തിളങ്ങട്ടെ ത്രിവർണ്ണപതാക.|ദേശിയ പതാക എവിടെ കാണുമ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഇടവക പള്ളിയുടെ അൽത്താരയാണ്.
തിളങ്ങട്ടെ ത്രിവർണ്ണപതാക.
ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും ഓഫീസുകളിലുമെല്ലാം ദേശിയ പതാക ഉയർന്നിരിക്കുന്നു. ഈ വർഷം ഇതുപോലെ ത്രിവർണ്ണം തിളങ്ങുമ്പോൾ എവിടെയും സന്തോഷം അലയടിച്ചുയരുന്നു.
സ്വാതന്ത്രദിന ചിന്തകൾ നമ്മിൽ ഉണർത്തുവാൻ 75-മത് ആഘോഷങ്ങൾ സഹായിക്കുന്നു.
ദേശിയ പതാക ഉയർത്തുവാൻ പതിവില്ലാതെ വിവിധ മത രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നു. സ്വാതന്ത്രലബ്ധിയുടെ 75-വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ നിർദേശങ്ങൾ. അനുമോദനങ്ങൾ.
ദേശിയ പതാക എവിടെ കാണുമ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഇടവക പള്ളിയുടെ അൽത്താരയാണ്. ബാല്യത്തിൽ എന്റെ ഇടവക പഴയ തലശ്ശേരി രൂപതയുടെയും, ഇപ്പോൾ താമരശ്ശേരി രൂപതയുടെയും ഭാഗമായ പുല്ലുരാംപാറ സെന്റ്. ജോസഫ് പള്ളി ആയിരുന്നു. ഇപ്പോൾ മനോഹരമായ പുതിയ പള്ളി ആണ്. പഴയ അന്നത്തെ പള്ളിയുടെ അൽത്താര ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.
ഓർമ്മവെച്ച കാലം മുതൽ അൽത്താരയുടെ ഇരുവശവും വലിയ കോടികൾ കണ്ടിരുന്നു. ഒരു വശത്ത് ത്രിവർണ്ണ കൊടിയും, മറുവശത്ത് ദിവർണ്ണ കൊടിയും. ഒന്ന് ദേശിയ പതാകയും മറ്റൊന്ന് പേപ്പൽ പതകയാണെന്നും അമ്മ ആദ്യമായി പറഞ്ഞു തന്നു.അതിന്റെ വിശദമായ വിവരങ്ങൾ സാമൂഹ്യ പ്രവർത്തകൻ കുടിയായ ചാച്ചൻ പറഞ്ഞതും ഓർക്കുന്നു.
രാജ്യസ്നേഹത്തിന്റെ പ്രതീകമാണ് ദേശിയ പതാ കയെന്നും, പേപ്പൽ പതാക വത്തിക്കാനിലെ മാർപാപ്പയെ അനുമരിക്കുന്നതാണെന്നും പിന്നീട് മനസ്സിലാക്കി.
പതാകയിലെ നിരങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ കുങ്കുമം രാജ്യത്തിന്റെ ത്യാഗം, ധീരത എന്നിവയെ സൂചിപ്പിക്കുന്നുവെന്നും, വെള്ള : സത്യം, സമാധാനം എന്നിവയെയും, പച്ച : രാജ്യത്തിന്റെ സാമ്പത്തിനെയും മണ്ണിന്റെ ഫലപുഷ്ടിയെയും സൂചിപ്പിക്കുന്നതായും വ്യക്തമായി.
ഇപ്പോൾ ഫ്ലാഗ് കോഡും നിലവിലുണ്ട്. ദേശിയ പതാക ഉയർത്തുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതാണ്. 2002-ൽ കേന്ദ്രസർക്കാർ ഇന്ത്യൻ ഫ്ലാഗ് കോഡ് പുറത്തിറക്കിയത്.2021- ഡിസംബറിലും 2022 -ജൂലൈയിലും കേന്ദ്ര സർക്കാർ ഫ്ലാഗ് കോഡിൽ ഭേദഗതികൾ വരു ത്തിയിട്ടുണ്ട്.
ഫ്ലാഗ് കോഡ് ലാംകിച്ചാൽ നിയമംനടപടികൾ നേരിടേണ്ടിവരും.
-നീളം വീതി : ദീർഘ ചതുരാകൃതിയിൽ മാത്രമേ നിർമ്മിക്കാവു. നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 തന്നെ ആകണം.
- ഏതു വലുപ്പത്തിലും ദേശിയ പതാക നിർമ്മിക്കാം. മുന്ന് നിറങ്ങളും ഒരേ വലുപ്പത്തിൽ പതാകയിൽ ഉണ്ടായിരിക്കണം.
