പുതിയ ആകാശം പുതിയ ഭൂമി പഴയ ആകാശം പഴയ ഭൂമിയാകുമ്പോൾ
കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി നാം പരിചയിച്ചുവന്നതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും കോവിഡ് ശേഷമുള്ള ലോകം. സങ്കീർണതയേറിയതും പ്രയാസങ്ങൾ നിറഞ്ഞതും കടുത്ത വെല്ലുവിളികൾ ഉയർത്തുന്നതുമാകും അത്. നമ്മുടെ ചെറുപ്പക്കാരാകും ഈ പ്രയാസം ഏറ്റവുമധികം നേരിടുക. കാരണം, താരതമ്യേന എളുപ്പമുള്ള ഒരു ജീവിതമാണ് ഇക്കാലയളവിൽ അവർ കണ്ടിട്ടുള്ളത്.
തങ്ങളുടെ മാതാപിതാക്കളോ മുത്തശ്ശീമുത്തച്ഛൻമാരോ കടന്നുപോയിട്ടുള്ള പ്രയാസങ്ങളും നേരിട്ടിട്ടുള്ള വെല്ലുവിളികളും ഈ ചെറുപ്പക്കാർക്ക് പ്രായേണ അന്യമാണ്. തങ്ങളുടെ മക്കൾക്കും പേരക്കിടാങ്ങൾക്കും ശോഭനമായൊരു ജീവിതമുണ്ടാകാൻവേണ്ടി തങ്ങളുടെ നിരവധി പ്രത്യാശകളും പ്രതീക്ഷകളും സുഖങ്ങളും ആനന്ദവും ഉപേക്ഷിച്ച് അരയും തലയും മുറുക്കി അധ്വാനിച്ചവരാണവർ. ഇപ്പൊഴുള്ള യുവതലമുറയ്ക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനായത് ഈ ത്യാഗങ്ങളുടെ ബലത്തിലാണ്. ഈ ‘ന്യൂ ജെൻ’ ലോകം നിർമിക്കാൻ അവർക്ക് രണ്ടു മുൻതലമുറകളുടെ ചുമലുകൾ ഉണ്ടായിരുന്നു. എന്തും എളുപ്പം കരഗതമാകുന്ന, ഹൈ-ടെക്ക് ആയ, സ്മാർട്ട് ഫോൺ സദാ കൊണ്ട്നടക്കുന്ന ഈ ചെറുപ്പക്കാർക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി താരതമ്യേന സുഖപ്രദവും ആസ്വാദ്യപൂർണവുമായ ജീവിതം നൽകിയത് ഈ ത്യാഗങ്ങളാണ്.
പക്ഷേ, ഇതെല്ലാം മാറാൻപോകുകയാണ്. “പുതിയ ആകാശം, പുതിയ ഭൂമി” എന്ന ചൊല്ലിന് കോവിഡാനന്തര ലോകത്ത് തികച്ചും വ്യത്യസ്തമായൊരു അർത്ഥമാകും ഉണ്ടാകുക.
നാളത്തെ പുതിയ ആകാശവും പുതിയ ഭൂമിയും ഇന്നലത്തെ, അതായത് ഇരുപതോ മുപ്പതോ വർഷം മുൻപുണ്ടായിരുന്ന “പഴയ ആകാശവും പഴയ ഭൂമിയും” പോലെയാകാം; ചിലപ്പോൾ അതിനേക്കാൾ മോശവുമാകാം.
ഇരുപതോ മുപ്പതോ വർഷം മുൻപുണ്ടായിരുന്നതുപോലെ പ്രയാസങ്ങളും വെല്ലുവിളികളും നിറഞ്ഞതാകാം നാളത്തെ ജീവിതം. ഏതായാലും, കോവിഡിനു ശേഷം വരാനിരിക്കുന്ന കാലം ക്ലേശപൂർണമാകുമെന്നുറപ്പ്.
ചുളുവിൽ പണമുണ്ടാക്കാനുള്ള പ്രലോഭനമാകും പ്രധാനപ്പെട്ടൊരു പ്രശ്നം. ചെറുതോ വലുതോ, പ്രാദേശികമോ ആഗോളമോ ആയ ബിസിനസ്സുകാരായാലും ഐ റ്റി പ്രൊഫഷണലുകളായാലും സാധാരണ ഡെലിവറി അഥവാ എത്തിയ്ക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കയുന്നവർ ആയാലും, പുതിയ വെല്ലുവിളികളെയും പ്രയാസങ്ങളെയും മറികടക്കാൻ കുറുക്കുവഴികൾ തേടിയേക്കാം.
