കുടുംബശാസ്ത്രം വളരട്ടെ!
സണ്‍ഡേസ്‌കൂള്‍ അധ്യാപകനായ സ്‌നേഹിതനെ ഭാര്യയോടൊപ്പമാണ് വഴിയില്‍വച്ച് കണ്ടുമുട്ടിയത്.
ഒരു വിവാഹത്തില്‍ പങ്കെടുത്തിട്ടു വരികയാണത്രേ. സഹോദരീപുത്രിയുടെ വിവാഹമായിരുന്നു. എന്നിട്ടും അവരോടൊപ്പം മക്കളെയാരെയും കണ്ടില്ല. സ്‌കൂളില്‍ പഠിക്കുന്ന മൂന്നു മക്കളാണ് അവര്‍ക്കുള്ളത്. എന്തേ അവരെ കല്യാണത്തിനു കൊണ്ടുപോകാഞ്ഞത് എന്ന ചോദ്യത്തിന് അദ്ദേഹം സാവധാനം മറുപടി നല്‍കി.
എന്റെ സ്വന്തം പെങ്ങളുടെ മകളുടെ കല്യാണമാണ്. അതില്‍ എന്റെ മക്കള്‍ സന്തോഷത്തോടെ പങ്കെടുക്കേണ്ടതുമാണ്. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും ഒട്ടും സന്തോഷമില്ല. കാരണം, ഇതൊരു മിശ്രവിവാഹമാണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരം അന്യമതക്കാരനുമായി നടത്തുന്ന കല്യാണം. അതിനു പിള്ളേരെ കൊണ്ടുപോകുന്നില്ലെന്നു വച്ചു.
സ്‌നേഹിതന്‍ കൂടുതല്‍ വിശദീകരണം നല്‍കി: വിവാഹത്തിനു പോയാല്‍ ആഹ്ലാദത്തോടെ അതിലൊക്കെ പങ്കെടുക്കണം. ഒരു മതത്തിലും വിശ്വസിക്കാതെ, രണ്ടുവഞ്ചിയില്‍ കാല്‍വച്ച് നടത്തുന്ന ഈ ചടങ്ങുകള്‍ അര്‍ത്ഥശൂന്യമാണ്. പക്ഷേ, അതില്‍ പങ്കെടുക്കുന്നതുവഴി കുട്ടികളൊക്കെ, അത്തരം കാര്യങ്ങളും ശരിയെന്നു കരുതും. മിശ്രവിവാഹങ്ങള്‍ കുഴപ്പമില്ലെന്നു ധരിക്കും. ഏതായാലും എന്റെ മക്കള്‍ക്ക് ഒരു ദുര്‍മ്മാതൃക നല്‍കാന്‍ ഞാന്‍ തയ്യാറല്ല.
അദ്ദേഹത്തിന്റെ സംസാരത്തില്‍ സ്വന്തം സഹോദരിയോടുള്ള കടമയും സ്‌നേഹവുമൊക്കെ നിറഞ്ഞുനിന്നു. അതേസമയം കൂദാശാരഹിതമായ വിവാഹച്ചടങ്ങിലുള്ള ഖേദവും ഘനീഭവിച്ചുനിന്നു. എന്റെയീ സ്‌നേഹിതന്‍ സ്വന്തം മക്കളെക്കുറിച്ച് കരുതലുള്ളവനാണ്. അറിവും അന്നവും ആവശ്യമുള്ളതെല്ലാം നല്‍കി വളര്‍ത്തുന്ന മക്കള്‍ക്ക് വിശ്വാസവും പകരുന്നു. അതിനദ്ദേഹം വിലകല്‍പിക്കുന്നത് സ്വാഭാവികം മാത്രം.
ദൈവശാസ്ത്രമോ തത്വശാസ്ത്രമോ മനഃശാസ്ത്രമോ പഠിച്ച പണ്ഡിതനല്ല അദ്ദേഹം. പക്ഷേ, കുടുംബശാസ്ത്രം അറിയുകയും ആചരിക്കുകയും ചെയ്യുന്ന ആളാണെന്നതാണ് പ്രധാനം. ഒരു കുടുംബനാഥനുവേണ്ട പ്രഥമയോഗ്യതയും അതുതന്നെയാണല്ലോ.
പ്രാഥമികമായ യോഗ്യതകള്‍ കഴിഞ്ഞിട്ടാണല്ലോ ഉപരിയോഗ്യതകള്‍ ഉണ്ടാവേണ്ടതും അതിനെ പരിഗണിക്കേണ്ടതും.
അറിവിന്റെ കൊടുമുടികള്‍ കയറിയവര്‍, വീണ്ടുവിചാരമോ വിവേകമോ ഇല്ലാതെ സ്വന്തം വിശ്വാസപ്രമാണങ്ങളെ ബലികഴിച്ച്, വിശാലമനസ്‌കരും പരിഷ്‌കൃതരുമായി ഭാവിക്കുമ്പോള്‍ നഷ്ടം വരുന്നത് സാധാരണവിശ്വാസികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ മക്കള്‍ക്കുമാണ്.
പഠിപ്പ് പാരയായും, അധികാരം അപകടമായും മാറുന്ന കാലത്ത്, സ്വന്തം മക്കളെപ്പറ്റി മാതാപിതാക്കള്‍ കരുതലുള്ളവരാവുക. വിശ്വാസവിരുദ്ധമായ മിശ്രവിവാഹങ്ങളുടെ അപകടങ്ങളും ധാര്‍മ്മികപ്രശ്‌നങ്ങളുമൊക്കെ ചര്‍ച്ചചെയ്യുന്ന വേദികളും വ്യക്തികളും തന്നെ, അത്തരം ചടങ്ങുകള്‍ക്ക് ആര്‍ഭാടപൂര്‍വം അരങ്ങൊരുക്കുമ്പോള്‍ നാം ആരെയാണ് വിശ്വസിക്കേണ്ടത്?
പാണ്ഡിത്യപ്രകടനങ്ങള്‍ നമുക്കാവശ്യമില്ല. തലമുറകള്‍ തന്നിട്ടുപോയ വിശ്വാസവും അതിന്റെ ജീവിക്കുന്ന ആനുകാലികാവിഷ്‌കാരവും നമുക്ക് കൂട്ടായിരിക്കട്ടെ. അതേ, വിശ്വാസത്തിലധിഷ്ഠിതമായ കുടുംബശാസ്ത്രം വളരട്ടെ. അതു പഠിക്കാനുള്ളതല്ല, പാലിക്കാനും ജീവിക്കാനുമുള്ളതാണ്.
ഷാജി മാലിപ്പാറ