
കുറുന്തോട്ടിക്കു വാതം വന്നാല്‍?
വാതത്തിനുള്ള ആയുര്‍വേദ മരുന്നിലെ പ്രധാന ചേരുവയാണ് കുറുന്തോട്ടി. ആ കുറുന്തോട്ടിയ്ക്കുതന്നെ വാതം വന്നാലോ?
ദൈവവചനത്തിനും പ്രാര്‍ത്ഥനയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ചെറു ക്രൈസ്തവസമൂഹം. അവരുടെ ഒരു വാട്സ് ആപ് ഗ്രൂപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ആ ഗ്രൂപ്പ് നിരീക്ഷിക്കുകയാണ്. ആത്മീയമോ വചനസംബന്ധിയോ സഭാത്മകമോ അല്ലാത്ത ഒന്നും ആ ഗ്രൂപ്പില്‍ ആരും പോസ്റ്റ് ചെയ്യാറില്ല. ഈ ഗ്രൂപ്പില്‍ രണ്ടു വൈദീകരുമുണ്ട്. അതില്‍ ഒരാള്‍ ഒന്നും തന്നെ പോസ്റ്റ് ചെയ്തതായി കണ്ടിട്ടില്ല. ഒരുപക്ഷെ അദ്ദേഹം ഗ്രൂപ്പിനെ ഗൌരവമായി എടുത്തിട്ടുണ്ടാവില്ല; അല്ലെങ്കില്‍ ഒരു നിരീക്ഷകനായി തുടരുകയാവാം. മറ്റേ വൈദീകന്‍ ഇടയ്ക്കും മുട്ടിനും ഓരോ പോസ്റ്റ് ഇടും. ഒന്നുകില്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ പരസ്യങ്ങള്‍ അല്ലെങ്കില്‍ അതിന്റെ വിജയ ഗാഥകള്‍ അതുമല്ലെങ്കില്‍ അവിടുത്തെ ഏതെങ്കിലും ആഘോഷത്തിന്റെയോ ചടങ്ങുകളുടെയോ ചിത്രങ്ങളും വാര്‍ത്തകളും. എന്തേ ഒരിക്കലെങ്കിലും ഒരു ദൈവവചനമോ ആത്മീയ ഉപദേശമോ സഭാത്മക ചിന്തകളോ അദ്ദേഹം പങ്കു വയ്ക്കുന്നില്ല എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്.
മതേതരന്‍ ചമയേണ്ട കാര്യമൊന്നും അവിടെയില്ല. അത്മായരായ മറ്റു അംഗങ്ങള്‍ ആ ഗ്രൂപ്പിന്റെ സ്വഭാവത്തിനൊത്തു പെരുമാറുന്നത് അദ്ദേഹം കാണുന്നുമുണ്ടല്ലോ. എനിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതു ഈ ഒരനുമാനത്തിലാണ് – അദ്ദേഹത്തെ ഏല്പിച്ചിരിക്കുന്ന സ്ഥാപനമാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതിനെ ആത്മാര്‍ത്ഥത എന്നല്ലാതെ മറ്റെന്തു പറയാന്‍? പ്രശ്നമതല്ല. അദ്ദേഹം എന്തിനു ബ്രഹ്മചാരിയായി, വൈദീകനായി?
കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ പൌലോസ് ശ്ലീഹ ഇങ്ങനെ പറയുന്നു: ‘നീ വിവാഹം കഴിക്കുന്നെങ്കില്‍ അതില്‍ പാപമില്ല. കന്യക വിവാഹിതയായാല്‍ അവളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവര്‍ക്കു ലൌകീക ക്ലേശങ്ങള്‍ ഉണ്ടാകും.’ (7/28) ആ ക്ലേശങ്ങള്‍ എന്താണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു തരുന്നു. ‘നിങ്ങള്‍ക്കു ഉത്കണ്ഠയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സമ്പ്രീതനാക്കാമെന്നു ചിന്തിച്ചു കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങിനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീക കാര്യങ്ങളില്‍ തത്പരനാകുന്നു. അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങിനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ചു ലൌകീകകാര്യങ്ങളില്‍ തത്പരയാകുന്നു. ഞാന്‍ ഇത് പറയുന്നതു നിങ്ങളുടെ നന്മക്കുവേണ്ടിയാണ്; ….നിങ്ങള്‍ക്കു ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്.’ (7/32-35) ബ്രഹ്മചര്യം കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരം ഉണ്ടാകാന്‍ വേണ്ടിയാണ്.