ആകയാൽ, കോവിഡാനന്തര നവലോകത്ത് സുപ്രധാനമായ മൂന്നു വിജയമന്ത്രങ്ങൾ നിങ്ങൾക്കു മുന്നിൽ ഞാൻ അവതരിപ്പിക്കുകയാണ്. നിങ്ങൾ സാധാരണ തൊഴിലാളികളായാലും മാനേജർമാരായാലും തൊഴിലുടമകളായാലും പങ്കാളികളായാലും ശരി, ഈ മന്ത്രങ്ങൾ നിങ്ങൾക്ക് ഉപകരിക്കും. മാത്രമല്ല, ചെറുപ്പക്കാരോ മുതിർന്നവരോ, തൊഴിലെടുക്കുന്നവരോ വെറുതെയിരിക്കുന്നവരോ ആയവർക്കും ബാധകമാണ് ഇവ.
ഒന്നാം മന്ത്രം: എളുപ്പം വരുന്നത് എളുപ്പം പോകും.
അതെ, എന്താണെങ്കിലും അധ്വാനിക്കാതെ കൈയിൽ വരുന്നത് വന്നതുപോലെ പോകും. ഇത് പ്രപഞ്ചത്തിലെ ഒരു അലിഖിതനിയമമാണ്. പണത്തിന്റെ കാര്യത്തിലാണ് ഇത് കൂടുതൽ ശരിയാകുക.
കോവിഡാനന്തര ലോകത്തിനും ബാധകമാണ് ഈ നിയമം. പുതിയ ലോകത്തിലെ ഒന്നാം മന്ത്രമാണ് ഈ സനാതനതത്വം.
എളുപ്പത്തിൽ പണമുണ്ടാക്കാൻ കുറുക്കുവഴികൾ തേടരുത്. എന്തെന്നാൽ, ചുളുവിൽ കിട്ടിയത് വന്നതുപോലെ പോകും.
രണ്ടാം മന്ത്രം: ഉറച്ച സത്യനിഷ്ഠ
കോവിഡാനന്തര നവലോകത്തിലെ അടുത്ത വിജയമന്ത്രമാണ് സത്യനിഷ്ഠ (integrity). സത്യസന്ധതയില്ലാത്ത വഴികളിലൂടെയും കുറുക്കുവഴികളിലൂടെയും വലിയ നേട്ടം കൊയ്യാമെന്ന് സ്വപ്നം കാണുന്നവർ – അവർ ചെറുപ്പക്കാരായാലും മുതിർന്നവരായാലും – കടുത്ത ഭവിഷ്യത്തുകളെ നേരിടേണ്ടിവരും. അവർ തൽക്കാലം ചിലനേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. പക്ഷേ, കനത്ത തിരിച്ചടികൾ ഉറപ്പാണ്. അവിശ്വസ്തത ആർക്കും ഗുണംചെയ്യില്ല.
ഇന്ത്യയിൽ നീതിയുടെ ചക്രങ്ങൾ ഉരുളുന്നത് സാവകാശമായിരിക്കാം. പക്ഷേ, അത് തന്റെ വഴിയിൽ വരുന്നവയെ ധൂളിപോലെ ആക്കിക്കളയും. നിയമത്തെ മറികടക്കാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി. നീതിയും നിയമവ്യവസ്ഥയും അവരെ പിടികൂടുകതന്നെചെയ്യും. ശിക്ഷാവിധി പിന്നാലെയുണ്ടാകും. അവരുടെ ബിസിനസ്സോ സംരംഭമോ മികച്ചു നിൽക്കുമ്പോൾ, അവർ വളരെ പ്രശസ്തരായിരിക്കുമ്പോൾ, അവർ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ ഒക്കെയാകാം നിയമത്തിന്റെ പിടിവീഴുക. അപ്പോൾ അത് അവരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപമാനകരമായ സമയമായിരിക്കാം.
ഇതിന് നമുക്കു ചുറ്റും നിരവധി ഉദാഹരണങ്ങളുണ്ട്. അനർഹമായ പണസമ്പാദനത്തിന് കുറുക്കുവഴികൾ തേടി അവസാനം വളർച്ചയുടെ കൊടുമുടിയിൽവെച്ച് പിടിവീണവർ. ഇന്ത്യൻ ഓഹരി വിപണിയുടെ ശൈശവദശയിൽ വൻതട്ടിപ്പു നടത്തിയ ഹർഷദ് മേത്തമുതൽ, കിങ് ഫിഷർ എയർ ലൈൻസിന്റെ വിജയ് മല്യ, ഐ പി എൽ കേസിലെ പിടികിട്ടാപ്പുള്ളി ലളിത് മോദി, നീരവ് മോദി, ബി. ആർ. ഷെട്ടി തുടങ്ങിയവർവരെ എത്രയെത്ര ഉദാഹരണങ്ങൾ!
ജനങ്ങളെ എക്കാലവും വഞ്ചിക്കാം എന്നു കരുതി നടന്നിട്ട് അവസാനം കുപ്രസിദ്ധി മാത്രം നേടിയവർ.