- പതാകയോടുള്ള ആദരം സൂക്ഷിച്ചുകൊണ്ട് എതൊരു പൗരനും സ്ഥാപനങ്ങൾക്കും ഏത് ദിവസവും ദേശിയ പതാക ഉയർത്താം.
- 2021-ലെ ഭേദഗതി അനുസരിച്ച് കോട്ടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി, തുടങ്ങിയ വസ്തുക്കളാൽ പതാക നിർമ്മിക്കാം. യന്ത്രനിർമ്മിതമോ, കൈകൊണ്ട് തുണിയതോ ആകാം.
- 2022 ലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയർത്താം. നേരത്തെ രാത്രി പതാക ഉയർത്താൻ അനുമതിയില്ലായിരുന്നു. പുതിയ മാറ്റം പ്രകാരം ആണ് വീടുകളിൽ ഉൾപ്പെടെ എല്ലാവരും പതാക ഉയർത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം.
- കോടിമരത്തിൽ ദേശിയ പതാക അല്ലാതെ മറ്റ് പതാകകൾ പാടില്ല.
- ദേശിയ പതാകകയ്ക്ക് മുകളിലോ ഒപ്പമോ കാണുന്ന രീതിയിൽ മറ്റ് പതാകകൾ പ്രദർശിപ്പിക്കരുത്.
- ഒരു വസ്തുവും പൊതിയുവാൻ പതാക ഉപയോഗിക്കരുത്. എന്നാൽ പതാക പതാക ഉയർത്തുമ്പോൾ താഴെ വീഴുന്ന തരത്തിൽ പൂക്കൾ നിറയ്ക്കുന്നത് അനുവദനീയമാണ്.
- ദേശിയ പതാക തറയിലോ വെള്ളത്തിലോ മുട്ടുന്ന തരത്തിൽ സ്ഥാപിക്കുകയോ, പിടിക്കുകയോ ചെയ്യരുത്.
- മന:പ്പൂർവം തലകീഴായി ഉയർത്തുകയോ പിടിക്കുകയോ ചെയ്യരുത്.
.. ഇങ്ങനെ പോകുന്നു ഫ്ലാഗ് കോഡുകൾ.
പള്ളിയും പതാകയും പറഞ്ഞുകൊണ്ടാണല്ലോ അനുഭവങ്ങൾ ആരംഭിച്ചത്. ക്രൈസ്ഥവരുടെ രാജ്യസ്നേഹത്തേക്കുറിച്ചു ആശങ്കയും സംശയവും ഉള്ളവർ ഉണ്ടാകാം. അങ്ങനെ ചില പ്രസ്താവനകൾ ഒറ്റപ്പെട്ടാണെങ്കിലും നടത്തുന്നവരും ഉണ്ടാകാം.
കത്തോലിക്ക സഭ അതിന്റെ വിശ്വാസികളെ പഠിപ്പിക്കുന്നത്, ജനിച്ചുവളരുന്ന രാജ്യത്തെ സ്നേഹിച്ചും ആദരിച്ചും വളരുവാൻ ആണ്. ദൈവത്തിൽ ഉറച്ചുവിശ്വസിക്കുമ്പോൾ, ദൈവിക പ്രമാണങ്ങളെ അനുസരിക്കുമ്പോൾ, അവരവരുടെ സ്വന്തം രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുവാൻ, പഠിപ്പിക്കുന്നു. ദൈവാശ്രയവും രാജ്യസ്നേഹവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ ആണത്.
അതുകൊണ്ടാണ് തികഞ്ഞ ഗാന്ധിയനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോ പ്പള്ളി പിതാവ്, പേപ്പൽ ഗ്ലാഗും
നാഷണൽ ഫ്ലാഗും ഒരുപോലെ അനുവദിച്ചത്.
ഈ വർഷം മാത്രമല്ല,1947-ന് ശേഷമുള്ള എല്ലാ ഓഗസ്റ്റ് 15-നും ഭാരതത്തിലെ മുഴുവൻ പള്ളികളിലും, രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം, പള്ളി മുറ്റത്ത് ആഘോഷമായി ദേശിയ പതാക ഉയർത്തുകയും, ദേശിയഗാനം ആലപിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിന സന്ദേശങ്ങൾക്ക് ശേഷം മധുരപലഹാരങ്ങൾ നൽകാറുമുണ്ട്.
സഭ വലിയ പ്രാധാന്യം നൽകുന്ന ആഘോഷം, അനുസ്മരണം ആണ് നമ്മുടെ സ്വാതന്ത്രദിനം.
കഴിഞ്ഞ വർഷം, നമുക്ക് ചുറ്റുമുള്ള പല മതവിഭാങ്ങളുടെ ആരാധനാലയങ്ങളിൽ ദേശിയ പതാക ഉയർത്തിട്ടുണ്ടോ എന്ന് ഞാൻ അന്വേഷണം നടത്തി. എന്നാൽ ആരാധനാലയങ്ങളിൽ ദേശിയ പതാക ഉയർത്തുന്ന പതിവില്ലെന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.
രാജ്യസ്നേഹം, ദേശീയത.. എന്നൊക്ക സ്ഥിരം പറയുന്ന പല സാമൂദായിക സംഘടനകളും ഉണ്ടെങ്കിലും അവരോന്നും ദേശിയ പതാക ഉയർത്തുന്നത് കണ്ടിട്ടില്ല. അതിന്റെ കാരണം ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല.
ഈ വർഷം കൂടുതൽ സ്ഥലങ്ങളിൽ ദേശിയ പതാക ഉയർത്തുന്നതിൽ നമുക്ക് ഏറെ സന്തോഷിക്കാം, അഭിമാനിക്കാം.
സ്വാതന്ത്രസമ്പാതനത്തിനായി സമാധാനത്തിന്റെ മാർഗത്തിൽ പോരാടുകയും, അതിനായി ജനതയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ധ്യന്യാത്മാക്കളെ കൃതകഞ്ജതയോടും ആദരവോടും അനുസ്മരിക്കേണ്ട സമയമാണ്.
നാനാത്വത്തിൽ ഏകത്വം എന്ന തത്വം അവലംബമാക്കി ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു ഭരണഘടന രൂപപ്പെടുത്തി, ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മുന്നേറാൻ സഹായിച്ച നേതൃത്വത്തെ ആദരവോടെ സ്മരിക്കാം.
നേട്ടങ്ങളെ വിലയിരുത്തുമ്പോൾ തന്നെ, രാജ്യം നേരിടുന്ന വിവിധ പ്രശ്ങ്ങളെയും നാം വിലയിരുത്തണം.
സന്തോഷവും കൃതകഞ്ജ തയും ഒരു വശത്തുണ്ടെങ്കിലും ആശങ്കയും മറുവശത്ത് തല ഉയർത്തി നിൽക്കുന്നു. ആത്മവിശ്വാസത്തിന്റെയും ശുഭപ്രതീക്ഷയുടെയും പതാക ഉയർത്തിപിടിക്കുവാൻ നമ്മെ പ്രാപ്തരാക്കേണ്ട സമയമാണ്.
സർവത്തെയും നിയന്ത്രിച്ചു പരിപാലിക്കുന്ന ഈശ്വരനി ലുള്ള വിശ്വാസം ശുഭ ചിന്ത നമ്മിൽ ഉയർത്തേണ്ടതാണ്. പ്രതിസന്ധികളിൽ തുണയായി കടന്നുവരുന്ന കാരുണ്യവാനായ ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും നമ്മെ ധൈര്യചിത്തരും ശുഭാപ്തിവിശ്വാസികളുമാക്കും.
നിരാശബാധിച്ച് നിഷ്‌ക്രിയരാകാതെ സമയത്തെ തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് പ്രവർത്തനനിരതരാകാം.
രാജ്യത്തോടുള്ള കടമകൾക്കും ബാധ്യതകൾക്കും വിധേയമായി വ്യക്തിയുടെ അവകാശങ്ങൾ മാനി ക്കപ്പെടുകയും, പ്രകടിപ്പിക്കാൻ അനുവദിക്കുകയും ആദരിക്കുകയും, അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുവാൻ സാധിക്കുകയും വേണം. ജനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാന സമ്പത്തും വികസനത്തിന്റെ സ്രോത സ്സും.ജീവന്റെ സംരക്ഷകരാണ് നാം ഓരോരുത്തരും.
ഉദരത്തിലെ കുഞ്ഞുങ്ങൾക്ക് പോലും ജനിക്കാനും ജീവിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണം.
“എന്റെ പതാക, എന്റെ അഭിമാനം “-എന്ന് നമുക്ക് ഒരുമിച്ച് ഉറക്കെ പറയാം. ഒറ്റയ്ക്ക് വളരുവാൻ ശ്രമിക്കാതെ ഒരുമിച്ച് വളരാനും, വളർത്താനും ശ്രമിക്കാം.രാജ്യത്തിന്റെ ഭരണാധികാരികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.
നമ്മുടെ രാജ്യത്തെ കൂടുതൽ സ്നേഹിച്ചും, ആദരിച്ചും, കൂട്ടായ്മയിൽ ജീവന്റെ സംസ്കാരത്തിൽ വളരാം. അതിന് ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സ്വാതന്ത്രദിനത്തിൻെറ ആശംസകൾ
സാബു ജോസ്,
എറണാകുളം.