കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

Share News

കോഴിക്കോട് : സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ എം ഭാസ്‌കരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. 2005 മുതല്‍ അഞ്ചുവര്‍ഷം കോഴിക്കോട് മേയറായിരുന്നു. നായനാര്‍ മേല്‍പ്പാലം, അരയിടത്തുപാലം, എരഞ്ഞിപ്പാലം ബൈപാസ് തുടങ്ങി നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികള്‍ നടപ്പാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്.

പ്രമുഖ സഹകാരിയായ ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റബ്‌കോ വൈസ് ചെയര്‍മാനുമായിരുന്നു. ദീര്‍ഘകാലം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമാണ്. നാലുതവണ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. കോര്‍പറേഷന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സിഐടിയു, ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) ജില്ലാപ്രസിഡന്റായിരുന്നു. കാരപ്പറമ്ബ് ആത്മ യുപി സ്‌കൂള്‍ റിട്ട:. അധ്യാപിക പി എന്‍ സുമതിയാണ് ഭാര്യ.

Share News