അതെ, സത്യനിഷ്ഠയാണ് നവലോകത്തിന്റെ രണ്ടാം വിജയമന്ത്രം.
മൂന്നാം മന്ത്രം: വൻലാഭം നേടാൻ വൻലാഭം നേടരുത്
കേൾക്കുമ്പോൾ ഒരു വിരോധാഭാസമായിതോന്നാം. പക്ഷെ അങ്ങനെയല്ല. നിങ്ങൾ ചരക്കുകളോ സേവനങ്ങളോ വിൽക്കുമ്പോൾ അൽപ്പം വില കുറച്ച് വിൽക്കുക. അപ്പോൾ ഇടപാടുകാർക്ക് നിങ്ങളോട് ചെറിയൊരു മതിപ്പുണ്ടാകും. അവർ നിങ്ങളെക്കുറിച്ച് സുഹൃത്തുക്കളോടും പരിചയക്കാരോടും പറയും. അപ്പോൾ നിങ്ങൾക്ക് കൂടുതൽ ഇടപാടുകാരെ കിട്ടും. അവർ പോയി മറ്റുള്ളവരോടു പറയും. നിങ്ങളുടെ സംരംഭം അതോടെ അതിവേഗം വളരും.
പണം കൊടുത്ത് പത്രത്തിലോ ടീവിയിലോ ഇടുന്നതല്ല നിങ്ങളുടെ ഏറ്റവും നല്ല പരസ്യം. അത്, സംതൃപ്തരായ ഇടപാടുകാർ നിങ്ങളെക്കുറിച്ച് നല്ലതു പറയുന്നതാണ്. ഈ പരസ്യത്തിനു പണം വേണ്ട. ഇടപാടുകാർ നിങ്ങളെക്കുറിച്ചം നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചം നല്ലതു പറയുമ്പോൾ നിങ്ങളുടെ വിറ്റുവരവ് വർധിക്കും. അപ്പോൾ ആകെ ബിസിനസ്സ് വർധിക്കുന്നതിനാൽ നിങ്ങൾ നൽകുന്ന ചെറിയ കഴിവ് നിങ്ങളെ ബാധിക്കുകയില്ല. അതാണ്, വലിയ തുക ഈടാക്കാതെ വലിയ തുക നേടാം എന്നു പറഞ്ഞതിന്നർത്ഥം.
ഇതാണ് മൂന്നാം വിജയമന്ത്രം. തലതിരിഞ്ഞതെന്നു തോന്നിയേക്കാമെങ്കിലും ഇങ്ങനെയാണ് ദീർഘകാലം നിലനിൽക്കുന്ന, പണം വാരുന്ന പദ്ധതികൾ കെട്ടിപ്പടുക്കുന്നത്.
നമുക്കൊരു നവലോകം, നവകേരളം കെട്ടിപ്പടുക്കാം !
©2020 | nammudenaadu.com
(ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.
കേരളത്തിന്റെ ബിസിനസ്സ് തലസ്ഥാനമായ എറണാകുളത്തിന്റെ കളക്ടർ, കൊച്ചി കോർപ്പറേഷൻ മേയർ എന്നീസ്ഥാനങ്ങൾ ഒരേസമയം ദീർഘകാലം വഹിച്ച ഒരേയൊരാൾ. ആസ്ഥാനത്തിരുന്ന് ജില്ലയുടെ മുഖച്ഛായതന്നെ മാറ്റിയ വ്യക്തി. ഇന്ന് റിട്ടയർമെൻറ് ജീവിതത്തിലും കർമനിരതനായി എറണാകുളത്തുതന്നെ സ്ഥിരതാമസം.
കോവിഡ് – 19 എന്ന മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമ്പോൾ, അത് കേരളത്തിന്റെ സമ്പദ്വവസ്ഥയുടെയും സാമൂഹികജീവിതത്തിന്റെയും നട്ടെല്ലൊടിക്കുമ്പോൾ അദ്ദേഹം അതിൽനിന്നുള്ള രക്ഷാമാർഗങ്ങളെക്കുറിച്ച് ഉറക്കെച്ചിന്തിക്കുകയാണ്. കോവിഡിനുമപ്പുറം മറ്റുനിരവധി മേഖലകളിലേക്ക് ആ ചിന്തകൾ ഒഴുകിപ്പരക്കാൻ പോകുകയാണ്. നാലു പതിറ്റാണ്ടുകാലത്തെ തന്റെ അനുഭവസമ്പത്തിലും വൈവിധ്യമാർന്ന അക്കാദമിക് കരുത്തിലും ഊന്നിനിന്നുകൊണ്ടുള്ള ആ ചിന്തകൾ ‘നമ്മുടെ നാടി’ലൂടെ നാടെങ്ങും പരക്കുകയാണ്.)