പാരിസ്ഥിതിക നാശത്തിനും ചൂഷണത്തിനും ഇടയാക്കും: ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാരിസ്ഥിതിക നാശത്തിനും ചൂഷണത്തിനും ഇടയാക്കുമെന്നതിനാല്‍ ഇഐഎ 2020 കരട് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.രാജ്യത്തെ കൊള്ളയടിക്കാനായാണ് ഡ്രാഫ്റ്റ് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ വിവിധ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ബിജെപിയുടെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് വിജ്ഞാപനം കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപി സര്‍ക്കാര്‍ കൊള്ളയടിക്കുന്നതിന്റെ മറ്റൊരു ഭയാനകമായ ഉദാഹരണമാണിതെന്നും രാഹുല്‍ ആരോപിച്ചു. ഇഐഎ കരടിനെ ഞായറാഴ്ചയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഇപ്പോള്‍ തയാറാക്കിയ കരട് അപമാനകരവും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാന്‍ കരട് നിയമത്തിന് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നല്‍കാതെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് വിജ്ഞാപനം. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍, പൊതു അഭിപ്രായം തേടിയിരുന്നു. വിജ്ഞാപനത്തിന് എതിരെ രാജ്യത്ത് വലിയ ക്യാമ്ബയിനാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഓഗസ്റ്റ് 12വരെയാണ് ജനങ്ങള്‍ക്ക് വിജ്ഞാപനത്തില്‍ പ്രതികരണം രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്.