ഇതാ ഈ ഗ്രൂപ്പില്‍ വിവാഹിതര്‍ അവരുടെ ജീവിത പങ്കാളിയെക്കുറിച്ചോ മക്കളെക്കുറിച്ചോ പോസ്റ്റുകള്‍ ഇടുന്നതായി ഞാന്‍ കണ്ടില്ല. ഒരു സ്ഥാപനത്തെ വിവാഹം കഴിച്ചാലെന്നവണ്ണം മനസ്സില്‍ മുഴുവന്‍ അതാണെങ്കില്‍ എന്താണ് ബ്രഹ്മചര്യം? എന്തിനാണ് ബ്രഹ്മചര്യം? വിവാഹിതനു ഉണ്ടാകുന്നതിലധികം ‘ലൌകീക ക്ലേശങ്ങള്‍’ ബ്രഹ്മചാരിയ്ക്ക് ഉണ്ടാകുന്നെങ്കില്‍ പൌലോസ് ശ്ലീഹയ്ക്കു തെറ്റിയോ? ‘ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തല്‍പര’രാണ്. ഇത് കന്യകയുടെ കാര്യത്തിലെന്നപോലെ ബ്രഹ്മചാരിയുടെ കാര്യത്തിലും ശരിയാണെങ്കില്‍ കര്‍ത്താവിന്റെ കാര്യത്തില്‍ താത്പര്യം കാണിക്കാതെ അവര്‍ക്കു വിശുദ്ധിപാലിക്കാന്‍ കഴിയില്ല എന്നൊരു സൂചന കൂടി നമുക്ക് ലഭിക്കുന്നു.
മത്തായി അറിയിച്ച സുവിശേഷത്തില്‍ മൂന്നു തരം ഷണ്ഡന്മാരെക്കുറിച്ചു കര്‍ത്താവ് പറയുന്നു: ‘ഷണ്ഡന്മാരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡന്മാരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കുന്നവരുണ്ട്.’ (9/12) ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടര്‍ വിശദീകരണം അര്‍ഹിക്കുന്നു. യേശുവിന്റെ കാലത്ത് രാജകൊട്ടാരങ്ങളില്‍ അന്തഃപുരവിചാരിപ്പുകാരായും ഭണ്ഡാരവിചാരിപ്പുകാരായും മറ്റും ആളുകളെ ഷണ്ഡന്മാരാക്കി നിയമിച്ചിരുന്നു. കുടുംബമോ മറ്റു താത്പര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവര്‍ മുഴുവന്‍ സമയവും ജോലിയില്‍ വിശ്വസ്തരായി തുടരുമെന്നതായിരുന്നു ഇതിന്റെ മേന്മ. കായിക ശേഷിയും ഇവര്‍ക്കു കൂടുമത്രെ. ഇവരാണ് കര്‍ത്താവ് പറഞ്ഞ രണ്ടാമത്തെ കൂട്ടര്‍. (കാലക്രമേണ കൊട്ടാരത്തിലെ ഇത്തരം ജോലികള്‍ ചെയ്തിരുന്നവരെ ഷണ്ഡന്മാര്‍ എന്ന് വിളിച്ചു തുടങ്ങിയത്രേ.) അടുത്ത കാലം വരെ ഈ സമ്പ്രദായം മൃഗങ്ങളുടെ കാര്യത്തില്‍ അനുവര്‍ത്തിച്ചിരുന്നു. കൃഷിപ്പണിയ്ക്കും വണ്ടിവലിക്കാനും മറ്റും ഉപയോഗിച്ചിരുന്ന കാളകളും വീട്ടുകാവലിനു നിയോഗിച്ചിരുന്ന നായ്ക്കളും ഷണ്ഡരാക്കപ്പെട്ടിരുന്നത് ഉദാഹരണം. മൂന്നാമത്തെ കൂട്ടര്‍ വ്യത്യസ്തരാണ്. ഇവര്‍ ദൈവരാജ്യത്തിന്റെ ശുശ്രൂഷകരാകാന്‍ വേണ്ടി സ്വയം ഷണ്ഡത്വം ഏറ്റെടുക്കുന്നവരാണ്. എല്ലാ സ്ത്രീകളും രക്ഷകന്റെ അമ്മയാകാന്‍ ആഗ്രഹിച്ചു പ്രസവിച്ചുകൊണ്ടിരുന്ന സമൂഹത്തില്‍ രക്ഷകന്റെ ശുശ്രൂഷകയെങ്കിലുമാകാന്‍ ഭാഗ്യം ലഭിച്ചാല്‍ തന്റെ ദാമ്പത്യം അതിനൊരു തടസ്സം ആകരുതെന്ന് കരുതി കന്യാത്വം നേര്‍ന്ന പ. മറിയം ഇക്കൂട്ടത്തില്‍ പെടുന്നു. ഇക്കൂട്ടരും രണ്ടാമത്തെ കൂട്ടരും തമ്മിലുള്ള വ്യത്യാസം അവര്‍ ആരെ ശുശ്രൂഷിക്കുന്നു എന്നതു മാത്രമാണെന്ന് ശ്രദ്ധിക്കുക. ദൈവരാജ്യ ശുശ്രൂഷയാണെങ്കില്‍ അവര്‍ മൂന്നാമത്തെ കൂട്ടരാണ്. അല്ലെങ്കിലോ രണ്ടാമത്തെ കൂട്ടര്‍ മാത്രം. അതത്ര ശ്ലാഘനീയമല്ലതാനും.
ഞാന്‍ തുടക്കത്തില്‍ പറഞ്ഞു വന്ന വൈദീകന്‍ ഒരു സന്യാസി കൂടിയാണ്. എന്താണ് സംന്യാസം? ശരിയായി ക്രമീകരിക്കപ്പെട്ടവന്‍, ലൌകീകകാര്യങ്ങളില്‍ നിന്നും പിന്‍വാങ്ങിയവന്‍, ദൈവത്തെ മാത്രം ധ്യാനിച്ചിരിക്കുന്നവന്‍. കര്‍ത്താവ് വിളിച്ചു വേര്‍തിരിച്ചു മാറ്റിനിര്‍ത്തിയതിനാല്‍ ഈ ലോകത്തിലാണെങ്കിലും ഈ ലോകത്തിന്റേതല്ലാത്തവനാണ് ക്രിസ്ത്യാനി. ‘മാറാനാത്താ’-കര്‍ത്താവേ, വരണമേ- എന്ന പ്രതീക്ഷാമന്ത്രവുമായി കാത്തിരിക്കുന്നവന്‍. കര്‍ത്താവ് പഠിപ്പിച്ചതും കാണിച്ചു തന്നതുമായ ജീവിത ശൈലിയാല്‍ ക്രമീകൃതന്‍. ഇവിടെ പ്രത്യേകമായ ഒരു സന്യാസത്തിനു പ്രസക്തിയില്ല. എന്നാല്‍, റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈന്റെ മാനസാന്തരാനന്തരം മുഖ്യധാരാ ക്രിസ്തീയത ലൌകീകതയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സ്നാപകന്റെയും മറ്റും ശൈലിയില്‍, സുവിശേഷാത്മക ക്രിസ്തീയത നിലനിര്‍ത്താനുള്ള ശ്രമമായിരുന്നു ക്രിസ്തീയ സന്യാസം. പിന്‍തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കത്തക്കവിധം സഭയില്‍ സുവിശേഷാത്മകത നിലനിര്‍ത്തിയതില്‍ സന്യാസത്തിന്റെ പങ്കു അതുല്യമാണ്.
ആ സന്യാസി തന്നെ ലൌകീകതയിലേക്ക് കൂപ്പുകുത്തിയാല്‍ എന്താണവസ്ഥ? കുറുന്തോട്ടിക്കു വാതം വന്നാല്‍……?

George Gloria